Tuesday, July 15, 2014

ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്

അനസ്ബ്‌നു ആമിറിന്റെ മനസ്സൊന്ന് തേങ്ങി. ഹാവൂ! എത്ര കാലമായി താന്‍ ഈ നാടുപേക്ഷിച്ചിട്ട്. ഹൃദയത്തില്‍ തന്റെ വിവാഹത്തിന്റെ മനം മടുപ്പിക്കുന്ന ഓര്‍മകള്‍ വന്ന് ചടുലനൃത്തം വെക്കാന്‍ തുടങ്ങി. ശൈത്യവും ശിശിരവും വസന്തവും എത്ര കഴിഞ്ഞുപോയി, തന്റെ ജീവിതം ഇങ്ങനെ പാഴായിപ്പോയല്ലോ.

സാരല്ല. എല്ലാം ദൈവവിധി. താന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ റഫീദയുടെ മുഖം ഇത്ര വിരൂപമായിരുന്നില്ല. പക്ഷേ, വിവാഹശേഷം ആണ് ആ കറുത്ത മറുക് കണ്ടത്. താന്‍ എത്ര ശ്രമിച്ചിട്ടും തനിക്കവളെ സ്‌നേഹിക്കാനായില്ല. ആദ്യരാത്രിയില്‍ തന്നെ താനവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും അവള്‍ തന്നെ തേടി വന്നു. അവളുടെ മുഖത്തെ കറുത്ത മറുകാണ് തന്നെ അവളില്‍നിന്നകറ്റിയതെന്ന് റഫീദയ്ക്ക് മനസ്സിലായി. അതാണല്ലോ അവള്‍ വന്നിട്ട്, ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ടാകും'' എന്ന് പറഞ്ഞത്. ആ വാക്കുകളല്ലേ തന്നെ വീണ്ടും ഒരു തിരിച്ചുവരവിന് സന്നദ്ധനാക്കിയത്.

ഇബ്‌നു ആമിറിന്റെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങി. എന്നിട്ടും... തനിക്കാ സാധുവിനെ സ്‌നേഹിക്കാനായില്ല. അവളുടെ വിവരങ്ങളെന്തായിരിക്കും? ഏതെങ്കിലും പുരുഷന്റെ ഭാര്യയായി, മക്കളുമൊത്ത്, അവള്‍ ഏതെങ്കിലും നാട്ടിലുണ്ടാകും! എന്തെങ്കിലുമാവട്ടെ, താന്‍ ഇവിടം വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞിരിക്കുന്നു. ആരും പരിചയക്കാരായി തോന്നുന്നില്ല. തന്നെയും ആര്‍ക്കും മനസ്സിലാകുന്നില്ല. സമാധാനം.

ളുഹ്ര്‍ബാങ്കിന്റെ സമയമടുത്തു തുടങ്ങി. എന്തായാലും പള്ളിയില്‍ കയറി അല്പം ഖുര്‍ആന്‍ ഓതാം. ഹൗളിലെ തണുത്ത വെള്ളത്തില്‍നിന്ന് വുദു എടുത്തപ്പോള്‍ ഇബ്‌നു ആമിറിന് ആകപ്പാടെ ഒരാശ്വാസം.

നമസ്‌കാരം കഴിഞ്ഞു. സുന്ദരനും സുമുഖനുമായ ഒരു യുവാവ് ഒരു ലഘുപ്രഭാഷണത്തിനായ് എഴുന്നേറ്റുനിന്നു. ആകാരത്തേക്കാള്‍ സംസാരത്തിനാണോ വശ്യത എന്ന് ഇബ്‌നു ആമിറിന് സംശയമായി. അത്രയ്ക്ക് ഹൃദ്യതയുള്ള ഭാഷണം.

സുഹൃത്തേ, ഇതാരാണ്?

അടുത്തിരുന്ന ആളോട് ഇബ്‌നു ആമിര്‍ കൗതുകത്തോടെ തിരക്കി.

ഹോ... ഇതല്ലേ മാലിക്! ചെറുപ്പത്തില്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രവാചകവചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത പണ്ഡിതന്‍. പ്രായം കുറവാണെങ്കിലും പക്വതയാര്‍ന്ന യുവാവാണദ്ദേഹം.

മാലിക് ഈ നാട്ടുകാരനാണോ? ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

സുഹൃത്തിന് ആവേശമായി: ''പിന്നല്ലാതെ. അദ്ദേഹം ഇവിടെ അടുത്തുതന്നെയാണ് താമസം.''

''ആരുടെ മകനാണ്?'' ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

ഹാ... അതാണ് തമാശ. പിതാവ് അനസ്ബ്‌നു ആമിര്‍ എന്ന ആളാണ്. പക്ഷേ, അദ്ദേഹത്തെപ്പറ്റി കുറേയധികം കാലമായി ഒരു വിവരവുമില്ല. എന്തോ പ്രശ്‌നത്തിന്റെ പേരില്‍ നാടുവിട്ടു പോയതാ.

ഇബ്‌നു ആമിര്‍ ഇടിവെട്ടേറ്റ പോലെ സ്തബ്ധനായി. തന്റെ മനസ്സിന്റെ വിഭ്രാന്തി മുഖത്ത് കാണാതിരിക്കാന്‍ വേഗം പുറത്തേക്കിറങ്ങി തൂവാലകൊണ്ട് മുഖം തുടച്ചു.

അല്ലാഹുവേ, ഞാനെന്താണീ കേള്‍ക്കുന്നത്? എന്റെ രക്തത്തില്‍ പിറന്ന ഒരു മകനോ, എനിക്ക്... ഒരു രാത്രി മാത്രം റഫീദയോടൊപ്പം ശയിച്ച തനിക്ക് അവളില്‍ ഒരു മകനോ? അവിശ്വസനീയം. അതും ഇത്ര നല്ല ഒരു മകന്‍. ഇബ്‌നു ആമിറിന് ലോകം മുഴുവന്‍ തന്നെയും കൊണ്ട് കറങ്ങുന്നപോലെ തോന്നി. ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ കൊടുങ്കാറ്റ്. എല്ലാം അടക്കിനിര്‍ത്തി ഇമാമിന്റെ അടുത്തേക്ക് നീങ്ങി ഇബ്‌നു ആമിര്‍ ചോദിച്ചു:

''ഇമാം, താങ്കളുടെ വീടെവിടെയാണ്?''

വിനയത്തോടെ ഇമാം പറഞ്ഞു: ''ഇവിടെയടുത്താണ്.''

ഇബ്‌നുആമിര്‍ പറഞ്ഞു: ''ഞാന്‍ ഒരു യാത്രക്കാരനാണ്. ഞാനും താങ്കളോടൊപ്പം വരട്ടെ?''

''ഹോ... ഹൃദയംഗമമായ മര്‍ഹബ. താങ്കള്‍ വന്നാലും.''

ഇബ്‌നു ആമിര്‍ ഇമാമിനു പിറകിലായി നടന്നു. തന്റെ പൊന്നുമോന്‍. കണ്‍കുളിര്‍ക്കെ ഒന്നു കാണട്ടെ. അല്‍ഹംദുലില്ലാഹ്. സര്‍വസ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്.

വീടിനടുത്തെത്തിയപ്പോള്‍ ഇബ്‌നു ആമിര്‍ പെട്ടെന്ന് പറഞ്ഞു: ''ഇമാം, വീട്ടില്‍ ഉമ്മയുണ്ടെങ്കില്‍ ഉമ്മയോട് ചെന്ന് ഇങ്ങനെ പറയൂ: ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്'' എന്ന്.

ഇബ്‌നു ആമിര്‍ വാതിലിനടുത്തുനിന്ന് ദൂരെയല്ലാതെ മാറിനിന്നു; തുടികൊട്ടുന്ന ഹൃദയവുമായി. രണ്ടുതവണ താന്‍ നിഷ്‌കരുണം ഉപേക്ഷിച്ച, സാധുവായ റഫീദയുടെ മുറ്റത്താണ് താനിപ്പോള്‍. എന്തായിരിക്കും അവളുടെ പ്രതികരണം?

***

ഉമ്മാ... ഒരതിഥി ഉണ്ട് നമുക്കിന്ന്. പക്ഷേ, അദ്ദേഹം ഉമ്മാനോട് ഇങ്ങനെ പറയാന്‍ ഏല്പിച്ചിരിക്കുന്നു: "ഏത്  മോശത്തിലും ഒരു നന്മയുണ്ടെ''ന്ന്.

ഹേ... റഫീദ ഞെട്ടിപ്പോയി. അലയിളകിവന്ന എല്ലാ വികാരങ്ങളെയും അടക്കിനിര്‍ത്തിക്കൊണ്ട് പറഞ്ഞു: ''മോനേ... വേഗം പോയി വാതില്‍ തുറക്കൂ. അത് മോന്റെ ഉപ്പയാണ്!'' മാലിക് വാതിലിനടുത്തേക്ക് ഓടി ഉപ്പാനെ കെട്ടിപ്പിടിച്ചു വീട്ടിലേക്കാനയിച്ചു. ''ഉപ്പാ, എവിടെയായിരുന്നു ഇതുവരെ?'' ഇബ്‌നു ആമിറിനും തന്നെ നിയന്ത്രിക്കാനായില്ല. കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി.

അതെ. ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്.

റഫീദ അന്ന് തന്നോട് പറഞ്ഞ ആ വാക്കുകള്‍ ഇന്ന് സത്യമായി പുലര്‍ന്നിരിക്കുന്നു.

***

പിതാവ് ഉപേക്ഷിച്ചെങ്കിലും പിതാവിനെപ്പറ്റി ഒരു ചെറിയ ആക്ഷേപം പോലും പറയാതെയാണ് റഫീദ മകനെ വളര്‍ത്തിയത്. അധിക സ്ത്രീകള്‍ക്കും അസാധ്യമായ ആ ദൗത്യം നടത്തി വിജയിച്ച വനിതാരത്‌നം ആരാണെന്നറിയാമോ?

പുകള്‍പെറ്റ പണ്ഡിതനും മാലികി മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക്കിന്റെ മാതാവായ റഫീദ ഉമ്മുമാലിക്കായിരുന്നു!

1 comment: