നിലവിളക്കിന്റെയും നിറപറയുടെയും വിവാദങ്ങളിലാണ് പലരും. ചെയ്യുന്നവര്‍ ചെയ്യട്ടെ, ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട എന്നാണ് എന്റെ നിലപാട്. കെ.ടി.ജലീല്‍ എം.എല്‍.എ. മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. പല സുഹൃത്തുക്കളും അതെനിക്കയച്ചുതന്നു; അഭിപ്രായമറിയാന്‍.
ഞാന്‍ ഈ വക പ്രതീകങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. എല്ലാ പ്രതീകങ്ങളെയും തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സില്‍ സ്‌നേഹമെന്ന പ്രതീകം മാത്രം നിലനിന്നാല്‍ മതി. ഇന്ന് പ്രതീകങ്ങള്‍ മാത്രമാണ് എല്ലായിടത്തും; മനസ്സ് ഇരുണ്ടതും. എന്തിനാണ് മുസ്‌ലിംകളെ മാത്രം പൊതുധാരയിലേക്ക് കൊണ്ടുവരണമെന്ന് ആള്‍ക്കാര്‍ക്ക് വാശി? താലികെട്ടിനെപ്പറ്റി ലേഖനത്തില്‍ കണ്ടു. താലി കെട്ടാതെ, അത് കെട്ടിയവരേക്കാള്‍ ശക്തവും പ്രേമനിബദ്ധവുമായ ദാമ്പത്യം ആസ്വദിക്കുന്നവര്‍ ധാരാളമുണ്ടല്ലോ. മുസ്‌ലിംകളില്‍ കൂടുതലും അങ്ങനെയുള്ളവരല്ലേ?
നാടിനോട് ഇഴുകിച്ചേരേണ്ടത് മനസ്സുകൊണ്ടാണ്. മനസ്സിലെ സ്‌നേഹം കൊണ്ടാണ്. സഹിഷ്ണുത കൊണ്ടാണ്. ഒരു ഹിന്ദുസുഹൃത്ത് ഇറച്ചി ഭക്ഷിക്കുന്നില്ല എന്ന് കരുതുക. അവര്‍ക്കുവേണ്ടി ഒരു മുസ്‌ലിം ഭക്ഷണം തയ്യാറാക്കുമ്പോള്‍ അദൃശ്യമായിപ്പോലും ഇറച്ചിയില്‍ ഉപയോഗിക്കുന്ന കയില്‍ (സ്പൂണ്‍) അവരുടെ ഭക്ഷണത്തില്‍ തൊടാതെ ശ്രദ്ധിക്കുന്ന ഒരു ഉദാത്തമായ മനസ്സുണ്ട്. ദയവുചെയ്ത് ആ മനസ്സാണ് വളരേണ്ടത്, വളര്‍ത്തേണ്ടത്. ചില ഹിന്ദുസുഹൃത്തുക്കള്‍ ശബരിമലയ്ക്ക് മാലയിടുകയും മുസ്‌ലിംകള്‍ വിശേഷദിനങ്ങളില്‍ തയ്യാറാക്കുന്ന മാംസഭക്ഷണം ഇപ്പോള്‍ ഞങ്ങള്‍ക്ക് കൊടുത്തയക്കേണ്ട എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും തോന്നാറില്ല. അതുപോലെ നിലവിളക്ക് തന്റെ വിശ്വാസപ്രകാരം ശരിയല്ല എന്നൊരാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ സഹിഷ്ണുതാപൂര്‍വം ആ ആശയത്തെ സ്വീകരിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുക. നാം ഏത് സമൂഹത്തിലും മനസ്സുകൊണ്ട് ഉപ്പുപോലെ അലിയണം; ഓരോ കണികയിലും ഉപ്പിന്റെ ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്. ഏകദൈവത്വത്തിന് കളങ്കം വരുത്തുമെന്ന് തോന്നുന്നതൊന്നും ചെയ്യാന്‍ പോകരുത്; എന്തിന്റെ പേരിലായാലും. അതിലൊന്നുമല്ല സൗഹൃദവും സംസ്‌കാരവും നിലനില്‍ക്കുന്നത് എന്നാണ് എനിക്കെന്റെ സ്വന്തം അനുഭവത്തില്‍നിന്ന് ശക്തമായി പറയാനുള്ളത്.
ഈയിടെ നടന്ന രസകരമായൊരു സംഭവം പറയാം. ഞങ്ങളുടെ ഒരു പൂര്‍വവിദ്യാര്‍ഥിനി. തന്റെ 11 മാസമായ കുഞ്ഞിന്റെ ഹൃദയത്തിന് രണ്ട് ദ്വാരങ്ങളുണ്ടെന്നും എത്രയും വേഗം ശ്രീചിത്തിരയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നു. പലിശ ഉപയോഗിക്കാത്ത ഒരു ബന്ധു ഏല്പിച്ച ആയിരം രൂപയും മറ്റുപലരില്‍നിന്നുമായി ഏകദേശം ആറേഴായിരം രൂപയും 15 മിനിറ്റിനുള്ളില്‍ ശേഖരിച്ചുകൊടുത്തു. അവളുടെ കൈയിലുണ്ടായിരുന്ന കാശും കൂടി പതിനായിരത്തിന് 200 രൂപയുടെ കുറവായി എണ്ണിക്കണക്കാക്കി പേഴ്‌സില്‍ വച്ചുകൊടുത്തു. മകന്റെ സുഹൃത്തായ ശ്രീചിത്തിരയിലെ ഡോക്ടറോട് വിളിച്ചുപറയാമെന്നും പ്രാര്‍ഥിച്ചും ആശ്വസിപ്പിച്ചും അവളെ യാത്രയാക്കി. സന്ധ്യ എന്നാണ് അവളുടെ പേര്.
കുറച്ചു കഴിഞ്ഞ്, ഇതെല്ലാം കണ്ടുനിന്ന എന്റെ ഒരു മുസ്‌ലിംസുഹൃത്ത് സ്വകാര്യമായി ഒരു ചോദ്യം - 'ടീച്ചര്‍ അന്യമതസ്ഥരെയും ഇങ്ങനെ സഹായിക്കും അല്ലേ?' എന്ന്. ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. അവരൊക്കെ ചിലപ്പോള്‍ പൊതുസദസ്സുകളില്‍ നിലവിളക്ക് കൊളുത്തും. സാംസ്‌കാരിക സമന്വയത്തിന്റെ വരികള്‍ ഘോരഘോരം പ്രസംഗിക്കും. പക്ഷേ, മനസ്സിന്റെ അകത്തളങ്ങളില്‍ നിലവിളക്ക് കൊളുത്താന്‍ ഇനിയും ധൈര്യമില്ല.
സമുദായവും ജാതിയും ഒന്നുമല്ല കാര്യം. ജാതി-മത ഭേദമെന്യേ അവശരുടെ കണ്ണീരൊപ്പാന്‍ നിലവിളക്കുകള്‍ക്ക് കഴിയണം. ഞാനൊരിക്കലും സ്വന്തം നാടിനെയോ അതിന്റെ പൈതൃകത്തെയോ വിലകുറച്ചു കാണുന്നവളല്ല. മറിച്ച്, ബഹുദൈവാരാധനയുടെ വഴികളിലേക്ക് മാറുമെന്ന് സംശയമുള്ള ഒന്നും ചെയ്യുകയില്ല എന്നുറപ്പിച്ചു ജീവിക്കുന്നവളാണ്. മറ്റുള്ളവര്‍ക്ക് ഫത്‌വ കൊടുക്കാന്‍ കെല്പുള്ളവളുമല്ല.
വിളക്ക് കൊളുത്തുന്നതുകൊണ്ട് ഇവിടെ ഒന്നും നേടാനില്ല; കൊളുത്താത്തതുകൊണ്ട് ഒന്നും നഷ്ടപ്പെടാനും. അങ്ങനെയാണെങ്കില്‍ പൊട്ടുതൊടുന്ന മുസ്‌ലിംകളുള്ള വടക്കേ ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ നടക്കരുതല്ലോ. തന്റെ വിശ്വാസത്തില്‍ ഒട്ടും സ്ഥാനമില്ലാത്ത പല കാര്യങ്ങളിലും മറ്റുള്ളവരുടെ മനുഷ്യത്വം മാത്രം മാനിച്ച് നാം ചിലതൊക്കെ ചെയ്യും. ഉദാഹരണമായി, വീട്ടില്‍ ജോലിക്ക് വരുന്ന ഹിന്ദുസ്ത്രീ ശബരിമലയ്ക്ക് പോകാന്‍ മാലയിടുന്നു. അവര്‍ പറയുന്നു, നിങ്ങള്‍ 'പുറത്താകുന്ന' സമയത്ത് എന്നോട് പറയണം. അപ്പോള്‍ നിങ്ങളുണ്ടാക്കുന്ന ചായ കുടിക്കാന്‍ എനിക്ക് പാടില്ല. ഞാന്‍ അത് മാനിക്കുന്നു. എനിക്കതില്‍ അല്പം പോലും വിശ്വാസമില്ലെങ്കിലും ആ സ്ത്രീയുടെ മനുഷ്യത്വം ഓര്‍ത്ത് ഞാന്‍ അവരോട് ആ സമയം പറയുന്നു. സൂക്ഷ്മമായ തലത്തില്‍ അപ്പോള്‍ ഞാന്‍ നിലവിളക്ക് കൊളുത്തുന്നത് എന്റെ മനസ്സിലല്ലേ? ഈ മനസ്സ് ഇന്ത്യന്‍ ജനതയില്‍ ശക്തമായി വേരോടട്ടെ എന്നാണ് എന്റെ അഭിപ്രായം.
അത്തപ്പൂക്കളത്തില്‍ വയ്ക്കുന്ന ഒരു മുഴം നീളമുള്ള മരക്കുറ്റി തൃക്കാക്കരയപ്പന്റെ പ്രതീകമാണെന്നാണ് എന്റെ അറിവ്. അതിനെ അവമതിക്കരുത് എന്നത് മനസ്സിലാക്കാം. പക്ഷേ, അതിനെ പൂജിക്കല്‍ കൊണ്ടേ സാംസ്‌കാരിക സമന്വയം നടക്കൂ എന്നു കരുതുന്നത് മൗഢ്യമാണ്. സത്യത്തില്‍ അതിനെ നടുവില്‍ വച്ച് ചുറ്റും പൂക്കള്‍ വിതറുന്നതും ജാറത്തിന്മേല്‍ പൂകൊണ്ട് മൂടുന്നതും ഒരേ കണ്ണുകൊണ്ടേ എനിക്ക് കാണാനാവൂ.
ഒരു സാധാരണ മുസ്‌ലിംസ്ത്രീയുടെ ചിന്തകളെ നിങ്ങളുമായി പങ്കുവെച്ചുവെന്നു മാത്രം. ശരിയും തെറ്റും ഉണ്ടാകാം. പക്ഷേ, ഇത് പറയാതെ നിവൃത്തിയില്ലാത്തതിനാല്‍ പറഞ്ഞെന്നു മാത്രം.
nannayittund
ReplyDelete"സമുദായവും ജാതിയും ഒന്നുമല്ല കാര്യം. ജാതി-മത ഭേദമെന്യേ അവശരുടെ കണ്ണീരൊപ്പാന്‍ നിലവിളക്കുകള്‍ക്ക് കഴിയണം."
ReplyDeleteടീച്ചറുടെ മനസ്സിലെ കെടാനിലവിളക്ക് അണയാതിരിക്കട്ടെ..!
നന്ദി.....
ReplyDeleteചില യാധാര്‍ത്ത്യങ്ങള്‍ മനപൂര്‍വം വളച്ചൊടിച്ചു വികലമാകാനാണു ചിലരുടെ ശ്രമം. അതാണു വിവാധങ്ങള്‍ക്കു ആധാരവും. പൊസ്റ്റ് നന്നായി...!!
ReplyDeleteനന്ദി.....
ReplyDeleteസുന്ദരമായി എഴുതി. എന്ത് കൊണ്ട് ഈ കുറിപ്പ് മാതൃഭുമിയില്‍ കൊടുത്തു കൂടാ?
ReplyDeleteനന്ദി.....sameed
ReplyDeleteമനസ്സ് ഇരുണ്ടത് എന്ന് ആകുലത പെടുന്നവര്‍ തന്നെ വിളക്ക് കൊളുത്താന്‍ തയ്യാറാവാതെ പ്രതീകങ്ങള്‍ തച്ചുടച് സ്നേഹം മനസ്സില്‍ സുഷിക്കെണ്ടാതാണ് എന്ന് പറയുന്നു..
ReplyDeleteകെ ട്ടി ജലീല്‍ അദ്ദേഹത്തിന് ഒരു പണ്ടിതനില്‍ നിന്നും കിട്ടിയ ഉപദേശം വ്യക്തമായി പറഞ്ഞിട്ടുണ്ട് ....വിശ്വസത്തിന്റെ ഭാഗമായി അല്ലാതെ വിളക്ക് കൊളുത്തുന്നതിനു പ്രശ്നം ഇല്ല എന്ന് ...
മുസ്ലിങ്ങളെ മാത്രം പൊതു ധാരയിലേക്ക് കൊണ്ട് വരികയല്ല ....മുസ്ലിങ്ങളെ പൊതു ധരയില്‍നിന്നും മാറ്റി നിര്തുന്നതുകൊണ്ടാണ് ഇത് ചര്‍ച്ച ചെയ്യ പെടുന്നത് ...
തെങ്ങ് അവരുടെതും ഈന്ത പന നമ്മുടെതും എന്ന് പറയുന്നിടതാണ് പ്രശ്നം ... തെങ്ങും നമ്മുടെതാണ് എന്ന് പറയാന്‍ പറ്റണം...
വെളിച്ചം ദുഖമാണ് ഉണ്ണി ഇരുട്ടല്ലോ സുഗപ്രദം
ReplyDeleteനിലവിളക്കുകള്‍ കൊളുത്തേണ്ടത് മനസ്സുകളില്‍........
നന്നായി പറഞ്ഞു.
ReplyDeleteനാനാത്വത്തില്‍ ഏകത്വം എന്നതാണല്ലോ ഇന്ത്യയുടെ പ്രത്യേകത.. ഓരോരുത്തരും അവരവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും പുലര്‍ത്തുമ്പോള്‍ തന്നെ പരസ്പരം അന്ഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വമുണ്ടാകുന്നത്.. അല്ലാതെ കൃത്രിമമായി മറ്റൊരു രാജ്യവാസിയുടെ ആചാരങ്ങള്‍ "മറ്റുള്ളവരെ കാണിക്കാനായി" മാത്രം ചെയ്യുന്നിടത്ത് നാനത്വമോ എകത്വമോ ഉണ്ടാകുന്നില്ല.
വേണ്ടത് മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അതിന്റെ ചിഹന്നങ്ങളെയും ആദരിക്കുവാനും ബഹുമാനിക്കുവാനും പഠിക്കുക. ..
ഹൃദയത്തില്‍ വെളിച്ചമുണ്ടാകുക... കാട്ടിക്കൂട്ടലുകളല്ല വേണ്ടത്.
നന്നായി പറഞ്ഞു ...അല്ലെങ്കിലും, വെളിച്ചം വരുത്താന്‍, എണ്ണ കത്തിച്ചു തീര്‍ക്കുന്ന നില വിലക്കിനെക്കാളും സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന മെഴുകു തിരി അല്ലേ കൂടുതല്‍ നല്ല പ്രതീകം ...പുതിയ കാലഘട്ടത്തിന്റെ തേട്ടം ഇത്തരത്തിലുള്ള പ്രതീകങ്ങളാണ്....
ReplyDeleteനല്ല അഭിപ്രായം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteഅവരൊക്കെ ചിലപ്പോള്‍ പൊതുസദസ്സുകളില്‍ നിലവിളക്ക് കൊളുത്തും. സാംസ്‌കാരിക സമന്വയത്തിന്റെ വരികള്‍ ഘോരഘോരം പ്രസംഗിക്കും. പക്ഷേ, മനസ്സിന്റെ അകത്തളങ്ങളില്‍ നിലവിളക്ക് കൊളുത്താന്‍ ഇനിയും ധൈര്യമില്ല.
ReplyDeletegood ..........points....
well wishes..