Saturday, September 25, 2010

കുടുംബകലഹത്തിന് പരിസമാപ്തി

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരു സംഭവമുണ്ടായി. മൂന്നാം പീരിയഡ്. എട്ട്-സിയിലെ ക്ലാസ്ടീച്ചര്‍: 'ഇത്താ, ഒന്നെന്റെ കൂടെ വരണം. എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ വീട് കൂട്ട ആത്മഹത്യയുടെ വക്കിലാണ്!' ഉടന്‍ ഞാന്‍ ചാടിപ്പുറപ്പെട്ടു. ചെന്നപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ദുര്‍ന്നടപ്പില്‍ സംശയം. അവര്‍ ഒരു മാനസികരോഗിയുടെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവളും മക്കളും ദൂരെയുള്ള അവരുടെ വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്.

ഞാന്‍ ആ ഉമ്മാനെയും ബാക്കി കാണികളെയും എല്ലാം ഒരുതരത്തില്‍ പിടിച്ചിരുത്തി. ഭര്‍ത്താവിനെയും മറ്റൊരു കസേരയില്‍ ഇരുത്തി, കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് സമാധാനിപ്പിച്ചു. അല്പം ശാന്തമായപ്പോള്‍ വാപ്പാനെയും കൊണ്ട് ഞങ്ങള്‍ സ്‌കൂളിലേക്ക് പോന്നു. അദ്ദേഹം ഓട്ടോഡ്രൈവറാണ്. ഒരുമണിക്കൂര്‍ സമയം അയാളുമായി സംസാരിച്ചു. സമാധാനിപ്പിച്ചുവിട്ടു. രണ്ടേകാലിന് ഭാര്യയോട് എന്നെ കാണാന്‍ വരാന്‍ പറഞ്ഞയച്ചു. ഭര്‍ത്താവ് നിരപരാധിയാണെന്ന് ഞാനെല്ലാവരോടും (സ്റ്റാഫ്‌റൂമില്‍) പ്രഖ്യാപിച്ചു. മറ്റേ ക്ലാസ്ടീച്ചര്‍ പറഞ്ഞു: 'ഇത്താ, വേണ്ടട്ടാ... അത്രയ്ക്ക് അയാളെ വിശ്വസിക്കണ്ട...' 'ശരി' എന്ന് ഞാനും പറഞ്ഞു.

കൃത്യം രണ്ടേകാലിന് ഉമ്മ എത്തി. അവളെ എന്റെ റൂമില്‍ കൊണ്ടുപോയി. അവളുടെ ഭര്‍ത്താവ് നിരപരാധിയാണെന്ന് പറഞ്ഞതോടെ, അവള്‍ അതിരൂക്ഷമായി എന്നെ തിരുത്താന്‍ തുടങ്ങി. അയാള്‍ ടീച്ചറോട് നുണ പറഞ്ഞതാണ്, അയാള്‍ ചീത്തയാണ് എന്നൊക്കെ അതിശക്തമായി പറയാന്‍ തുടങ്ങി. ടീച്ചര്‍ക്ക് ഞാന്‍ തെളിവു നല്‍കാം...' തുടങ്ങി പലതും.

എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നുതുടങ്ങി. പക്ഷേ, ഈ കുടുംബത്തെ അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ. എട്ടിലും ഒന്‍പതിലും പഠിക്കുന്ന നിരപരാധികളായ രണ്ട് പെണ്‍കുട്ടികളുടെ കൂടി കുടുംബപ്രശ്‌നമാണല്ലോ. ഒന്നേമുക്കാല്‍ മണിക്കൂറിന്റെ അതികഠിനമായ ശ്രമത്തിനൊടുവില്‍ ഞാനല്പം വിജയം കണ്ടു. ഭാര്യയുടെ തെറ്റിദ്ധാരണയാണെന്ന് അവളെ ബോധ്യപ്പെടുത്താന്‍ എനിക്കായി. അന്നത്തെ ദിവസത്തിന്റെ ഒരു ഭീമമായ സമയം ഒരു കുടുംബത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ ചെലവഴിച്ചു.

പിറ്റേ ദിവസം, ഗുരുസമാധി മൂലം ഒഴിവായിരുന്നു. അതിന്റെ പിറ്റേന്ന് കുട്ടികള്‍ വന്നുപറഞ്ഞു: 'ടീച്ചറേ, വീട്ടില്‍ ഇപ്പോള്‍ സമാധാനമുണ്ട്. ഉമ്മയും ഉപ്പയും സന്തോഷത്തിലാണ്.'

എനിക്കും സന്തോഷം. അല്‍ഹംദുലില്ലാഹ്...

ഇന്നലെ രാവിലെ ഞാന്‍ സ്‌കൂളിന്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങി. ഒരാള്‍ ഓട്ടോ നിര്‍ത്തി ഓടിവരുന്നു. 'ടീച്ചറേ, ഇന്നലെ ഞാന്‍ അവളോട് നന്നായി കാര്യങ്ങളൊക്കെ കുറേ സംസാരിച്ചു.'

ഞാന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കാണാനിരിക്കയായിരുന്നു. നീ പറഞ്ഞത് മുഴുവന്‍ ശരിയല്ല എന്നെനിക്ക് ബോധ്യം വന്നിട്ടുണ്ട്. (അപ്പോള്‍ അവനൊരു കള്ളച്ചിരി). ഒരു കാര്യം, മേലില്‍ ഇത് ആവര്‍ത്തിക്കരുത്. നിന്റെ മക്കളുടെ ഉമ്മ മാനസികരോഗത്തിന്റെ വക്കത്തെത്തീട്ടുണ്ടായിരുന്നു. ഇനി ആ മനസ്സിനെ മുറിവേല്‍പ്പിക്കരുത്.'

അയാള്‍ക്ക് കാര്യങ്ങളൊക്കെ കുറേ ബോധ്യം വന്നപോലെ തലകുലുക്കി സമ്മതിച്ചു. ഞാന്‍ പറഞ്ഞു, 'എനിക്കാ മറ്റേ സ്ത്രീയെക്കൂടി കാണണം. അവളോടും കുറച്ച് കാര്യമായി സംസാരിക്കാനുണ്ട്.'

പ്രവാചകന്‍ പറഞ്ഞു: 'രണ്ടാള്‍ പിണങ്ങിയാല്‍, ആദ്യം പിണക്കം മാറാന്‍ ശ്രമിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍.

2 comments:

 1. എല്ലാത്തിലും ഒരു പരീക്ഷണം അല്ലെ?
  നമുക്ക് സാധിക്കുന്നതെല്ലാം നടത്താനുള്ള പടച്ചവന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ .
  ആമീന്‍.
  ടീച്ചരെപ്പോലുള്ള മനസ്സുകളുടെ എണ്ണം കുറയുന്ന ഇക്കാലത് നമുക്ക് പറ്റാവുന്ന ജനതയെ ഉയര്‍ത്താന്‍ ശ്രമിക്കുക
  അവസാനം ബാക്കിയാകുന്നതില്‍ അതൊരു നിധിയായി ഉണ്ടാകും ...ഇന്ശ അല്ലഹ്

  ReplyDelete