Thursday, March 24, 2011

തിരുമുടി വിവാദവും മുഅ്ജിസത്തുകളും


അല്ലാഹുവേ, നീ ഞങ്ങളെയെല്ലാം സത്യമാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ...
മുസ്‌ലിം ഉമ്മത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? "തിരുമുടി'യുമായി ബന്ധപ്പെട്ട് എത്ര മെയിലുകളാണ് ഒന്നുരണ്ടാഴ്ചയായി കിട്ടിയിട്ടുള്ളത്! ഈ ചര്‍ച്ചകളിലൂടെ എന്ത് ഗുണമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്? അറിയാതെ ചോദിക്കുകയാണ്, എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ആളുകളിലാരെങ്കിലും ശിര്‍ക്കില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ നല്ലത്.
നമ്മുടെ മുമ്പില്‍ വിശുദ്ധ ഖുര്‍ആനുണ്ട്, തിരുചര്യയുണ്ട്. അതില്‍ എത്രയെത്ര അദ്ഭുതങ്ങള്‍! ഈ ലോകത്തെ സര്‍വതിനെയും അതിജയിക്കാന്‍ പോന്നവ. ഖുര്‍ആനിലെ ഓരോ സൂക്തവും അദ്ഭുതങ്ങളാണ്. യൂസുഫ് (അ) ധാന്യങ്ങള്‍ കേടാകാതിരിക്കാന്‍ "അവയുടെ കതിരുകളില്‍തന്നെ വെക്കുക' എന്ന് നിര്‍ദേശിച്ചതിന്റെ അദ്ഭുതം ഇന്ന് ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. കതിരോടെ സൂക്ഷിക്കപ്പെടുന്ന ധാന്യങ്ങള്‍ 15 വര്‍ഷം വരെ കേടാകാതെ നിലനില്‍ക്കുമത്രെ.
""ഏഴ് തടിച്ച പശുക്കളും ഏഴ് മെലിഞ്ഞ പശുക്കളും. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണക്ക കതിരുകളും ഏഴ് ക്ഷേമവര്‍ഷങ്ങളും ഏഴ് ക്ഷാമവര്‍ഷങ്ങളും.'' (സുറത്ത് യൂസുഫ്)
ചില മുസ്‌ലിം ശാസ്ത്രജ്ഞര്‍ രണ്ടുതരത്തിലുമായി രണ്ടുവര്‍ഷം ധാന്യങ്ങളെ സൂക്ഷിച്ചുവെച്ചു. പിന്നീടവയെ (കതിരോടെയുള്ളതും കതിരില്‍നിന്ന് വേര്‍പെടുത്തപ്പെട്ടതും) ലബോറട്ടറി പരിശോധനകള്‍ക്കു വിധേയമാക്കി. എല്ലാ ഗുണങ്ങളിലും കതിരോടെ സൂക്ഷിക്കപ്പെട്ടവയില്‍ ഒരുപാട് മേന്മയുള്ളതായി തെളിയിക്കപ്പെട്ടിരിക്കുന്നു. 55a.net എന്ന അറബി സൈറ്റില്‍ അതിന്റെ വളരെ വിസ്താരമായ ഒരു പഠനമുണ്ട്. യൂസുഫ് (അ)യുടെ കാലഘട്ടം 3600 കൊല്ലത്തിലധികമായി. അന്നവിടെ നടന്ന കാര്യം (2000 വര്‍ഷത്തിനുശേഷം) പ്രചാകനായ മുഹമ്മദ് (സ)യ്ക്ക് ദിവ്യബോധനമായി നല്‍കിയ കാര്യം നാമോര്‍ത്തുനോക്കുക.
തിരുമുടിക്കുണ്ടെന്നു പറയപ്പെടുന്ന മുഅ്ജിസത്തുകളേക്കാള്‍ എത്ര ഉന്നതമായ അമാനുഷികതയാണതൊക്കെ. ശാസ്ത്രത്തിനും ഏറെ മുന്നില്‍ നടന്ന മഹാന്മാരായ യൂസുഫ് (അ)യും മുത്തുനബി (സ)യും. ഇതൊക്കെ പുറത്തു വന്നാല്‍ എല്ലാവര്‍ക്കും  നില്‍ക്കക്കള്ളിയില്ലാതാകും.
കാരണം, യൂസുഫ് (അ) അല്ലാഹുവിന്റെ നിയമം നടപ്പാക്കിയ ആദരണീയനായ പ്രവാചകനായിരുന്നു. പുരാതന ഈജിപ്തിന്റെ തകരാന്‍ തുടങ്ങിയ സാമ്പത്തിക രംഗത്തെ, അല്ലാഹുവിന്റെ ദീന്‍കൊണ്ട് പിടിച്ചുനിര്‍ത്തി. ഇനിയും ലോകത്തിനു മുഴുവന്‍ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാന്‍ ആധുനിക യൂസുഫുമാര്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു.

അതിനാല്‍, മുടിവിവാദത്തെ നമുക്ക് വിടാം. ഇസ്‌ലാമിന്റെ സുന്ദരവും ബൃഹത്തുമായ നിയമപദ്ധതിയെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും പകര്‍ത്താം. അത്തരം ഒരു സമൂഹമാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ അമാനുഷികത എന്ന് തിരിച്ചറിയാന്‍ ബുദ്ധിയും ബോധവുമുള്ള എല്ലാവരെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.


സര്‍വശക്തനായ നാഥാ! ഈ സമുദായത്തിന് നീ യഥാര്‍ഥ വഴി കാട്ടിക്കൊടുക്കേണമേ. സത്യത്തെ സത്യമായി കാണിക്കുകയും അത് പിന്‍പറ്റാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. അസത്യത്തെ അസത്യമായി കാണിക്കുകയും അതില്‍നിന്ന് മാറിനില്‍ക്കാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ആമീന്‍.


സ്വന്തം ടീച്ചര്‍

Saturday, March 19, 2011

രക്തസാക്ഷ്യം

ആതുരാലയത്തിലെ ശസ്ത്രക്രിയാമുറിയില്‍
ഒലിച്ചിറങ്ങിയ രക്തത്തിന്
കാരുണ്യത്തിന്റെ ഗന്ധമായിരുന്നു.

കശാപ്പുശാലയില്‍ കാലിയുടെ
കണ്ഠത്തില്‍ നിന്നൊലിച്ച രക്തത്തിന്
വിശപ്പിന്റെ ഗന്ധമായിരുന്നു.

നീതിമാനായ നിയമപാലകന്റെ
തലയോട്ടി പിളര്‍ന്നുപാഞ്ഞ വെടിയുണ്ടയില്‍
പതിഞ്ഞ രക്തത്തിന്
രക്തസാക്ഷിയുടെ ഗന്ധമുണ്ടായിരുന്നു.

അധിനിവേശ സൈന്യത്തിന്റെ
വെടിയുണ്ടയേറ്റ് തകര്‍ന്ന കുഞ്ഞിന്റെ
നെഞ്ചില്‍ നിന്നൊലിച്ചിറങ്ങിയ രക്തത്തിന്
ആരാമങ്ങളിലെ മുഴുവന്‍ പൂക്കളില്‍
നിന്നുമുതിര്‍ന്ന സുഗന്ധത്തെക്കാളും
സൗരഭ്യമേറിയിരുന്നു.
അവനെയോര്‍ത്തു കരഞ്ഞ
മാതാവില്‍ നിന്നുതിര്‍ന്ന കണ്ണുനീരിന്
രക്തത്തിന്റെ ഗന്ധമായിരുന്നു.

-സിദ്ധിക്ക് പറവൂര്‍
siddikparavoor@rediffmail.com

Tuesday, March 8, 2011

ഖുര്‍ആനിന്റെ വര്‍ണാത്ഭുതം


അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കാത്ത ഒരു ജനത ഒരിക്കലും വിജയിക്കുകയില്ല.
هوالله الخالق البارئ المصوّر له الأسماء الحسنى، يسبح له
(59:24) ما في السموات والأرض وهو العزيز الحكيم 
അവനാട് സ്രഷ്ടാവ്! നിര്‍മാതാവ്! രൂപം കൊടുക്കുന്നവന്‍! അവനുള്ളതാണ് നന്മനിറഞ്ഞ നാമങ്ങള്‍. ആകാശഭൂമികളിലുള്ളവയെല്ലാം അവന് സാഷ്ടാംഗം പ്രണമിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമാണ്. 


ഖുര്‍ആന്‍ മറ്റൊരിടത്ത് ചോദിക്കുന്നു. 
هذا خلق الله فأروني ماذا خلق الذين من دونه بل الظالمون في ضلال مبين 31:11 
ഇതാണ് അല്ലാഹുവിന്റെ സൃഷ്ടികള്‍. അവനെക്കൂടാതെയുള്ളവര്‍ സൃഷ്ടിച്ചതെന്തൊക്കെയാണെന്ന് നിങ്ങള്‍ എനിക്കൊന്ന് കാട്ടിത്തരിക. അല്ല, അക്രമികള്‍ വ്യക്തമായ വഴികേടിലാണ്.
നിറങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എത്രതരം നിറങ്ങള്‍? കണ്ണിന് ഇമ്പം നല്‍കുന്നവയും കണ്ണിന് കാണാന്‍ ഇഷ്ടപ്പെടാത്തവയും ഉണ്ട്. വ്യക്തികള്‍ക്ക് ആപേക്ഷികമായി ചിലത് ഇഷ്ടപ്പെടുന്നു. ചിലത് ഇഷ്ടപ്പെടുന്നില്ല. ചിലവ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ചിലത് എല്ലാവര്‍ക്കും സന്തോഷവും ആശ്വാസവും നല്‍കുന്നു.


നിറങ്ങള്‍ എന്ന അദ്ഭുതത്തെപ്പറ്റി ഖുര്‍ആന്‍ എത്ര സ്ഥലത്താണെന്നോ പരാമര്‍ശിച്ചത്? 7 സ്ഥലത്തു മാത്രം. الوان എന്ന പദം പ്രകാശ അപവര്‍ത്തനം നടക്കുമ്പോള്‍ ഉണ്ടാകുന്നത് 7 നിറങ്ങളാണെന്ന് നമുക്കറിയാം. VIBGYOR എന്ന ചുരുക്കപ്പേരില്‍ നാം അതിനെ പറയുന്നു. അപ്പോള്‍ നിറങ്ങള്‍ എന്നത് ഏഴുതവണ ഖുര്‍ആന്‍ പറഞ്ഞത് അദ്ഭുതമല്ലേ? ഇനിയും നോക്കുക. ഖുര്‍ആന്‍ സ്വര്‍ഗത്തെ പരാമര്‍ശിക്കുമ്പോള്‍ പച്ചനിറത്തെയാണ് ഉപയോഗിച്ചത്. സ്വര്‍ഗത്തിന് എട്ട് വാതിലുകള്‍ ഉണ്ടെന്ന് ഹദീസുകളില്‍ കാണാം. അദ്ഭുതകരമെന്നു പറയട്ടെ, പച്ച എന്ന വാക്ക് എട്ടുതവണ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. നരകത്തിന്റെ നിറം കറുപ്പുമായി ബന്ധിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. ഖുര്‍ആന്‍ നരകത്തിന് ഏഴ് വാതിലുകളുണ്ടെന്ന് പറയുന്നുണ്ട്. لها سبعة أبواب -  അതിന് ഏഴ് വാതിലുകളുണ്ട്. അദ്ഭുതകരമെന്നു പറയട്ടെ, കറുപ്പ് എന്ന വാക്ക് ഏഴുതവണ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ഖുര്‍ആന്റെ അമാനുഷികതകളുടെ ഒരുപാട് നിരകള്‍ നമുക്കിതിലൊക്കെ കാണാന്‍ കഴിയും.


എഴുത്തും വായനയും അറിയാതിരുന്ന പ്രവാചകന്‍ (സ) എങ്ങനെയാണ് ഇതൊക്കെ ഇത്ര കൃത്യമായി തയ്യാറാക്കുക? ഇനി ഇവ വെറും യാദൃശ്ചികം എന്ന് പറഞ്ഞുതള്ളാനാവുമോ?
അല്ലാഹു അനുഗ്രഹിച്ചാല്‍ ഖുര്‍ആന്റെ സംഖ്യാപരമായ ഒരുപാട് അദ്ഭുതങ്ങള്‍ നാം മനസ്സിലാക്കേണ്ടതായുണ്ട്. വളരെ ചെറിയ ഒരെത്തിനോട്ടം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. www.kaheel7.com സൈറ്റിലെ ശതക്കണക്കിന് ലേഖനങ്ങളെ മലയാളം വായനക്കാര്‍ക്ക് എത്തിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.


ഖുര്‍ആനെ ഒരാള്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്തത്ര അദ്ഭുതങ്ങള്‍ അതിലുണ്ട്. ഇന്നും വികസിച്ചുകൊണ്ടിരിക്കുന്ന രണ്ട് ശാസ്ത്രരംഗങ്ങളാണ് ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും. കണക്കിനെ ഒരു ലോകഭാഷയായി കണക്കാക്കാം. അതും ഖുര്‍ആനും തമ്മിലുള്ള അതിശക്തമായ ബന്ധം ഒരുപാടുപേര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ പോന്നതാണ്. രക്ഷിതാവ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.