Friday, July 18, 2014

മുസ്‌ലിംലോകത്തിനിത്ര നിന്ദ്യത വന്നുഭവിച്ചതെങ്ങനെ?

മൂന്ന് സഹോദരിമാര്‍. അവളില്‍ ഒരാള്‍ ശത്രുവിന്റെ കൈയില്‍. രണ്ട് സഹോദരിമാര്‍ ആകാശം മുട്ടുമാറ് കരഞ്ഞു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അല്പം ദുര്‍ബലയായിരുന്നു ശത്രുവിന്റെ വലയില്‍പ്പെട്ട സഹോദരി. പക്ഷേ, അവള്‍ക്ക് പ്രൗഢിയും അന്തസ്സുമുള്ള, അതിഗംഭീരമായ ചരിത്രമുള്ള ഒരു കാലമുണ്ടായിരുന്നു.

ഒരാള്‍ ഇവളേക്കാള്‍ മൂത്തവളും ഒരാള്‍ ഇളയവളുമാണ്. എന്നാല്‍ രണ്ടുപേരും അതിശക്തകളാണ്. അവരുടെ രണ്ടുപേരുടെയും ഒരു ദീര്‍ഘശ്വാസം മാത്രം മതി ശത്രുവിനെ ശ്വാസം മുട്ടിച്ച് ഈ സഹോദരിയില്‍ വരിഞ്ഞുമുറുക്കിയ പിടിവിടുവാന്‍.

പക്ഷേ... ഉറക്കെ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ എല്ലാം നേരെയാകുമെന്ന് നിനച്ചിരിക്കയാണ് ഇളയവളും മൂത്തവളും.

എങ്കില്‍ തെറ്റിപ്പോയി. സാധുവായ ആ സഹോദരിയെ രക്ഷിക്കാന്‍ ശത്രുവിനെ തുരത്താന്‍ ഒരു പ്ലാനും പദ്ധതിയും ഇല്ല. അവള്‍ അവസാന ശ്വാസം വലിക്കുമ്പോഴും ശത്രു അവളുടെ സര്‍വ അവയവങ്ങളും ഛേദിക്കുമ്പോഴും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല, രണ്ടു സഹോദരിമാരും. രണ്ടുപേരും ലോകത്തെ ഏറ്റവും പലപളപ്പുള്ള വസ്ത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് വിഭൂഷിതരാണ്.

സുഹൃത്തുക്കളേ, ഈ മൂന്ന് സഹോദരിമാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ഇല്ലെങ്കില്‍ ഇതാ... അവരാണ് മക്കത്തെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയും. ഖുര്‍ആന്‍ മസ്ജിദുല്‍ അഖ്‌സയെ പരിചയപ്പെടുത്തിയത് കാണുക: ''മസ്ജിദുല്‍ ഹറാമില്‍നിന്നും ചുറ്റിനും അനുഗ്രഹങ്ങളും ബര്‍ക്കത്തും ചൊരിയപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് തന്റെ അടിമയെ രാത്രിസഞ്ചാരം നടത്തിയവന്‍ പരിശുദ്ധനാകുന്നു.'' (സൂറഃ അല്‍-ഇസ്‌റാഅ്)

ശതകോടിക്കണക്കിനു രൂപയാണ് മുസ്‌ലിംലോകത്തിന് സ്വന്തമായുള്ളത്. ഓരോ കൊല്ലവും മുസ്‌ലിംകളുടേതായി ബാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പലിശ മതി 10 പലസ്തീനെ സ്വന്തമാക്കാന്‍. ഉംറയിലൂടെയും ഹജ്ജിലൂടെയും ചെലവഴിക്കപ്പെടുന്ന തുക മതി ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ മര്യാദ പഠിപ്പിക്കാന്‍. ഇഅ്തികാഫും പുണ്യം തേടിയുള്ള യാത്രയും മസ്ജിദുല്‍ അഖ്‌സയിലേക്കും പോകാന്‍ നിര്‍ദേശിക്കപ്പെട്ടവനാണ് മുസ്‌ലിം. ഹോ! ഇന്നത്തെ അവസ്ഥ അതിഭയാനകം. അഖ്‌സാപള്ളി ഇടക്കിടെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മുസ്‌ലിംലോകത്തിനിത്രമാത്രം നിന്ദ്യത വന്നുഭവിച്ചതെങ്ങനെ? കഷ്ടം! ഒരാഗോള നേതൃത്വത്തിന്റെ കുറവ് -ശൂന്യത- വല്ലാതെ അനുഭവപ്പെടുന്നു. നബി (സ)യുടെ ഉമ്മത്ത് അദ്ദേഹം ഭയപ്പെട്ട അവസ്ഥയില്‍ ആണിന്ന്. ദുനിയാവിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ഒന്നിനും ഒരു ക്ഷാമവും ഇല്ല. പലസ്തീനിന്റെ അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം രാഷ്ട്രങ്ങളും ബലഹീനമാക്കപ്പെട്ടുകഴിഞ്ഞു.

ഗസ്സയില്‍ പിടഞ്ഞുമരിക്കുന്നത് പച്ചമനുഷ്യരാണ്. ചിലര്‍ ചോദിക്കുന്നു: മുസ്‌ലിംകള്‍ക്കെന്തേ ഗസ്സ തകര്‍ക്കപ്പെടുമ്പോള്‍ മാത്രം ഇത്ര വിഷമം എന്ന്?! അതിനൊരു കാരണമുണ്ട്. അവരുടെ ആദ്യ ഖിബ്‌ലയും പ്രവാചകന്മാരുടെ പവിത്ര ഭൂമികളും ആണ് ജൂതന്മാര്‍ കൈയേറിയത്. 60-ഓളം കൊല്ലമായി തുടരുന്ന അധിനിവേശം ഇന്നതിന്റെ എല്ലാ പരിധികളും ലംഘിച്ച് അവസാനമുള്ള ഗസ്സയെക്കൂടി തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിയോണിസ്റ്റുകള്‍. ലോകത്തില്‍ തുല്യതയില്ലാത്ത അധിനിവേശം തന്നെ. എന്നിട്ടും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന ആള്‍ക്കാര്‍! കഷ്ടം. ഇതൊക്കെ കാണാനും കേള്‍ക്കാനും നമ്മുടെ ജീവിതകാലത്ത് ഇടവന്നല്ലോ എന്ന് ചിന്തിച്ചുപോകുന്നു. ചിലര്‍ പറയുന്നു: പലസ്തീനികള്‍ക്ക് ഇത് പോരാ എന്ന്. കാരുണ്യം വറ്റിയ മനസ്സുകളുടെ പിച്ചും പേയുമാണത്.

ഗസ്സയില്‍ യുദ്ധമുഖത്തുള്ള എന്റെ ഒരു Facebook സുഹൃത്തുമായി സംവദിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തൊരു ശുഭാപ്തിവിശ്വാസമാണ്! ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ നിങ്ങളുടെ വിജയത്തിനുവേണ്ി പ്രാര്‍ഥിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്: പ്രാര്‍ഥന മാത്രം പോരാ... ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം നിങ്ങള്‍ പ്രകടനവും ഐക്യദാര്‍ഢ്യവും സംഘടിപ്പിക്കുക എന്ന്.

ഛിന്നഭിന്നമായ ഐഹികവിഭവങ്ങളില്‍ ആമഗ്നരായിപ്പോയ മുസ്‌ലിംകള്‍ക്ക് എന്ന് ബോധം വെക്കാനാണ്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ജൂതന്മാര്‍ തന്നെ ഈ അരുംകൊലക്കെതിരില്‍ പ്രതികരിക്കുമ്പോള്‍ മുസ്‌ലിംലോകം അപകടകരമായ നിസ്സംഗതയില്‍. എങ്ങനെ ബോധം വെക്കാനാണ്? മസ്ജിദുല്‍ഹറാമിന്റെ മീറ്ററുകള്‍ക്കുള്ളിലാണ് KFC (കെന്റക്കി ചിക്കന്‍ റസ്റ്റോറന്റ്). എത്ര നോമ്പെടുത്തിട്ടും എത്ര ഖനം തീര്‍ത്തിട്ടും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നുണ്ടാകാം. ഭക്ഷണം ഹലാല്‍ അല്ലാത്തതിന്റെ പേരില്‍ - കാരണം, ശനിയാഴ്ച ഈ ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന ലാഭം ഇസ്രായേലിന് കൊടുക്കണമെന്നാണത്രെ വ്യവസ്ഥ.

നബി (സ) പറഞ്ഞു: ''ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവന്‍ പാഞ്ഞടുക്കുംപോലെ എന്റെ ഉമ്മത്തിന്റെ മേല്‍ ശത്രുക്കള്‍ ചാടിവീഴുന്ന ഒരു കാലം വരും.'' സ്വഹാബിമാര്‍ ചോദിച്ചു: ''ഞങ്ങള്‍ ഖുര്‍ആന്‍, മക്കള്‍ക്കും അവര്‍ അവരുടെ മക്കള്‍ക്കും പഠിപ്പിച്ചാലും ഇങ്ങനെ ഉണ്ടാകുമോ?'' പ്രവാചകന്‍ മറുപടി പറഞ്ഞു: ''അതെ... പക്ഷേ, അന്ന് നിങ്ങളെ وهن (ദൗര്‍ബല്യം) ബാധിക്കും.'' സ്വഹാബിമാര്‍ ചോദിച്ചു: ''എന്താണ് പ്രവാചകരേ, 'വഹ്ന്‍'?'' ''ഐഹികതയോടുള്ള കലശലായ പ്രേമവും മരണഭയവുമായിരിക്കും.''

അതെ. ഇതു രണ്ടും മുസ്‌ലിം ഉമ്മത്തില്‍ സംഭവിച്ചുകഴിഞ്ഞു. അല്ലാഹുവിനുതന്നെ ഈ സമുദായത്തെ വേണ്ടാതായിക്കാണുമോ? അതോ നഷ്ടപ്പെട്ട ഖിലാഫത്ത് തിരിച്ചുവരാനുള്ള 'പ്രസവവേദന'യാണോ നാം കാണുന്നത്? എന്തായാലും കാത്തിരുന്നു കാണാം.

അക്രമികളെ നശിപ്പിക്കാന്‍ നമുക്ക് ഈ നല്ല രാവുകളില്‍ പ്രാര്‍ഥിക്കാം. ഈ ഉമ്മത്തിന് അഭിമാനവും ഇസ്സത്തും വര്‍ധിപ്പിക്കാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

വസ്സലാം,
സ്വന്തം ടീച്ചര്‍

2 comments:

  1. സത്യം ഇത് തന്നെ .മുസ്ലിംകൾ ലക്‌ഷ്യം മറന്ന കൂട്ടമായി മാറി

    ReplyDelete