Thursday, July 24, 2014

നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ അഭയവും അത്താണിയും സര്‍വശക്തനായ അല്ലാഹു മാത്രമാണ്. അവന്‍ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും തന്റെ നാഥന്റെ സാമീപ്യം അറിയുകതന്നെ ചെയ്യും. തികച്ചും അദ്ഭുതകരമായ ഒരു കഥയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അല്ലാഹുവേ, നിന്റെ കഴിവ് ശരിക്ക് മനസ്സിലാക്കാന്‍ ഞങ്ങളെ നീ സഹായിക്കണേ. ഈ നല്ല ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് ബര്‍ക്കത്തിന്റേതും പാപമോചനത്തിന്റേതും ഭാഗ്യത്തിന്റേതും ആക്കിത്തരണേ, യാ റബ്ബല്‍ ആലമീന്‍. നീ ഉന്നതനും മഹാനും തന്നെ. ഞങ്ങള്‍ക്കതില്‍ അല്പം പോലും സംശയമില്ല.

നമുക്ക് കഥയിലേക്കുതന്നെ പോകാം. ഒരു സുഊദി വനിത തന്റെ സ്വന്തം അനുഭവം എഴുതിയതാണ്. അവരുടെ വാക്കുകളില്‍ത്തന്നെ നമുക്ക് ആ കഥ ആസ്വദിക്കാം. ഇന്‍ശാ അല്ലാഹ്.

''പതിനഞ്ചു കൊല്ലം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധുകാലം സന്തോഷത്തോടെ കഴിഞ്ഞു. ഞങ്ങള്‍ക്ക് അസ്മാ എന്ന ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ഒരു വയസ്സായിക്കാണും, ഞങ്ങളുടെ ജീവിതത്തെത്തന്നെ തകിടംമറിച്ച ഒരു സംഭവമുണ്ടായി. ഭര്‍ത്താവിന് അന്ന് റിയാദിലും ജിദ്ദയിലുമായിട്ടാണ് ജോലി. ഒരു ദിവസം റിയാദില്‍നിന്ന് വരുമ്പോള്‍ കാലത്ത് അദ്ദേഹം ഗുരുതരമായ ഒരു വാഹനാപകടത്തില്‍പ്പെട്ടു. ബോധം നഷ്ടപ്പെട്ടു. 95% മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മാസങ്ങളും വര്‍ഷങ്ങളും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. പലരും എന്നോട് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കാന്‍ ഉപദേശിച്ചു. 'അദ്ദേഹം ഭൂമിയില്‍ ജീവിച്ചിരിക്കെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ? ഒരിക്കലും ഇല്ല. ഇസ്‌ലാം അത് അനുവദിക്കുന്നുണ്ടെങ്കിലും ഞാനതിന് തയ്യാറല്ല.' ഞാന്‍ തീര്‍ത്തു പറഞ്ഞു. ജീവിതം ദുഃഖത്തിന്റെ കരകാണാക്കയത്തില്‍പ്പെട്ടുഴറുകയാണ്. ഐസിയുവില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. വൃദ്ധരായ മാതാപിതാക്കള്‍. അസ്മ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പ്രായമായപ്പോള്‍ ഞാനവളെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്‌കൂളില്‍ ചേര്‍ത്തി. അവള്‍ 10 വയസ്സിനു മുമ്പായി ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുഞ്ഞുകൈകള്‍ ഉയര്‍ത്തി ഓരോ നമസ്‌കാരശേഷവും രാത്രി തഹജ്ജുദ് നമസ്‌കരിച്ചും പ്രാര്‍ഥിക്കുന്നതു കണ്ട് ഞാനാശ്ചര്യപ്പെട്ടു. അല്‍ഹംദുലില്ലാഹ്. എന്നാലും നൊമ്പരം എന്നെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. വാപ്പാക്ക് ഇതൊന്നും കാണാനും അറിയാനും ഒന്നും കഴിയുന്നില്ലല്ലോ.

ഒരു ദിവസം അസ്മ പറഞ്ഞു: 'ഉമ്മാ, ഇന്ന് രാത്രി ഞാന്‍ ഒന്ന് ഉപ്പാടെ അരികില്‍ നില്‍ക്കട്ടെ?' 'ഹോ. അത് വേണ്ട. മോള്‍ ഒന്നും ആശുപത്രിയില്‍ നില്‍ക്കണ്ട'. എന്നാല്‍, അവള്‍ക്ക് ഒരു നിവൃത്തിയുമില്ല. ആവശ്യം പലതവണ ആവര്‍ത്തിച്ച്, കരച്ചിലിന്റെ വക്കിലെത്തി. സമ്മതിക്കാതെ നിവൃത്തിയില്ല. അവളുടെ വാശിക്കു മുമ്പില്‍ എനിക്ക് ഉത്തരമില്ലാതായി.

ഇനി നമുക്ക് അസ്മാടെ വാക്കുകളിലൂടെ കഥയുടെ ബാക്കി ഭാഗം കേള്‍ക്കാം.

'ഞാന്‍ മഗ്‌രിബ് നമസ്‌കരിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്ന് എന്തോ സംഭവിക്കാന്‍ പോകുംപോലെ മനസ്സ് പറഞ്ഞു. ഞാന്‍ എന്റെ ഉപ്പാടെ കട്ടിലിന്നടുത്ത് ഒരു കസേരയില്‍ ഇരുന്നു. ക്ഷീണിതനാണ് ഉപ്പാടെ മുഖമെങ്കിലും ആ മുഖത്ത് ഈമാനിന്റെ ഹൃദ്യത ഉള്ളപോലെ. അതെ, മുഖം എന്തോ സംതൃപ്തി അനുഭവിക്കുന്നപോലെ.

ഞാന്‍ ഉപ്പാടെ അടുത്തിരുന്ന് അല്‍ബഖറഃ ഓതാന്‍ തുടങ്ങി. കുറേ ഓതി, ഞാന്‍ ഉപ്പാനെ തടവിക്കൊടുത്തു. വീണ്ടും ഞാന്‍ നമസ്‌കരിച്ചു. കുറേയധികം നമസ്‌കരിച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ ഉപ്പാടെ അവസ്ഥ നിനക്കറിയാം. അദ്ദേഹത്തെ നീ വിഷമിപ്പിക്കരുത്. എനിക്കെന്റെ ഉപ്പാനെ തിരിച്ചുതരണം തമ്പുരാനേ.

ഇടക്കിടക്ക് നമസ്‌കരിച്ചും ഓതിയും ഉപ്പാനെ തടവിക്കൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. പെട്ടെന്ന് ഞാനൊന്ന് മയങ്ങിപ്പോയി. 'ഹേയ്, നിന്റെ നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നീ ഉറങ്ങുകയാണോ?' ആരോ എന്നെ വിളിച്ചുണര്‍ത്തിയപോലെ. ഞാന്‍ വേഗം പോയി വുദു എടുത്ത് നമസ്‌കരിച്ചു. ഖുര്‍ആന്‍ ഓതി. ഉപ്പാനെ തടവിക്കൊണ്ടിരുന്നു. വീണ്ടും എന്നെ ഉറക്കം ബാധിച്ചു. പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ ഉപ്പ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. 'ആരാണിവിടെ? നീ ഇവിടെ എന്താണ് ചെയ്യുന്നത്?' എന്റെ ഉപ്പാടെ ചോദ്യം. ഉടന്‍ ഉപ്പാടെ കൈ പിടിച്ചിട്ട് ഞാന്‍ പറഞ്ഞു: 'ഉപ്പാ, ഞാന്‍ ഉപ്പാടെ അസ്മയാണ്. ഉപ്പ പെട്ടെന്ന് കൈവലിച്ചിട്ട്, 'എന്നെ മനസ്സിലാകാഞ്ഞതിനാല്‍ മാറിപ്പോവുക. നീ എന്നെ തൊടല്ലേ. അത് ഹലാലല്ല.' ഞാനാകെ വിഷമിച്ചു. ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ഡോക്ടര്‍ അമേരിക്കന്‍ സ്റ്റൈലില്‍ 'സുബ്ഹാനല്ലാ' എന്ന് പറഞ്ഞു. അതേ, മിറാക്ക്ള്‍!'

അല്‍ഹംദുലില്ലാഹ്. എന്റെ ഉപ്പ ഉണര്‍ന്നു. ദീര്‍ഘമായ ഉറക്കത്തില്‍നിന്ന്. എന്നിട്ട് പറയുകയാണ്: 'ഞാന്‍ ദുഹാ നിസ്‌കരിക്കാന്‍ വുദു എടുത്തിരുന്നല്ലോ. പക്ഷേ, നമസ്‌കരിച്ചിട്ടില്ല. അപകടം പറ്റിയപ്പോഴത്തെ അവസാന ഓര്‍മ. അല്‍ഹംദുലില്ലാഹ്. ഉപ്പ ഭക്ഷണം ഒക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് രണ്ടാഴ്ചയ്ക്കകം വീട്ടില്‍ പോയി.

ബാക്കി അസ്മാടെ ഉമ്മ പറയട്ടെ. 'എന്റെ പൊന്നുമകള്‍ടെ പ്രാര്‍ഥന നാഥന്‍ കേട്ടു. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നു ഇന്ന്. ഞങ്ങള്‍ക്കിന്ന് രണ്ടു വയസ്സായ ഒരാണ്‍കുട്ടി ഉണ്ട്.'

ഉമ്മുഅസ്മാ തുടരുന്നു: 'ഞാനീ സംഭവം നിങ്ങളുമായി പങ്കുവെച്ചതിന് ഒരു കാരണമുണ്ട്. നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും എന്ന പാഠം എന്റെ പ്രിയസഹോദരങ്ങള്‍ മനസ്സിലാക്കാനാണ്.

***

നാമും നിരാശപ്പെടാതെ പ്രാര്‍ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

വസ്സലാം.

4 comments: