Wednesday, October 27, 2010

ഞാന്‍ കൂടുതല്‍ സ്വതന്ത്രയായി

എന്റെ സുഹൃത്തുക്കള്‍ക്ക് പലതരം സംശയങ്ങളുണ്ട്. എല്ലാത്തിനും മറുപടി പറയാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും, മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നാണ്‌ ഒരു വലിയ വാദം. മതം ജീവിതത്തില്‍ മുഴുവന്‍ ഇടപെടണം. എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കുക. എന്നിട്ട് തീരുമാനിക്കുക. ഏത് മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാലാണ് നല്ലത് എന്ന്. ഇതില്‍ എന്ത് വര്‍ഗീയതയാണുള്ളത്? മുജാഹിദുകള്‍ പലതും പറയുന്നുണ്ട്.
അവര്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഅത്തിന്റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ. മറിച്ച്, അവര്‍ ജമാഅത്ത് പറഞ്ഞു എന്നതിന്റെ പേരില്‍, അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണുണ്ടായത്. എനിക്ക് തോന്നുന്നത് ഈ സംഭവത്തെ മുജാഹിദുകള്‍ എതിര്‍ക്കുന്നത് റബ്ബിന്റെയടുത്ത് കുറ്റകരമായിരിക്കും. മറ്റുള്ളവര്‍ അവരുടെയത്ര വലിയ അറിവുള്ളവരല്ലല്ലോ.


ഇവിടെ തിന്മ അരങ്ങു തകര്‍ക്കുകയല്ലേ? ഇന്നുതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കള്ളും വാങ്ങിക്കൊടുത്തല്ലേ ജാഥ വിളിപ്പിക്കുന്നത്? അല്‍ഹംദുലില്ലാഹ്, ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കറ പുരളാത്ത വോട്ടുകളാണ്. നിഷ്‌കളങ്ക ഹൃദയങ്ങളില്‍ നിന്നുള്ള വോട്ടുകളാണ്. തോറ്റാലും വോട്ടിന്റെ പരിശുദ്ധി ആ തോല്‍വിയെ ഉന്നതമാക്കുന്നു. ഞങ്ങള്‍ക്കാരോടും കടപ്പാടില്ലാതാക്കിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. ഈ വോട്ട് തന്നവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കേതാണ്ട് ഒരുവിധം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പ്രബോധന മാര്‍ഗത്തില്‍ ഞങ്ങളവരെ സഹകാരികളാക്കും, അവര്‍ക്ക് തര്‍ബിയത്ത് കൊടുക്കും.

എനിക്ക് തോന്നുന്നത്, ഞാന്‍ തോറ്റതിലൂടെ ഞാന്‍ കൂടുതല്‍ സ്വതന്ത്രയായ പോലെയാണ്. ചിലപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇസ്‌ലാം (വര്‍ഗീയത) പറഞ്ഞു എന്നും പറഞ്ഞ് ബഹളം വെക്കുമായിരുന്നു. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. എന്റെ വാര്‍ഡില്‍ തീര്‍ച്ചയായും ഞാന്‍ ജമാഅത്തിന്റെ എല്ലാ പരിപാടികളും നടത്തി അഞ്ചുകൊല്ലം കൊണ്ട് ശുദ്ധീകരിക്കാന്‍ ശ്രമിക്കും. ഒറ്റ ജമാഅത്ത് കാര്‍ക്കൂനും ഇല്ലാത്ത വാര്‍ഡായിരുന്നു ഞാന്‍ നിന്നത് - എനിക്കെന്തായാലും അടങ്ങിയിരിക്കാനാവില്ല. ജയിച്ച മെമ്പര്‍ക്ക് സുഖസുന്ദരമായി സാഹിത്യം വായിക്കാന്‍ കൊടുക്കാം. നമ്മുടെ ടേബിള്‍ടോക്കുകള്‍ക്ക് വിളിക്കാം. അല്പമെങ്കിലും ബോധം കയറ്റിക്കൊടുത്തില്ലെങ്കില്‍ ശരിയാവില്ല. അവരൊക്കെ പാര്‍ട്ടിക്കാരുടെ കൈയിലെ പാവകളായി മാറും.

പ്രിയമക്കളേ, സബിത ടീച്ചര്‍ക്ക് ഇനിയാണ് പ്രവര്‍ത്തിക്കാനുള്ളതെന്ന് തോന്നുന്നു. എറിയാട് ഏരിയ രണ്ട് ആക്കിയാല്‍ നന്നായിരിക്കും. ഞങ്ങളുടെ ഹല്‍ഖകളും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും ശക്തിയുള്ളിടത്തു നിന്നാണ് വോട്ട് കുറച്ചെങ്കിലും കിട്ടിയത്. ബി.ജെ.പിക്കാര്‍ക്കും പുസ്തകങ്ങളും തൗഹീദും പറയാന്‍ തോല്‍വി തന്നെ ഏറ്റവും വലിയ വാതില്‍. സര്‍വശക്താ, ഞങ്ങളെ തിരിച്ചറിയാത്തവരാണ് പലരും. അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുക്ക്. ആരൊക്കെ ഞങ്ങളെ ഇലക്ഷനില്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ഞങ്ങളറിഞ്ഞിട്ടുണ്ട്. പകരം ചോദിക്കുന്നില്ല. ശാപപ്രാര്‍ഥന നടത്തുന്നില്ല. പ്രവാചകന്മാരുടെ കാലത്ത് മുനാഫിഖുകള്‍ ഉണ്ടായിരുന്നുവല്ലോ. ക്ഷമ തന്നെ ആയുധം. ഞങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമിനെ മരണം വരെ ഈ ജനതയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും. നാഥാ, നീ മാത്രം തുണ.

Tuesday, October 26, 2010

സ്ഥാനാര്‍ഥിയുടെ ചിരിയറിയാതെ...

സ്ഥാനാര്‍ഥിയായി പോളിംഗ് ബൂത്തില്‍ നില്‍ക്കുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യംതന്നെ. ആള്‍ക്കാരെ കണ്ട് കൃത്രിമമായി ചിരിക്കേണ്ട സ്ഥലം. മനഃസാക്ഷിക്കെതിരെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ആളാണ് ഞാന്‍. അവിടെ അധികം സ്‌നേഹം കാട്ടാന്‍ പാടില്ല. എന്നാല്‍, എല്ലാവരോടും ചിരി ഫിറ്റ്‌ചെയ്ത് നില്‍ക്കണം. എന്റമ്മോ! എനിക്കൊട്ടും പറ്റാത്ത പണി. ഞാനാരും ഉപദേശിച്ചുതന്നത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ചിരി ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് ആവശ്യമില്ലാതെ ചിരിക്കാനും അറിയില്ല. എന്തൊരു കഷ്ടമാണ്! ഈ വക ജാഡകള്‍ കളഞ്ഞ് ഞാന്‍ മറ്റൊരു സന്തോഷപ്രദമായ ഇടം കണ്ടെത്തി. ജയിംസ് (സാങ്കല്പിക നാമം) എന്ന പോലീസുകാരനുമായി ഇലക്ഷനില്‍ ഞാന്‍ പങ്കെടുത്തതിനെപ്പറ്റിയും മറ്റും വിശദമായി സംസാരിച്ചു. അദ്ദേഹം വളരെ തുറന്ന മനസ്സോടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരുമണിക്കൂറോളം സംസാരിച്ചുകാണും. അദ്ദേഹം പറയുകയല്ലേ, ടീച്ചര്‍, ഇത് മനുഷ്യരില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അല്പമെങ്കിലും ചിന്താശേഷിയുള്ളവരൊക്കെ ചിന്തിക്കും. കാലം കുറച്ചു കഴിഞ്ഞാലും ഇതിനൊക്കെ വേരോട്ടം ലഭിക്കും. അവസാനം അഞ്ചുമണിക്ക് പോരാന്‍ നേരം അദ്ദേഹം പറഞ്ഞു: 'ടീച്ചര്‍, എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കണം കേട്ടോ'. എന്റെ ഇലക്ഷന്‍ ദിവസത്തെ ഏറ്റവും സന്തോഷപ്രദമായ പ്രവര്‍ത്തനം ഇതായിരുന്നു. സര്‍വശക്തന്‍ പ്രതിഫലം നല്‍കട്ടെ. ആമീന്‍.

എന്നോട് എതിര്‍പാര്‍ട്ടിയിലെ ഒരു പയ്യന്‍ ചോദിച്ചു: എന്താണിത്ര മുഖപ്രസന്നത എന്ന്. ടീച്ചര്‍ ജയിക്കുകയില്ലല്ലോ. ഞങ്ങളും ജയിക്കില്ല. ഞാന്‍ പറഞ്ഞു. പൊന്നുമോനേ, ടീച്ചര്‍ തോറ്റാലും ഇതേ പ്രസന്നത ഉണ്ടാകും. ടീച്ചര്‍ക്ക് മെമ്പര്‍സ്ഥാനം ഈ കല്ലിന്‍കഷണം പോലെയേയുള്ളൂ. സ്ഥാനാര്‍ഥികളുടെ മുഖത്ത് അമ്പരപ്പ് ഉണ്ടാകുമല്ലേ. മുഖം മനസ്സിന്റെ കണ്ണാടി അല്ലേ. ഇന്ന് വോട്ടെണ്ണലിനു പോകയാണ്. ഇനി ഒരിലക്ഷന്‍ വന്നിട്ടുവേണ്ടേ അതൊന്നു കാണാന്‍. ആ മാമാങ്കം കൂടി ഏതായാലും കാണാമെന്നുതന്നെ കരുതുന്നു. ഇന്‍ശാ അല്ലാഹ്.

ഇലക്ഷന്‍ വളരെ ആഴത്തില്‍ പഠിച്ചു എന്നതും വലിയൊരു നേട്ടം തന്നെ. വേണമെങ്കില്‍ ഇനി ഒരു നിയോജകമണ്ഡലം മൊത്തം ഇലക്ഷന്‍ നടത്താനുള്ള അറിവ് ഞാന്‍ നേിട്ടിയിട്ടുണ്ട്. ഉഷാറല്ലേ. എന്തായാലും നമ്മുടെ പ്രസ്ഥാനത്തിന് കിട്ടിയ അസുലഭമായ അറിവാണിത്. പണ്ട് അവിചാരിതമായി സബ്ജില്ലാ യുവജനോത്സവ കണ്‍വീനറാകേണ്ടിവന്ന ഓര്‍മയാണിപ്പോള്‍ - എല്ലാം വളരെ കൃത്യമായി ചെയ്യാനും ചെയ്യിക്കാനുമുള്ള പരിചയം കിട്ടി. അവസാനം, ടീമുമായി ജില്ലയിലെത്തി. എല്ലാവര്‍ക്കും ഭക്ഷണക്കൂപ്പണ്‍ കൃത്യമായി എത്തിച്ചുകൊടുത്തപ്പോള്‍, കോണ്‍വെന്റുകാര്‍ പറഞ്ഞു: ഇനി എല്ലാക്കൊല്ലവും ടീച്ചറായാല്‍ മതി കണ്‍വീനര്‍ എന്ന്. എടുക്കുന്ന പണികള്‍ ആത്മാര്‍ഥമായി എടുക്കുക; ചിരിക്കുന്നതുപോലും.

കഴിഞ്ഞ ദിവസം ഒരു മരണവീട്ടില്‍ ചെന്നു. പ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചര്‍ അവിടെ കുറച്ചുനേരം ചെലവഴിക്കണം.' പക്ഷേ, എനിക്കെന്റെ സ്വഭാവം മാറ്റാനാവില്ല. പ്രത്യേകിച്ച്, നമ്മുടെ എന്തെങ്കിലും കാര്യലാഭത്തിന് - ഒരു സമയം കഴിഞ്ഞപ്പോള്‍ എന്റെ ഉള്ള് പിടയാന്‍ തുടങ്ങി. ഇനി അവിടെ ഇരിക്കുന്നത് വോട്ടിനുവേണ്ടിയാണ് എന്ന് തോന്നിയ നിമിഷം അവിടെ നിന്നിറങ്ങി. എനിക്കതിനേ കഴിയൂ. പടച്ചവനേ, നിഫാഖില്‍നിന്ന് ഞങ്ങളെയെല്ലാം കാക്കണേ. എന്റെ കൂടെയുള്ള ഇലക്ഷന്‍ പ്രവര്‍ത്തകരില്‍ ചിലരെ 'ശരി'യാക്കണം എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് എനിക്ക്. ഒരാളുടെ മോളോട് ഞാന്‍ ചോദിച്ചു: വാപ്പ ഇപ്പോള്‍ എങ്ങനെ? ഇല്ല ടീച്ചറേ, വാപ്പാടെ സ്വഭാവം ഒരുപാട് മാറീട്ടുണ്ട്. ആദ്യമായാണ് ഏതെങ്കിലും ഒരു കാര്യത്തിന് വാപ്പ ഇത്രയ്ക്ക് താല്പര്യമെടുത്തുകാണുന്നത്. (ജമാഅത്ത് പ്രവര്‍ത്തകരല്ലാത്തവരും ഉണ്ട് നമ്മോടൊപ്പം) അല്‍ഹംദുലില്ലാഹ്. മനുഷ്യമനസ്സുകളെ തേച്ചുവെളുപ്പിക്കലാണല്ലോ നമ്മുടെ പണി; അതോടൊപ്പം നമ്മുടെ മനസ്സുകളും.

ഒരുഗ്രന്‍ തമാശകൂടി എഴുതി ഇതവസാനിപ്പിക്കാം - ഒരു ബന്ധു ഇന്നലെ പറയുകയാണ്: ഞാനെന്റെ പഴയവീട്ടില്‍ (26 കിലോമീറ്റര്‍ അകലെയുള്ള) പോയപ്പോള്‍, ഒരുസംഘം ആള്‍ക്കാര്‍ വന്നിരിക്കുന്നു. വോട്ടിനു ചെല്ലാന്‍ ഒരുപാട് പറഞ്ഞപ്പോള്‍ സമ്മതിച്ച്, പോയി. എന്നിട്ട് എന്നോട് പറയുകയാണ്, 'അവിടെ 'കണ്ണട' കണ്ടില്ല. രണ്ടെണ്ണം കൈപ്പത്തിക്ക് കുത്തി. പിന്നെ നോക്കുമ്പോള്‍ ഒരെണ്ണത്തില്‍ ആന, മരം ഒക്കെ ഉണ്ട്. ഞാന്‍ ഒരു മിണ്ടാപ്രാണിയല്ലേ ആന എന്നുകരുതി അതില്‍ കുത്തി! പൊതുവേ, തമാശക്കാരിയായ ആളുടെ ചെയ്തിയിലെ തമാശ ഉഗ്രന്‍ അല്ലേ? ഇതിലും വലിയൊരു തമാശയുണ്ട് - വണ്ടിക്ക് കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത് അരിവാളിന് കുത്താനാണ്. പാവം 'ആന'ക്കാരന്‍. അദ്ദേഹമറിയുന്നുണ്ടോ, താനറിയാതെ തനിക്കൊരു വോട്ട് വീണത്! ജനാധിപത്യത്തിന്റെ അബദ്ധങ്ങള്‍ എന്നല്ലാതെന്നു പറയാന്‍.

എത്ര ആള്‍ക്കാര്‍ 'കണ്ണട' കരുതി കൈപ്പത്തിക്കും അരിവാളിനും അറിയാതെ ചെയ്തുപോയിരിക്കും എന്നാണിപ്പോള്‍ ഞാനോര്‍ത്ത് ചിരിക്കുന്നത്. നിങ്ങളും ചിരിക്കുകയാവും അല്ലേ.

Sunday, October 24, 2010

എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്...

അല്ലാഹുവിന് മാത്രം സ്തുതി. സര്‍വലോകങ്ങളെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഏകനായ തമ്പുരാന് മാത്രം എല്ലാ സ്തുതിയും.
ഞങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.


സ്‌ക്വാഡനുഭവങ്ങള്‍ ഒരുപാടുണ്ട്. ഇന്നലെ എല്ലാ പ്രചാരണങ്ങളും കഴിഞ്ഞ് ഞങ്ങള്‍ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് ഒരുമിച്ചുകൂടി. നല്ല സുന്ദരമായ കടപ്പുറമാണ്. കാര്യങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് പൂര്‍ണമായും സന്തോഷകരമായ രൂപത്തില്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ ആമുഖമായി പറഞ്ഞു. ഒരു ചെറിയ ഉപദേശം നല്‍കാനായിരുന്നു എന്റെ ഉദ്ദേശ്യം. ഒരുനിമിഷം പോലും ജീവിതത്തില്‍ പാഴാക്കരുതെന്നും പടച്ചവന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടവരാണെന്നും മറ്റും എല്ലാവരെയും ഓര്‍മപ്പെടുത്തി. വിശ്വാസി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഉപ്പാകണമെന്നും ഉപ്പിന്റെ രണ്ടു ഗുണങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണമെന്നും ഓര്‍മിപ്പിച്ചു. എല്ലാ ആഴ്ചയും അബൂബക്കറിന്റെ മുറ്റത്ത് നമുക്ക് യോഗം കൂടണമെന്നും ഓര്‍മിപ്പിച്ചു. അതിനിടയില്‍ ജോയി വന്നു. ഈ സ്‌ക്വാഡിലെ പ്രധാന താരമാണ് ജോയി. എന്റെ സ്‌ക്വാഡിലുള്ളവരിലധികവും സാധുക്കള്‍. പക്ഷേ, ഗ്രാമശുദ്ധി നിറഞ്ഞുനില്‍ക്കുന്നവര്‍. ജോയിയുടെ കാര്യം പറഞ്ഞാല്‍ ചിരിച്ചു മണ്ണുകപ്പും. അദ്ദേഹത്തിന് സ്‌ക്വാഡിനിടയില്‍ ഞാനൊരു ഹദീസ് പഠിപ്പിച്ചുകൊടുത്തു. മനുഷ്യന്‍ മരിച്ചാലും മൂന്ന് കാര്യങ്ങള്‍ ഗുണം കിട്ടുമെന്ന... ഹദീസ്. പിന്നെ ജോയി കയറുന്ന വീടുകളിലൊക്കെ മൂപ്പര്‍ ഈ ഹദീസിന്റെ പൊരുളാണ് പറഞ്ഞത്. ചില വീടുകളില്‍ കയറി എന്നെ പരിചയപ്പെടുത്തുന്നത്; (വലിയ സന്തോഷത്തോടെ) ജമാഅത്തെ ഇസ്‌ലാമിക്കാരാണ്, സോളിഡാരിറ്റിക്കാരാണ് എന്നായിരുന്നു. 

ജോയിക്കു വേണ്ടിയും ക്ലാസ് കഴീഞ്ഞ് കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പ്രധാനമായും പരലോകമാണ് നമ്മുടെ യഥാര്‍ഥ ലക്ഷ്യമെന്ന കാര്യം ബോധ്യപ്പെടുത്തി. എന്തായിരുന്നാലും ഇനിയും ഇലക്ഷനില്‍ എന്നതിനെപ്പറ്റി പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് നന്മ പ്രചരിപ്പിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും അതിഗംഭീരമായ ഒരു വാതില്‍ തുറന്നു കിട്ടിയിരിക്കുന്നു. അല്‍ഹംദുലില്ലാ. ഞങ്ങളെ ചീത്ത വിളിച്ചു എന്നു കരുതി, ആ വാതിലിലൂടെ യാത്രചെയ്യാന്‍ നിങ്ങളാരും നാണം കരുതണ്ട. ഒരു പ്രബോധകന് ഒരുപാട് സഹായികളെ ആവശ്യമുണ്ട്; പല രംഗത്തും. വാസ്തവത്തില്‍ പതിനേഴാം വാര്‍ഡ്‌ എന്റെ പ്രബോധന മേഖലയായി മാറുകയാണ്. ബോധവത്കരണവും സേവനവും കൊണ്ട് ആ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. റബ്ബ് തുണയ്ക്കട്ടെ.

നിങ്ങള്‍ പ്രാര്‍ഥിക്കുക. നന്മയേതാണോ അത് പടച്ചവന്‍ നല്‍കട്ടെ. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിചയസമ്പന്നതയുടെ വലിയൊരു നിധിയുമായാണ് ഞങ്ങള്‍ കളത്തില്‍നിന്ന് മടങ്ങുന്നത്. തീര്‍ച്ചയായും അത് പങ്കുവെക്കപ്പെടണം. ബൂത്തിലേക്ക് പോകാന്‍ സമയമായി. വസ്സലാം.

Saturday, October 23, 2010

രാഷ്ട്രീയക്കാരന്റെ സംസ്‌കാരം

ഞാനിന്നലെ എഴുതിയ ആ കുഞ്ഞ് മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. റബ്ബേ, ആ മാതാപിതാക്കള്‍ക്ക് സമാധാനം കൊടുക്കണേ. പരലോകത്തേക്ക് അവര്‍ക്കൊരു ഈടുവെപ്പാകട്ടെ ആ കുഞ്ഞ്.
 

വര്‍ക്കിനിടയിലെ അനുഭവങ്ങള്‍ കൊണ്ട് മനസ്സ് വീര്‍പ്പുമുട്ടുകയാണ്. ഇന്നലെ നല്ല മഴയായിരുന്നു. കുറച്ചുനേരം റുഖിയാടെ വാര്‍ഡില്‍ പോയി. മഴകാരണം ഒന്നുരണ്ടു വീടുകള്‍ മാത്രമേ കയറാന്‍ പറ്റിയുള്ളൂ. പക്ഷേ, സുന്ദരമായ ഒരനുഭവം നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നു. എഴുതും മുമ്പ് രണ്ടുവരി ചരിത്രമുണ്ട്.
 

രണ്ടുകൊല്ലം മുമ്പത്തെ റമദാന്‍. എന്നും ക്ലാസ്സുകള്‍ കേട്ടിരുന്നതിന്റെ ഊര്‍ജത്തില്‍ എല്ലാവരും കൂടി ഒരു സാധുസഹായസമിതി ഉണ്ടാക്കണമെന്ന് തീരുമാനമായി. ഞാനതിന് നിര്‍ദേശിച്ച 'തണല്‍' എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായി. 'തണല്‍' വികസിച്ച് പല മക്കള്‍ക്കും കുടുംബത്തിനും തണലായി മാറിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോള്‍. അല്‍ഹംദുലില്ലാ.

അതിനിടെ തണലിനെപ്പറ്റി പി.ടി.എക്കാര്‍ അറിഞ്ഞു. അവര്‍ പറഞ്ഞു: ടീച്ചര്‍, സ്‌കൂള്‍ ഇത്രയധികം സഹായിച്ചിട്ടും നിങ്ങളെന്തുകൊണ്ട് അത് മൊത്തം രക്ഷിതാക്കളെ അറിയിക്കുന്നില്ല? അങ്ങനെ, പി.ടി.എ പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയില്‍ ഞാന്‍ തണലിനെ പരിചയപ്പെടുത്തി സംസാരിച്ചു. എല്ലാവര്‍ക്കും വലിയ സന്തോഷമായി.


ഇന്നലെ റുഖിയാക്കു വേണ്ടി പോയ ഭാഗത്ത് എല്‍.ഡി.എഫിന്റെ പ്രചാരണവാഹനം. പുറത്തിറങ്ങി നിന്നൊരാള്‍ പ്രസംഗിക്കുന്നുണ്ട്. മുനക്കല്‍ ബീച്ചും മറ്റും അവരുടെ കുടുംബസ്വത്ത് പോലെയാണ് സംസാരിക്കുന്നത്. അവസാനം, ഇപ്പോള്‍ വര്‍ഗീയവാദികള്‍ ഇറങ്ങീട്ടുണ്ട്, മൂന്നാം കക്ഷിയായി, റമദാനില്‍ കുറച്ച് കിറ്റ് കൊടുക്കും. അതും പറഞ്ഞാണ് പ്രചാരണം. ഞാന്‍ ഉള്ളില്‍ പറഞ്ഞു: അയ്യേ, എന്ത് തറ വര്‍ത്തമാനങ്ങളാണിദ്ദേഹം പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ റുഖിയ പറഞ്ഞു: 'ടീച്ചറേ, അത് നമ്മുടെ പി.ടി.എയിലെ ഒരാളാണ്.' എനിക്ക് ചിരിപൊട്ടിപ്പോയി. സീതി പറഞ്ഞത് ഞാനോര്‍ത്തു, 'ടീച്ചറേ, ഇലക്ഷന്‍ അടുക്കും തോറും വ്യക്തിഹത്യകളും കൂടും. എന്തെങ്കിലും തെറ്റ് ഉണ്ടാക്കിപ്പറയും.' സീതീ, ഇപ്പോള്‍ മനസ്സിലായി നീ പറഞ്ഞതിന്റെ പൊരുള്‍. എന്തൊരു മോശമാണ് ഈ തെരഞ്ഞെടുപ്പുലോകം.
 

ഇനിയും ഉണ്ട് ഒരുപാട് തമാശകള്‍. ഒരു ഫോണ്‍കോള്‍, ഏഴ് വോട്ടുണ്ട്. പൈസ കൊടുക്കണം എന്നു പറഞ്ഞുകൊണ്ട്. പടച്ചവനേ, ഞാനറിയാത്ത കാര്യങ്ങള്‍ അല്ലേ ഇതൊക്കെ. ആദ്യമൊന്ന് ഞെട്ടി. ആവശ്യപ്പെട്ട ആളെ നേരില്‍ കാണാന്‍ എന്റെ മനസ്സ് വെമ്പി. ആരുമറിയാതെ ബീച്ചില്‍ വെച്ച് സംസാരിച്ചു. അങ്ങനെ വോട്ട് കാശിനുവേണ്ടി ചെയ്യരുതെന്ന് മനസ്സിലാക്കിക്കൊടുത്തു. അവന്റെ അവശതകള്‍ കേട്ടപ്പോള്‍ പൈസ കൊടുക്കാന്‍ തോന്നും. പക്ഷേ, ചട്ടലംഘനമല്ലേ. രഹസ്യമായും ചെയ്യാന്‍ നമ്മുടെ മനഃസാക്ഷി അനുവദിക്കില്ലല്ലോ. പടച്ചവനേ, അത്തരം വിലകുറഞ്ഞ ഇടങ്ങളിലേക്ക് ഞങ്ങളെ എത്തിക്കല്ലേ. എന്ത് വിലകൊടുത്തും ജയിക്കണമെന്നുള്ളവര്‍ ആ വോട്ട് വാങ്ങും. പക്ഷേ, ആ വീട്ടുകാരെ ജയിച്ചാലും തോറ്റാലും സഹായിക്കണം, ഇന്‍ശാ അല്ലാഹ്... സുന്ദരമായ ബീച്ചിലെ ബെഞ്ചിലിരുന്ന് ആ മനുഷ്യനുമായി കുറേനേരം സംസാരിച്ചു. എനിക്കൊരു കാര്യം മനസ്സിലാകുന്നത് ഈ മനുഷ്യരുടെ ജീവിതത്തിലേക്ക് നീതിയും സത്യവുമൊക്കെ പതുക്കെ മാത്രമേ കയറുകയുള്ളൂ. കാര്യമായ ഒരു ബോധമുള്ളവരൊന്നും അക്കൂട്ടത്തിലില്ല. സാധുക്കളും നിഷ്‌കളങ്കരും ആണ്. തനി കടലോരഗ്രാമം. ആ ഗ്രാമത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ മാത്രമാണ് ഇ-മെയില്‍ ഐഡി ഉള്ളതായി കിട്ടിയത്. അതും കുറച്ചുമാറി ഒരിടത്താണ്. അവളുമായി നെറ്റുവഴി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
 

എഴുതാനിരുന്നാല്‍ ഇങ്ങനെ ഓരോന്നായി വന്നുകൊണ്ടിരിക്കും. സഹപ്രവര്‍ത്തകരുമായി കൂടുതല്‍ അടുക്കാനും നന്മകള്‍ ചര്‍ച്ചചെയ്യാനും അതിലൂടെ അവരില്‍ മാറ്റം ഉണ്ടാക്കുവാനും ഈ വര്‍ക്കുകള്‍ കൊണ്ട് കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. സഹപ്രവര്‍ത്തകരുടെ നിഷ്‌കളങ്കത നൂറുശതമാനമാണ്. തങ്ങളുടെ എല്ലാ ബന്ധങ്ങളും നമ്മുടെ വിജയത്തിനായി അവര്‍ ഒന്നടങ്കം ഉപയോഗപ്പെടുത്തുന്നു. ജനങ്ങളിലേക്കിറങ്ങാത്ത ഇസ്‌ലാമികപ്രബോധകരെ ആള്‍ക്കാര്‍ക്കാവശ്യമുണ്ടാകില്ല എന്ന് ഇതിലൂടെ ബോധ്യം വരുന്നു. പ്രവര്‍ത്തകര്‍ ശക്തമായ സഹജീവിബന്ധം ഉള്ളവരായി മാറേണ്ടതുണ്ട്. അതില്ലാത്തവര്‍ 'സീറോ' ആണ് ;ഉള്ളവര്‍ ഈ ഭൂമിയിലെ ഉപ്പും.

Friday, October 22, 2010

നാഥാ! ഈ സംഘത്തെ കൈവിടരുതേ...

നമ്മുടെ സഹോദരരായ ഒരുകൂട്ടം ഇന്ന് പോളിങ്ബൂത്തിലേക്ക് പോവുകയാണ്. പടച്ചവനേ, അവര്‍ക്ക് നീ കനത്ത വിജയം നല്‍കി അനുഗ്രഹിക്കണമേ. നീയാണ് എല്ലാത്തിനും കഴിവുറ്റവന്‍. മനസ്സുകളെ മാറ്റിമറിക്കുന്ന നാഥാ, എല്ലാവരുടെ മനസ്സും നീ സത്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമേ നാഥാ. ഞങ്ങള്‍ ചെയ്ത നന്മകളും തിന്മകളും മുമ്പില്‍ വെച്ചുകൊണ്ട് നിന്നോട് കരങ്ങളുയര്‍ത്തുകയാണ്. നന്മകള്‍ നിനക്കുവേണ്ടി മാത്രമായിരുന്നു ചെയ്തത്. തിന്മകള്‍ ഞങ്ങള്‍ അറിവില്ലാതെ ചെയ്തുപോയി. അത് നീ പൊറുത്തുതരണം തമ്പുരാനേ.

ഞങ്ങള്‍ നിനക്കു വേണ്ടി മാത്രം നിലകൊള്ളുന്ന സംഘമാണ്. ചരിത്രപ്രധാനമായ ഒരു സംഭവത്തിന് നീ ഞങ്ങളെ തുടക്കക്കാരായി തിരഞ്ഞെടുത്തു. സന്തോഷമുണ്ട് പടച്ചവനേ. നിന്റെ കാരുണ്യത്തെ മാത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു തമ്പുരാനേ. കള്ള് വാങ്ങിക്കൊടുത്ത്, കാശ് കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്ന അക്രമികള്‍ക്കിടയിലാണ് ഞങ്ങള്‍. നന്മ ചെയ്ത കൈകളും പ്രാര്‍ഥനാനിര്‍ഭരമായ മനസ്സും സത്യം പറയുന്ന നാവും നിനക്കുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയവും ആണ് ഞങ്ങളുടെ കൈമുതല്‍. അവ കൊണ്ട് ഞങ്ങള്‍ നിന്നോട് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന നീ തട്ടരുത്. നിന്റെ ദീനിന്റെ ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുള്ള, പാഠമുള്‍ക്കൊള്ളാന്‍ വകയുള്ള ഒരു ഫലമായിരിക്കണമേ നാഥാ നീ നല്‍കുന്നത്. ഒരാളുടെ ഇലക്ഷനിലും ഇത്രയധികം കൈകള്‍ നിന്നിലേക്കുയര്‍ന്നുകാണില്ല. ആ കൈകളില്‍ വോട്ട്മഷി ഇറ്റിക്കുന്നത് നാഥാ നിന്റെ മാര്‍ഗത്തിലെ പുണ്യകര്‍മമായി കാണുന്നവരാണ് ഞങ്ങള്‍. അതാണ് സത്യം. നന്മയുടെ പ്രചാരണത്തിനും തിന്മയുടെ ഉച്ഛാടത്തിനും ഉള്ള ഒരു കര്‍മം. നാഥാ, നീ ഞങ്ങളെ വിജയിപ്പിക്കണേ. ഇസ്‌ലാമിക പ്രസ്ഥാനത്തിന് നീ അന്തസ്സ് വര്‍ധിപ്പിക്കേണമേ തമ്പുരാനേ. റബ്ബേ, മറ്റുള്ളവര്‍ വിളിച്ചുകൂവുന്നതുപോലെ ഞങ്ങളുടെ വഴി തെറ്റിയിട്ടില്ല എന്ന് നിനക്കറിയാമല്ലോ. ഞങ്ങളുടെ ഉള്ളും പുറവും അറിയുന്നവന്‍ നീ മാത്രം തമ്പുരാനേ. വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഞങ്ങള്‍ മറുപടി പറഞ്ഞത് നിന്റെ ഗ്രന്ഥവും തിരുനബിയുടെ ചര്യയും മുന്നില്‍ വെച്ചുകൊണ്ടാണ്. യു.ഡി.എഫ്-എല്‍.ഡി.എഫ്. പരിഹാസങ്ങള്‍ ഞങ്ങള്‍ സഹിച്ചു. ഞങ്ങളാരെയും പരിഹസിക്കാന്‍ പോയില്ല തമ്പുരാനേ. ഒരാളെപ്പോലും വ്യക്തിഹത്യ നടത്തീട്ടില്ല. നടത്തുകയുമില്ല. എല്ലാവരും നിന്റെ അടിമകള്‍. അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരിഹസിക്കുന്നവര്‍ മോശം പരിപാടിയാണല്ലോ തമ്പുരാനേ നടത്തുന്നത്. അവര്‍ക്ക് നീ പൊറുത്തുകൊടുക്കണേ നാഥാ. തമ്പുരാനേ, അല്ലാഹുവേ, ഞാനിനിയും പ്രാര്‍ഥിക്കുന്നു, നിന്റെ ദീനിന് ഗുണമാണെങ്കില്‍ മാത്രം ഞങ്ങളെ വിജയിപ്പിച്ചാല്‍ മതി. പരാജയമാണ് നിന്റെ ദീനിന് ഗുണമെങ്കില്‍ ഞങ്ങള്‍ മനസ്സിലല്പം പോലും സങ്കടമില്ലാതെ ആ പരാജയത്തെ ഏറ്റുവാങ്ങും; ഹുദൈബിയാ സന്ധിപ്രകാരം ഹജ്ജ് ചെയ്യാതെ തിരിച്ചുപോന്ന സ്വഹാബികള്‍ മുത്തുനബിയെ അനുസരിച്ചപോലെ.

അല്ലാഹ്... വാര്‍ഡുകളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അഗതികളും അനാഥകളും രോഗികളും വിവാഹപ്രായം കഴിഞ്ഞവരും ഉണ്ട്. നാഥാ, അവരുടെ പ്രയാസങ്ങള്‍ നീ മാറ്റിക്കൊടുക്കണേ നാഥാ. ആറുവയസ്സുള്ള കാന്‍സര്‍ ബാധിച്ച ആ മോളുടെ അസുഖം നീ മാറ്റിക്കൊടുക്കണേ നാഥാ. അവളുടെ മാതാപിതാക്കള്‍ക്ക് നീ ക്ഷമ പ്രദാനം ചെയ്യണമേ. എനിക്ക് നീ പൊറുത്തുതരണേ നാഥാ. എന്റെ ഖൈറുന്നിസാടെ ഉമ്മാടെ അസുഖം നീ മാറ്റണേ നാഥാ.

പടച്ചവനേ, അവിടെ കള്ളുകുടിയില്‍ പതിച്ചവരും കഞ്ചാവ് വലിയന്മാരും ചൂതാട്ടക്കാരും ഉണ്ട്. അവരെ സല്‍പ്പാതയിലേക്ക് കൊണ്ടുവരാന്‍ എനിക്കും സ്വാലിഹിനും നീ ശക്തി തരണേ നാഥാ. പട്ടിണിക്കാരും ഉണ്ടെന്ന് തോന്നുന്നു. അവരുടെ പ്രയാസങ്ങളെ നീ മാറ്റണേ നാഥാ. എന്നോടൊപ്പമുള്ള സ്ഥാനാര്‍ഥികളൊക്കെ സാധുക്കളാണെന്ന് തോന്നുന്നു. അവര്‍ക്ക് നീ ഐശ്വര്യം കൊടുക്കണേ നാഥാ. അവര്‍ക്ക് എന്നോടെന്തെങ്കിലും ദ്വേഷ്യമുണ്ടെങ്കില്‍ നീ അത് കുറച്ചുതരണേ നാഥാ.

തമ്പുരാനേ, അവസാനമായി അവര്‍ക്കെല്ലാവര്‍ക്കും നിന്റെ ദീന്‍ എന്താണെന്ന് വിവരിച്ചുകൊടുത്ത്, മഹാനായ ഉമറിന്റെ ഭരണമാതൃക കാഴ്ചവെക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണേ.

പടച്ചവനേ, വിജയം വലിയ ഭാരമായിരിക്കും ഞങ്ങള്‍ക്ക് തരിക. അത്താണിയായ് നീ മാത്രം. ഞങ്ങളെ ആര് കൈവിട്ടാലും നീ കൈവിടരുത്. പടച്ചവനേ, വര്‍ഗീയതാവിഷത്തിന്റെ വീര്യം കുറയ്ക്കാന്‍ ഞങ്ങള്‍ക്കാകണേ നാഥാ. പര്‍ദ്ദക്കാരുടെ ഹൃദയശുദ്ധി ജനത്തിനനുഭവിക്കാന്‍ നീ അനുഗ്രഹിക്കണേ നാഥാ. ഞങ്ങളുടെ നേതാക്കള്‍ക്ക് നീ ധൈര്യവും സ്ഥൈര്യവും ശക്തിയും ബുദ്ധിയും കൊടുത്തനുഗ്രഹിക്കണേ - ആമീന്‍... ആമീന്‍... ആമീന്‍...

നിസ്സഹായരായ/അടിമകളായ വോട്ടര്‍മാര്‍

ഹജ്ജ് യാത്രയെപ്പറ്റിയുള്ള വാര്‍ത്ത വായിച്ച് മനസ്സിനൊരു സുഖവുമില്ല. പടച്ചവനേ, ഹജ്ജിന് പോകാന്‍ തയ്യാറായ എല്ലാവരെയും ഇക്കൊല്ലം തന്നെ ആ പുണ്യഭൂമിയിലെത്തിക്കണേ. ഒരാളെയും സങ്കടത്തില്‍ പെടുത്തല്ലേ തമ്പുരാനേ... ആമീന്‍.
 

ഇലക്ഷന്‍ വര്‍ക്കിന്റെ അവസാന ദിനങ്ങളാണ് ഇന്നും നാളെയും. 'ചെയ്തു പഠിക്കുക' എന്ന ഏറ്റവും പുതിയ വിദ്യാഭ്യാസക്രമത്തിനനുസരിച്ച് രാഷ്ട്രീയരംഗത്തെ പഠിക്കാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍, നാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ഒരൊറ്റയാള്‍ക്കും ഇല്ല വിരോധം. ഒരുപാട് മനുഷ്യരുടെ ഉള്ളില്‍ കയറിയിറങ്ങി; മൂന്നുനാല് സ്‌ക്വാഡുകളിലൂടെ. നിങ്ങളില്‍ പലര്‍ക്കും കിട്ടാത്ത അനുഭവങ്ങളുടെ ഭാണ്ഡങ്ങളുമായാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇത്രയും വ്യാപകമായ സ്‌ക്വാഡ്‌വര്‍ക്ക് നടത്താന്‍ ഒരു നവോത്ഥാന സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കാരണം, ഉദാഹരണത്തിന് ഞങ്ങളുടെ എറിയാട് പഞ്ചായത്ത്. 19 വാര്‍ഡുകളിലും വിശാലമായ അഭിമുഖങ്ങള്‍ നടന്നു. പ്രചാരണവാഹനത്തില്‍ ഓരോ വാര്‍ഡിലും മൂന്ന് സ്ഥലങ്ങളില്‍ ജനപക്ഷ വികസനത്തെപ്പറ്റി സംസാരിക്കപ്പെട്ടു. അതിനുശേഷം നടന്ന സ്‌ക്വാഡുകളില്‍ വന്‍സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ 100 ശതമാനം വിജയം അവകാശപ്പെടുന്നില്ലെങ്കിലും 90 ശതമാനം ഉറപ്പുണ്ട്. കാരണം, അത്രയ്ക്ക് പങ്കിലമായ ഇടമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. 

വ്യക്തിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തിത്വങ്ങളെയാണ് വികസനസമിതിക്കാര്‍ സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്. അതിനാല്‍, ഭീകരരാണ്, വിഘടനവാദികളാണ്, ഖബര്‍ സിയാറത്ത് ഇല്ലാത്തവരാണ്, യാസീന്‍ ഇല്ലാത്തവരാണ് എന്നൊക്കെ പരമ്പരാഗത ചീത്തപറച്ചിലുകള്‍ മാത്രമേയുള്ളൂ. കൂടാതെ, ജമാഅത്തുകാര്‍ ജയിച്ചാല്‍ അവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് കാശ് കിട്ടില്ല എന്നുവരെ പറഞ്ഞുപിടിപ്പിക്കുന്നു. 

കടിച്ചാല്‍ പൊട്ടാത്ത ഒരു യു.ഡി.എഫുകാരനുമായി സംസാരിച്ചു. ഒരക്ഷരം അദ്ദേഹം ഞങ്ങളോട് മിണ്ടുന്നില്ല. ചിന്തിക്കുന്നുണ്ട്! അവസാനം, എല്ലാവരും മാറിയപ്പോള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു: 'ചേട്ടാ, എന്താണ് ഞങ്ങളിത്രയും സംസാരിച്ചിട്ട് ഒന്നും മിണ്ടാത്തത്?' അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി. ടീച്ചറേ, ഞങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫുകാരാണ്. പിന്നെ, എങ്ങനെയാണ് മാറ്റിച്ചെയ്യുക? അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ വാര്‍ഡില്‍ രണ്ട് യു.ഡി.എഫ് ഉണ്ടല്ലോ. അപ്പോള്‍ ചേട്ടന്‍ ആര്‍ക്ക് ചെയ്യും? വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. അപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല വീണ്ടും. ചിന്തതന്നെ. മിണ്ടാതായപ്പോള്‍ ഞാന്‍ ചോദിച്ചു: 'ബി.ജെ.പിക്ക് ചെയ്യോ?' ഉടന്‍ ചാടി മറുപടി: 'ഏയ്... ഇല്ലില്ല...'

പാവം മനുഷ്യന്‍ ചിന്തിക്കുന്നുണ്ട് നന്നായി. പരമ്പരാഗതമായി കുത്തിപ്പോന്ന ചിഹ്നത്തില്‍ കുത്തും. മാറിച്ചിന്തിക്കാന്‍ കരുത്തില്ലാത്തവിധം അടിമപ്പെട്ടുപോയിരിക്കുന്നു.
മറ്റൊരു പെണ്‍കുട്ടി. അവള്‍ പറയുന്നു: 'ടീച്ചറേ, അഴിമതിയില്ലാതെ ഭരിക്കാന്‍ പറ്റുമോ' എന്ന്. അവളുമായി ഒരുപാട് സമയം സംസാരിച്ചു. നല്ല ചിന്തിക്കുന്ന പെണ്‍കുട്ടി. ഒരു കാര്യം; എല്ലാവരും ഈ ദുര്‍ഭരണങ്ങള്‍ മടുത്തിരിക്കുന്നു. രാഷ്ട്രീയക്കാര്‍ നെറിവില്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ദീര്‍ഘമായ അടിമത്തത്തില്‍നിന്ന് മോചിതരാകാന്‍ സമയമെടുക്കും.


ഒരു സി.പി.ഐക്കാരന്റെ സംസാരം നമ്മില്‍ ശരിക്കും ആത്മവിശ്വാസം ഉണ്ടാക്കും. ടീച്ചര്‍, നിങ്ങളൊക്കെ ജയിച്ചാല്‍, പിന്നെ മരണംവരെ നിങ്ങള്‍ തോല്‍ക്കില്ല. മറ്റൊരാളും ആ വാര്‍ഡുകളില്‍ പിന്നെ ജയിക്കില്ല. കാരണം, നിങ്ങള്‍ സത്യസന്ധരും കാര്യശേഷിയുള്ളവരുമാണ്. അതാണ് ഞങ്ങളെ കുഴയ്ക്കുന്നത്! രാഷ്ട്രീയ പ്രതിയോഗി പോലും അങ്ങനെ പറയുമ്പോള്‍ നമുക്ക് കിട്ടന്ന കരുത്ത്! തീര്‍ച്ചയായും, ആ കരുത്താണ്‌ ഈ ജനതയെ വളര്‍ത്തുന്നതില്‍ നമ്മുടെ ഏക കൈമുതല്‍...

Sunday, October 17, 2010

'ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട'

ഇലക്ഷന്റെ സ്‌ക്വാഡുകളിലൂടെ ഒരു വാര്‍ഡിനെ തൊട്ടറിയുകയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി എന്ന പേര് ഒരു ചൊവ്വില്ല. ഇന്നലെ ഞാനിതുവരെ പോകാതിരുന്ന, മറന്നുപോയ കുറച്ച് വീടുകളിലാണ് പോയത്. കുപ്പയില്‍ ചില മാണിക്യങ്ങളെ കാണാന്‍ കഴിയാറുണ്ട് എന്ന് പറഞ്ഞപോലെ; എന്റെ പ്രയോഗത്തില്‍ തെറ്റുണ്ടോ എന്നറിയില്ല. കുപ്പയെ മുഴുവന്‍ മാണിക്യമാക്കാന്‍ കഴിയുന്നവനാണ് വിശ്വാസി.

കാരണവരായ ബാഹുലേയന്‍. ആദ്യസംസാരത്തില്‍ത്തന്നെ വിദ്യാഭ്യാസമുള്ള ആളാണെന്ന് തോന്നി. വിശാലമായ അനുഭവങ്ങളും ഉള്‍ക്കാഴ്ചയും ഉള്ള ആളാണെന്ന എന്റെ നിഗമനം തെറ്റിയില്ല. അദ്ദേഹം അമ്പലങ്ങളില്‍ ജീവിച്ച മനുഷ്യനാണ്. തീര്‍ച്ചയായും, അദ്ദേഹവുമായി ഒരുപാട് ഇനിയും സംസാരിക്കാനുണ്ട്. ആത്മീയത, സദാചാരം, ഇസ്‌ലാം എന്ന നിയമവ്യവസ്ഥ എല്ലാം പറയാം. കാരണം, ഞാനദ്ദേഹത്തെ കുറേ നേരം കേട്ടുനിന്നു. പല അനുഭവങ്ങളും ആ വയോധിക മനസ്സിന്റെ അകത്തളങ്ങളില്‍ ഉണ്ടാകും. വര്‍ഗീയത എന്ന ശാപത്തെ അഴിച്ചുവിടുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹത്തിനൊരുപാട് പറയാനുണ്ടാകും. തീര്‍ച്ചയായും, അല്പസമയം എടുത്ത് അദ്ദേഹത്തിന്റെയടുത്ത് പോകണം. സാധിക്കുമെങ്കില്‍ പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുക്കണം.

തിരിച്ചു നടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചറേ, ഇത്രയധികം സംസാരിച്ചുനിന്നാല്‍ ശരിയാകുമോ?' ഞാന്‍ പറഞ്ഞു: 'ഞാന്‍ വന്നത് ഇതിനൊക്കെയാണ്. വോട്ടുപിടുത്തത്തിനു മാത്രമല്ല.' ചില കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

വിധവ പെന്‍ഷന്‍ അകാരണമായി നിലച്ചുപോയ ഒരു സ്ത്രീ. എന്തൊരന്യായമാണ്. ഒന്നരകൊല്ലമായി യാതൊന്നും ലഭിക്കുന്നില്ലത്രെ. 'ശരിയാക്കാം' എന്ന് അധികാരികള്‍ പറയുന്നതല്ലാതെ ശരിയാകുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ വാങ്ങിക്കൊടുക്കാന്‍ - ജയിച്ചാലും തോറ്റാലും എനിക്ക് കഴിയണം, കഴിയും - പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

സുനാമി കയറിയ, കുടിവെള്ളപ്രശ്‌നം രൂക്ഷമായ സ്ഥലത്ത് ഇന്നലെ വീണ്ടും പോവുകയുണ്ടായി. എന്ത് പറയാന്‍? അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളുടെ നേര്‍ത്ത ശബ്ദങ്ങളാണവിടെ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. എങ്ങനെയാണൊരു ജനതയെ രക്ഷിക്കുക. സമൃദ്ധമായി മഴപെയ്യുന്ന, മഴകൊണ്ട് പൊറുതിമുട്ടുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍. എന്നിട്ടും പ്രാഥമികാവശ്യത്തില്‍ ഏതു കാലത്തും രാജ്യത്തും, ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കുടിവെള്ളത്തിന് ക്ഷാമം. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

ഒരു സ്ഥലത്ത് ചെന്നപ്പോള്‍, ടീച്ചറേ, ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട. സുനാമിയില്‍ ഞങ്ങളുടെ വീടുകളില്‍ മുട്ടൊപ്പം ചെളികയറിയത് വൃത്തിയാക്കിയത് സോളിഡാരിറ്റിക്കാരാണ്. ഞങ്ങള്‍ക്കവരെ മറക്കാനാവില്ല. സ്വാലിഹ് മാഷെയും (ഐ.ആര്‍.ഡബ്ല്യു.) മറ്റും ഞങ്ങള്‍ക്ക് മറക്കാനാവില്ല. (ഐ.ആര്‍.ഡബ്ല്യുവിന്റെ കരുത്തുറ്റ പ്രവര്‍ത്തകനാണ് സ്വാലിഹ്).

ഇതൊക്കെയായിരുന്നാലും ഇലക്ഷന്‍ എന്നത് രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. കള്ളത്തരത്തിന്റെ കളിക്കളമാണ്. എന്ത് വിലകൊടുത്തും നന്മയുടെ ശക്തികളുടെ വരവ് തടയാന്‍ കൂട്ടമായ നീക്കം ഉണ്ടാകും. അത്തരക്കാരെ അത് വീര്‍പ്പുമുട്ടിക്കും. ആ വീര്‍പ്പുമുട്ടിനെങ്കിലും നമ്മെക്കൊണ്ട് കാരണമായിത്തീര്‍ന്നെങ്കില്‍ നാം വിജയിച്ചു.

ആര് ഭരിച്ചാലും സോളിഡാരിറ്റി - ജനകീയ വികസനസമിതികള്‍ സജീവമായി ഇനി നീതിയുടെ പുനഃസ്ഥാപനത്തിന്റെ രംഗത്തുണ്ടാവും. സര്‍വശക്തന്‍ തുണയ്ക്കട്ടെ. നന്മയുടെയും നീതിയുടെയും പുനഃസ്ഥാപനത്തിന് വിജയമാണ് നല്ലതെങ്കില്‍ അത്; പരാജയമാണ് നല്ലതെങ്കില്‍ അത് തന്ന് സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.