Sunday, July 10, 2011

അലക്‌സാന്‍ഡ്രിയയുടെ കണ്ണുനീര്‍

(ഡോ. മുഹമ്മദ് മൂസാ ശരീഫ് എന്ന ഒരു അറബി ലേഖകന്‍ എഴുതിയ دموع في الإسكندرية എന്ന ലേഖനത്തിന്റെ ആശയ വിവര്‍ത്തനം)


ഒരു ജോലിയാവശ്യാര്‍ഥമാണ് ഞാന്‍ അലക്‌സാന്‍ഡ്രിയയിലേക്ക് പോയത്. ഈജിപ്ഷ്യന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ഞാന്‍ അവിടെ പോയത്. പ്രതീക്ഷിച്ചതിലും വളരെ സന്തുഷ്ടരായാണ് എനിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങളിലെ പ്രതീക്ഷ മുഖത്ത് വ്യക്തമാകുന്നുണ്ട്. മനസ്സിലും ചിന്തയിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. എവിടെ നോക്കിയാലും ഹൃദയം നിറഞ്ഞ സന്തോഷവും സമാധാനവും മാത്രം. അല്ലാഹുവിനു മാത്രം സര്‍വസ്തുതിയും.

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തുള്ള പ്രസിദ്ധമായ ഇബ്‌റാഹിം പള്ളിയിലാണ് ഞാന്‍ ജുമുഅയ്ക്ക് പങ്കെടുത്തത്. അശ്ശൈഖ് അഹമ്മദ് അല്‍ മഹല്ലാവിയാണ് അവിടെത്തെ ഖത്തീബ് - വിപ്ലവാനന്തരം പള്ളിയില്‍ അഭൂതപൂര്‍വമായ തിരക്കാണത്രെ! 1981ല്‍ അന്‍വര്‍സാദത്ത് ജയിലിലടച്ച ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു മാന്യദേഹം. 30 കൊല്ലം മുമ്പ് "പട്ടിയെപ്പോലെ അദ്ദേഹത്തെ കൂട്ടിലാക്കി' എന്ന് സാദത്ത് പരിഹാസപൂര്‍വം പറയുകണ്ടായി. എന്നാല്‍, അല്ലാഹുവിന്റെ വിധി എന്നു പറയട്ടെ, സാദത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയാണുണ്ടായത്. ശൈഖ് മഹല്ലാവി ഉജ്ജ്വല വാഗ്മിയായി 30 കൊല്ലത്തെ ജയില്‍വാസത്തിനുശേഷം പുറത്തു വന്നിരിക്കുന്നു. സുബ്ഹാനല്ലാഹ്... 85 വയസ്സുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാല്‍ ഒരു യുവാവിന്റെ ശബ്ദം. ما شاء الله لا قوة إلا بالله

സൂറ: ഇന്‍ശിഖാഖിന്റെ ആദ്യ ആയത്തുകളിലൂന്നി അദ്ദേഹം അന്ത്യദിന പ്രയാസങ്ങളാണ് ഒന്നാമത്തെ ഖുതുബയില്‍ അവതരിപ്പിച്ചത്. രണ്ടാമത്തെ ഖുതുബ ഇപ്പോഴത്തെ ഈജിപ്ഷ്യന്‍ ഉപപ്രധാനമന്ത്രിയായ യഹ് യല്‍ ജമലിനെ കടന്നാക്രമിക്കാനാണുപയോഗിച്ചത്. ഭരണഘടന മാറ്റാനുള്ള ഈജിപ്ഷ്യന്‍ ജനതയുടെ തീരുമാനത്തെ ഛിദ്രപ്പെടുത്തിയതിനെയും ഭൗതികവാദികളും ഇടതുപക്ഷവുമായി ചേര്‍ന്ന് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും യുദ്ധം പ്രഖ്യാപിച്ച അയാളുടെ ചെയ്തികളെയും ശൈഖ് നിശിതമായി വിമര്‍ശിച്ചു. എങ്കിലും സന്തുലിതമായ ഒരു ശൈലിയായിരുന്നു അത്. നമസ്കാരശേഷമായിരുന്നു ബാക്കി പരിപാടികള്‍. ഇഖ്‌വാനികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു. പള്ളിക്കു പുറത്ത് പള്ളിയോടു ചേര്‍ന്ന് നിര്‍മിച്ച ഒരു സ്റ്റേജിലായിരുന്നു - ജനനിബിഡമായ സദസ്സിനെ അദ്ദേഹം യഹ് യന്‍ ജമലിന്റെ അബദ്ധങ്ങളെ തുറന്നുകാട്ടി. പിന്നീട് സംസാരിച്ചത് ചരിത്രഗവേഷകയായ ഡോ. അമല്‍ ഖലീഫയായിരുന്നു. ഫലസ്തീന്‍-അഖ്‌സാ വിഷയങ്ങളെ അവര്‍ വിശദമായി സദസ്യര്‍ക്ക് വിവരിച്ചുകൊടുത്തു. ഈജിപ്തിലെ സാമ്രാജ്യത്വവാദികളുടെയും സെക്യുലറിസ്റ്റുകളുടെയും 'തൊണ്ടയിലെ മുള്ള്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുബ്ഹിസലാം എന്ന രാഷ്ട്രമീമാംസാ വിദഗ്ധനായിരുന്നു പിന്നീട് സംസാരിച്ചത്. ഈജിപ്ഷ്യന്‍ ജനത ഇസ്‌ലാമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതല്ലാത്തതൊന്നും അവര്‍ക്ക് സ്വീകാര്യമല്ല. എന്നാല്‍ 60 കൊല്ലമായി ഈജിപ്ത് കേട്ടിട്ടില്ലാതിരുന്ന ഒരു മുദ്രാവാക്യം എന്റെ ഹൃദയത്തെ തരളിതമാക്കി. കണ്ണുനീര്‍ച്ചാലിട്ടൊഴുകാന്‍ തുടങ്ങി എന്തായിരുന്നുവോ ആ മുദ്രാവാക്യങ്ങള്‍?

خيبر خيبر يا يهود
جيش محمد هنا موجود

""യഹൂദികളേ, ഖൈബറിലേക്ക്-ഖൈബറിലേക്ക്. മുഹമ്മദിന്റെ സൈന്യം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.'' ഇതുവരെ جيش محمد سوف يعود - മുഹമ്മദിന്റെ സൈന്യം തിരിച്ചുവരും എന്നേ മുദ്രാവാക്യം ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ ഈജിപ്ത് ലോകത്തിന് നേതൃത്വം കൊടുക്കുന്നിടത്തേക്കുയര്‍ന്നിരിക്കുന്നു. ഫതഹ് ഗ്രൂപ്പിന്റെയും ഹമാസ് ഗ്രൂപ്പിന്റെയും സ്വരച്ചേര്‍ച്ചയ്ക്കുവേണ്ടി ഈജിപ്ത് എല്ലാ സജ്ജീകരണങ്ങളും പദ്ധതികളും ഒരുക്കുന്നുണ്ട്. തന്റെ കൈക്കുഞ്ഞിനെ മാതാവ് സംരക്ഷിക്കുംപോലെ ഈ സമാധാന കരാറിനെ എല്ലാവരും അംഗീകരിക്കണം. ഫതഹ് ഹമാസ് വിള്ളലിലൂടെ യഥാര്‍ഥ ഗുണമെടുക്കുന്നത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുവായ ഇസ്രായേലാണ്.

അപ്രകാരം തന്നെ ശ്രദ്ധേയമായ ചില മുദ്രാവാക്യങ്ങളും കേള്‍ക്കാനിടയായി.
على القدس رايحين، شهداء بالملابين يا فلسطين، يا فلسطين، دمك دمي و دينك ديني
ഫലസ്തീന്‍ വിഷയം ഒരു രാജ്യത്തിന്റെ പ്രശ്‌നമെന്നതിലുപരി ഇസ്‌ലാമിന്റെ കൂടി പ്രശ്‌നമാണെന്നിടത്തേക്ക് എത്തിക്കാന്‍ ഈ വിപ്ലവകാരികള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഫലസ്തീന്‍, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ പതാകകള്‍ അവിടെ ഉയര്‍ത്തപ്പെട്ടിരുന്നു. ഈജിപ്ത് പുരാതനകാലം മുതല്‍ മനുഷ്യനാഗരികതയ്ക്ക് പേരുകേട്ട നാടാണ്. ഒരിക്കല്‍ക്കൂടി ഈജിപ്ത് ചരിത്രനിയോഗം ഏറ്റെടുത്തപോലെ.

ഞാന്‍ അവിടെ പരിചയപ്പെട്ട ഒരു പ്രധാനിയാണ് ഡോ. മുഹമ്മദ് അഹ്മദ് ഇസ്മാഈല്‍ അവര്‍കള്‍. അലക്‌സാന്‍ഡ്രിയയിലെ ലഫീ ആത്മാവാണദ്ദേഹം. മുസ്‌ലിംകളെ പരസ്പരവും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തല്ലിക്കുന്ന പരിപാടി എന്ത് വിലകൊടുത്തും അവസാനിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. ഈജിപ്തിന്റെ നന്മയില്‍ താല്‍പര്യമുള്ള ആരും ഈ കാര്യത്തില്‍ അലംഭാവം വരുത്തരുത്. മാന്യനും വിനയാന്വിതനും സ്വഭാവമഹിമയുടെ ഉടമയും ആണ് ഇദ്ദേഹം.

അബ്ദുല്‍ ഖവിയ്യ് (എന്‍ജിനിയര്‍) മജ്ദി ഉസ്മാന്‍ (അഡ്വക്കേറ്റ്) എന്നിവരെയും ഞാനീ യാത്രയില്‍ കാണുകയുണ്ടായി. അവര്‍ രണ്ടുപേരും എന്റെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധപുലര്‍ത്തി, സേവനങ്ങള്‍ ചെയ്തുതന്നു. കൂടാതെ ഒരുപാട് നല്ല നിഷ്കളങ്കരായ വ്യക്തിത്വങ്ങളെയും ഞാനീ യാത്രയില്‍ പരിചയപ്പെട്ടു. സുബ്ഹിസ്വാലിഹ്, ഹക്കീം മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. ഇവരുടെയൊക്കെ നല്ല ലക്ഷ്യങ്ങള്‍ റബ്ബ് പൂര്‍ത്തീകരിച്ചുകൊടുക്കട്ടെ. ആമീന്‍. ഈജിപ്തിന് ഇസ്‌ലാമികലോകത്തിന്റെ നേതൃപദവിയിലേക്കുയരാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

1 comment:

  1. ഫലസ്തീന്‍, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ പതാകകള്‍ അവിടെ ഉയര്‍ത്തപ്പെട്ടിരുന്നു. ഈജിപ്ത് പുരാതനകാലം മുതല്‍ മനുഷ്യനാഗരികതയ്ക്ക് പേരുകേട്ട നാടാണ്. ഒരിക്കല്‍ക്കൂടി ഈജിപ്ത് ചരിത്രനിയോഗം ഏറ്റെടുത്തപോലെ.

    സേച്ചാധിപത്ത്തിന്റെ കറുത്ത നാളുകള്‍
    അവസാനിക്കും
    മുല്ല പൂമ്പോടിയില്‍ പുതിയ ലോകക്രമം ഉയര്‍ന്നു വരും
    ആധുനിക ഫറോവയും ഹാമാനും നംറൂദും
    കാലത്തിന്റെ ചവറ്റു കോട്ടയില്‍ എറിയപ്പെടും

    ReplyDelete