Monday, September 20, 2010

ഞങ്ങളുടെ സ്‌കൂള്‍

ഞങ്ങളുടെ സ്‌കൂളിനെപ്പറ്റിയാണ് ഈ കുറിപ്പ്. ഞങ്ങളുടെ സ്‌കൂള്‍ പോലെ മറ്റൊരു സ്‌കൂള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ലെന്നുറപ്പ്‌. എല്ലാവരും ഏറ്റവും നല്ല സ്വഭാവക്കാര്‍. പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും തുളുമ്പിനില്‍ക്കുന്ന അന്തരീക്ഷം. ആകെ രണ്ട് അധ്യാപകരും ബാക്കി മുഴുവന്‍ പെണ്‍പടയും. ഇവിടത്തെ ഓരോ അധ്യാപികയും ഓരോ രംഗങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു.

പ്രധാനാധ്യാപിക അമൃതകുമാരി ടീച്ചര്‍. ഞാനൊരിക്കലും ടീച്ചര്‍ എന്ന് വിളിച്ചിട്ടില്ല. എനിക്കെന്നും അവര്‍ അമൃതയാണ്. കാരണം വയസ്സുകൊണ്ട് ഞാനാണ് ഇളയതെങ്കിലും ഇപ്പോള്‍ അവിടെയുള്ള എല്ലാവരും എനിക്കുശേഷം വന്നവരാണ്. ചിട്ടയുള്ള പ്രവര്‍ത്തനത്തിന് പണ്ടേ പേരുകേട്ട ആളാണ് അമൃത. യാതൊരു പൊട്ടലും ചീറ്റലും ഇല്ലാതെ, എല്ലാവരോടും തുല്യനീതിയില്‍ പെരുമാറുന്ന കരുത്തുറ്റ സ്ഥാപനമേധാവി എന്ന് തീര്‍ത്തു പറയാം. ക്ലാസ്‌സമയത്ത് ആരും ഒന്നിനും പുറത്തുപോകുന്നത് ആള്‍ക്കിഷ്ടമില്ല. വളരെ അത്യാവശ്യത്തിനു മാത്രമേ ആരെങ്കിലും പുറത്ത് പോകാറുള്ളൂ.

അടുത്ത മാര്‍ച്ചില്‍ ഖദീജ പെന്‍ഷന്‍ പറ്റുകയാണ്. ഞാന്‍ 'കയ്ജ' എന്നാണ് വിളിക്കുന്നത്. കയ്ജ ഇല്ലാത്ത സ്‌കൂള്‍! ആര്‍ക്കും അത് ഊഹിക്കാനിഷ്ടമല്ല. കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ പറ്റിയ വിജു (വിജയലക്ഷ്മി) ഇപ്പോഴും പോയിട്ടില്ല എന്നാണ് മനസ്സില്‍. ഖദീജ റംസാന്‍ അധികവും ലീവിലായിരുന്നു. ഞാനിടയ്ക്ക് സങ്കടത്തോടെ മാസം എണ്ണിനോക്കും. കയ്ജ പോകാന്‍ ഇനി എത്ര മാസം ഉണ്ടെന്ന്. അത്രയ്ക്ക് അടുത്തുപോയി മനസ്സുകള്‍.

ഞാന്‍ സ്‌കൂളില്‍ ചേര്‍ന്ന് ഒരു കൊല്ലം കഴിഞ്ഞാണ് കയ്ജ വരുന്നത്. തലയില്‍ തട്ടം തൊടീക്കാത്ത, സുന്ദരിയായ കയ്ജ. ഞാന്‍ ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് 1992ല്‍ ജോയിന്‍ ചെയ്യുമ്പോഴേക്ക് ഒരുപാട് മാറാന്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ വെച്ച് ളുഹാ നമസ്‌കാരം പോലും നിര്‍വഹിക്കുന്ന ആളാണ് ഇപ്പോള്‍. റിലീഫ് രംഗത്തും കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഒന്നാംസ്ഥാനത്താണ് ഖദീജാടെ സ്ഥാനം.
ഞങ്ങളുടെ സ്റ്റാഫ്‌റൂം ഒരുപാട് ദുഃഖങ്ങള്‍ക്കും ഇടമായിട്ടുണ്ട്. ഒരു സെപ്റ്റംബര്‍ 19 നാണ് സ്റ്റാഫ്‌റൂമില്‍ നിന്ന് ഹോസ്പിറ്റലില്‍ പോകവേ വഴിക്കുവെച്ച് സൗദ എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തക മരിച്ചത്. അരമണിക്കൂറില്‍ കുറഞ്ഞ സമയത്തെ അസുഖം. അതിനുമുമ്പ് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ജമീല മരിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അധ്യാപനകാലത്ത് വൈധവ്യം നേരിട്ടവരുണ്ട് - അമ്മിണി, ലീന എന്നിവര്‍. സഹപ്രവര്‍ത്തകരുടെ ശക്തമായ താങ്ങുകൊണ്ടാണവരൊക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

എന്റെ സഹപ്രവര്‍ത്തകരെ എല്ലാവരെയും ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്. ആ മനസ്സുകളുടെ നന്മകള്‍ എത്രയാണെന്ന് വിവരിക്കാനാവില്ല. മൂന്നു കൊല്ലവും (8, 9, 10) സ്വന്തം ക്ലാസ്സിലെ കുട്ടിക്ക് ചോറ് കൊണ്ടുവന്നിരുന്ന ഒരു സുഹൃത്തുണ്ടതില്‍! 'തണലി'ലേക്ക് ധര്‍മം തരും. ആരും അറിയരുത് എന്ന് നിര്‍ബന്ധം. കുടയില്ലാത്തവര്‍ക്ക് കുട വാങ്ങാനും ചെരുപ്പില്ലാത്തവര്‍ക്ക് ചെരുപ്പ് വാങ്ങിക്കൊടുക്കാനുമൊക്കെ പൈസ ഏല്‍പ്പിക്കും. ഇനി ഞാനാരുടെയും പേരെഴുതുന്നില്ല. തില്‍ കാണുന്ന നന്മകളെ നമുക്ക് പകര്‍ത്താന്‍ വേണ്ടി മാത്രം എഴുതുകയാണ്.

ഒരു മുസ്‌ലിം അധ്യാപിക. അടുത്ത കൂട്ടുകാരി ഹിന്ദു. അവരുടെ മകന് പഠനവും മറ്റും ശരിയാകാന്‍ ഒരു ബലിമൃഗത്തെ നിയ്യത്താക്കി അറുത്തുകൊടുത്തുവത്രെ! സംസാരമധ്യേ വന്നുപോയ സംസാരം കേട്ട് ഞാനും മറ്റൊരു സുഹൃത്തും അദ്ഭുതപ്പെട്ടുപോയി. ഇത്ര വിശാലമായ മനസ്സുകള്‍ക്കിടയില്‍ ജീവിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ. കുട്ടികള്‍ പഠിച്ചില്ലെങ്കില്‍, ക്ലാസ്ടീച്ചറെ വന്ന് 'നല്ല വര്‍ത്താനം' പറയുന്ന അധ്യാപികമാരും അധ്യാപികമാരോട് ദ്വേഷ്യം പിടിക്കുന്ന ക്ലാസ്ടീച്ചര്‍മാരും ഞങ്ങളുടെ സ്റ്റാഫ്‌റൂമിന്റെ പ്രത്യേകതയാണ്. എഴുതിയാല്‍ തീരാത്തത്ര നന്മകളുടെ വിളനിലമാണ് സ്‌കൂള്‍. സ്‌കൂളായാ ഇങ്ങനെ വേണം. അവിടെ ആര്‍ക്കെങ്കിലും അസുഖമായാല്‍ സ്വന്തം വീട്ടിലെ ഒരംഗത്തിന് വരുന്ന വിഷമവും ബേജാറും സങ്കടവും പ്രാര്‍ഥനയും ആണ്.

ഞങ്ങളെല്ലാവരും കൂടി പ്രാര്‍ഥിച്ചാണ് അവിടത്തെ ചിലരുടെ അസുഖം മാറിയത്. മാറാവ്യാധി എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അസുഖം. അവസാനം, ഒരു ഡോക്ടര്‍ പറഞ്ഞു: 'ഒരുപക്ഷേ, അസുഖം നിര്‍ണയിച്ചതില്‍ തെറ്റുപറ്റീട്ടുണ്ടാകും' എന്ന്.

എന്റെ മകള്‍ മരിച്ച ദിവസങ്ങള്‍. എനിക്കെന്റെ സഹപ്രവര്‍ത്തകരെ കണ്ടാല്‍ മതി. കുറേ സമാധാനം കിട്ടുമായിരുന്നു. അവരില്‍ ചിലര്‍ എന്നെ ഇത്ത എന്നും ചിലര്‍ അമ്മായി എന്നും വിളിക്കുന്നു. പ്രസവത്തിന് ആശുപത്രിയില്‍ കൂട്ടുപോകാന്‍, ഡോക്ടറെ കാട്ടാന്‍ കൊണ്ടുപോകാന്‍, സഹപ്രവര്‍ത്തകര്‍ക്ക് അസുഖമായാല്‍ വീട്ടില്‍ മക്കളെ വിട്ട് സഹായിക്കാന്‍ തുടങ്ങി ഇത്രമാത്രം സൗഹൃദം നിലനില്‍ക്കുന്ന ഒരു സംഘം. എത്ര സുരക്ഷിതരാണ് ഞങ്ങള്‍! പൈസ ഇല്ലെങ്കിലും വിഷമിക്കേണ്ട. എട്ടു ദിവസം കൊണ്ടാണ് ഒരുലക്ഷം രൂപ സംഘടിപ്പിച്ച് ഒരു ടീച്ചറുടെ ഭര്‍ത്താവിന്റെ ഓപ്പറേഷന്‍ എത്രയും വേഗം ഞങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിച്ചത്. ആ ടീച്ചറുടെ പ്രസവം ഒരു മാസം കഴിഞ്ഞ്. ഞാനും ഫസീല ടീച്ചറും ആണ് പ്രസവറൂമിന് പുറത്ത്. ആലോചിക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരുന്നു. രണ്ടുപേരുടെയും വീട് ഒരുപാട് ദൂരെയായതിനാല്‍ ബന്ധുക്കള്‍ എത്താന്‍ വൈകും. ഭര്‍ത്താവ് ഓപ്പറേഷന്‍ കഴിഞ്ഞുള്ള വിശ്രമം. അവസാനം, പ്രസവം കഴിഞ്ഞ് കുട്ടിക്ക് ബാങ്ക് കൊടുക്കാന്‍ വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുകൊണ്ടുള്ള മറുപടി: 'വേണ്ട ടീച്ചറേ, ബാങ്കും ടീച്ചര്‍ കൊടുത്തോളൂ' എന്ന്. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി 10.30.

ഈ റമദാനില്‍ എല്ലാവരും പോന്നത് പരസ്പരം കെട്ടിപ്പിടിച്ച്, മുത്തം നല്‍കി, പരസ്പരം ഈദ് മുബാറക് പറഞ്ഞിട്ടാണ്; ഹിന്ദു, ക്രിസ്ത്യാനി എന്നൊന്നും വേര്‍തിരിവില്ലാതെ. സ്വര്‍ഗത്തിന്റെ ഗന്ധം ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍ അതില്‍ ഞങ്ങളുടെ സ്‌കൂളും പെടും. ഇന്‍ശാ അല്ലാഹ്.
ഞാനാദ്യമേ പറഞ്ഞില്ലേ, അവിടെ മോശം സ്വഭാവക്കാരേ ഇല്ലെന്ന്. 
ഓരോരുത്തരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ കെയര്‍ ചെയ്യുന്നത് സ്വന്തം മക്കളെപ്പോലെയാണ്. എന്തെങ്കിലും മുറിവോ മറ്റോ പറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് സ്വന്തം മക്കളെ കെട്ടിപ്പിടിച്ച് കൊണ്ടുപോകുന്നതുപോലെ, മടിയില്‍ കിടത്തിയാണ് ക്ലാസ്ടീച്ചര്‍ എത്തിക്കുക. അതൊക്കെ ഞങ്ങളുടെ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. മിക്ക കുട്ടികളുടെയും വീടുകളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. ഞങ്ങളുടെ മക്കള്‍ എങ്ങനെയാണ് ജീവിക്കുന്നത്, അവരുടെ കുടുംബാന്തരീക്ഷം എങ്ങനെയൊക്കെ എന്ന് ഞങ്ങള്‍ക്ക് അടുത്തറിയേണ്ടതില്ലേ? ചില കുട്ടികള്‍ക്ക് ഞങ്ങളെ ഇടയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മതരണമത്രെ. ഒരു ഷബാന ഉണ്ട്, 10-ാം ക്ലാസ്സില്‍. അവള്‍ പിടിച്ചുനിര്‍ത്തി എന്നോട് പറയും. എത്ര ദിവസമായി എനിക്കൊരുമ്മ തന്നിട്ട്. ഞാന്‍ കരുതുന്നത്, ഒരു കുട്ടിക്ക് അത്രയ്ക്ക് പറയാന്‍ ധൈര്യം കിട്ടുന്നത് ഞങ്ങളുടെ മനസ്സുകള്‍ അവരും തൊട്ടറിഞ്ഞിട്ടല്ലേ?

സീതിയെയും വഹാബിനെയും ഒഴിവാക്കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റില്ല. ഞാനവരെ നീ എന്നും എടാ എന്നും സംബോധന ചെയ്യുന്നതാണവര്‍ക്കിഷ്ടം. ഒരുദിവസം കണ്ടില്ലെങ്കില്‍ സീതി ഉറപ്പായും വിളിക്കും. സീതിയെ കെയര്‍ ചെയ്തില്ലെങ്കില്‍ സീതിക്ക് ദ്വേഷ്യം വരും. തുറന്നുപറയുകയും ചെയ്യും. കാരണം, ഞാനവന്റെ മൂത്ത ഇത്തയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ അതിലും അടുത്ത ബന്ധം. അതിനാല്‍ത്തന്നെ പരസ്പരം ഊഷ്മളമായ ബന്ധമാണ്. മക്കളില്ലാത്ത സീതിയോട് ഞാന്‍ പറഞ്ഞിരിക്കുന്നത്, വിദ്യാര്‍ഥികളെ മുഴുവന്‍ മക്കളായി കണ്ടോളാനാണ്. സീതി അത് അക്ഷരാര്‍ഥത്തില്‍ പാലിക്കുന്നു. എന്തിനും ഏതിനും കുട്ടികള്‍ക്ക് സീതിമാഷ്‌ടെ വക സമ്മാനം കിട്ടും. അതും അസംബ്ലിയില്‍ വെച്ച്. ഞങ്ങളുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും തരും സീതി, സമ്മാനം.

'നന്മയുടെ കൂട്ടായ്മ' പടച്ചവന്‍ തന്ന അനുഗ്രഹമായി ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ അസ്മാബി പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള ഇക്കൊല്ലത്തെ അവാര്‍ഡ് നേടി. ഞങ്ങള്‍ അതില്‍ മനസ്സറിഞ്ഞ് അഭിമാനിക്കുന്നു, ആഹ്ലാദിക്കുന്നു.

ഒന്‍പതു വര്‍ഷവും തുടര്‍ച്ചയായി അറബി സാഹിത്യോത്സവ ട്രോഫി (സബ്ജില്ല) ഞങ്ങള്‍ക്കായിരുന്നു. അവിടത്തെ ഓരോ അധ്യാപകരും കുട്ടികളും അതില്‍ അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, ഒരുവര്‍ഷം ഒരു ടീച്ചര്‍ ഹോസ്പിറ്റലിലായിരുന്നു. അവിടെ ടിവി കണ്ടുകൊണ്ടിരിക്കെ എസിവിയില്‍ മറ്റൊരു സ്‌കൂളിന് എന്ന് തെറ്റിപ്പറഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വന്നെന്ന് ഡിസ്ചാര്‍ജ് ചെയ്ത് വന്നപ്പോള്‍ പറയുകയാണ്. പോയിന്റ് നില നോക്കി കുട്ടികള്‍ ഓടിവന്ന് വിജയം പറയുമ്പോഴത്തെ അവരുടെ സന്തോഷം കാണേണ്ടതുതന്നെ. അറബി പഠിക്കുന്നവരൊന്നുമല്ല അതിനുവേണ്ടി ഓടിനടക്കാറ്.
വിജയാഘോഷത്തില്‍ അറബി പഠിക്കുന്നവരെ മാത്രം കൊണ്ടുപോവുകയാണെങ്കില്‍ ഞങ്ങളില്ലാഎന്നു പറഞ്ഞ് ചോദ്യംചെയ്ത കുട്ടികള്‍ ഞങ്ങളുടെ കണ്ണുതുറപ്പിക്കുകയുണ്ടായി.

ഈ കുറിപ്പ് തീരില്ല, അത്രയ്ക്കുണ്ട് എഴുതാന്‍. ഇക്കൊല്ലം റമദാന്‍ കിറ്റ്+ഓണം 250 പേര്‍ക്കാണ് കൊടുത്തത്. 55 പേര്‍ക്ക് പുതുവസ്ത്രം. യൂണിഫോം മിക്ക കുട്ടികള്‍ക്കും ഓരോ ജോഡി ഫ്രീ ഉണ്ടായിരുന്നു, ആദ്യം തന്നെ. കുട, ബാഗ്, ചെരുപ്പ് തുടങ്ങിയവയും, പേന, ബുക്ക് ആവശ്യാനുസരണം കൊടുക്കാറാണ് പതിവ്. മാതാപിതാക്കളുടെ അസുഖം, വീടുപണി എന്നിവയ്‌ക്കൊക്കെ 'തണല്‍' സഹായഹസ്തം നീട്ടുന്നു. എല്ലാം സര്‍വശക്തന്‍ തരുന്ന അനുഗ്രഹം മാത്രം. ഇതാണ് തണല്‍ എന്ന് നിങ്ങള്‍ മുകളില്‍ കാണുന്ന തലക്കെട്ട്. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

13 comments:

 1. nammude nattil aooorvangalil apoorvamakum ingane oru school. aa staff room orth asooya thonunnu, . nanmakal nerunnu

  ReplyDelete
 2. enthaa parayuka..........wish you all the best......

  ReplyDelete
 3. ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു ..ഈ എഴുത്തുകാരിക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ഏര്‍പ്പെടുത്തിയ പ്രഥമ പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ കിട്ടിയ ശേഷം . ഫാമിലി കൌണ്‍സലിങ്, സാന്ത്വനം, സമാശ്വാസം രംഗങ്ങളില്‍ ടീച്ചര്‍ നടത്തുന്ന വിലപ്പെട്ട സേവനങ്ങളുടെ ഒരു നീണ്ട നിരയുടെ ചിത്രങ്ങള്‍ അവിടെ എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞു .
  ശിഹാബ് തങ്ങളുടെ ചിത്രം ആലേഖനം ചെയ്ത ശില്‍പവും പ്രശസ്തിപത്രവും കിട്ടിയ ഈ എഴുത്തുകാരിയുടെ വിനയം ആരെയും ആകര്‍ഷിക്കുന്നതാണ്

  അന്ന് ആ സ്കൂളില്‍ കണ്ട ടീച്ചറുടെ വിദ്യാര്‍ഥികള്‍ നാട്ടു വളര്‍ത്തുന്ന colli flowerinte തോട്ടം ഇന്നും ഒരു അടിശയമായി എന്‍റെ കൂടെ അന്ന് ഉണ്ടായിരുന്ന അന്‍സാര്‍ പറയാറുണ്ട്.

  ഇനിയും കൂടുതല്‍ നല്ല prachodhanamulla എയുത്തുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 4. എന്‍റെ ടീചെരെ ഇപ്പറഞ്ഞതൊക്കെ ശരിയെങ്കില്‍ അവിടം സ്വര്‍ഗമാണ് . ടീചെര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇനിയം ഒരുപാട് നന്മകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന
  പ്രാര്‍ത്ഥിക്കുന്നു. ഒരു ജാസ്മി ടീചെരും സബിടീച്ചറുടെ കൂടെയല്ലേ ജോലി ചെയ്യുന്നത് ?

  ReplyDelete
 5. enthina nuna parayandathillallo?
  sathyam aan
  jasmin teacherum und
  vassalam
  ohhh,,,iyal blog vayichathil santhosham...

  ReplyDelete
 6. ഈ കത്ത് വായിച്ച പലരും വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു...
  അവരുടെ സ്കൂളില്‍ ഇതൊരു ചര്ച്ചവിഷയമായെന്നു
  എന്തായാലും എനിക്ക് വളരെ സന്തോഷം തോന്നുന്നു.....
  എന്നേക്കാള്‍ വളരെ നല്ലവരാണ് എന്റെ സഹപ്രവര്‍ത്തകര്‍ എന്നതാണ് ഇതിലും വലിയ അത്ഭുതം!!!!!

  ReplyDelete
 7. ടീച്ചറേ,നന്മയുടെ പ്രകാശം പരത്തുന്ന അനുഭവങ്ങള്‍..!
  നാട്ടിലെ സര്‍വ്വ വിദ്യാലയങ്ങള്‍ക്കും മാതൃകയാണ്‍.
  ആശംസകള്‍,ആത്മാര്‍ഥമായ പ്രാര്‍ഥനകളും മാത്രം..

  ReplyDelete
 8. റ്റീച്ചറുടെ സ്ക്കൂ‍ളിനെപ്പറ്റി അറിഞ്ഞു സന്തോഷിക്കുന്നു. സ്കൂളിനെപ്പറ്റി പറയുമ്പോള്‍ റ്റീച്ചര്‍ക്ക് ആയിരം നാവാണെന്നു മനസ്സിലായി.ഇക്കാലത്ത് ഇങ്ങനെയുള്ള സ്കൂളുകള്‍ വിരളമായിരിക്കും.ഒരു നുറുങ്ങെന്ന ഹാറൂണ്‍ സാഹിബിന്റെ ലിങ്കിലൂടെയാണിവിടെയെട്ടിയത്. പിന്നൊരു കാര്യം “തണല്‍” എന്ന പേരില്‍ ഞങ്ങളെല്ലാം ഫോളോ ചെയ്യുന്ന ഇസ്മയില്‍ കുറുമ്പടിയുടെ ഒരു ബ്ലോഗ് നിലവിലുണ്ട്. പറഞ്ഞെന്നേയുള്ളു, കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍.Please avoid word verification.

  ReplyDelete
 9. @തണൽ ടീച്ചർ

  പോസ്റ്റ് വായിച്ചു.
  മനസ്സ് നിറഞ്ഞു.
  ടീച്ചറുടെ സ്ക്കൂൾ
  നന്മ പരത്തുന്ന
  ഒരു തണലായ്,
  പ്രകാശം പരത്തുന്ന
  ഒരു വിളക്കായ്
  എന്നെന്നും നിലനിൽക്കട്ടെ...
  അതിനായ് ദൈവം തുണക്കുമാറാകട്ടെ...

  ReplyDelete
 10. mohammed കുട്ടി paranajthil വിഷമം ഇല്ല
  തണല്‍ ഞങ്ങള്‍ടെ സ്കൂളിലെ മക്കള്‍ക്കുള്ള fundinte പേരാണ്
  അത്യാവശ്യമാണെങ്കില്‍ മാറ്റാം.......
  വല്ലാത്ത ഒരു സ്കൂള്‍ ആണ് ഞങ്ങളുടെതെന്നതില്‍ 2 പക്ഷമില്ല...
  അത്‌ എന്നും നില നില്ക്കാന്‍ തമ്പുരാന്‍ അനുഗ്രഹിക്കട്ടെ

  ReplyDelete
 11. നന്മ നിറഞ്ഞ മനസ്സ് ഉണ്ടെന്ന്കിൽ അപരർക്ക് തണൽ മരമായ് മാറിടും.ദൈവാനുഗ്രഹമുണ്ടാകട്ടെ!

  ReplyDelete
 12. വായിക്കുന്നു

  ReplyDelete
 13. വായിച്ചു.സന്തോഷം തോന്നി.നന്മ വറ്റാതിരിക്കട്ടെ

  ReplyDelete