Thursday, February 16, 2012

മുട്ടുവിൻ, തുറക്കപ്പെടും

കാലങ്ങളുടെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവില്‍ ഒരു കാര്യം സാധിച്ചുകിട്ടുക എന്നു പറഞ്ഞാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമാണ്. എന്റെ ജീവിതത്തിലെ അത്തരമൊരു ദിവസമായിരുന്നു 14.2.2012.


കേരള യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഹദീസ് കോണ്‍ഫറന്‍സിന് വന്ന അറബിസുഹൃത്തുക്കളുമായി സംസാരിച്ച് പരിചയപ്പെടുന്നതിനിടയിലാണ് അശ്‌റഫു സഅദി എന്ന ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ വിചക്ഷണനെ പരിചയപ്പെടുന്നത്. കാലങ്ങളായി എ്‌ലാ മിസ്‌രികളോടും ചോദിക്കാറുള്ള ചോദ്യം ഞാന്‍ ചോദിച്ചു: അംറ്ഖാലിദിനെ അറിയുമോ?
അദ്ദേഹത്തിന്റെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. 'ഉവ്വ്. എന്റെ സുഹൃത്താണ്.'
കഴിഞ്ഞയാഴ്ച ഞാനും അദ്ദേഹവും ഖുര്‍ആന്‍ സുന്നത്ത് യോഗത്തില്‍ സംബന്ധിച്ചിരുന്നു. എന്റെ സന്തോഷത്തിനതിരില്ലാതായി. സാവധാനത്തില്‍ സന്തോഷം കൊണ്ട് കരയാന്‍ തുടങ്ങി. 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പറഞ്ഞപോലെ.


അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിട്ട് ഞാനദ്ദേഹത്തിന് എത്ര എഴുത്തുകള്‍ എഴുതി. ഒന്നിനും മറുപടി വന്നില്ല. തിരക്കുള്ള മനുഷ്യനാണെന്നറിയാം. കേരളത്തിലെ ഒരു സാദാ പെണ്ണിന് എങ്ങനെ ഒരു മറുപടി ലഭിക്കാന്‍! ഞാന്‍ പലപ്പോഴും പ്രാര്‍ഥിച്ചിട്ടുണ്ട്, അദ്ദേഹവുമായി എങ്ങനെയെങ്കിലും ഒരു ബന്ധം സ്ഥാപിക്കണമെന്ന്.


ഒരിക്കല്‍ മക്കത്തുവെച്ച് കണ്ട ഒരു മിസ്‌രി സഹോദരിയുടെ കൈയില്‍ ഒരു കത്ത് കൊടുത്തയച്ചിരുന്നു. മാഫീ ജവാബ് - അംറ്ഖാലിദ് തന്നെ പറഞ്ഞ ഒരു വാചകമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. ''നീ വാതിലില്‍ മുട്ടുക. നിരാശപ്പെടരുത്. ഒരുപക്ഷേ, നിന്റെ സുഹൃത്ത് നിന്റെ മുട്ട് കേട്ടുകാണില്ല. അല്ലെങ്കില്‍ അദ്ദേഹം അത്യാവശ്യം വല്ല പണിയിലുമായിരിക്കും. എന്തായാലും തുറക്കാത്ത ഏതു വാതിലും ഒരു ദിവസം തുറക്കും.''


എനിക്കിപ്പോള്‍ അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള വാതിലാണ് തുറന്നുകിട്ടിയിരിക്കുന്നത്. എന്റെ സംസാരവും കണ്ണുനീരും കണ്ടപ്പോള്‍ അഷ്‌റഫ് സഅദി മൊബൈല്‍ എടുത്തു. അംറ്ഖാലിദിന്റെ നമ്പര്‍ എടുത്തു. എന്റെ ഡയറി വാങ്ങി അതില്‍ അദ്ദേഹത്തിന്റെ നമ്പര്‍ കുറിച്ചുതന്നു. അത്യദ്ഭുതം. എനിക്കെന്നെ വിശ്വസിക്കാനായില്ല. നാലു കൊല്ലമായി മുട്ടിക്കൊണ്ടിരിക്കുന്ന വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു (എന്റെ വായനക്കാര്‍ ഇക്കാര്യം ഞാന്‍ പല പോസ്റ്റുകളിലും പറഞ്ഞത് ഓര്‍ക്കുന്നുണ്ടാകും). വലില്ലാഹില്‍ ഹംദ് - എന്റെ വൈകാരിക ഭാവങ്ങള്‍ കണ്ട് സഅദി പറഞ്ഞു. أنت سوّ رسالة له (നീ അദ്ദേഹത്തിന് ഒരു കത്തെഴുതിത്തരിക).
ഞാന്‍ മാധ്യമം ഡയറി തുറന്ന് എഴുതാന്‍ തുടങ്ങി. ബസ്സിലിരുന്നാണെഴുതിയത്. നാല് പേജ് വേഗം കുത്തിക്കുറിച്ചു. സഅദിക്ക് നീട്ടി. അദ്ദേഹത്തോട് വായിക്കാന്‍ പറഞ്ഞു. അതീവ സന്തോഷത്തോടെ അദ്ദേഹം വായിച്ചു. ശേഷം അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നല്ല സുന്ദരമായ ഒരു കവര്‍ എന്റെ നേരെ നീട്ടി. അതില്‍ കത്തിടാന്‍ പറഞ്ഞു. ഒട്ടിച്ച് അംറ്ഖാലിദിന്റെ പേരെഴുതി പിറകില്‍ എന്റെ പേരും അഡ്രസ്സും എഴുതി തിരിച്ചകൊടുത്തു. ഒരു വല്ലാത്ത അനുഭവം. ഹൃദയാന്തരങ്ങളില്‍നിന്ന് റബ്ബിനുള്ള സ്തുതി ഉയരുന്നു. അദ്ദേഹത്തിന് എന്റെ കത്ത് കിട്ടുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. اللهم استجب - അല്ലാഹു സുബ്ഹാനഹു വതആല ഏതു കാര്യത്തിനും ഒരു നിശ്ചിത സമയം വെച്ചിട്ടുണ്ടാകും. അദ്ദേഹത്തെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ സരളമായ ശൈലിയും ആരെയും ഒരിക്കലും വിമര്‍ശിക്കാത്ത ശൈലിയുമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഘടകം.
ഏതായാലും അദ്ദേഹത്തിന് വിശദമായി ഒരു കത്തുകൂടി എഴുതി സഅദി വശം തന്നെ കൊടുക്കണം. എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റും - ഇന്‍ശാ അല്ലാഹ്.

2 comments:

  1. എന്തിനാ ടീച്ചറെ കത്ത് എയുതാന്‍ നില്‍ക്കുന്നത് . ഇമെയില്‍ അയച്ചാല്‍ പോരെ ...അദ്ദേഹം facebookil ഉണ്ടല്ലോ


    pinney gift enikku ayachu thnnal mathi,,njan adhehathinu kodukkaam ..

    insha allaah pratheeksha kai vediyanda !!!

    ReplyDelete
  2. ente ponnu teachere .......aa kannukalil virincha santhosham enne karayippiikkunnu.......

    ReplyDelete