Friday, September 2, 2011

സയ്യിദ് ഖുതുബ്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി

സയ്യിദ് ഖുതുബ് - ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിപ്ലവകാരി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഇന്നും തീവ്രവാദം മുഴുവന്‍ അദ്ദേഹത്തില്‍ മുദ്രകുത്തപ്പെടുകയാണ്. മൗലാനാ മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടിലെ ലോകം കണ്ട മികച്ച പണ്ഡിതനാണ്. അദ്ദേഹത്തെപ്പറ്റി മൗദൂദി സ്മൃതിരേഖകളില്‍ വളരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കേരളക്കരയില്‍ ആദ്യമായി മഹാനായ സയ്യിദ് ഖുതുബിനെപ്പറ്റി ഒരു ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നു. ഐ.പി.എച്ച്. (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുഗ്രഹീത എഴുത്തുകാരനായ വി.എ.കബീറാണ് ഗ്രന്ഥരചന നടത്തിയത്. മഹാനായ രക്തസാക്ഷിയെ സംബന്ധിച്ച് ഇത്ര നല്ലൊരു ഗ്രന്ഥം - ചെറുതെങ്കിലും - പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കബീര്‍ വിജയിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

ശഹീദിന്റെ അവസാന രംഗങ്ങള്‍ വായിച്ചുപോകുമ്പോള്‍ കണ്ണുനീരണിയാതെ വായനക്കാരന് നീങ്ങാനാവില്ല. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ في ظلال القرآن എന്ന ഖുര്‍ആന്‍ തഫ്‌സീറുമായി ആത്മബന്ധമുള്ളവര്‍ക്ക്. في ظلال القرآن അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. ഖുര്‍ആനിലൂടെ ഒഴുകി, അതിന്റെ സുന്ദരമായ ദൃശ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന അത്യന്തം ഹൃദയാവര്‍ജ്ജക ശൈലിയാണ് ഖുതുബിന്റേത്. ആ സാഹിത്യഗ്രന്ഥത്തില്‍ ഒരിടത്തിങ്ങനെ വായിക്കാം: ''മനുഷ്യന്‍ മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന്‍ അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.

എത്ര സുന്ദരമായ വാക്യങ്ങള്‍! സെയ്യിദ് ഖുതുബിനെയും അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും സംശയദൃഷ്ട്യാ കാണുന്നവര്‍ കബീറിന്റെ ഈ പുസ്തകം മനസ്സിരുത്തി വായിക്കുക. എന്നിട്ട്, നിങ്ങള്‍ക്ക് അതില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എന്താണ് ലഭിക്കുന്നത് എന്ന് നോക്കുക. لم أعدمونى അവരെന്തിനാണ് എന്നെ നശിപ്പിച്ചത് എന്ന ഗ്രന്ഥത്തെയാണ് കബീര്‍ കാര്യമായി അവലംബിച്ചിരിക്കുന്നത്. യാതൊരു വളച്ചൊടിക്കലും ഏച്ചുകെട്ടലും ഗ്രന്ഥത്തില്‍ ഇല്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുവരെ പുകമറയിലായിരുന്ന ചില വസ്തുതകള്‍ ഈ കൊച്ചുകൃതിയിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നു. 

അതില്‍, എന്നെ ആകര്‍ഷിച്ച വശം, അലി അശ്മാവി എന്നയാള്‍ നടത്തിയ ഉപജാപ പ്രവര്‍ത്തനമാണ്. ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും നേരിടേണ്ടിവരാവുന്ന ഒരു ദുര്‍ഘട സന്ധി എന്നുതന്നെ പറയാം അതിനെ. വായനക്കാരന്റെ ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്ന ഒരു കാര്യമാണത്. അതായത്, ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കരുതിക്കൂട്ടി തീവ്രവാദികളാക്കി മുദ്രകുത്താന്‍ അലിഅശ്മാവി എന്ന മനുഷ്യന്‍ നടത്തിയ ഹീനമായ പ്രവര്‍ത്തനം എന്ന് അതിനെ പറയാം. ഇനിയും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ 'അലിഅശ്മാവി'മാര്‍ നുഴഞ്ഞുകയറും. പിശാചിന് എന്തെങ്കിലും പണി ഉണ്ടാകാതെ തരമില്ലല്ലോ. നബി(സ)യുടെ കാലത്ത് നുഴഞ്ഞുകയറിയ മുനാഫിഖുകളോട് ഇത്തരക്കാരെ ഉപമിക്കാനാകും. 

ആധുനിക കാലഘട്ടത്തില്‍ അതിന് ഭരണകൂട ഭീകരതയുടെ well planned പദ്ധതി സഹായകമായി ഉണ്ടാകും. ഈജിപ്തിലും തുനീസിലും വിജയംകണ്ട മുല്ലപ്പൂ വിപ്ലവത്തെ കശക്കി എറിയാന്‍ എത്ര അണിയറ നാടകങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടാകും? നീതിയും സത്യവും പുലരുന്ന ഒരു ലോകം പിറവിയെടുക്കുന്നതിന് സാക്ഷികളാകാന്‍ നമ്മെയെല്ലാം സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.

നക്‌സലുകള്‍ക്ക് അന്യമല്ലെങ്കിലും ബാക്കി പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. (നക്‌സല്‍ പ്രസ്ഥാനത്തിന്റെ സത്യാസത്യങ്ങളെ നിരൂപണം നടത്തുകയല്ല ഞാനിവിടെ). പക്ഷേ, അവരെ കടപുഴക്കാന്‍ ജയറാം പടിക്കല്‍ എടുത്ത അടവും ഇതുതന്നെയായിരുന്നു എന്ന് കബീര്‍ സമര്‍ഥിക്കുന്നു (പേജ് 56)
സാമൂഹ്യപരിവര്‍ത്തനത്തിന് ശ്രമിക്കുന്ന, അല്പമെങ്കിലും ചുറുചുറുക്കുള്ള സംഘടനകള്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണിത്. മുമ്പ് നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന, വളരെ ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. എന്റെ പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ സത്ത് നഷ്ടപ്പെടുകയും ചെയ്ത അന്ന് രാത്രി 'എനിക്കിനി ജീവിക്കേണ്ട' എന്നുവരെ തോന്നിപ്പോയി എന്ന്. അദ്ദേഹം ഒരിക്കലും കുടിലമായ സായുധ പോരാട്ടത്തെ അംഗീകരിക്കുന്ന ആളല്ല. എന്നാല്‍, ആദിവാസിപ്പെണ്‍കൊടിമാര്‍ക്ക് സൈ്വര്യമായി അന്തിയുറങ്ങാന്‍ സമ്മതിക്കാത്ത, നരാധമന്മാരെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ സ്വയരക്ഷയ്ക്ക് സാധിക്കാത്ത സാധുസ്ത്രീകള്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളെങ്കിലും താങ്ങും തണലുമാകണ്ടേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.


നമുക്ക് സയ്യിദ് ഖുതുബിലേക്കുതന്നെ പോകാം. സയ്യിദ് ഖുതുബ് അതിവിശിഷ്ട സാഹിത്യകാരനും കൂടിയാണ്. സാഹിത്യത്തിലും നിരൂപണത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍. അതിനുശേഷമാണ് ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് കാര്യമായി തിരിയുന്നത്. അദ്ദേഹം രക്തസാക്ഷിയായി കൃത്യം 45 കൊല്ലം തികയുന്ന ആഗസ്ത് മാസത്തില്‍ത്തന്നെ ഗ്രന്ഥം നമ്മുടെ കൈകളിലെത്തുന്നു. മലയാളത്തിന് 45 കൊല്ലം കാത്തിരിക്കേണ്ടിവന്നു ഇത്തരം ഒരു കൃതി ലഭിക്കാന്‍ എന്നത് അദ്ദേഹത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടിക്കാണും. എങ്കിലും സയ്യിദ് ഖുതുബിന്റെ പല കൃതികളും - ഖുര്‍ആന്റെ തണലില്‍ അടക്കം - മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല.
ഗ്രന്ഥത്തിന്റെ ആമുഖപ്പേജില്‍ ചേര്‍ക്കപ്പെട്ട ഖുതുബിന്റെ ഒരു വാചകം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു - ''നമ്മുടെ വാക്കുകള്‍ ജീവിതപാതയിലെ നിശ്ചല പ്രതിമകള്‍ മാത്രമാകുന്നു. ആ പാതയി രക്തമിറ്റി വീഴുമ്പോള്‍ അവയിലേക്ക് ജീവന്‍ അരിച്ചെത്തുന്നു.''


സ്വന്തം രക്തം കൊണ്ടും ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.


വാല്‍ക്കഷണം: ഇന്നും നീതിനിഷേധിക്കപ്പെട്ട് കല്‍ത്തുറുങ്കില്‍ കിടക്കുന്നവര്‍ക്കുവേണ്ടി നാം എന്ത് ചെയ്യുന്നു? ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്. ഒരു കാര്യം, അനീതി അധികം കാലം വാഴില്ല. സത്യം എന്നാണെങ്കിലും മറനീക്കി പുറത്തുവരും. 'മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും ദൈവത്തിനും ഇടയില്‍ മറയില്ല' എന്ന പ്രവാചകവചനം അക്രമകാരികള്‍ ഓര്‍ത്തിരുന്നെങ്കില്‍!


വസ്സലാം

10 comments:

  1. സയ്യിദ്‌ ഖുതുബിനെ കുറിച്ച് പുസ്തകം ഇറങ്ങിയത് വളരെ സന്തോഷകരം ആണ്. ആ മഹാനെ കുറിച്ച് "ഏതാണ്ട് ഒരു ധാരണ" മാത്രമേ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക്‌ പോലും ഉള്ളൂ..(ബുക്ക്‌ വായിച്ചില്ല... )

    ReplyDelete
  2. ''മനുഷ്യന്‍ മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന്‍ അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.
    പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  3. സ്വന്തം രക്തം കൊണ്ടും ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  4. പുസ്തകങ്ങള്‍ പുറത്തു വരട്ടെ.. അപ്പോഴാണല്ലോ ചര്‍ച്ചകള്‍ നടക്കുക. വി എ കബീര്‍, സ്വദേശി അറബികളായ കവികളോട് കിടപിടിക്കുന്ന അറബികവിയാണ്. അദ്ദേഹത്തിന്റെ പുസ്തകം വലിയ വിജയമാവും എന്നതില്‍ സംശയമില്ല. ഖുതുബിനോടും ഖുതുബിയന്‍ ആശയങ്ങളോടും വിയോജിപ്പുണ്ടെങ്കിലും, ഇനി കബീര്‍ സാഹിബിന്റെ പുസ്തകത്തില്‍ എന്താണ് പറയുന്നതെന്നും പഠിക്കാമല്ലോ.
    പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  5. salaam ....I think Sayyid Qutub was someone who was a bit alien to us but once if we start reading FI DHILALIL QURAN....all the doubts will disappear. His description of the Holy Quran is a bit different in the sense that we tend to love the Holy book. we tend to emulate the things thats being said in the Holy Quran. and regarding his Iman and faith.....ya Allah its something that send chills along my spine. Smilingly he embraces death. he says that death in any mans life is just a stopover during our long long never ending journey. rather its just the beginning of a beautiful eternal life. and hes doesnt stoop in front of the Jahiliyya ruler at any time during his life....inshaAllah we have to discuss more about these eminent figures in the history. i would ask my loving brothers n sisters to go through the writings of another genius...Mr Khurram Murad. May Almighty make our lives blessed hereafter.

    ReplyDelete
  6. mon ithin commend ittath umma kandirunnill..rabb anugrahikkatte...ameen....

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഈജിപ്തിലെ കോളോണിയൽ ഭരണവാഴ്ചക്കെതിരെയും ഭരണകൂടത്തിന്റെ നീതിപൂർവ്വമല്ലാത്ത ചിന്താഗതികളെയും തന്റെ തൂലിക പടവാളാക്കി വിമർശനാത്മകവും നിദ്ദേശാത്മകവുമായ രചനകളിലൂടെ വിപ്ലവം സൃഷ്ടിച്ച രക്തസാക്ഷിയാണ് സയ്യിദ് ഖുതുബ്. രക്തസാക്ഷിയായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്നും അദ്ദേഹം രചനകളിലൂടെ ജീവിക്കുന്നുണ്ട്.
    വി.എ കബീർ സാഹിബിന്റെ ഈ രചന വളരെ പ്രശംസനാർഹമാണ് .
    وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ
    (സൂറ - അൽ-ബഖറ 154)

    ReplyDelete