Thursday, January 10, 2013

പിന്‍ഗാമികള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ സഹകരിക്കുക

ഗവണ്മെന്റ് ജീവനക്കാര്‍ സമരത്തിലാണ്. ആദ്യമായാണ് ഞാന്‍ ഒരു സമരത്തില്‍ പങ്കെടുക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചില സാമ്പത്തിക ചിന്തകള്‍ കുറിക്കാനാഗ്രഹിക്കുകയാണ്. എല്ലാവരും ഗവണ്‍മെന്റ് ജീവനക്കാരോട് നേരിയ ഒരസൂയ പ്രദര്‍ശിപ്പിക്കാറുണ്ട്. ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനകളാണെന്നപോലെയാണവരെ കാണുന്നത്.
നമുക്ക് സ്‌കൂളുകളുടെ കാര്യം ഒന്നെടുത്തുനോക്കാം. ഇന്ന് നാം കാണുന്ന മുതിര്‍ന്ന തലമുറ ഒരുകാലത്ത് വിദ്യാലയങ്ങളില്‍ പോയി വിദ്യ നേടി അവരുടെ വ്യക്തിത്വം രൂപപ്പെടുത്തിയവരാണ്. ആ വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ തങ്ങളുടെ ചോര നീരാക്കിത്തന്നെയാണ് തലമുറകള്‍ക്ക് വിദ്യ പകര്‍ന്നുകൊടുത്തത്. ഒരധ്യാപിക / അധ്യാപകന്‍ അക്ഷരം മാത്രമാണോ തങ്ങളുടെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്? ഒരിക്കലുമല്ല. തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയും അധ്യാപകന്‍ തൊട്ടറിയുകയാണ്. തന്റെ ബുദ്ധിയും മറ്റു ശേഷികളും തന്റെ കുട്ടികള്‍ക്കുവേണ്ടി അര്‍പ്പിക്കുകയാണ്. സമയവും ആരോഗ്യവും ഊണും ഉറക്കവും വരെ. വിശന്ന് ഭക്ഷണത്തിന് പാത്രം തുറക്കുമ്പോഴാവും തന്റെ ക്ലാസ്സിലെ കുട്ടി ചിലപ്പോള്‍ ഓടിവരുന്നത് - 'ടീച്ചറേ, ഗീത കരയുന്നു. ചോദിച്ചിട്ടൊന്നും മിട്ടണില്ല.' ടീച്ചര്‍ പാത്രം മൂടിവച്ച് ക്ലാസ്സിലേക്ക് കുതിക്കുന്നു. 'ഗീതേ, മോളേ എന്താ?' ചിലപ്പോള്‍ പ്രശ്‌നം ചെറുതാകാം. അല്ലെങ്കില്‍ വലുതാകാം. ടീച്ചറുടെ സമര്‍പ്പണ മനസ്സ് നമുക്കവിടെ കാണാം. ചിലപ്പോള്‍ അസുഖങ്ങളും അസ്വസ്ഥതകളുമായി എത്തുന്ന അധ്യാപിക, ചെന്നയുടന്‍ തന്നെ കുട്ടിയെയും കൊണ്ട് കണ്ണുപരിശോധനയ്‌ക്കോ ആശുപത്രിയിലേക്കോ ഒക്കെ വച്ചുപിടിക്കുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്.


ഞാന്‍ പറഞ്ഞുവന്നത്, ഒരിക്കലും വെറുതെ ഖജനാവ് തിന്നുമുടിക്കുന്നവരല്ല അധ്യാപകര്‍. അത്തരം അധ്യാപകര്‍ക്ക് വയസ്സുകാലത്ത്, അവശകാലത്ത് ലഭിക്കേണ്ട പെന്‍ഷനിലാണ് ഇപ്പോള്‍ ഗവണ്മെന്റ് വാരാന്‍ നോക്കുന്നത്. ഒരിക്കലും കൂലി നോക്കി ജോലിചെയ്യുന്നവരല്ല അധ്യാപകര്‍. ഒരു കുട്ടിയെ വളര്‍ത്താന്‍ വീട്ടില്‍ പെടുന്ന പാട് മാതാപിതാക്കള്‍ക്കറിയാം. അപ്പോള്‍ 45 ഉം 50 ഉം കുട്ടികളെ ഒരുപോലെ ശ്രദ്ധിക്കുന്ന അധ്യാപകരുടെ അവസ്ഥ ആലോചിക്കൂ. നല്ല മിടുമിടുക്കോടെ പണിയെടുത്തില്ലെങ്കില്‍ പാളിപ്പോകുന്ന പണി. അധികം പിരിയഡുകളുള്ള അധ്യാപകര്‍ക്കൊക്കെ വെള്ളിയാഴ്ച ആകുമ്പോഴേക്ക് തൊണ്ടയൊക്കെ പ്രശ്‌നമായി മാറാറുണ്ട്. എന്നിട്ടും സമരം എടുക്കാമോ എന്ന് ഞാനന്വേഷിച്ചപ്പോള്‍ പല അധ്യാപകരുടെയും മറുപടി, 'പാഠം തീര്‍ന്നിട്ടാകാം', അല്ലെങ്കില്‍ 'നാളെ പത്താംക്ലാസ്സിന് ഈവനിങ് ഉണ്ട്'. അപ്പോഴേക്ക് സമരം തീര്‍ന്നെങ്കിലോ എന്നു പേടിച്ചാണ് ഞാന്‍ പങ്കെടുത്തത്. അത് നട്ടപ്പെടുത്താനാവില്ല. ഏഴ് പിരിയഡ് കഴിഞ്ഞ് 4 മണി മുതല്‍ 5.00... 5.30... 6.00 വരെ നീളുന്ന ക്ലാസ്സുകള്‍. ആ ആത്മാര്‍ഥത നിങ്ങള്‍ക്ക് കണ്ടില്ല എന്ന് വയ്ക്കാമോ? കുട്ടികളുടെ കലാ-കായിക-കരകൗശല മേളകള്‍. ഈ സാധുക്കളായ അധ്യാപകര്‍ ബാഗും കുടയും എടുത്ത് കേരളത്തിന്റെ ഏതറ്റം വരെയും പോകുന്നുണ്ട്. അവര്‍ക്കും ഉണ്ട് വീടും വിഷയങ്ങളും. പറഞ്ഞാല്‍ കുറേയുണ്ട്. നമുക്ക് സാമ്പത്തികത്തിലേക്കുതന്നെ തിരിച്ചുപോകാം.

ഗവണ്മെന്റ് ജീവനക്കാര്‍ വാങ്ങുന്ന വേതനം സത്യത്തില്‍ ഈ നാട്ടില്‍ത്തന്നെയല്ലേ വിനിമയം ചെയ്യപ്പെടുന്നത്? പെന്‍ഷനായാലും ശമ്പളമായാലും അതില്‍ ഒരു പൈസ പോലും നമ്മുടെ രാജ്യത്തിലല്ലാതെ ചെലവഴിക്കപ്പെടുന്നില്ല. അവര്‍ സ്വര്‍ണം വാങ്ങിയാലും വസ്ത്രം വാങ്ങിയാലും വീടുണ്ടാക്കിയാലും ഡെപ്പോസിറ്റു ചെയ്താലും നമ്മുടെ രാജ്യത്തുതന്നെയാണ് പണം കിടക്കുന്നത്. ഈ വശം ആരും ചിന്തിക്കാറില്ല. എല്ലാവരും ഗള്‍ഫില്‍ പോയിരുന്നെങ്കില്‍, അല്ലെങ്കില്‍ കൂടുതല്‍ നല്ല മെച്ചപ്പെട്ട ജോലികളിലേക്ക് പോയിരുന്നെങ്കില്‍ ഇവിടത്തെ ഓഫീസ്-സ്‌കൂളുകള്‍ ശരിക്ക് പ്രവര്‍ത്തിക്കുമായിരുന്നോ? അപ്പോള്‍ ഈ വിഭാഗത്തോടുള്ള അസൂയ അവസാനിപ്പിക്കുകയും സമരത്തിന്റെ ആവശ്യത്തെപ്പറ്റി പൊതുജനം കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുക. മുന്‍ഗാമികള്‍ സമരം ചെയ്ത് നേടിത്തന്ന അവകാശങ്ങളാണ് നാമിന്നനുഭവിക്കുന്നത്. നമ്മുടെ പിന്‍ഗാമികള്‍ക്കുവേണ്ടിയുള്ള ഈ സമരത്തില്‍ സഹകരിക്കാനെങ്കിലും ശ്രമിക്കുക.

3 comments:

  1. http://www.madhyamam.com/news/207493/130106

    ReplyDelete
  2. കേരളത്തിലെ യു.ജി.സി അധ്യാപകരുടെ അക്കാദമിക നിലവാരം അതിന്റെ നെല്ലിപ്പടി കണ്ടിട്ട് കാലമേറെയായി. സര്‍വീസില്‍ കയറുന്ന കാലത്ത് തയാറാക്കുന്ന ടീച്ചിങ് നോട്സ് (അതോ വല്ല ഗൈഡുകളും പകര്‍ത്തിയതോ?) മാത്രമാണ് വലിയൊരു ശതമാനംപേരും പെന്‍ഷന്‍പറ്റുംവരെ ഉപയോഗിക്കുക.

    ReplyDelete
  3. പിന്നെ ....അധ്യാപകര്‍ക്ക് നല്ല ബഹുമാനം കിട്ടുന്നുണ്ട് .ഏതൊരു ഗുണ്ടയും സ്വൊന്തം ടീച്ചറെ കാണുമ്പോള്‍ മുണ്ടിന്റെ മടക്കു അഴിചിടുമല്ലോ ..
    *************************************************
    ആണ്ടില്‍ നാല് മാസം ലീവ് .ലീവ് സാലറി .ഫ്രീ ടൂര്‍ ,,,പത്തു മണി മുതല്‍ നാല് മണി വരെ വെറും അഞ്ചു മണിക്കൂര്‍ ജോലി ..
    teaching is good profession

    ReplyDelete