Monday, July 28, 2014

'പിറ'നാള്‍ ചിന്തകള്‍

അങ്ങനെ ഒരു പെരുന്നാളും കൂടി ലോകം പല ദിവസങ്ങളില്‍ ആഘോഷിക്കുകയാണ്. ഈ സമയത്ത് ചില സുപ്രധാന കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്. ഒരു മാസം ഒരു നാട്ടില്‍ 29 ഉം മറ്റൊരു നാട്ടില്‍ 30 ഉം വരുമോ? ഇത്തവണ കേരളത്തില്‍ അസ്മയശേഷം ചന്ദ്രന്‍ 10 മിനിറ്റ് കൂടി ഉണ്ടായിരുന്നത്രെ! ആരും കാണാഞ്ഞതിനാല്‍ പെരുന്നാള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഒരു അവധിദിനം കൂടി ലഭിച്ചു. ഒപ്പം തീര്‍ന്നുപോയ റമദാന്‍ മാസം തീര്‍ന്നതറിയാതെ... نويت صوم غد എന്ന നിയ്യത്ത് വെക്കുന്നത് ശവ്വാല്‍ മാസത്തില്‍ പ്രവേശിച്ചുകൊണ്ട് - ഉസ്താദുമാരും ഖാദിമാരും 'ചിന്തിച്ചിട്ട്' ഇനി ഈ സമുദായം ഈ തെറ്റ് -പിഴവ്- തിരുത്തുമെന്ന് തോന്നുന്നില്ല. അതിനാല്‍, ഫിഖ്‌ഹൊന്നും അറിയാത്ത സാധുക്കളായ മനുഷ്യര്‍ക്ക് ചന്ദ്രമാസത്തിലെ തീയതികളെ മനസ്സിലാക്കാനും തിരിച്ചറിയാനും ചില സൂത്രം പറയാം. 

14-ാം രാവില്‍ ആര്‍ക്കും സംശയമില്ലല്ലോ. സന്ധ്യാസമയത്ത്, നല്ല ശോഭയോടെ കിഴക്കുനിന്ന് ഉദിച്ചുവരുന്ന ചന്ദ്രനാണ് 14-ാം രാവ്. കുറച്ചു ദിവസം തുടര്‍ച്ചയായി ഇതിനെ നിരീക്ഷിക്കുക. ഒരു മാസത്തെ 14-ാം രാവുദിച്ചത് 6.15 നാണെന്ന് കരുതുക. പിറ്റേ ദിവസം അതേ സമയത്ത് ചന്ദ്രനെ നോക്കുക. തെക്കേമുറ്റത്ത് ഇറങ്ങിനിന്ന് ഒന്ന് നോക്കിയേ... കാണാനില്ല അല്ലേ? എന്നാല്‍, കുറച്ചു കഴിഞ്ഞ്, ഇന്നത്തേതില്‍നിന്ന് 48 മിനിറ്റ് കഴിഞ്ഞ് തെക്കേ മുറ്റത്ത് നിന്നുതന്നെ നോക്കുക. 'അപ്പ'ത്തിന്റെ വട്ടം കുറഞ്ഞുകാണുന്നില്ലേ? ഒപ്പം നേരിയ ഒരു കഷണം ആരോ പൊട്ടിച്ചപോലെ. അല്പം വിഷാദവും ഉണ്ട് മുഖത്ത്! പിന്നീടുള്ള ഓരോ ദിവസവും നിരീക്ഷിക്കുക. 48 മിനിറ്റ് എന്നും വൈകി വൈകിയാണ് ചന്ദ്രന്റെ വരവ്. അങ്ങനെ പാതിരാ 12 മണിക്ക് 12.48ന്... 26 ഒക്കെ ആകുമ്പോഴും നോക്കുക. സുബ്ഹിക്ക് കുറച്ചു മുമ്പ് നോക്കുക. കുറഞ്ഞുകുറഞ്ഞ് 'പഴയ ഈത്തപ്പനക്കൊതുമ്പ്' പോലെ കാണും. അങ്ങനെ ഒരു ദിവസം സൂര്യന്‍ ഉദിക്കുന്ന സമയത്തോടടുത്ത് ഉദിക്കും ചന്ദ്രന്‍. അന്ന് നമുക്ക് കാണില്ല. അപ്പോഴാണ് വൈകിട്ട്, രാത്രി പടിഞ്ഞാറുഭാഗത്ത് കാണുക. രണ്ടുമൂന്നു മാസം സ്ഥിരം നിരീക്ഷിക്കുക. അപ്പോള്‍ നമുക്കുതന്നെ ധാരാളം കാര്യങ്ങള്‍ മനസ്സിലാകും. നമുക്കപ്പോള്‍ റമദാന്‍ വന്നാല്‍ ഖാദി പറയാതെ തന്നെ നോമ്പെടുക്കാന്‍ ധൈര്യം കിട്ടും. 

പത്തുപതിനഞ്ചു കൊല്ലമായി എനിക്കീ ധൈര്യം കിട്ടീട്ട്. ഖാദി പറയാതെ നോമ്പ് തീര്‍ക്കാനും പറ്റും. ആദ്യം ആള്‍ക്കാര്‍ ചോദിച്ചു: ''സബിതാ, കുപ്പായം മാറ്റ്യോ'' എന്ന്. എന്ന് പറഞ്ഞാല്‍ പൊന്നാനീ പോയി തട്ടോം കുപ്പായോം ഇട്ടാണല്ലേ ആള്‍ക്കാരുടെ കണ്ണില്‍ മുസ്‌ലിമാകാന്‍. എന്തായാലും ഒരുറപ്പുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ക്കനുസരിച്ച് നീങ്ങുക. സത്യമാണെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക. ഖുര്‍ആനും ഹദീസും പഠിച്ച്, അല്പസ്വല്പം ബുദ്ധിയും ഉപയോഗിക്കുക. ഇതാരോടും ഉള്ള തര്‍ക്കമല്ല. പെരുന്നാളിനെ വെട്ടിമുറിക്കുന്നവരോടുള്ള ഒരുതരം സങ്കടം ഉണ്ട്. പലരും ഇന്ന് പെരുന്നാളാകും എന്നു കരുതി പലതും പ്ലാന്‍ ചെയ്തിരുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ ഇന്ന് വൈകിട്ട് പോകാമെന്ന് സന്തോഷിച്ചിരുന്നു. പാവങ്ങള്‍... അന്യായമായ ചട്ടങ്ങളെ മറികടക്കാന്‍ കഴിയാത്തവര്‍. ശാസ്ത്രം ഇത്രമേല്‍ പുരോഗമിച്ചിട്ടും ഇതില്‍ മാത്രം പുരോഗമിക്കാത്ത ഉമ്മത്ത്. മുത്തുനബീടെ ഹദീസുകളെ എങ്ങനെ വായിക്കണമെന്ന് പഠിച്ചില്ല. ഒരു സമൂഹം മുഴുവന്‍ ഇതിന്റെ നാണക്കേട് പേറുകയാണ്. നമ്മള്‍ എങ്ങനെയാണ് നമസ്‌കാരസമയം, നോമ്പുതുറ സമയം, ഗ്രഹണനമസ്‌കാര സമയം ഒക്കെ സെറ്റ് ചെയ്തത്? എന്നിട്ട് ഇതിനെ മാത്രം ഒരു നാട്ടില്‍ 29ഉം മറ്റൊരു നാട്ടില്‍ 30ഉം ആക്കി ചെയ്യുന്നത്?

വസ്സലാം, സ്വന്തം ടീച്ചര്‍

NB: ദയവുചെയ്ത് എന്നെ ആരും തെറിവിളിക്കരുത്. മറുപടി ഇല്ലെങ്കില്‍ മൗനം പാലിക്കുക. ഈദ് മുബാറക്.

1 comment:

  1. അലി മാനിക്ഫനെ ആശ്രയിക്കുന്നതാ നല്ലത്

    ReplyDelete