Monday, June 6, 2011

ദൈവസ്മരണയില്‍ ജീവിക്കുക


ഖുര്‍ആനില്‍ നിന്നകന്നുകൊണ്ടുള്ള ജീവിതമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ഖുര്‍ആന്‍ മനുഷ്യനെ ശുദ്ധപ്രകൃതിയില്‍ തളച്ചിടാനാണ് ശ്രമിക്കുന്നത്. ഖുര്‍ആനിലൂടെയാണ് യഥാര്‍ഥ ദൈവസ്മരണ കണ്ടെത്താനാകുന്നത്.

നാം മനുഷ്യരുടെ ജീവിതപ്രാരാബ്ധങ്ങളെ വിശകലനം ചെയ്തുനോക്കിയാല്‍ അവര്‍ നേരിടുന്ന ഏത് പ്രതിസന്ധിയുടെയും മൂലകാരണം അവര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മാറിപ്പോയതാണ് കാരണമെന്നു കാണാം.
ഖുര്‍ആന്‍ സുറത്ത് ത്വാഹയില്‍ പറയുന്നു:

ومن أعرض عن ذكري فان له معيشة ضنكا ونحشره يوم القيامة أعمى قال ربّي لم حشرتني أعمى وقد كنت بصيرا
ആരെങ്കിലും എന്റെ സ്മരണയില്‍നിന്ന് വിമുഖത കാട്ടിയാല്‍ അവന് ക്ലേശകരമായ ജീവിതമാണുള്ളത്. കൂടാതെ, അന്ത്യദിനത്തില്‍ നാമവനെ അന്ധനായി കൊണ്ടുവരും. അപ്പോള്‍ അവന്‍ ചോദിക്കും: എന്റെ റബ്ബേ, നീ എന്തിനാണെന്നെ അന്ധനാക്കിയത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ. അപ്പോള്‍ അല്ലാഹു പറയും: ഇഹലോകത്തുവെച്ച് നിനക്ക് നമ്മുടെ ധാരാളം ദൃഷ്ടാന്തങ്ങള്‍ എത്തിയില്ലേ? എന്നിട്ട് നീ അതൊക്കെ മറന്നു. ഇന്നിതാ നീയും അപ്രകാരം തള്ളപ്പെടുകയാണ് (മറവിയിലേക്ക്) (സൂറത്ത് ത്വാഹ)



ഈയൊരവസ്ഥയില്‍ എത്തിപ്പെടാതിരിക്കാന്‍ തീര്‍ച്ചയായും നാം പരിശ്രമിക്കണം. സദാസമയവും ദൈവസ്മരണ സജീവമായി നിലനിര്‍ത്താന്‍ നാം ശ്രമിക്കണം. ഇവിടെ ഒറ്റ കാരണമാണ് ആ മനുഷ്യന്‍ -മനുഷ്യര്‍- എത്തിപ്പെട്ട അവസ്ഥയ്ക്ക് കാരണമായി നമുക്ക് ഖുര്‍ആന്‍ പറഞ്ഞുതരുന്നത് -ദൈവസ്മരണയെ ഉപേക്ഷിക്കല്‍.

'അവന് കുടുസ്സായ ജീവിതമുണ്ട്' എന്നതിന് അധിക പണ്ഡിതരും പറഞ്ഞിട്ടുള്ള വ്യാഖ്യാനം ഖബറിലെ ജീവിതം ഞെരുക്കമാകും എന്നാണ്. എന്നാല്‍, പ്രത്യക്ഷത്തില്‍ ഇത്തരം ആളുകള്‍ സന്തുഷ്ടരായി കാണപ്പെടുമെങ്കിലും ജീവിതത്തിന്റെ സൂക്ഷ്മ മേഖലകളില്‍ അവരുടെ അതൃപ്തി നമുക്ക് കണ്ടെത്താനാകും. കൂടാതെ, നീണ്ടുകിടക്കുന്ന പരലോകത്ത് അവന്‍ വിസ്മൃതിയിലേക്ക് തള്ളപ്പെട്ട് (എല്ലാവരും അകന്ന്) അന്ധനായി എത്തും.

പടച്ചവനേ, തമ്പുരാനേ, ഞങ്ങളെ നീ കാക്കേണമേ നാഥാ. നിന്റെ അമ്പിയാ മുര്‍സലുകള്‍ നീങ്ങിയ പാതയിലൂടെ മാത്രം നീ ഞങ്ങളെയും ചരിപ്പിക്കണമേ. ആമീന്‍. നിന്നെ മറന്ന് ജീവിക്കുന്ന പാപികളില്‍ നീ ഞങ്ങളിലാരെയും പെടുത്തരുത് നാഥാ. ആമീന്‍... ആമീന്‍.
 

വസ്സലാം