Sunday, November 28, 2010

തിന്മകള്‍ക്കെതിരെ ശക്തമായി പോരാടാം

സൂറത്ത് 'ശുഅറാഇ'ലൂടെ യാത്രചെയ്താല്‍ ഓരോ പ്രവാചകന്മാരും എന്തായിരുന്നു തങ്ങളുടെ ജനതയോട് പ്രബോധനം നടത്തിയിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മള്‍ പ്രവാചകന്മാരുടെ പിന്‍ഗാമികളാണ്. നബി (സ) പറഞ്ഞു: 'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്.' നമുക്ക് ലഭിക്കുന്ന അറിവുകള്‍ക്കനുസരിച്ച് നാം നമ്മുടെ സമൂഹത്തെ ഉദ്ധരിക്കേണ്ട ബാധ്യതക്കാരാണ്.

ഈ കുറിപ്പെഴുതാനുള്ള പ്രചോദനം, സമൂഹത്തില്‍ കാണുന്ന തിന്മകളുടെ വേലിയേറ്റത്തെപ്പറ്റിയുള്ള ആവലാതികളാണ്. നാമൊന്ന് യാത്രചെയ്തുനോക്കുക. നിര്‍ലജ്ജതയും അശ്ലീലതയും മുറ്റിനില്‍ക്കുന്ന പരസ്യപ്പലകകളാണ് റോഡില്‍ മുഴുവന്‍. നഗ്നപ്രതിമയുടെ മാറ് രണ്ടും അരിഞ്ഞുകളഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി രണ്ടുദിവസമായി വരുന്ന ചില മെയിലുകളില്‍ കാണുന്നുണ്ട്. സ്ത്രീകള്‍ തന്നെയാണ് അത് ചെയ്തതത്രെ. പുരുഷന്‍ ഫുള്‍ സ്യൂട്ടും സ്ത്രീ അര്‍ധനഗ്നയുമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ എത്രയാണ്? കണ്ടുകണ്ട് മനുഷ്യര്‍ക്ക് കണ്ണ് മരവിച്ചുപോയോ? പണ്ഡിതന്മാര്‍ ഇതിനെതിരില്‍ ഒരക്ഷരം മിണ്ടുന്നില്ല. എന്തിനധികം, എന്റെ നാട്ടിലെ ടൗണില്‍ മോശം ചില പരസ്യങ്ങള്‍ ഉണ്ടായിരുന്നു (ഇപ്പോഴും കുറച്ചൊക്കെ ഉണ്ട്). വലിയ തുണിക്കടയുടെ പരസ്യമാണ്. ഇസ്‌ലാഹിപ്രസ്ഥാനത്തിന്റെ ടൗണിലെ ആള്‍ക്കാരുടേതാണത്. ഞാന്‍ അവരുടെ ഒരു സുഹൃത്ത് മുഖേന ഈ വിവരം അറിയിക്കുകയും തുടര്‍ന്ന്‌ പള്ളിക്ക് നേരെ ഉണ്ടായിരുന്നത് മാറ്റി എന്നാണറിഞ്ഞത്.

ശുഅറാഅ്‌ സൂറത്തിലേക്കുതന്നെ പോകാം നമുക്ക്. ലൂത്ത്‌നബി (അ)യുടെ ജനതയെ നശിപ്പിച്ച കഥ എത്രതവണ വായിച്ചാലും പോരാ. ഇന്നത്തെ പാശ്ചാത്യസമൂഹത്തില്‍ ലെസ്ബിയന്‍ എന്നൊക്കെ സാധാരണ പേരായിമാറിയിരിക്കുന്നു. ചാവുകടല്‍ത്തീരം! 80 കിലോമീറ്റര്‍ നീളവും 18 കിലോമീറ്റര്‍ വീതിയുമാണെന്നാണറിവ്. ലൈംഗികവൈകൃതം നിറഞ്ഞ ഒരു സമൂഹത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച നാട്. ഭീതിയും അസ്വസ്ഥതയുമാണവിടം നമുക്കനുഭവപ്പെടുക. അല്ലാഹു പറയുന്നു: നാം അവരുടെ മേല്‍ ഒരു മഴ വര്‍ഷിപ്പിച്ചു. എത്ര മോശമായ മഴയായിരുന്നു അത്. തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍, അധിക പേരും വിശ്വാസികളല്ല. (ശുഅറാഅ് 173, 174)

ഈയിടെ ബേംബെ തീരത്തുനിന്ന് എ.ഡി. 76-ലോ മറ്റോ നശിപ്പിക്കപ്പെട്ട ഒരു ഗ്രാമത്തിലേതെന്ന് മനസ്സിലാകുന്ന ചില അസ്ഥികൂടങ്ങള്‍ കണ്ടെടുക്കപ്പെട്ടതായി www.kaheel7.com സൈറ്റില്‍ കാണുകയുണ്ടായി. അവിടെയും സ്വവര്‍ഗരതിക്കാരായ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.


എന്തായിരുന്നാലും സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളാനും തിരുത്താനും നമുക്ക് കഴിയേണ്ടതുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വിവരിച്ചുകാട്ടിയ പ്രവാചകന്മാരുടെ മാതൃകകള്‍ ഉള്‍ക്കൊള്ളുകയും, അവരെ പരിഹസിച്ച ജനതകള്‍ക്ക് സംഭവിച്ച അപകടങ്ങളെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ നാം ഒരിക്കലും മടിക്കരുത്. അല്ലെങ്കില്‍ നാമും ആ ജനതയോടൊപ്പം തൂത്തുവാരപ്പെടും. അല്ലാഹു അവന്റെ ശിക്ഷയിറക്കി നശിപ്പിക്കുന്ന ഹതഭാഗ്യരില്‍നിന്ന് നമ്മെയും നമ്മുടെ സന്താനപരമ്പരകളെയും കാത്തുരക്ഷിക്കട്ടെ - ആമീന്‍.

നമ്മെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം, എല്ലാ പ്രവാചകന്മാരുടെ കാലത്തും നടമാടിയ എല്ലാ അധര്‍മങ്ങളും നമ്മുടെ ഈ ലോകത്തും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഖുര്‍ആനില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാവണം നമ്മുടെ മുഴുവന്‍ ശ്രമവും. എല്ലാ പ്രവാചകന്മാരും പരിഹാസവും മര്‍ദ്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അന്തിമമായ വിജയം അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ഖുര്‍ആന്‍ അര്‍ത്ഥസഹിതം ഒന്നു വായിക്കാന്‍ - അത് ശീലമില്ലാത്തവര്‍ക്ക് - ഈ കുറിപ്പ് പ്രേരണ നല്‍കുന്നെങ്കില്‍ നിങ്ങളുടെ ഈ സഹോദരി കൃതാര്‍ഥയായി. എല്ലാ സ്തുതിയും സര്‍വശക്തനു മാത്രം.

Friday, November 26, 2010

ഖുബ്ബത്തുസ്സഖ്ര - സ്വന്തം പകര്‍ത്തിയത്‌

ഇസ്‌ലാമിനെ അന്യവത്കരിക്കാതെ, ജനകീയമാക്കുക

ജി.ഐ.ഒ. സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് തൃശ്ശൂരില്‍ വെച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരു പരിപാടി നടക്കുകയുണ്ടായി. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന പ്രയോഗത്തിന് ചേരുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നത് മറക്കാതെതന്നെ ഞാനിവിടെ ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

പെണ്ണുങ്ങള്‍ - അതും ഇസ്‌ലാമിന്റെ പേരിലുള്ള - ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്തുക. എന്നിട്ട് അതേപ്പറ്റി ചര്‍ച്ചനടത്തുക. എന്തായാലും നന്മയുടെയും നീതിയുടെയും മാര്‍ഗത്തിലുള്ള പുതുനാമ്പുകള്‍ തന്നെ ഈ പെണ്‍കുട്ടികള്‍. എണ്ണത്തിലും വണ്ണത്തിലും കുറവാണെങ്കിലും ഈ നാടിന്റെ ഉപ്പുതന്നെ അവര്‍. ജമാഅത്തായിട്ട് നമസ്‌കരിച്ച ആ പെണ്‍കുട്ടികള്‍ സിനിമയെപ്പറ്റിയൊക്കെ ആഴത്തില്‍ ചര്‍ച്ചചെയ്യാനും പഠിച്ചിട്ടുണ്ട്.

ദൃശ്യമാധ്യമത്തെ നമുക്ക് ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. അശ്ലീലതയും മറ്റു തിന്മകളും കൊടികുത്തി വാഴുന്ന ഒരു രംഗത്ത് നന്മയുടെ തിരികൊളുത്തി വെക്കാനായെങ്കില്‍ അതും പ്രബോധനം തന്നെ.

പി.ടി.കുഞ്ഞുമുഹമ്മദിന്റെ ഉദ്ഘാടനപ്രഭാഷണം  നമ്മില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തും. ഇസ്‌ലാം ലോകത്തിനു നല്‍കിയ സംഭാവനകളുടെ ഭാണ്ഡം അഴിച്ച് അദ്ദേഹം ശ്രോതാക്കള്‍ക്കു മുമ്പില്‍ കൊട്ടിയിട്ടപ്പോള്‍ അല്‍പമെങ്കിലും ഇസ്‌ലാമിക പൈതൃകത്തില്‍ സന്തോഷിക്കുന്നവര്‍ കൂടുതല്‍ പ്രചോദിതരായി മാറുകതന്നെ ചെയ്യും.

ഞാനാ സമയത്ത് അലി മണിക്ഫാന്‍ എന്ന മഹാപ്രതിഭയെ ഓര്‍ത്തുപോയി. ഇന്ന് അദ്ദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മനസ്സിലാകുന്ന ഒരു കാലം വരും, തീര്‍ച്ച. മുന്‍കഴിഞ്ഞ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ലോകത്തെ മുഴുവന്‍ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അബ്ബാസിയ ഭരണകാലത്ത് ഒരു ഗവര്‍ണറുടെ പുസ്തകശേഖരം 400 ഒട്ടകത്തിന് വഹിക്കാവുന്നത്ര ആയിരുന്നുവെന്നും ഒക്കെയുള്ള ഒരുപാട് വിവരങ്ങള്‍ സദസ്യരുടെ ഹൃദയത്തിലേക്ക് കോരിയിട്ടുകൊണ്ടാണ് പി.ടി. പ്രസംഗം അവസാനിപ്പിച്ചത്.

പി.ടി. പുറത്തിറങ്ങിയപ്പോള്‍, കൈവെട്ട് കേസിലേക്ക് നയിച്ച വിവാദ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയ പുസ്തകഭാഗത്തെപ്പറ്റി ഞാനന്വേഷിച്ചു. ഞാന്‍ ഒരു പുസ്തകവും എഴുതീട്ടില്ല. ഞാന്‍ പ്രസംഗിച്ചത് ആരോ പുസ്തകമാക്കിയതാ. പേപ്പര്‍ ഉണ്ടാക്കിയ ആള്‍ ചെയ്ത വിഡ്ഢിത്തത്തിന് എന്നോട് പറഞ്ഞിട്ടെന്താണ്?

പി.ടിയുടെ പ്രസംഗശേഷം നന്ദിതാദാസ് സംവിധാനം ചെയ്ത ഫിറാഖ് (വേര്‍പാട്) എന്ന സിനിമയായിരുന്നു. ഗുജറാത്ത് കലാപത്തെ പശ്ചാത്തലമാക്കിയുള്ള സിനിമ. നിങ്ങളില്‍ പലരും കണ്ടിരിക്കും. ഞാന്‍ സിനിമ കാണാറില്ലാത്ത ആളാണ്. അപൂര്‍വം സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഈ സിനിമ പലതുകൊണ്ടും വ്യതിരിക്തമാണ്. ഒന്നാമതായി പരസ്യമില്ല. രണ്ടാമത് ഡാന്‍സ്‌രംഗമില്ല. ഇത് രണ്ടും ഇല്ലാതെ സിനിമ നടക്കും അല്ലേ? വളരെ തീക്ഷ്ണമായിത്തന്നെ ഒരു സമുദായം പാര്‍ശ്വവത്കരിക്കപ്പെടുന്നത് വേദനയോടെ അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതില്‍നിന്ന് ഒഴിവാക്കാനായി ഒന്നുമില്ല. ഓരോ രംഗങ്ങളിലും കാര്യങ്ങള്‍ വളരെ കൃത്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കലാപത്തിനിരയാവാതെ അന്യസമുദായക്കാരെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും അതിന് എടുക്കുന്ന അടവുകളും... മുഹ്‌സിന്‍ എന്ന നാലുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മോഹന്‍ എന്ന പേരിട്ട്, പൊട്ടുകുത്തിച്ച് അവനെ രക്ഷപ്പെടുത്തുന്ന വീട്ടമ്മ; തിളച്ച വെളിച്ചെണ്ണ സ്വന്തം കൈയില്‍ ഇറ്റിച്ച് വേദനകൊണ്ട് പുളയുന്നു. ആ രംഗമാണ് എനിക്കതില്‍ ഏറ്റവുമധികം ഇഷ്ടമായത്. പുറത്ത് നടക്കുന്ന തീവെപ്പുകളില്‍ വെന്തുപോകുന്ന മനുഷ്യജീവികളെ രക്ഷപ്പെടുത്താന്‍ വഴിയില്ലാതെ, സ്വന്തം ശരീരത്തില്‍ ആ വേദന തീര്‍ക്കുന്ന ഹിന്ദുവീട്ടമ്മ. അവസാനം, ഒരു പ്രഭാതത്തില്‍, അവര്‍ അനീതി നിറഞ്ഞ ആ വീട്ടില്‍നിന്നിറങ്ങിപ്പോവുകയാണ്. തിന്മ തടയാന്‍ കൈകൊണ്ടും നാവുകൊണ്ടും കഴിയാത്ത സമയത്ത് എടുക്കാവുന്ന മൂന്നാമത്തെ ചെറുത്തുനില്‍പ്പ്.

നാം ഉണരാന്‍ ഒരുപാട് വൈകിയപോലെ തോന്നുന്നു. സിനിമ പറഞ്ഞ് ഇസ്‌ലാമികപ്രസ്ഥാനത്തെ പരിഹസിക്കുന്ന കുറേ എഴുത്തുകള്‍ കാണാറുണ്ട്. പക്ഷേ, ദൃശ്യാവിഷ്‌കരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് നമ്മള്‍ മറക്കരുത്. ഖുര്‍ആന്‍ നോക്കിയും ഓതണമെന്ന് ഞാനെവിടെയോ വായിച്ചത് ഓര്‍ത്തുപോവുകയാണ്.

കഅബയും പരിസരവും കണ്ടവനും കാണാത്തവനും സമമല്ലല്ലോ. ത്വവാഫ് കണ്ടിരിക്കുന്നവര്‍ക്ക് പുണ്യമുണ്ടെന്ന് പറയപ്പെടുന്നതും കാഴ്ചയുടെ ഗുണത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ക്ലാസ്‌റൂമുകളില്‍ ചാര്‍ട്ട്, ബ്ലാക്ക്‌ബോര്‍ഡ് എന്നിവ ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധം പറയുന്നത്. ഇതുകൊണ്ടാണ്.

നാം ഇസ്‌ലാമിനെ അന്യവത്കരിക്കാതെ കൂടുതല്‍ ഇടങ്ങളിലേക്ക് ജനകീയമാക്കുക. ഉച്ചയ്ക്ക് നടന്ന ഓപ്പണ്‍ഫോറം നല്ല നിലവാരം പുലര്‍ത്തി. വൈ.ഇര്‍ഷാദ്, നിയതി എന്ന പി.ജി. വിദ്യാര്‍ഥിനി എന്നിവര്‍ വളരെ നല്ല നിലയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജി.ഐ.ഒ. പ്രതിനിധികളും നല്ല നിലയില്‍ വിഷയാവതരണം നടത്തി.

അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഏതു കര്‍മ്മവും പ്രതിഫലാര്‍ഹം തന്നെ. അല്‍ഹംദുലില്ലാഹ്.


പി.ടി. ഇപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന സിനിമയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ക്ലോക്കിലെ എല്ലാ സൂക്ഷ്മ ഭാഗങ്ങളും അതിന്റെ യോഗ്യതയ്ക്കാവശ്യമായ പോലെ, എല്ലാ നല്ല മനുഷ്യരും മഹത്തായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സുഗമമായ സഞ്ചാരത്തിനാവശ്യമാണ്. നന്മയുള്ള എല്ലാവരെയും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നതാകട്ടെ നമ്മുടെ അടിസ്ഥാന നയവും മുഖമുദ്രയും.

Tuesday, November 23, 2010

ത്വാലീ ഫഹീമയുടെ ഇസ്‌ലാമാശ്ലേഷം

ത്വാലീ ഫഹീമ - ജൂതവനിതയാണ്. 2010 ജൂണ്‍മാസം ഏഴാം തീയതി തിങ്കളാഴ്ച അവര്‍ ഇസ്‌ലാം സ്വീകരിച്ചു. 'നദാ' എന്ന പേര് സ്വീകരിച്ചു.

ജൂതസമാധാന പ്രവര്‍ത്തകയായിരുന്നു.
അല്‍മുജ്തമഅ്‌‌ വാരികയോടുള്ള അവരുടെ സംവാദമാണ് താഴെ:
 

''ഞാന്‍ പെട്ടെന്നല്ല ഇസ്‌ലാം സ്വീകരിച്ചത്. വളരെക്കാലമായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയായിരുന്നു. പക്ഷേ, ഇസ്‌ലാമിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ എനിക്ക് തുറന്നുകിട്ടിയത്, ശൈഖ് റാഇദ് സ്വലാഹിലൂടെയായിരുന്നു. കണ്ടമാത്രയില്‍ത്തന്നെ അദ്ദേഹത്തിന്റെ വിനയം എന്നെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഖുര്‍ആനാണ് പ്രതിഫലിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാനിനിയും ഇസ്‌ലാമിനെ കുറേക്കൂടി അടുത്തറിയേണ്ടതുണ്ടെന്ന് എന്റെ ഉള്ള് പറയാന്‍ തുടങ്ങി. അവസാനം ശൈഖ് റാഇദ് സ്വലാഹ് എനിക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിച്ചുതന്നു. ഇസ്‌ലാമിന്റെ സൗന്ദര്യം ഞാനദ്ദേഹത്തില്‍നിന്ന് പഠിച്ചു. അപ്രകാരം തന്നെ ശൈഖ് യൂസുഫ് അല്‍ബാസ് എനിക്ക് ഖുര്‍ആന്റെ അര്‍ഥം വിവര്‍ത്തനം ചെയ്തുതന്നു. കാരണം, എനിക്ക് അറബി അറിയില്ലായിരുന്നു. എന്നെ ഇസ്‌ലാമിലേക്ക് വഴിനടത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും.''

ഇസ്‌ലാം സ്വീകരണത്തിന്റെ കാരണത്തെക്കുറിച്ച്?
'എല്ലാവരും സത്യാന്വേഷണ മാര്‍ഗത്തിലാണ്. അവര്‍ അത് കണ്ടെത്തും വരെ തീവ്രമായ പരിശ്രമത്തിലായിരിക്കും. എന്റെ ഹൃദയവും തേടിയിരുന്നത് ഇസ്‌ലാമിനെയാണെന്ന് എനിക്ക് ബോധ്യം വന്നു. എന്റെ ഉള്ളിന്റെയുള്ളില്‍ ഇസ്‌ലാം ഉണ്ടായിരുന്നു. ഇസ്‌ലാമിന് യാതൊരു കുറവും ന്യൂനതയും ഇല്ലായെന്നും ഇഹലോകത്ത് സൗഖ്യവും സമാധാനവും പരലോകത്ത് ദൈവപ്രീതിയും ലഭിക്കാന്‍ ഇസ്‌ലാമാണ് ഏറ്റവും പറ്റിയ മാര്‍ഗം എന്നും ഞാനറിഞ്ഞപ്പോള്‍ അത് സ്വീകരിക്കലാണ് ഏറ്റവും സുന്ദരമായ കാര്യം എന്ന് എനിക്ക് മനസ്സിലായി.''

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ കരയാറുള്ളതിനെപ്പറ്റി അവര്‍ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു:
''ഞാന്‍ എപ്പോഴും കരയാറില്ല. പക്ഷേ, മനസ്സിന്റെ സുഖവും സന്തോഷവും അനുഭവിക്കുമ്പോള്‍ കരഞ്ഞുപോകുന്നതാണ്. അത് മനുഷ്യപ്രകൃതമാണല്ലോ. പള്ളിയിലായിരിക്കുമ്പോള്‍ മഹാനായ എന്റെ രക്ഷിതാവിന്റെ മുമ്പിലാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ കരഞ്ഞുപോകുന്നതാണ്.''

മുസ്‌ലിംകളോടുള്ള സന്ദേശം?
ഇസ്‌ലാമിക പാതയിലൂടെ ചരിക്കുക. നിങ്ങള്‍ അതിന്റെ മഹത്വം ഉള്‍ക്കൊള്ളുക.

ശൈഖ് റാഇദ് സ്വലാഹിനെ അവരുടെ ജീവിതത്തില്‍ കൈവന്ന സന്തോഷം അറിയിക്കാനായി പോവുകയും പരസ്പരം ആശംസകള്‍ കൈമാറുകയും ചെയ്തു.

അവര്‍ തുടരുന്നു:
''ഞാന്‍ ഇസ്‌ലാമിലേക്ക് പ്രവേശിച്ച നിമിഷത്തില്‍ ഞാനനുഭവിച്ച സന്തോഷവും വികാരങ്ങളും വിവരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതേപ്പറ്റി ഞാനുപയോഗിക്കുന്ന ഏത് വാക്കും വളരെ നിസ്സാരമായിപ്പോകും - അല്‍ഹംദുലില്ലാഹില്ലദീ ഹദാനീ ലില്‍ ഇസ്‌ലാം - ഇസ്‌ലാമിലേക്ക് വഴികാട്ടിത്തന്ന അല്ലാഹുവിന് സര്‍വസ്തുതിയും' എന്ന് പറയാനേ എനിക്ക് കഴിയുകയുള്ളൂ.''

ജൂതസമൂഹം ഇസ്‌ലാം സ്വീകരണത്തെ എങ്ങനെ കാണുന്നു?
''എനിക്കധികം കൂട്ടുകാരില്ല. വളരെ കുറഞ്ഞ കൂട്ടുകാരേയുള്ളൂ. യഹൂദസുഹൃത്തുക്കള്‍ എന്റെ ഇസ്‌ലാം സ്വീകരണത്തെ ഒട്ടും എതിര്‍ത്തില്ല. മറിച്ച്, അവരെനിക്ക് ആശംസകളര്‍പ്പിക്കുകയാണുണ്ടായത്. ആദ്യം മുതല്‍തന്നെ എല്ലാം സുതാര്യമായിരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇസ്‌ലാമിക മാര്‍ഗത്തിലൂടെയുള്ള എന്റെ പ്രയാണത്തില്‍, ഏതു ഭാഗത്തുനിന്ന് എന്ത് പ്രയാസം നേരിട്ടാലും ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. കാരണം, ഇത് എനിക്കും എന്റെ രക്ഷിതാവിനും ഇടയിലുള്ള കാര്യമാണ്.''

നദാ, മൊറോക്കോ വംശകയായ യഹൂദ വനിതയായിരുന്നു. അവര്‍ ഇപ്പോള്‍, ഫലസ്തീന്‍ പോരാളികളിലെ യുവാക്കളിലാരെങ്കിലും വിവാഹം കഴിക്കാനാണാഗ്രഹിക്കുന്നത്. കാരണം, അവര്‍ ഉറച്ചുവിശ്വസിക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണ് സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കുന്നത് എന്നാണ്; സ്ത്രീകളെ അവര്‍ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തില്‍ നന്നായി നീങ്ങാനും അവരിലാരെയെങ്കിലും ജീവിതപങ്കാളിയായി കിട്ടലായിരിക്കും നല്ലത് എന്നുമാണ്.

സഹോദരങ്ങളേ, എന്തൊരു ചങ്കൂറ്റമാണ് ഈ നദാ എന്ന സഹോദരിക്ക്. നാം കണ്ടിട്ടില്ലെങ്കിലും നമ്മെ കണ്ടിട്ടില്ലെങ്കിലും ഭൂമിയില്‍ വിശാലമായിക്കിടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗമാകാന്‍ കൊതിക്കുന്ന ആ നിഷ്‌കളങ്ക മനസ്സ്. ഇത്തരം എത്ര ത്വാലീ ഫഹീമമാര്‍ നമുക്കിടയിലും ജീവിക്കുന്നുണ്ടാകാം - സത്യം കണ്ടെത്താനും അതിനനുസരിച്ച് ജീവിക്കാനും അവര്‍ക്കും സര്‍വശക്തന്‍ അനുഗ്രഹം നല്‍കട്ടെ എന്നുമാത്രം പ്രാര്‍ഥിക്കാം.

വസ്സലാം, സ്വന്തം ടീച്ചര്‍.

Monday, November 22, 2010

വിമര്‍ശനത്തില്‍ ദീനീപരിധികള്‍ ലംഘിക്കരുത്‌

ബഹുമാന്യ വായനക്കാര്‍ക്ക്,

വോട്ടുവിശേഷം ഇനി എഴുതണ്ട എന്ന് ചില സുഹൃത്തുക്കള്‍ കമന്റ് ഇട്ടിട്ടുണ്ട്. ഇന്ന് ഒ.അബ്ദുള്ളയുടെ ഒരു പരിഹാസലേഖനം കണ്ടു. എം.ഐ.സി. എന്ന സൈറ്റിന്റെ കുത്തകയാണ് ജമാഅത്ത് വിമര്‍ശനം. ഇന്നലെ കണ്ടു, റിയാലുവിന്റെ ഒരു പഴയ അഭിമുഖം പൊടിതട്ടി എടുത്തത്. ഞാനും ജമാഅത്തിന്റെ വിമര്‍ശകയായിരുന്നു. ഞാന്‍ വിമര്‍ശിച്ച് പഠിക്കുക എന്ന സ്വഭാവക്കാരിയാണ്. പക്ഷേ, വിമര്‍ശനത്തില്‍ ഒരിക്കലും ദീനീപരിധികള്‍ ലംഘിക്കരുത്. അത് നമ്മുടെ പരലോകത്തെ നശിപ്പിക്കും.

ബഹുമാന്യരായ റിയാലു സാഹിബിനോടും ഒ.അബ്ദുള്ളയോടും പറയാനുള്ളത്, അല്ലെങ്കില്‍ എം.ഐ.സിയോട് പറയാനുള്ളത്, ഖുര്‍ആന്‍ സൂറത്തുല്‍ ഹുജുറാത്തില്‍ പറഞ്ഞ വാചകങ്ങളാണ്. മഹാനായ സയ്യിദ് ഖുതുബിന്റെ തഫ്‌സീറിനെ പരിഹസിച്ചുകൊണ്ട് ഇന്ന് ഒരു പോസ്റ്റ് കണ്ടു. ഇത്രമാത്രം സുന്ദരമായ ഒരു തഫ്‌സീര്‍! അതീവഹൃദ്യം!! ദയവുചെയ്ത് നിങ്ങള്‍ പരിഹസിക്കല്ലേ. ആളുകളെ പരിഹസിച്ചിട്ട് എന്ത് നേടാനാണ്? വല്ലാത്തൊരു മുസ്വീബത്ത് തന്നെ ഈ മുസ്‌ലിം സമുദായത്തിന്.

ഞാനോര്‍ക്കുന്നത്, ഡല്‍ഹിയില്‍നിന്നും മടങ്ങുംവഴി ട്രെയിനില്‍ വെച്ച് ഒരു ജര്‍മ്മന്‍ വനിതയെ പരിചയപ്പെട്ടു. അവര്‍ ആത്മീയത തേടുന്ന ഒരു സ്ത്രീയാണ്. ഞാനവര്‍ക്ക് അല്ലാഹു, ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകന്മാര്‍ എന്നിവയൊക്കെ പരിചയപ്പെടുത്തിക്കൊണ്ട് കത്തെഴുതി. അവര്‍ ഇന്നാട്ടില്‍ കാണുന്ന പരിഹാസ-പുച്ഛ ഇസ്‌ലാമിനെയെങ്ങാന്‍ കണ്ടാല്‍... മൂക്കും പൊത്തി ഓടിക്കളയും. 'നീ എന്നെ ഈ ഇസ്‌ലാമിലേക്കാണോ ക്ഷണിക്കുന്നത്' എന്ന് ചോദിച്ചുപോകും.

പ്രിയസുഹൃത്തുക്കളേ, ജമാഅത്തിന് പരിഹാസം കേള്‍ക്കുന്നതില്‍ വിഷമമുണ്ടായിട്ടല്ല. മറിച്ച്, മുസ്‌ലിംകളാണല്ലോ ഈ പരിഹസിക്കുന്നവരും. സൂറത്തുല്‍ ഹുജുറാത്തിലെ വരികളെ നിങ്ങള്‍ക്ക് പേടിയില്ലേ? ദയവുചെയ്ത് മുസ്‌ലിംകള്‍ പരസ്പരം പരിഹാസം ഒഴിവാക്കുക. മുമ്പൊരു ഒ.അബ്ദുള്ള ലേഖനത്തില്‍, ഇപ്പോള്‍ ജമാഅത്തുകാര്‍ക്ക് മയിലമ്മയുടെ സാരിയിലെ പുള്ളി എണ്ണലാണത്രെ പ്രബോധനം എന്ന് എഴുതിയത് വായിച്ച് നാണം തോന്നി.

എന്റെ പ്രിയവായനക്കാര്‍, ഒരിക്കലും പരിഹാസത്തിന്റെ, മറ്റുള്ളവരെ പുച്ഛിക്കുന്ന പാതയിലേക്ക് വീഴരുത്. മുത്തുനബി (സ) ഇന്ന് വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് നാം കുറച്ചുനിമിഷം നമ്മുടെ മനസ്സിനോട് ആത്മാര്‍ഥമായി ചോദിച്ചുനോക്കുക. നമ്മുടെ മനസ്സുകളില്‍ റസൂല്‍ (സ) വന്ന് ടോര്‍ച്ചടിച്ചു നോക്കിയാല്‍, മലിനമായ പലതും അദ്ദേഹം തന്റെ ഉമ്മത്തില്‍ കാണും. എന്റെ വീട്ടിലേക്ക് ഇപ്പോള്‍ മുത്തുനബി (സ) വന്നാല്‍, എന്തെല്ലാം തിന്മകള്‍ കാണും എന്ന് ഇഖ്‌വാനികളുടെയോ മറ്റോ ഒരു ആത്മപരിശോധനാ ചാര്‍ട്ടില്‍ വായിച്ചതായോര്‍ക്കുന്നു. നാമും ഒരല്പം ചിന്തിക്കുക. നമ്മള്‍ ആരെയാണ് പരിഹസിക്കുന്നത്, പുച്ഛിക്കുന്നത്? പരിഹസിക്കുന്ന നമ്മള്‍ ഇസ്‌ലാമിക പ്രചാരണാര്‍ഥം എന്തൊക്കെ ചെയ്യുന്നുണ്ട്? തന്നേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ ചെയ്യുന്നുണ്ടാകും എന്ന് ഒന്ന് വിചാരിച്ചുനോക്കുക. തമ്പുരാനേ, ഈ ഉമ്മത്തിന്റെ ശൈഥില്യം എന്നാണ് നീ അവസാനിപ്പിക്കുക? പരിഹസിക്കുന്നവരെ റബ്ബും പരിഹസിക്കുമെന്ന് ഭയപ്പെടുക.

Sunday, November 21, 2010

ഖുര്‍ആനിക് കാലിഗ്രാഫിയിലെ ഇന്ത്യന്‍ സാന്നിധ്യം

കേരളക്കാരനും തനി മലയാളിയുമായ ഖലീലുള്ള ചെംനാടിനെ നമ്മില്‍ പലരും അറിയുന്നുണ്ടാവില്ല. ലോകപ്രശസ്തിയിലേക്കുയരുന്ന അദ്ദേഹത്തെ കാണാന്‍ എനിക്കും ഭര്‍ത്താവിനും സൗകര്യം ലഭിക്കുകയുണ്ടായി. കിം-ഉം (കേരള ഇസ്‌ലാമിക് മിഷന്‍) ദഅ‌വാ സെല്ലും കൂടി സംഘടിപ്പിച്ച 'ദിശ 2009'ല്‍ വെച്ചാണ് ഞാനദ്ദേഹത്തെപ്പറ്റി അറിയാനിടയായത്. 

ആരെയും കുറച്ചുനേരം പിടിച്ചുനിര്‍ത്തുന്ന പവലിയനായിരുന്നു ഖുര്‍ആനിക് കാലിഗ്രാഫി. അവിടെ ഉണ്ടായിരുന്ന മുഹമ്മദ് എന്ന വിദ്യാര്‍ഥിയുമായി പരിചയപ്പെട്ടതിലൂടെയാണ് ഖലീലുമായി പരിചയപ്പെടാന്‍ സൗകര്യം ലഭിച്ചത്. 25 കാലിഗ്രാഫികള്‍ ഖലീല്‍ 'ദിശ'യ്ക്കുവേണ്ടി സൗജന്യമായി കൊടുത്തയച്ചതാണെന്ന് നേരില്‍ കണ്ടപ്പോഴാണറിയാന്‍ കഴിഞ്ഞത്. ചാനലുകളില്‍ ഇന്റര്‍വ്യൂ വന്നിട്ടുണ്ടെങ്കിലും ഖലീലിനെ കേരളക്കാര്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.

ഞങ്ങള്‍ ഉംറ കഴിഞ്ഞ് മടങ്ങുമ്പോള്‍ ദുബായില്‍ വരുമെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോള്‍ എന്തായാലും കാണാം എന്ന് ഖലീല്‍ അന്നുതന്നെ വാക്കുപറഞ്ഞിരുന്നു. അതുപ്രകാരം, ഷാര്‍ജയിലെത്തി രണ്ടുദിവസത്തിനുശേഷം അബൂദബിയില്‍ പോയി വരുംവഴി ദുബായ് ബസ്സ്റ്റാന്‍ഡില്‍ ഖലീല്‍ വന്ന് ഞങ്ങളെയും കൂട്ടി ഓഫീസിലേക്ക് പോയി. അപ്പോള്‍, അറബി കൈയെഴുത്തുകളുടെ ഒരു പ്രദര്‍ശനം ഷാര്‍ജയില്‍ നടക്കുന്നുണ്ടായിരുന്നു -  ملتقى الفن لخط العربي في الشارقة  എന്ന പേരില്‍. ഖലീലിന് നിര്‍ബന്ധം അത് കാണണമെന്ന്. ഒരിക്കലും ഞങ്ങള്‍ ഒറ്റയ്ക്ക് പോയി ആ പ്രദര്‍ശനം കാണില്ല എന്നുറപ്പായിരുന്നു. കാരണം, അത് കേട്ടുകേള്‍വി പോലുമില്ല, അതിഥികളായി ഒരാഴ്ചത്തേക്ക് എത്തിയ ഞങ്ങള്‍ക്ക്. 


അതീവഹൃദ്യമായ ഒരനുഭവമായിരുന്നു ആ പ്രദര്‍ശനം. ലോകപ്രശസ്തരുടെ രചനകള്‍. കണ്ണും മനസ്സും കുളിരണിയുക്കുന്ന കാലിഗ്രാഫികള്‍!!! പോസ്റ്റ്‌മോഡേണ്‍ വരകളും കുറികളും ഉണ്ടായിരുന്നു അവിടെ. ചെറുപ്പം മുതലേ അറബി കാലിഗ്രാഫിയില്‍ കണ്ണുറപ്പിച്ച് നോക്കാറുള്ള ആളാണ് ഞാന്‍. പണ്ട്, നാമൊക്കെ കണ്ട് അന്തിച്ചുനിന്ന ഒരു കാലിഗ്രാഫി ഉണ്ട്. ശഹാദത്ത് കലിമ. ഒരാള്‍ അത്തഹിയാത്തില്‍ ഇരിക്കുന്നു; വിരലും ചൂണ്ടി. കറുപ്പും വെളുപ്പും ആയ ചിത്രം. ഖലീലിനെ കാലിഗ്രാഫിയിലേക്കാകര്‍ഷിച്ച ആദ്യംചിത്രം അതായിരുന്നത്രെ! പടച്ചവന്‍ ലക്ഷത്തിലൊന്നിനു മാത്രം കൊടുക്കുന്ന കഴിവാണ് ഖലീലിന് ലഭിച്ചിട്ടുള്ളത്.

14 വയസ്സിലാണത്രെ أفلا ينظرون إلى الإبل... സൂറത്തുല്‍ ഫീല്‍ ഒക്കെ വരച്ചത്. ഒട്ടകത്തെ നേരില്‍ കാണുംമുമ്പ് വരച്ചതാണെന്നാണോര്‍മ - സൂറത്തുല്‍ ആദിയാത്തിലെ ആയത്തുകള്‍ കുതിരയുടെ ആകൃതിയില്‍ വരച്ചിരിക്കുന്നു. പക്ഷേ, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഔഖാഫ് വിലക്കിയത്രെ, ഇനി അത്തരം ചിത്രങ്ങള്‍ വരക്കരുതെന്ന്. അല്ലെങ്കില്‍, ആ വിരല്‍ത്തുമ്പിലൂടെ ഖുര്‍ആന്റെ മുഴുവന്‍ കാലിഗ്രാഫി നമുക്ക് ലഭിക്കുമായിരുന്നു. ഇനിയും സമയം പാഴായിട്ടില്ല. അപാരശക്തിയുണ്ട് ആ വരകള്‍ക്ക്! ن والقلم وما يسطرون (പേനയെക്കൊണ്ട് സത്യം; അവര്‍ എഴുതുന്നതിനെക്കൊണ്ടും) നല്ലൊരു ഫൗണ്ടന്‍ പെന്‍; ക്ലിപ്പ് ഒക്കെയായി എന്തൊരു സുന്ദരമായാണ് എഴുതിയിരിക്കുന്നത്! അദ്ദേഹത്തെപ്പറ്റി എഴുതിയാല്‍ എനിക്കെത്രത്തോളം നീതിപുലര്‍ത്താനാകും എന്നറിയില്ല. എന്നാലും, ആ മഹാനുമായി എനിക്കുണ്ടായ ഹൃദ്യാനുഭവങ്ങള്‍ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കാതെ നിവൃത്തിയില്ല.

ഒറ്റനോട്ടത്തില്‍ 'ജാഡക്കാര'നായി തോന്നുമെങ്കിലും അടുത്ത് സംസാരിച്ച്, ജീവിതാനുഭവങ്ങളുടെ ആഴത്തിലെത്തുമ്പോള്‍ സാധാരണക്കാരില്‍ സാധാരണ മനുഷ്യന്‍. ചെലവഴിച്ച നാലു മണിക്കൂറില്‍ സംസാരം എത്താത്ത മേഖലകള്‍ കുറവായിരുന്നു. തിരക്കുപിടിച്ച മനുഷ്യന്‍. പക്ഷേ, ഈ സാധുസ്ത്രീയുമായി അദ്ദേഹത്തിന്റെ കലകളുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കാണിച്ച സൗമനസ്യം! അതോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

ടീച്ചര്‍ക്ക് ഒരു സമ്മാനം എന്നുപറഞ്ഞ്, الله എന്ന് അതിസുന്ദരമായി ക്യാന്‍വാസില്‍ ഒരു വിളക്കിന്റെ ആകൃതിയില്‍ വരച്ച്, ഖലീലുല്ലാ എന്ന് അറബിയില്‍ ഇട്ട ഒപ്പുമായി തന്നത്, ഞാനിവിടെ കൊണ്ടുവന്ന് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. നോക്കി ഇരിക്കും തോറും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വര. റബ്ബ് ഖലീലിന് കൊടുത്ത മറ്റൊരനുഗ്രഹം, എത്രതവണ വേണമെങ്കിലും ഒരേ പടം ഒരേ രൂപത്തില്‍ വരയ്ക്കാന്‍ കഴിയുമത്ര! സുബ്ഹാനല്ലാഹ്. അല്ലാഹു ഓരോരുത്തര്‍ക്കും കൊടുക്കുന്ന കഴിവുകള്‍! കുതിരയുടെ ചിത്രം ന്യൂയോര്‍ക്കില്‍ വലിയ ഒരു വിലയ്ക്ക് ഒരാള്‍ വാങ്ങിക്കൊണ്ടുപോയത്രെ! നമ്മുടെ കേരളീയന്‍ (ഇന്ത്യക്കാരന്‍) അറബി കാലിഗ്രാഫിയില്‍ ലോകത്തില്‍ അറിയപ്പെടുക എന്നത് എത്രമാത്രം സന്തോഷകരമാണ്! ഇന്ത്യയില്‍ത്തന്നെ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

ഖലീലിനെപ്പറ്റി എഴുതാന്‍ ഇനിയും ഒരുപാടുണ്ട്. http://www.worldofcalligraphy.com സെര്‍ച്ച് ചെയ്താല്‍ അദ്ദേഹത്തിന്റെ വരകളുടെ ഏകദേശ രൂപം കിട്ടും. നിങ്ങള്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കൂടുതല്‍ നല്ലത് അതായിരിക്കും. കഴിഞ്ഞയാഴ്ച ഖലീല്‍ അല്‍ജീരിയയില്‍ ഒരു പ്രദര്‍ശനത്തിന് പോയിരുന്നു. വളരെ നല്ല നിലയില്‍ അദ്ദേഹം യാത്രാവിവരണം എഴുതിയതും സൈറ്റിലുണ്ട്.

ഇപ്പോള്‍ ഖലീല്‍ മറ്റാരും ചെയ്യാത്ത ഒരു സര്‍ഗാത്മക പരിപാടിയിലാണ്. 'അനാട്ടമിക്‌ കാലിഗ്രാഫി'. ആളുകളെ അവരുടെ പേരുകൊണ്ട് വരയ്ക്കുക. ദുബായ് ശൈഖ് മുഹമ്മദ്, ശൈഖ് സായിദ്, മന്‍മോഹന്‍സിങ്, എം.കെ.യൂസഫലി തുടങ്ങി ഒരുപാടുപേരെ ഖലീല്‍ ഇത്തരത്തില്‍ വരച്ചിട്ടുണ്ട്.

ഏതായിരുന്നാലും ഇനിയും ആ മസ്തികത്തിലും മനസ്സിലും എത്ര നൂതനമായ ആശയങ്ങള്‍ റബ്ബ് നിക്ഷേപിച്ചിട്ടുണ്ട് എന്ന് നമുക്ക് പറയാനാവില്ല. 'പ്രതിഭകള്‍' റബ്ബിന്റെ പ്രത്യേക സൃഷ്ടി ആണല്ലോ. കഴിവുള്ളവര്‍ ചെയ്യട്ടെ. നമുക്കത് കണ്ടാസ്വദിക്കാം. കണ്ടെങ്കിലും ആസ്വദിക്കണം.

വരുംതലമുറയിലും ഇത്തരം കഴിവുള്ളവര്‍ ഉണ്ട് എന്ന് എന്റെ കുട്ടികളിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ കഴിവുകളെ തേച്ചുമിനുക്കി, പ്രതിഭാനിലവാരത്തിലേക്കെത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ബാധ്യസ്ഥരാണ്. പ്രതിഭകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും കൂമ്പുനുള്ളാതെയെങ്കിലും ഇരിക്കാം നമുക്ക്.

അല്ലാഹു അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ. ആമീന്‍. ദീനിന് അനുഗുണമായ രൂപത്തില്‍ ഖലീലിന്റെ വരകളും കുറികളും എത്തിച്ചേരട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. കാരണം, റബ്ബ് നല്‍കിയ ഏത് കഴിവും നാളെ ചോദ്യം ചെയ്യപ്പെടും. തീര്‍ച്ച.

Saturday, November 20, 2010

വളരെ നല്ല ഒരു ചിന്ത

എം.ഐ.സിയില്‍ 'ഇന്ത്യയുടെ പുരോഗതിക്ക് ഒരു മുസ്‌ലിം കൂട്ടായ്മ' എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം.

ജനകീയവികസന മുന്നണിയുടെ ഒരു സ്ഥാനാര്‍ഥിയായിരുന്നു ഞാന്‍. കളവറിയാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും ഭരണം മാത്രം ലക്ഷ്യംവെക്കുന്ന സംഘമല്ല. അതിന്റെ ലക്ഷ്യം, വ്യക്തികളെ സംബന്ധിച്ച് പരലോക വിജയമാണ്. ബാധ്യതാ നിര്‍വഹണമാണ്. നന്മ കല്പിക്കലും തിന്മ വിരോധിക്കലുമാണ്. രാഷ്ട്രീയത്തില്‍ ഇടപെട്ടതും അതിന്റെ ഭാഗമായിട്ടുതന്നെ. മനുഷ്യന്‍ രാഷ്ട്രീയമായ അടിമത്തത്തിലാണെന്നും ആ അടിമത്തത്തില്‍നിന്ന് മോചിതമാകാന്‍ ഒരുപാട് കാലമെടുക്കുമെന്നും കൂടി ബോധ്യമാകുന്നുണ്ട് ഇപ്പോള്‍. ചിന്തിക്കുന്ന ജനങ്ങളുടെ, അല്ലെങ്കില്‍ ജമാഅത്തിനെ അടുത്തറിഞ്ഞ, നിഷ്‌കളങ്കരുടെ വോട്ടാണ് അതിന് ലഭിച്ചിരിക്കുന്നത്. ഒട്ടും ഖേദമില്ല, ദുഃഖമില്ല; ഞങ്ങളെ മനസ്സിലാക്കാത്തവരുടെ വോട്ട് കിട്ടാത്തതില്‍. എല്ലാ വാര്‍ഡുകളിലും ശക്തമായ എതിര്‍പ്രചാരണമുണ്ടായിട്ടും ഇത്രയെങ്കിലും ഈ പുതുനാമ്പ് പിടിച്ചുനിന്നല്ലോ എന്നാണത്ഭുതപ്പെടുന്നത്. ഒരിക്കലും ഇതൊരു ന്യായം പറച്ചിലല്ല. ആദ്യമായി, നീന്തല്‍ പഠിക്കാനിറങ്ങിയവരല്ല ഞങ്ങള്‍? തീര്‍ച്ചയായും നീന്തിക്കയറും. അതിനിടയില്‍ അല്പം വെള്ളം കുടിച്ചാലും, തുഴഞ്ഞ് എത്തുക തന്നെ ചെയ്യും.

ഒന്നോര്‍ത്തുനോക്കുക! ഇത്രമാത്രം ക്ലീന്‍ ഇമേജുള്ള ഒരു പ്രസ്ഥാനം ഇന്ന് ഇന്ത്യയില്‍ ഏതാണുള്ളത്? തീര്‍ച്ചയായും, ആ ഉറപ്പില്‍ത്തന്നെയാണ് ഞാന്‍ ഇതില്‍ നില്‍ക്കുന്നത്. അതിന്റെ ശക്തമായ കേഡര്‍വ്യവസ്ഥ, കറപുരളാത്ത വ്യക്തിത്വങ്ങളുടെ കൂട്ടായ്മ. സാധുക്കളായ മനുഷ്യര്‍... അവര്‍ രാഷ്ട്രീയത്തിലിടപെട്ടു എന്നത് വലിയ പ്രമാദമായി എല്ലാവരും തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിച്ചു. രാഷ്ട്രീയലോബികള്‍ എല്ലാ (കു)തന്ത്രങ്ങളും മെനഞ്ഞു. ഓരോ വാര്‍ഡിലും എന്ത് നുണപറഞ്ഞാലാണ് ജെ.വി.എസ്. പ്രതിനിധിയെ തോല്‍പ്പിക്കുക എന്നതായിരുന്നു എല്ലാവരുടെയും കൂട്ടായ ചിന്ത. ഞങ്ങള്‍ ഫീല്‍ഡ് തൊട്ടറിഞ്ഞവരായതിനാല്‍, പാര്‍ട്ടിക്കാരുടെ മനസ്സിന്റെ ആഴങ്ങളും അറിയാന്‍ കഴിഞ്ഞു. 'ടീച്ചര്‍, നിങ്ങള്‍ ജയിച്ചാല്‍, പിന്നെ മരണം വരെ നിങ്ങള്‍ തോല്‍ക്കില്ല, അതാണ് പ്രശ്‌നം.' എന്ന് ഒരു എല്‍.ഡി.എഫ്. സുഹൃത്ത് പറഞ്ഞതില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാന്‍ കഴിയും. വാസ്തവത്തില്‍, എതിരാളികള്‍ക്കുപോലും ഇത്ര സമ്മതമുള്ളവരായ ഒരു വിഭാഗത്തെ ഇന്ത്യയിലെ ഏത് പാര്‍ട്ടിയിലാണ് കാണാന്‍ കഴിയുക.

അതിനാല്‍, ഈ സത്യവും ധര്‍മവും മുറുകെപ്പിടിച്ച്, ആശയപ്രചാരണം നടത്തി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഇതിന് ഇത്രയൊക്കെ സ്വീകാര്യതയേ ആദ്യത്തില്‍ ലഭിക്കൂ എന്നത് ഇത് കൂടുതല്‍ സത്യമാണെന്നുറപ്പുതരുന്നു.

അതിനാല്‍, ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും എല്ലാവരും കൂടുതല്‍ പഠിക്കുക. അതിന്റെ ഭരണഘടന മാര്‍ക്കറ്റില്‍ പൈസ കൊടുത്താല്‍ വാങ്ങാന്‍ കിട്ടും. അതിലൊന്നും അല്പം പോലും വെള്ളം ചേര്‍ക്കാതെ നീങ്ങുവാന്‍ കഴിയുമെങ്കില്‍ ഈ രാജ്യം മൊത്തം രക്ഷപ്പെടും. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയും അതിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കരുതുക. കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് രൂക്ഷമായ മുസ്‌ലിം സാമുദായിക പോര്. ജമാഅത്ത് അതില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കുന്നു. കൂടുതല്‍ സ്പര്‍ധയും വൈരാഗ്യവും വളര്‍ത്താന്‍ മാത്രമേ അതുപകരിക്കൂ. തീര്‍ച്ചയായും, ലക്ഷ്യം തിരിച്ചറിഞ്ഞ് അതിനുവേണ്ടി എല്ലാം സമര്‍പ്പിച്ച്, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഒരുസംഘം തന്നെയാണിത്.

Sunday, November 14, 2010

പ്രസ്ഥാനത്തിന് വഴിതെറ്റിയിട്ടില്ല

ജമാഅത്ത് പ്രവര്‍ത്തകരോട്-

നാം എന്ത് തെറ്റാണ് ചെയ്തത് - എല്ലാവരും ഇത്രമാത്രം നമ്മെ കുതിരകയറാനും പരിഹസിക്കാനും? 'വമാ നഖമൂ മിന്‍ഹും ഇല്ലാ അന്‍ യുഅ്മിനൂ  ബില്ലാഹില്‍ അസീസില്‍ ഹമീദ്' - അജയ്യനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതിനാണ് അവര്‍ ഇവരെ ശിക്ഷിച്ചത്. 

ചിന്തകള്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങേണ്ട നിര്‍ബന്ധ സാഹചര്യമാണിത്. അല്ലാത്തവര്‍ തിരശ്ശീലയ്ക്ക് പിന്നോട്ട് നീങ്ങേണ്ടിവരും.

ഡല്‍ഹിയില്‍ ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു. വാസ്തവത്തില്‍ എന്തായിരുന്നു ആ സമ്മേളനം? മടക്കയാത്രയില്‍ ഞാന്‍ സഹയാത്രികരോട് ചോദിച്ചു: സമ്മേളനം കുറേ ഭാഗം ഉറുദുവിലായിരുന്നുവല്ലോ. നമ്മെ ഓരോരുത്തരെയും തൊട്ട് സ്വാധീനിച്ചത് സമ്മേളനത്തിലെ ഏതൊക്കെ കാര്യങ്ങളായിരുന്നു? പലരുടെയും മറുപടി 'പ്രതിജ്ഞ പുതുക്കല്‍' എന്നതായിരുന്നു. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി എഴുന്നേറ്റുനിന്ന്, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ റബ്ബിനുവേണ്ടി മാത്രം, അവന്റെ ദീനിപ്രചാരണത്തിന് മാത്രം ശിഷ്ടജീവിതം - അതെത്ര വലുതാകട്ടെ, ചെറുതാകട്ടെ - ചെലവഴിക്കും എന്ന ആ മഹദ്പ്രതിജ്ഞ! അതോ, ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഈ പ്രതിജ്ഞയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ആ പ്രതിജ്ഞ പതിനായിരത്തോളം വരുന്ന ഇന്ത്യയിലെ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി ജീവിച്ച്, പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കുന്ന ഊര്‍ജം ചില്ലറയല്ല. അതേ, മുന്നോട്ടുവെച്ച ഒരു കാലും ഇനി പിന്നോട്ടില്ല എന്നുറക്കെ പ്രഖ്യാപിക്കുകയായിരുന്നു ആ പ്രതിജ്ഞയിലൂടെ.

വിഷന്‍ 2016-നെപ്പറ്റിയുള്ള സിദ്ദീഖ്ഹസന്‍ സാഹിബിന്റെ റിപ്പോര്‍ട്ടുകള്‍ പ്രത്യാശാജനകമാണ്. ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി! ഇമാറത്തിന് യോജിച്ച ആള്‍ തന്നെ - അല്‍ഹംദുലില്ലാഹ്. റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീന്‍. സിംഹഗര്‍ജ്ജനം കണക്കെയുള്ള ആ വന്ദ്യവയോധികന്റെ പ്രസംഗം, അതിന്റെ സൗന്ദര്യം നേരിട്ടാസ്വദിക്കാനേ കഴിയൂ! ഖുര്‍ആന്‍ ആയത്തുകള്‍ അദ്ദേഹം അവതരിപ്പിക്കുന്ന രീതി! ഏത് അര്‍ത്ഥമറിയാത്തവനും എന്തെങ്കിലും ഒക്കെ മനസ്സിലാക്കിക്കൊടുക്കും. 'കല്ലാ' എന്ന പ്രയോഗം വന്ന ആയത്തുകളിലൂടെ അദ്ദേഹം നടത്തിയ സഞ്ചാരങ്ങള്‍! ഏതൊരാള്‍ക്കും മറക്കാനാവില്ല.

ഈ പ്രസ്ഥാനത്തിന് വഴിതെറ്റിയിട്ടില്ല എന്നുതന്നെ മനസ്സില്‍ ഉറപ്പും ശക്തിയും നല്‍കാന്‍ സമ്മേളനത്തിന് സാധിച്ചു. സമാധാനപരമായ മാര്‍ഗം തന്നെ ഏറ്റവും ഉത്തമവും പ്രവാചകചര്യയോട് യോജിച്ചതും എന്നും വ്യക്തമാക്കിത്തരുന്നു. നബി (സ) അനുഭവിച്ചയത്രയൊന്നും നാമനുഭവിക്കുന്നില്ലല്ലോ. തെരഞ്ഞെടുപ്പോടുകൂടി എല്ലാവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞു. ശത്രുക്കള്‍ ആരാണെന്നും മിത്രങ്ങള്‍ ആരെന്നും സത്യവാന്മാര്‍ ആരെന്നും കപടന്മാര്‍ ആരെന്നും തിരിച്ചറിഞ്ഞു. 100 കൊല്ലം കഴിഞ്ഞാലും ഈ പ്രസ്ഥാനം വിജയിക്കുകതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്. അച്ചടക്കഭദ്രമായ ഒരു സംഘം തന്നെ ഇതെന്നതും ഇന്ത്യയുടെ ഞരമ്പുകളിലൂടെ ഈ പ്രസ്ഥാനം ഒരു ഗ്ലൂക്കോസ് കണക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതും ഒരു പ്രവര്‍ത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ ആത്മബലം പകര്‍ന്നുകിട്ടുന്ന കാര്യമാണ്.

വസ്സലാം.

Friday, November 12, 2010

കണ്ണീരുപ്പില്‍ കുതിര്‍ന്ന ഒരു പുസ്തകം

'ആടുജീവിതം' വായിച്ചു. എന്താണാ കഥ? ഞാനിതുവരെ ഇത്രയ്ക്ക് ഉദ്വേഗജനകമായ ഒന്ന് വായിച്ചിട്ടില്ല. ഒരു സാഹിത്യകാരന്റെ ഏച്ചുകെട്ടലുകള്‍ അതില്‍ ഇല്ല എന്നത് സത്യമാണെങ്കില്‍, അതൊരു വല്ലാത്ത ജീവിതാനുഭവം തന്നെ. 'നബീല്‍' എന്ന് ആട്ടിന്‍കുട്ടിക്ക് പേരിട്ടു എന്ന ഭാഗം എന്നെ പൊട്ടിക്കരയിച്ചു. ആഗ്രയിലിരുന്നാണ് ഞാനിതെഴുതുന്നത്. ആ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ റൂമില്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ നന്നായി കരഞ്ഞു. പക്ഷേ, ഇന്നലെ ആഗ്രയിലേക്കുള്ള ട്രെയിനിലിരുന്ന് ബാക്കി ഭാഗങ്ങള്‍ വായിച്ചപ്പോള്‍ കരച്ചില്‍ തൊണ്ടയിലിരുന്ന് വിങ്ങിപ്പോയി. എന്നാലും ആരും കാണാതെ അല്പം കരഞ്ഞു! നജീബ്ക്കാ എന്നു പറഞ്ഞ് ഭാര്യയുടെ മറുപടിഫോണും, നമ്മുടെ ഉമ്മ കഴിഞ്ഞ വര്‍ഷം പോയി എന്നതും കരയാതെ എങ്ങനെ വായിച്ചുകടത്തും?

എല്ലാവരും - മനസ്സിനുറപ്പുള്ളവര്‍ മാത്രം - വായിക്കേണ്ട ഒരു പുസ്തകമാണ് 'ആടുജീവിതം' - അല്ലാഹുവിന്റെ വിധി എന്ന സംഭവം ഏതൊരു ഇസ്‌ലാമിക സാഹിത്യം വായിക്കുന്നതിലും അധികം ഉറപ്പിച്ചുതരാന്‍ കഴിവുണ്ട് ആ പുസ്തകത്തിന്. അല്ലെങ്കില്‍, ഈ നജീബ് എങ്ങനെ നാട്ടില്‍ തിരിച്ചെത്തി? ഹക്കീം മണ്ണുതിന്ന് ശഹീദായി! ഇബ്‌റാഹി കാദിരി എവിടെപ്പോയി? അല്ലാഹു അഅ്‌ലം! ഇതൊക്കെ ഗ്രന്ഥകാരന്റെ പടച്ചുവിടലാണെങ്കില്‍ വായനക്കാര്‍ എന്നെ പരിഹസിക്കരുത്. നമുക്ക് ഈ ബുക്കിനെ സത്യമായ സത്യമായ ആഖ്യാനമായിത്തന്നെ കണക്കാക്കാം. ഒരുപാട് അറിവുകളും പാഠങ്ങളും പ്രാര്‍ഥനകളും 200 പേജുള്ള ഈ പുസ്തകം ഉള്ളിലൊതുക്കിയിരുന്നു. ആടിന്റെ കാലില്‍ ചുറ്റിയ പാമ്പിനെ -ഉഗ്രവിഷമുള്ള- തല്ലിക്കൊല്ലാന്‍ നജീബിനെ ആട്ടിന്‍കൂട്ടിലിട്ട് പൂട്ടിയ ആ അര്‍ബാബ്. പടച്ചവനേ, നിന്റെ കാരുണ്യത്തിന്റെ അല്പം പോലും ലഭിക്കാത്ത മനുഷ്യരും ഈ ദുന്‍യാവിലുണ്ടോ? കാരുണ്യനിധിയായിരുന്ന പ്രവാചകന്റെ പിന്‍തലമുറക്കാര്‍. ഇത്ര ക്രൂരമായിപ്പോയോ?

നജീബ് രക്ഷപ്പെട്ട്, ഹൈവേയിലെത്തിയപ്പോള്‍, കാറ് നിര്‍ത്തിക്കയറ്റി, വെള്ളം കൊടുത്ത അറബിയും കുഞ്ഞിക്കയും പ്രവാചകന്റെ പ്രിയപ്പെട്ട അനുയായികള്‍ തന്നെ. ഈ പുസ്തകത്തിലെ പല രംഗങ്ങളും ദൃശ്യാവിഷ്‌കരണം പോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ആയിരത്തോളം ഉള്ള പാമ്പിന്‍കൂട്ടത്തില്‍നിന്ന് നിലത്തമര്‍ന്നുകിടന്ന് രക്ഷപ്പെടുന്ന മൂവര്‍സംഘം! വെള്ളം കണ്ടിട്ട് ആര്‍ത്തിയോടെ ഓടുന്ന നജീബിനെ അതില്‍നിന്ന് സാഹസപ്പെട്ട് വലിച്ചുമാറ്റുന്ന ഖാദിരി. അവസാനം, തുണി നനച്ച്, നജീബിന്റെ ചുണ്ട് നനച്ചുകൊടുക്കുന്ന ഖാദിരി.

ഹക്കീം എന്ന കതാപാത്രം നമ്മെ വല്ലാതെ സങ്കടക്കയത്തില്‍പ്പെടുത്തും. പ്രിയപ്പെട്ട ഹക്കീമിനെ - മയ്യിത്തിനെ - വഴിയില്‍ ഉപേക്ഷിച്ചുപോരുന്ന നജീബ്. അവന്റെ ദാരുണമരണം ബെന്യാമിന്‍ -ഗ്രന്ഥകാരന്‍- വിവരിച്ചത് അല്പം കൂടിപ്പോയി. വായനക്കിടയില്‍ തോന്നിയ ഒരു കാര്യ; ഇത്രയ്ക്ക് കഠിനമായി വിവരിക്കണമായിരുന്നോ പല സംഭവങ്ങളും? അതാണ് ഞാനാദ്യമെഴുതിയത് - മനസ്സുറപ്പുള്ളവര്‍ വായിച്ചാല്‍ മതിയെന്ന്. വായന കഴിയുമ്പോള്‍ ട്രെയിന്‍ ആഗ്രയിലെത്തിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കെന്നെത്തന്നെ പേടിയായി. എനിക്ക് വല്ല മാനസികം പിടിപെടുമോ എന്ന പേടി. നജീബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്ന് കാണണം. ബെന്യാമിനെയും കാണണം.

അതെഴുതും മുമ്പ് അദ്ദേഹം അനുഭവിച്ച 'പ്രസവവേദന'യുടെ ആഴം എത്രയായിരിക്കും? എന്തായാലും നാം അവസാനം എത്തിച്ചേരുന്ന ചില അഭിപ്രായങ്ങളുണ്ട്. റബ്ബിന്റെ വിധി അലംഘനീയമാണ്. നാം എത്രകാലം, എത്ര മണിക്കൂര്‍, എത്ര മിനിറ്റ്, എന്തൊക്കെ, എങ്ങനെ അനുഭവിക്കണമെന്ന് അവന്റെ കിതാബിലുണ്ട്. അതിനെ മറികടക്കാന്‍ ഈ ലോകത്താര്‍ക്കും കഴിയില്ല. അവന്റെ നിശ്ചയത്തെ മാറ്റിമറിക്കാന്‍ ആരുമില്ല ഈ പ്രപഞ്ചത്തില്‍. അതൊരു വല്ലാത്ത ഉറപ്പാണ്. പിന്നെ, ഏത് പ്രതികൂലാവസ്ഥയിലും സത്യം ദയ കൈവിടരുത്. അല്ലെങ്കില്‍ മഴ കണ്ട് പേടിച്ച അര്‍ബാബിനെ കൊല്ലാന്‍ നജീബിന് കഴിയുമായിരുന്നു. ഒരു കാഞ്ചിവലിക്കേണ്ട താമസം മാത്രമുണ്ടായിരുന്നുള്ളൂ - അര്‍ബാബ് എങ്ങനെയെങ്കിലും നശിച്ചുപോട്ടെ എന്നായിരുന്നു വായനക്കിടയില്‍ എന്റെ പ്രാര്‍ഥന. കൊല്ലാതിരുന്ന നജീബിനോടൊപ്പം ദ്വേഷ്യം തോന്നു.

ഡല്‍ഹിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ വന്ന പുസ്തകക്കാരനില്‍ നിന്നാണ് ഞാന്‍ ഈ ബുക്ക് വാങ്ങിയത്. പല സഹയാത്രികരും വായിച്ചതിനുശേഷമാണ് എനിക്കത് കിട്ടിയത്. ബുക്കിനെപ്പറ്റി മുമ്പ് മാധ്യമത്തിലുണ്ടായിരുന്നു. ഇത്രക്കുണ്ടാകുമെന്ന് ബുക്ക് വാങ്ങിയപ്പോഴും കരുതിയിരുന്നില്ല.

ഗ്രന്ഥകാരന് പ്രത്യേക നന്ദി.