Thursday, August 16, 2012

റമദാന്‍ വിടപറയുമ്പോള്‍

ജനങ്ങള്‍ ഖുര്‍ആന്റെ അര്‍ഥം പഠിക്കാത്തത് വല്ലാത്ത അദ്ഭുതമായി തോന്നുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഖുര്‍ആനെപ്പറ്റിയുള്ള ചര്‍ച്ചയാണ്. അല്ലാഹുവിനെ സ്തുതിക്കുന്നു. എല്ലാവരും ഖുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യാത്തതെന്ത് എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഏത് പ്രയാസത്തിനും സമാധാനം നല്‍കുന്ന ഖുര്‍ആന്‍ നമ്മുടെ കൈയിലുണ്ടായിട്ട്, ലോകം എന്താണിങ്ങനെ?
عالم الجيولوجي فيه وهيئة

بل كلّ مشيئ عنه فيه بيان
ഖുര്‍ആനെ വര്‍ണിച്ചുകൊണ്ട് ഒരു കവി പാടിയതാണ്. ഭൂഗര്‍ഭശാസ്ത്രമുണ്ടതില്‍, ഗോളശാസ്ത്രമുണ്ട്. എന്നുവേണ്ട, എല്ലാ കാര്യവും അതില്‍ വ്യക്തമായിട്ടുണ്ട്. സുഹൃത്തുക്കളേ, നമ്മുടെ പ്രശ്‌നങ്ങളുമായി ദയവുചെയ്ത് ഒന്ന് ഖുര്‍ആനെ സമീപിച്ചുനോക്കുക. ഊരാക്കുടുക്കുള്ള പ്രശ്‌നങ്ങളെ ഖുര്‍ആന്‍ അഴിച്ചുതരുന്നത് കാണാം.


ഒരിക്കല്‍ ഒരു പത്താംക്ലാസ് വിദ്യാര്‍ഥി. അവന് തീവ്രവാദിയാകണമത്രെ. എന്താണ് തീവ്രവാദമെന്നോ അതിന്റെ ഗൗരവമോ അറിയാത്ത 15കാരന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സത്യത്തില്‍ ഞാനാകെ കുഴങ്ങി. മിഥ്യാബോധമോ യാഥാര്‍ഥ്യബോധമോ അവനെ നയിക്കുന്നതെന്നും എനിക്ക് മനസ്സിലായില്ല. ഖുര്‍ആനില്‍ ഇവന്റെ ചിന്താഗതികളെ തര്‍ക്കാനുള്ള പരിഹാരം തേടി ഞാന്‍ അലഞ്ഞുനടന്നു. ഓരോ പ്രയാസഘട്ടങ്ങളിലും വിശുദ്ധ ഖുര്‍ആന്‍ എനിക്ക് താങ്ങും തണലുമായി. ഖുര്‍ആന്‍ ഉള്ളിലുള്ള ഒന്നുരണ്ട് മനുഷ്യരും സഹായിച്ചു. ഏകദേശം ഒരാഴ്ചകൊണ്ട് അവനെ ബാധിച്ച അസുഖം എന്താണെന്ന് പിടികിട്ടി. ഒരുതരം രക്ഷപ്പെടല്‍ അഥവാ escapism എന്ന് പറയില്ലേ. അതായിരുന്നു അവനെ ബാധിച്ചിരുന്നത്. ചില പാഠ്യവിഷയങ്ങളിലെ അറിവില്ലായ്മ മൂലം അവന്‍ പരീക്ഷയില്‍ തോല്‍ക്കുമെന്നുറപ്പിച്ച് ജീവിക്കുകയാണ്. പരീക്ഷ എഴുതുകയില്ലെന്ന് എന്നോട് തീര്‍ത്ത് പറഞ്ഞു. മാത്രമല്ല, എന്റെ തീരുമാനത്തില്‍നിന്ന് എന്നെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്ന് എനിക്കെഴുതിത്തന്നു.
എന്നാല്‍, മൂസയുടെ വടിയും കൈയും മാറിമാറി ഉപയോഗിച്ച് എനിക്കവന്റെ മനസ്സ് പതം വരുത്താന്‍ കഴിഞ്ഞു. الحمد لله


ഖുര്‍ആന്‍ പറഞ്ഞില്ലേ, ''അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് മൃദുലമായി പെരുമാറുന്നത്. നീ ഒരു പരുഷനും മൊശടനുമായിരുന്നെങ്കില്‍ അവര്‍ എന്നോ നിന്റെയടുത്തുനിന്ന് പോകുമായിരുന്നു''. പ്രവാചകനോടാണീ പ്രഖ്യാപനമെങ്കിലും അദ്ദേഹത്തിന്റെ അനുയായികളായ നമുക്കും ഉണ്ട് ഇതില്‍ സൂചനകള്‍.

തിന്മകള്‍ അടിമപ്പെട്ടവരെ വളരെ കരുതലോടെ മാത്രം സമീപിക്കാന്‍ നമുക്കാവണം. മുറിവേറ്റ അവരുടെ ഹൃദയങ്ങള്‍ക്കുള്ള മുറിമരുന്ന് നമ്മുടെ കൈകളിലനാണുള്ളതെന്ന് മറക്കാതിരിക്കണം. റസൂലുല്ലാടെ സ്‌നേഹം കൊണ്ടല്ലേ കുറഞ്ഞ കാലം കൊണ്ട് തുല്യതയില്ലാത്ത വിപ്ലവം നടന്നത്. ഇന്ത്യയില്‍ വന്ന സൂഫിവര്യന്മാരുടെ ആര്‍ദ്രതയും സൗമ്യശീലവും ലാളിത്യവുമല്ലേ ഇസ്‌ലാമിലേക്ക് ഇവിടത്തെ ജനതയെ ആകര്‍ഷിച്ചത്.
ഇന്ന് നാമെവിടെ? നമ്മുടെ ഖുര്‍ആനെവിടെ? എന്ത് മാര്‍ഗദര്‍ശനമാണ് ഖുര്‍ആനില്‍നിന്ന് നാം സ്വീകരിക്കുന്നത്? ആദം ഭൂമിയിലേക്ക് എത്തുമ്പോള്‍ റബ്ബ് പറഞ്ഞില്ലേ, ''നിങ്ങള്‍ക്കെന്റെ മാര്‍ഗദര്‍ശനം വരും. അതിനാല്‍ ആരെങ്കിലും എന്റെ മാര്‍ഗദര്‍ശനത്തെ പിന്‍പറ്റിയാല്‍ അവന് ഭയമോ ദുഃഖമോ ഉണ്ടാകില്ല എന്ന്.


വിശുദ്ധ റമദാന്‍ വിടപറയുന്ന ഈ വേളയില്‍ അല്പനേരം ഇരുന്ന് ചിന്തിക്കുക. എന്റെ ജീവിതവും ത്യാഗവും പ്രാര്‍ഥനകളും മരണവും സമീപ്പിച്ചു എന്ന് പ്രതിജ്ഞകൊടുത്ത നാഥന്റെ മാര്‍ഗദര്‍ശനമാണോ പരിപൂര്‍ണമായും നമ്മെ നയിക്കുന്നത് എന്ന്. എത്ര ഖത്തം തീര്‍ത്തു എന്നതല്ല കാര്യം. ഓരോ പാരായണവും നമ്മുടെ മനസ്സിന്റെ അകത്തളങ്ങളില്‍ നടത്തിയ വേലിയേറ്റത്തിന്റെ തോത് എത്ര എന്ന് ചിന്തിക്കലാണ് കാര്യം. അതല്ലെങ്കില്‍ വെറും കത്ത് വായിക്കുന്നവരായി നാം മാറിപ്പോകും. ഖുര്‍ആന്‍ ചോദിക്കുന്നു:
أفلا يتدبرون القرآن أم على قلوب أقفالها
അവര്‍ ഖുര്‍ആനെ അവര്‍ത്തിച്ച് ചിന്തിക്കുന്നില്ലേ? അതല്ല (അവരുടെ) ഹൃദയങ്ങള്‍ക്ക് പൂട്ടുകളാണോ?
അതെ, മനസ്സിനെ ഖുര്‍ആന്റെ വിശാലമായ ലോകത്തേക്ക് തുറന്നിടുക. അവിടെ നിന്ന് വീശുന്ന സുഗന്ധമേറിയ മന്ദമാരുതന്‍ നമ്മുടെ മനസ്സിന്റെ വാതിലുകളിലൂടെ അടിച്ചുവീശട്ടെ. ആ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിക്കുന്നവരില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. മന്ദമാരുതന്റെ തലോടല്‍ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ഭൂമിയില്‍!


''നാഥാ, ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ വസന്തമാക്കണേ, എന്റെ നെഞ്ചിന്റെ വെളിച്ചവും എന്റെ ദുഃഖത്തെ ഉരുക്കുന്നതും എന്റെ അസ്വസ്ഥതകളെ അകറ്റുന്നതും ആക്കണേ'' എന്ന് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് വെറുതെയാണോ. നമുക്കും ഇരക്കാം, അവനോട് ഈ ദുആ.

വസ്സലാം.
സ്വന്തം ടീച്ചര്‍

3 comments:

  1. പടച്ചവന്‍ ഞാമുക്ക് ഖുര്‍ആന്‍ മനസ്സറിഞ്ഞു പാരായണം ചെയ്യാനും അത് അനുസരിച്ച് ജീവിക്കാനും തൗഫീക് നല്‍കട്ടെ..ആമീന്‍...

    ReplyDelete
  2. മാഷാ അല്ലാഹ് ..ഇത്താ ...നല്ല വിവരണം ....
    ഖുര്‍ആനെപ്പറ്റി ഖുര്‍ആനില്‍

    ഇത് (അല്ലാഹുവിന്റെ) ഗ്രന്ഥമാകുന്നു. അതില്‍ സംശയമേ ഇല്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടുള്ളതത്രെ ഇത് - 2:2

    മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും, സത്യവും അസത്യവും വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചുതരുന്നതുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ - 2:185

    ഖുര്‍ആന്‍ പഠിക്കാനും അത് അനുസരിച്ച് ജീവിക്കാനും നമ്മെ ഏവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ....
    Hashim
    Dubai

    ReplyDelete
  3. നന്നായിട്ടുണ്ട്‌ ടീച്ചറേ,ഇനിയും ഖുര്‍ആന്‍നെ കുറിച്ച് നമുക്ക് പറഞ്ഞു തരാന്‍ അല്ലാഹു തൗഫീഖ് നല്കട്ടെ .ആമീന്‍
    sabira abid

    ReplyDelete