Tuesday, September 14, 2010

ജൂത്തന്‍ - ഒരു ദളിതന്റെ കഥ

അവിചാരിതമായാണ് ഓംപ്രകാശ് വാല്മീകി എഴുതിയ ജൂത്തന്‍ (Joothan) എന്ന പുസ്തകം വായിക്കാനിടയായത്. ഇംഗ്ലീഷ് വായിക്കാന്‍ ഇഷ്ടമില്ലാതിരുന്ന എന്നെ ആ പുസ്തകം ഇംഗ്ലീഷിലേക്കും വലിച്ചുകൊണ്ടുപോയി.
എന്താണ് ഈ ബുക്കിന്റെ ശക്തി എന്നാകും നിങ്ങള്‍? ഈ ഭൂമിയില്‍ കുറേ പേര്‍ വരേണ്യരും കുറേ പേര്‍ അകറ്റിനിര്‍ത്തപ്പെടുന്നവരും; എന്തൊരക്രമവും അനീതിയും ആണ്.
ഓംപ്രകാശ് കണ്ണുതുറന്നതു മുതല്‍ ജീവിതത്തിന്റെ നാനാതുറകളില്‍ അനുഭവിക്കേണ്ടിവന്ന ഉച്ചനീചത്വങ്ങള്‍ അവര്‍ണനീയമാണ്. സ്‌കൂളില്‍ ചേരാന്‍ തന്നെ സമ്മതിക്കാത്ത അധികൃതര്‍. അവസാനം, ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് മാത്രം നിലത്ത് മാറി ഇരിക്കേണ്ടിവരുക. അതുപോലെ സ്‌കൂളും മുറ്റവും അടിച്ചുവാരി വൃത്തിയാക്കുക എന്നത് ഓംപ്രകാശിന്റെ ഉത്തരവാദിത്വത്തില്‍ വന്നുചേരുക. വേദനിപ്പിക്കുകയും സവര്‍ണ തിന്മക്കെതിരെ നന്മ പ്രകോപിപ്പിക്കുകയും ചെയ്യുന്ന നീണ്ട അനുഭവങ്ങള്‍!
ഒരിക്കല്‍, ജന്മിയുടെ വീട്ടിലെ കല്യാണം ഓംപ്രകാശ് വിവരിക്കുന്നു. 'അമ്മയും അച്ഛനും ഒരാഴ്ചയായി ജന്മിയുടെ വീടും പറമ്പും വൃത്തിയാക്കലിലായിരുന്നു. അവസാനം കല്യാണദിവസം വന്നെത്തി. സാധാരണപോലെ ഓംപ്രകാശും അമ്മയും ഇളയ പെങ്ങളും കൊട്ടയുമായി കല്യാണപ്പന്തലിന് പുറത്ത് മാറി ഇരുന്നു. കഴിച്ച് ബാക്കിവരുന്ന പൂരി, ചപ്പാത്തി പോലുള്ളവ എടുക്കാനാണത്രെ അവര്‍ കൊട്ടയുമായി പുറത്തിരിക്കാറ്. വര്‍ഷകാലത്ത്, കൊടുംപട്ടിണിക്കാലത്ത് കുറുക്കിത്തിന്നാന്‍ വേണ്ടി കല്യാണബാക്കി വരുന്ന പൂരി ശേഖരിക്കാറാണ് പതിവ്.
കുറേ നേരമായിട്ടും ഒന്നും കിട്ടാതായപ്പോള്‍ അമ്മ പറഞ്ഞു. യജമാനാ! എന്റെ മക്കള്‍ക്ക് എന്തെങ്കിലും സ്വീറ്റ്‌സ് കൊടുക്കണം. അവര്‍ കുറേനേരമായി കാത്തിരിക്കുന്നു. ഭക്ഷണത്തിന്റെ ഗന്ധം മക്കള്‍ക്ക് കൊതിയുണ്ടാക്കുന്നുണ്ട്.
ഉടന്‍ യജമാനന്‍ തീരെ മോശമായ വേസ്റ്റ് അമ്മയുടെ കൊട്ടയില്‍ കൊണ്ടുവന്നിട്ടു. ഓംപ്രകാശ് പറയുകയാണ്: ''ഞാനാദ്യമായി അമ്മയുടെ കണ്ണുകളില്‍ ദുര്‍ഗാദേവിയെ കണ്ടു. തീക്ഷ്ണമായ നോട്ടത്തോടെ യജമാനന്റെ നേരെ അടുത്ത് കൊട്ടയിലെ വേസ്റ്റ് അയാളുടെ മുമ്പിലേക്ക് കൊട്ടി. 'നീ നിന്റെ വിരുന്നുകാര്‍ക്ക് കൊണ്ടുകൊടുക്കൂ' എന്ന് അലറിക്കൊണ്ട് ഞങ്ങളുടെ കൈയും പിടിച്ച് തിരിച്ചുപോന്നു.''
നമ്മുടെ ചങ്ക് കലങ്ങി. കരഞ്ഞുപോകുന്ന വിവരണം! വെറുതെയല്ല, 2004ലെ ന്യൂ ഇന്ത്യാ ഫൗണ്ടേഷന്റെ ബെസ്റ്റ് ബുക്ക് അവാര്‍ഡ് ഇതിന് കിട്ടിയത്.
ഇനിയും ഉണ്ട് വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍. നിറത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ, മൃഗങ്ങളെക്കാള്‍ തരംതാണ രൂപത്തില്‍ കാണുന്ന സംസ്‌കാരം. അതിനെ ന്യായീകരിക്കുന്നവര്‍ എന്തിന്റെ പേരിലായാലും ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെ.
ഓംപ്രകാശിനെ തന്റെ കൂട്ടുകാരന്റെ പെങ്ങള്‍ അറിയാതെ കോളേജ് പഠനകാലത്ത് പ്രേമിച്ച ഒരു സംഭവം അദ്ദേഹം പറയുന്നുണ്ട്. സംഗതിയുടെ അപകടം മണത്തറിഞ്ഞ ഓംപ്രകാശ് ഒറ്റയ്ക്ക് അവളോട് അനുനയത്തില്‍ തന്റെ ജാതി വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അത് ഞാനെഴുതി ഭംഗി നഷ്ടപ്പെടുത്തുന്നില്ല.
അറിഞ്ഞയുടന്‍, അടുത്തുനിന്ന് മായ പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങി. അവസാനം നിറകണ്ണുകളോടെ അദ്ദേഹത്തോട് വിടവാങ്ങി. അത്യന്തം വേദനിപ്പിച്ച ഭാഗമായിരുന്നു അത്. അതുപോലെ വിരുന്നുകാരായി ചെന്ന്, ജാതി അറിഞ്ഞപ്പോള്‍ ഭക്ഷണം എടുത്ത് മാറ്റി നല്ല വടിയെടുത്ത് അടിച്ചോടിച്ച സംഭവവും ഹൃദയത്തില്‍ മുള്ളു തറച്ചപോലെയായി.
ഏറ്റവും വേദനിപ്പിച്ച, കണ്ണുനീരൊഴുക്കിയ ഒരു രംഗം കൂടി എഴുതി അവസാനിപ്പിക്കാം. അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചാല്‍ അസ്പൃശ്യത മാറും എന്ന് കരുതി ദാരിദ്ര്യത്തിനു നടുവിലും മകനെ വിദ്യ അഭ്യസിപ്പിച്ച ആ മാതാപിതാക്കളുടെ മരണം മാസങ്ങള്‍ക്കുശേഷം അറിയേണ്ടിവന്ന ആ ഹതഭാഗ്യത്വം! അതാണ് അദ്ദേഹം ആ പുസ്തകം 'To Mathaji and Pithaji' എന്ന് സമര്‍പ്പിച്ചിരിക്കുന്നത്. അത് ഒരു ദൃശ്യാവിഷ്‌കരണമാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം.

6 comments:

 1. Good....

  K A YAHYA ALAPPUZHA
  mailtoyahya@gmail.com

  ReplyDelete
 2. സംഗതിയുടെ അപകടം മണത്തറിഞ്ഞ ഓംപ്രകാശ് ഒറ്റയ്ക്ക് അവളോട് അനുനയത്തില്‍ തന്റെ ജാതി വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അത് ഞാനെഴുതി ഭംഗി നഷ്ടപ്പെടുത്തുന്നില്ല.


  can u write it in comment box

  ReplyDelete
 3. salam
  pls give me your id...mr or mrs oasis...hhhaaaaaaaaaaa
  appol nammade ezhuthokke ishtayalle?

  ReplyDelete
 4. Very good beginning indeed...keep it up
  best wishes
  salam

  ReplyDelete
 5. Sugam Thanneyelleeeee

  Blog Adipoliyayittund

  ReplyDelete