Friday, October 22, 2010

നിസ്സഹായരായ/അടിമകളായ വോട്ടര്‍മാര്‍

ഹജ്ജ് യാത്രയെപ്പറ്റിയുള്ള വാര്‍ത്ത വായിച്ച് മനസ്സിനൊരു സുഖവുമില്ല. പടച്ചവനേ, ഹജ്ജിന് പോകാന്‍ തയ്യാറായ എല്ലാവരെയും ഇക്കൊല്ലം തന്നെ ആ പുണ്യഭൂമിയിലെത്തിക്കണേ. ഒരാളെയും സങ്കടത്തില്‍ പെടുത്തല്ലേ തമ്പുരാനേ... ആമീന്‍.
 

ഇലക്ഷന്‍ വര്‍ക്കിന്റെ അവസാന ദിനങ്ങളാണ് ഇന്നും നാളെയും. 'ചെയ്തു പഠിക്കുക' എന്ന ഏറ്റവും പുതിയ വിദ്യാഭ്യാസക്രമത്തിനനുസരിച്ച് രാഷ്ട്രീയരംഗത്തെ പഠിക്കാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍, നാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ഒരൊറ്റയാള്‍ക്കും ഇല്ല വിരോധം. ഒരുപാട് മനുഷ്യരുടെ ഉള്ളില്‍ കയറിയിറങ്ങി; മൂന്നുനാല് സ്‌ക്വാഡുകളിലൂടെ. നിങ്ങളില്‍ പലര്‍ക്കും കിട്ടാത്ത അനുഭവങ്ങളുടെ ഭാണ്ഡങ്ങളുമായാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇത്രയും വ്യാപകമായ സ്‌ക്വാഡ്‌വര്‍ക്ക് നടത്താന്‍ ഒരു നവോത്ഥാന സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കാരണം, ഉദാഹരണത്തിന് ഞങ്ങളുടെ എറിയാട് പഞ്ചായത്ത്. 19 വാര്‍ഡുകളിലും വിശാലമായ അഭിമുഖങ്ങള്‍ നടന്നു. പ്രചാരണവാഹനത്തില്‍ ഓരോ വാര്‍ഡിലും മൂന്ന് സ്ഥലങ്ങളില്‍ ജനപക്ഷ വികസനത്തെപ്പറ്റി സംസാരിക്കപ്പെട്ടു. അതിനുശേഷം നടന്ന സ്‌ക്വാഡുകളില്‍ വന്‍സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ 100 ശതമാനം വിജയം അവകാശപ്പെടുന്നില്ലെങ്കിലും 90 ശതമാനം ഉറപ്പുണ്ട്. കാരണം, അത്രയ്ക്ക് പങ്കിലമായ ഇടമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. 

വ്യക്തിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തിത്വങ്ങളെയാണ് വികസനസമിതിക്കാര്‍ സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്. അതിനാല്‍, ഭീകരരാണ്, വിഘടനവാദികളാണ്, ഖബര്‍ സിയാറത്ത് ഇല്ലാത്തവരാണ്, യാസീന്‍ ഇല്ലാത്തവരാണ് എന്നൊക്കെ പരമ്പരാഗത ചീത്തപറച്ചിലുകള്‍ മാത്രമേയുള്ളൂ. കൂടാതെ, ജമാഅത്തുകാര്‍ ജയിച്ചാല്‍ അവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് കാശ് കിട്ടില്ല എന്നുവരെ പറഞ്ഞുപിടിപ്പിക്കുന്നു. 

കടിച്ചാല്‍ പൊട്ടാത്ത ഒരു യു.ഡി.എഫുകാരനുമായി സംസാരിച്ചു. ഒരക്ഷരം അദ്ദേഹം ഞങ്ങളോട് മിണ്ടുന്നില്ല. ചിന്തിക്കുന്നുണ്ട്! അവസാനം, എല്ലാവരും മാറിയപ്പോള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു: 'ചേട്ടാ, എന്താണ് ഞങ്ങളിത്രയും സംസാരിച്ചിട്ട് ഒന്നും മിണ്ടാത്തത്?' അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി. ടീച്ചറേ, ഞങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫുകാരാണ്. പിന്നെ, എങ്ങനെയാണ് മാറ്റിച്ചെയ്യുക? അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ വാര്‍ഡില്‍ രണ്ട് യു.ഡി.എഫ് ഉണ്ടല്ലോ. അപ്പോള്‍ ചേട്ടന്‍ ആര്‍ക്ക് ചെയ്യും? വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. അപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല വീണ്ടും. ചിന്തതന്നെ. മിണ്ടാതായപ്പോള്‍ ഞാന്‍ ചോദിച്ചു: 'ബി.ജെ.പിക്ക് ചെയ്യോ?' ഉടന്‍ ചാടി മറുപടി: 'ഏയ്... ഇല്ലില്ല...'

പാവം മനുഷ്യന്‍ ചിന്തിക്കുന്നുണ്ട് നന്നായി. പരമ്പരാഗതമായി കുത്തിപ്പോന്ന ചിഹ്നത്തില്‍ കുത്തും. മാറിച്ചിന്തിക്കാന്‍ കരുത്തില്ലാത്തവിധം അടിമപ്പെട്ടുപോയിരിക്കുന്നു.
മറ്റൊരു പെണ്‍കുട്ടി. അവള്‍ പറയുന്നു: 'ടീച്ചറേ, അഴിമതിയില്ലാതെ ഭരിക്കാന്‍ പറ്റുമോ' എന്ന്. അവളുമായി ഒരുപാട് സമയം സംസാരിച്ചു. നല്ല ചിന്തിക്കുന്ന പെണ്‍കുട്ടി. ഒരു കാര്യം; എല്ലാവരും ഈ ദുര്‍ഭരണങ്ങള്‍ മടുത്തിരിക്കുന്നു. രാഷ്ട്രീയക്കാര്‍ നെറിവില്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ദീര്‍ഘമായ അടിമത്തത്തില്‍നിന്ന് മോചിതരാകാന്‍ സമയമെടുക്കും.


ഒരു സി.പി.ഐക്കാരന്റെ സംസാരം നമ്മില്‍ ശരിക്കും ആത്മവിശ്വാസം ഉണ്ടാക്കും. ടീച്ചര്‍, നിങ്ങളൊക്കെ ജയിച്ചാല്‍, പിന്നെ മരണംവരെ നിങ്ങള്‍ തോല്‍ക്കില്ല. മറ്റൊരാളും ആ വാര്‍ഡുകളില്‍ പിന്നെ ജയിക്കില്ല. കാരണം, നിങ്ങള്‍ സത്യസന്ധരും കാര്യശേഷിയുള്ളവരുമാണ്. അതാണ് ഞങ്ങളെ കുഴയ്ക്കുന്നത്! രാഷ്ട്രീയ പ്രതിയോഗി പോലും അങ്ങനെ പറയുമ്പോള്‍ നമുക്ക് കിട്ടന്ന കരുത്ത്! തീര്‍ച്ചയായും, ആ കരുത്താണ്‌ ഈ ജനതയെ വളര്‍ത്തുന്നതില്‍ നമ്മുടെ ഏക കൈമുതല്‍...

3 comments:

  1. ഉഷാറാവുന്നുണ്ടല്ലോ സബിതടീച്ചര്‍! നിലപാടുകള്‍ മാറ്റമില്ലാതെ തുടരട്ടെ, ആശംസകള്‍!

    ഇത് www.janapakshamunnani.blogspot.com ലും എടുത്ത് ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  2. അവസാനം, എല്ലാവരും മാറിയപ്പോള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു: 'ചേട്ടാ, എന്താണ് ഞങ്ങളിത്രയും സംസാരിച്ചിട്ട് ഒന്നും മിണ്ടാത്തത്?' അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി. ടീച്ചറേ, ഞങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫുകാരാണ്. പിന്നെ, എങ്ങനെയാണ് മാറ്റിച്ചെയ്യുക? അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ വാര്‍ഡില്‍ രണ്ട് യു.ഡി.എഫ് ഉണ്ടല്ലോ. അപ്പോള്‍ ചേട്ടന്‍ ആര്‍ക്ക് ചെയ്യും? വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. അപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല വീണ്ടും. ചിന്തതന്നെ. മിണ്ടാതായപ്പോള്‍ ഞാന്‍ ചോദിച്ചു: 'ബി.ജെ.പിക്ക് ചെയ്യോ?' ഉടന്‍ ചാടി മറുപടി: 'ഏയ്... ഇല്ലില്ല...'


    ETHANU TEACHERUDE CHIHNAMMMM

    ReplyDelete
  3. എങ്ങനെ ഉണ്ടായിരുന്നു ടീച്ചറെ മത്സരം ?
    ജനപക്ഷം നാട്ടില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകിയിട്ടുന്ന്ടു. ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നു എന്ന സന്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ പുതിയ പാര്‍ട്ടിക്ക് ആയിട്ടുണ്ട്. അത് മതി. ആത്യന്തികമായി അതാണല്ലോ കാര്യം.

    ReplyDelete