Monday, June 24, 2013

യാത്രകളിലെ നിമിഷ സൗഹൃദങ്ങൾ

ഞങ്ങൾ കേരളത്തിൽനിന്ന് മെയ് 21ന് രാത്രി 12 മണിക്കാണ് യാത്ര തുടങ്ങിയത്. തുരന്തോ എക്‌സ്പ്രസ് 23-ന് 7.30ന് ദൽഹി നിസാമുദ്ദീനിലെത്തി. ഞങ്ങൾക്ക് ജമ്മുവിലേക്കുള്ള ട്രെയിൻ മാൽവ എക്‌സ്പ്രസ് 4.30ന് ഇതേ സ്റ്റേഷനിൽ നിന്നുതന്നെയാണ്. എട്ടൊമ്പത് മണിക്കൂർ നിസാമുദ്ദീൻ സ്റ്റേഷനിൽത്തന്നെ ചൂടത്ത് കഴിച്ചുകൂട്ടുക എന്നത് ദുഷ്‌കരമായിരുന്നു. അതിനാൽ രാത്രി കഴിച്ചുകൂട്ടാൻ ഒരു റൂം എടുക്കാമെന്നുതന്നെ തീരുമാനിച്ചു. 700 രൂപയ്ക്ക് സ്റ്റേഷന്റെ അടുത്തുതന്നെ ഒരു 'കിളി'റൂം കിട്ടി. നോൺ എ.സി. ചുട്ടുപൊള്ളുന്ന അവസ്ഥ. നേരം നുള്ളി വെളുപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ദൽഹിയിലെ അന്നത്തെ ചൂട് 47 ഡിഗ്രി സെൽഷ്യസായിരുന്നു.

ജമ്മുവിലേക്കുള്ള ട്രെയിൻ സ്ലീപ്പർകോച്ചായിരുന്നു. ടിക്കറ്റെടുക്കുമ്പോൾ ഞാൻ കരുതിയത് ജമ്മുവും നല്ല തണുപ്പ്സ്ഥലം ആണെന്നായിരുന്നു. 580 കിലോമീറ്റർ ദൂരമുണ്ട് ദൽഹി-ജമ്മു. 4.30ന് തന്നെ വണ്ടി വന്നു. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദൽഹിക്കപ്പുറമുള്ള നാടുകളെ പകൽ സമയത്ത് കാണുക എന്ന അതിഭയങ്കരമായ സന്തോഷം. വണ്ടിയിൽ കയറിയതും സന്തോഷമൊക്കെ പോയി. നമ്മൾ റിസർവ് ചെയ്ത സീറ്റുകളിൽ ആളുകൾ സുഖമായി കിടന്നുറങ്ങുന്നു. ദീർഘയാത്രകളിൽ ആർദ്രതയ്ക്ക് വലിയ കാര്യമില്ല എന്ന് ഞാൻ പലതവണ പഠിച്ച പാഠമാണ്. ഒരു സീറ്റിൽ കിടന്നിരുന്ന സുഹൃത്ത് വേഗം സീറ്റൊഴിഞ്ഞുതന്നു. എന്റെ സീറ്റിലെ രണ്ട് സ്ത്രീകൾ എഴുന്നേൽക്കുന്ന ഭാവമില്ല. ദീർഘമായ ദൽഹിയാത്രയും തലേദിവസത്തെ ഉറക്കമില്ലായ്മയും എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. ക്ഷീണം കാരണം ഒരുവിധം അവരോടൊപ്പം എന്റെ ബർത്തിൽ ചുരുണ്ടുകൂടേണ്ടിവന്നു. വയസ്സായവരും ആണ് അവർ. പിന്നെ എങ്ങനെ എഴുന്നേൽപ്പിക്കും?

അല്പം ഉറങ്ങിയപ്പോൾ ക്ഷീണം മാറി. എഴുന്നേറ്റിരുന്ന് സ്ഥലങ്ങൾ കാണാൻ തുടങ്ങി. പക്ഷേ, 12 മണിക്കൂർ ഈ ചൂടത്തിരുന്നാൽ വല്ല അസുഖവും പിടിക്കുമെന്ന് തോന്നി, എ.സി. തന്നെ ശരിയാക്കി. അമ്പാല വരെ ചൂടിൽത്തന്നെയായിരുന്നു യാത്ര. ഒപ്പം തിരക്കും. പാനിപ്പത്ത്, കുരുക്ഷേത്ര തുടങ്ങിയ പുരാതന ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ കണ്ടപ്പോൾ മനസ്സിൽ വല്ലായ്മ. പണ്ട് ഒന്നാം പാനിപ്പത്ത് യുദ്ധമൊക്കെ നടന്നത് ഇവിടെയായിരിക്കാം. എന്റെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ധീര രക്തസാക്ഷികളുടെ നിണമണിഞ്ഞ മണ്ണിലൂടെയുള്ള യാത്ര. മനസ്സിൽ എവിടെയൊക്കെയോ ഒരു കൊളുത്തിവലിക്കൽ. മുൻഗാമികൾ ജീവൻ ത്യജിച്ച് വാങ്ങിത്തന്ന നാട്. അതിപ്പോൾ സാമ്രാജ്യത്വത്തിന്റെ മുന്നിൽ അടിയറവ് പറയുന്നില്ലേ? നമ്മുടെ ചേരിചേരാ നയമൊക്കെ കടലാസ്സിൽ ഒതുങ്ങുന്നില്ലേ പലപ്പോഴും?

പഞ്ചാബിലൂടെയാണ് നാമിപ്പോൾ യാത്രചെയ്യുന്നത്. പഞ്ചാബും ഒരു സുന്ദരിതന്നെ. വിശാലമായ വയലേലകൾ. ഇടതുഭാഗം ജനലിനരികിൽ ഇരുന്ന് ഞാൻ വിശാലമായ സൂര്യകാന്തിപ്പൂക്കളുടെ പാടങ്ങളെ കൺനിറയെ കണ്ടു. എല്ലാവരും സൂര്യനഭിമുഖമായി, കിഴക്കോട്ട് തിരിഞ്ഞുനിൽക്കുകയാണ്. ഹൃദയാവർജകമായ ദൃശ്യം. പുസ്തകത്തിൽ പഠിച്ച പഞ്ചാബ്. സ്വയം സ്വാതന്ത്ര്യം നേടാൻ വേണ്ടി കുറേ പരിശ്രമിച്ച് അടിയറവുവച്ച് അതിനിടയിൽ പ്രിയദർശിനി ഇന്ദിരാഗാന്ധിയെ നഷ്ടപ്പെടുത്തിയ സ്വതന്ത്രവാദികളുടെ നാട്. സുവർണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ. ഇന്ദിരാഗാന്ധിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ കാരണങ്ങൾ സൂര്യകാന്തിപ്പൂക്കളെ കാണുന്നതിനിടയിലും മനസ്സിൽ നൊമ്പരമുണർത്തി. പാടില്ല, സുന്ദരവും വിശാലവുമായ ഇന്ത്യയിൽനിന്ന് ഒരു തരി മണ്ണും വിട്ടുപോകാൻ പാടില്ല; എന്തിന്റെ പേരിലായാലും. പാകിസ്ഥാൻ വിട്ടുപോയിട്ടെന്തു നേടി? ബംഗ്ലാദേശ് വിട്ടുപോയിട്ടെന്ത് നേടി? കലുഷിതമായിപ്പോയ കുറേ ബന്ധങ്ങളല്ലാതെ. നാനാത്വത്തിൽ ഏകത്വം അനുഭവിച്ചറിയാൻ ഒരിന്ത്യക്കാരനു മാത്രമേ സാധിക്കൂ. ദരിദ്രരാണെങ്കിലും കുറേയൊക്കെ പരസ്പരം ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാർ. യാത്രകളിലൊക്കെ നമുക്കത് ശരിക്കും ബോധ്യമാകുന്നുണ്ട്.

അമ്പാല കഴിഞ്ഞപ്പോൾ ഞങ്ങൾ എ.സിയിലേക്ക് മാറി. അവിടെവെച്ച് ഒരു സിക്ക് കുടുംബത്തെ പരിചയപ്പെട്ടു. വളരെ നല്ല സ്വഭാവക്കാർ. അവർക്ക് ഇസ്‌ലാമിനെപ്പറ്റി, ഏകദൈവ വിശ്വാസത്തെപ്പറ്റി ഒക്കെ അറിയാം. ഒരു സഹോദരനും സഹോദരിയും മൂന്നു മക്കളും. വെക്കേഷൻ പ്രമാണിച്ച് സഹോദരൻ സഹോദരിയെയും മക്കളെയും ബോംബെയിൽനിന്ന് അമൃത്‌സറിലേക്ക് കൊണ്ടുപോവുകയാണ്. സഹോദരൻ ജഗീന്ദർസിംഗിന് കഅ്ബയെപ്പറ്റിയും ഹജ്ജിനെപ്പറ്റിയും ഒക്കെ അറിയണം. വളരെ ഹൃദ്യമായ സംഭാഷണം. കുറേയധികം കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ ഉപകരിച്ചു. അവർക്ക് ഗുരുവൊന്നുമല്ല, അവരുടെ ഹോളിബുക്കാണ് പ്രധാനം. ഞാനാദ്യമായാണ് അതൊക്കെ ഒരു സിക്ക്കുടുംബത്തിൽനിന്ന് നേരിട്ടറിഞ്ഞത്. അവർ ഗ്രന്ഥസാഹേബ് എന്ന കിതാബിനെ വന്ദിക്കുന്നു, ബഹുമാനിക്കുന്നു. ഒരാളെപ്പോലെ വീശിക്കൊടുക്കുകയൊക്കെ ചെയ്യുമത്രെ!

ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ ഞാൻ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: You are correct. സഹോദരിയുടെ പേർ ജസ്ബീർ കൗർ. വിളിപ്പേര് റോസി. ക്ഷീണം കാരണം സംസാരം കഴിഞ്ഞ് ഞാൻ എന്റെ ബർത്തിൽ പോയി കിടന്നു. എനിക്കിപ്പോഴും ഓർക്കുമ്പോൾ സങ്കടം വരുന്നു. പെട്ടെന്നുറങ്ങിപ്പോയി. വണ്ടി ഏതോ സ്റ്റേഷനിൽ നിന്നു. ഞാൻ നോക്കിയപ്പോൾ ജലന്തർ ആണ്. റോസി ഇറങ്ങും എന്ന് പറഞ്ഞ സ്റ്റേഷൻ. ഞാൻ തിരക്കിട്ട് ഡോറിനടുത്തു ചെന്നപ്പോൾ റോസിയും മക്കളും സഹോദരനും പെട്ടിയും കെട്ടും എടുത്ത് അപ്പുറത്തെ പ്ലാറ്റ്‌ഫോമിലൂടെ നീങ്ങുന്നു. ഞാൻ കൈ വീശി നോക്കി. അവർ എന്നെ കാണുന്നില്ല. ഞാൻ കുറേ ശ്രമിച്ചു, അവരോടൊന്ന് കൈവീശിയെങ്കിലും യാത്ര പറയാൻ. ഈ ലോകത്ത് നിന്നിനി അവരെ കാണുമോ? വണ്ടി നീങ്ങിത്തുടങ്ങി. എനിക്കിപ്പോഴും ആ വിഷമമുണ്ട് ഉള്ളിൽ. അവർ ഇറങ്ങാൻ നേരം എന്നെ തിരഞ്ഞുകാണുമോ? എന്റെ സീറ്റ് എവിടെയാണെന്നവർക്ക് അറിയുകയും ഇല്ലായിരുന്നു.

എനിക്കിത്തരം ചെറിയ കാര്യങ്ങൾക്കൊക്കെ നല്ല സങ്കടം വരുന്ന ഒരു സ്വഭാവമാണുള്ളത്. ലോകത്ത് ഞാൻ ഏറ്റവും വിലമതിക്കുന്നത് നിഷ്‌കളങ്ക സൗഹൃദങ്ങളെയാണ്. ഞാൻ ബർത്തിൽ പോയി സങ്കടത്തോടെ കുറേ നേരം കിടന്നു. 4.30-5 മണിയോടെ വണ്ടി ജമ്മുവിലെത്തി. ഏതാനും വണ്ട നദികൾക്കു മുകളിലൂടെയായിരുന്നു അവസാന രണ്ടുമൂന്നു സ്റ്റേഷനുകൾ പിന്നിട്ടത്. ചീനാബ്, സത്‌ലജ് നദികളാണോ അവ എന്ന് സംശയമുണ്ട്. വലിയ ഉരുളൻ കല്ലുകൾ... അവിടെ ഒരു നദി ഒഴുകിയിരുന്നു എന്ന് സൂചിപ്പിക്കുന്നു. ജമ്മുവിലെത്തിയപ്പോൾ അസഹ്യമായ ചൂട് - 1500 രൂപയ്ക്ക് ഒരു മീഡിയം എ.സി. റൂം കിട്ടി. അന്നവിടെ തങ്ങി. പിറ്റേന്ന് കാലത്ത് കശ്മീരിലേക്ക്. അത് അടുത്ത കുറിപ്പിൽ...

സ്വന്തം ടീച്ചർ

Saturday, June 22, 2013

ഇന്ത്യയുടെ രണ്ടറ്റങ്ങളിലേക്കുള്ള യാത്രകൾ

2013 മെയ് മാസം എനിക്ക് നല്ലൊരു അനുഭവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി തൃശ്ശൂർ ജില്ലാ സമിതി കുടുംബാംഗങ്ങൾ 6ന് ഒരു വിനോദയാത്ര പോയി; കന്യാകുമാരിയിലേക്ക്. എഴുപതോളം പേരുണ്ടായിരുന്നു. വളരെ സന്തോഷകരമായിരുന്നു. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു യാത്രയായിരുന്നു. സാധാരണക്കാരുടെ യാത്ര. ചൂടത്ത് സ്ലീപ്പറിലായിരുന്നു യാത്ര. കന്യാകുമാരിയും ചൂടുകൊണ്ട് ചുട്ടുപൊള്ളുകയായിരുന്നു.

എനിക്കാ യാത്രയിൽ രണ്ടു കാര്യങ്ങളാണ് സന്തോഷം നൽകിയത്. ഒന്ന്, പ്രായമായവരും യുവപ്രായക്കാരും കുഞ്ഞുമക്കളുമടങ്ങുന്ന സംഘം. ഉച്ചഭക്ഷണ ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി. പലതരം പരിപാടികൾ. മക്കളുടെ സർഗശേഷി പരിചയപ്പെടാൻ പറ്റിയ സന്ദർഭം. ടി.എ.മൗലവിയുടെയും റഹീംക്ക (പി.കെ. റഹീം, മാധ്യമം) യുടെയും പ്രസിഡന്റ് അമീൻസാഹിബിന്റെയും പരിപാടികൾ വളരെ ഹൃദ്യമായിരുന്നു. ഞങ്ങൾ തിരിച്ചുവരുമ്പോൾ തിരുവനന്തപുരത്തുള്ള മൂത്തമകൻ ഹാഷിമിന്റെയടുത്ത് ഇറങ്ങി. രണ്ടാമത്തെ കാര്യം, ഒരു മാസം തന്നെ ഇന്ത്യയുടെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും എത്തുക എന്നത് സഞ്ചാരപ്രിയയായ എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.
സഹയാത്രികർ [കന്യാകുമാരി]


Raheemkka [മാധ്യമം]
ഇന്ത്യ എന്ന സുന്ദരി ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഉള്ള വൈവിധ്യം കൊണ്ട് പുകൾപെറ്റവളാണല്ലോ. എത്രതരം ഭാഷകൾ, രൂപങ്ങൾ, ഭക്ഷണരീതികൾ, ആചാരങ്ങൾ, സംസ്‌കാരങ്ങൾ... തുടങ്ങി എന്തെന്തെല്ലാം വ്യത്യസ്തതകൾ. ഇത്തരം ഒരു അവസ്ഥാവിശേഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ആ വൈവിധ്യം കണ്ടാസ്വദിക്കുകയാണ് ഞാൻ. ഇന്ത്യയുടെ മുക്കാൽ ഭാഗം സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഇനി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൂടി പോയാൽ ഒരുവിധം സംസ്ഥാനങ്ങളും കണ്ടു എന്ന് പറയാം. പക്ഷേ, ഇനിയും പല സംസ്ഥാനത്തും ചെന്ന് രണ്ടു ദിവസം താമസിച്ച് അടുത്തറിയാൻ കൂടി കഴിയേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

കന്യാകുമാരി.....
വെക്കേഷന് തമിഴ്‌നാട്ടിലെ കമ്പം, തേനി ഒന്ന് പോകാൻ കഴിഞ്ഞു. തമിഴ്‌നാട്ടിൽ പകൽ ഒട്ടും കറന്റില്ല. എന്നിട്ടും കൊടുംചൂടിൽ സുന്ദരമായ കൃഷി വിളയിക്കുന്ന തമിഴനെ കണ്ട് നാം അദ്ഭുതപ്പെട്ടുപോകും. മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ നമുക്ക് കേരളത്തോട് വല്ലാത്തൊരു സ്‌നേഹം തോന്നും. നമ്മുടെ നാടിന്റെ അതിസുന്ദരമായ ഭൂപ്രകൃതിയും തണലും സുഖകരമായ കാലാവസ്ഥയും. സത്യത്തിൽ നാം കേരളക്കാർ എത്ര ഭാഗ്യവാന്മാരാണ്. പക്ഷേ, അതോടൊപ്പം വൃത്തിയില്ലായ്മയും മാലിന്യസംസ്‌കരണത്തിലെ ഗുരുതരമായ വീഴ്ചയും ഒരുതരം മനംപിരട്ടൽ ഉണ്ടാക്കും. വിശാലമല്ലാത്ത കേരളത്തിൽ സ്ഥാപിക്കപ്പെട്ട പല ഫാക്ടറികളും കേരളത്തിന്റെ മണ്ണിനെത്തന്നെ നശിപ്പിച്ചിട്ടുണ്ട്, നദികളെ നശിപ്പിച്ചിട്ടുണ്ട് എന്നോർക്കുമ്പോൾ നല്ലൊരു നാടിനെ നശിപ്പിച്ചത് ആരായാലും അക്രമം തന്നെയായിരുന്നു എന്ന് യാത്രയിൽ ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഞങ്ങളുടെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പാടാറുള്ള സ്ഥിരം പരിസ്ഥിതി ഗാനങ്ങളാണ് ഓർമയിലെത്തുന്നത്.

''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതിമലിനമായൊരു ഭൂമിയും.''


...
ഏത് സന്തോഷത്തിലും കേരളത്തിന്റെ മാലിന്യക്കൂമ്പാരങ്ങളെ ഓർക്കുമ്പോൾ, ശുചിത്വക്കുറവിനെ ഓർക്കുമ്പോൾ, മദ്യഷാപ്പുകളിലെ നീണ്ട അച്ചടക്കമുള്ള ക്യൂ ഓർക്കുമ്പോൾ സുന്ദരമായ ഒരു നാടിന്റെ നാശത്തിന്റെ മരണമണി മുഴങ്ങുന്ന പ്രതീതിയാണ്. ഇത് നാം കേരളത്തിനു പുറത്ത് കടന്നാൽ ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചിന്തയാണ്. കേരളക്കാരെ മറ്റു സംസ്ഥാനക്കാർക്ക് വലിയ ബഹുമാനമാണ്. കാരണം, അവർ സമ്പൂർണ സാക്ഷരരാണ്. 'പഠ്‌നാ ലിക്‌നാ' (പഠിപ്പ്) ഉള്ളവരാണ്. കഠിനാധ്വാനികളാണ് കേരളത്തിനു പുറത്ത്. എന്നാൽ, നമ്മുടെ നാട്ടിനുള്ളിൽ നിലനിൽക്കുന്ന കുറേ അസ്വസ്ഥതകളുണ്ട്. അവയൊക്കെ മാറ്റാൻ ഗവണ്മെന്റും നമ്മളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
പാറയിലെ      ദിശ  കാട്ടുന്ന  മാർബിൾ ഫലകം [കന്യാകുമാരി]


]റഷീദ്.,.ഹുദ  റഷീദ് 
നമുക്ക് കശ്മീരിലേക്കുതന്നെ പോകാം. കുറച്ചു സമയത്തേക്ക്. ആദ്യദിവസം തടാകത്തിന് ചുറ്റുമുള്ള പൂന്തോപ്പുകളിലൂടെയാണ് കറങ്ങിയത്. അവസാനം, ശിക്കാറയിൽ ഒരു മണിക്കൂർ സഞ്ചാരം. മണിക്കൂറിന് ആളൊന്നുക്ക് മുന്നൂറോ നാനൂറോ ആണ് ഇവർ ഈടാക്കുന്നത്. ടൂറിസ്റ്റുകളെ ഇത്രമാത്രം പിഴിയുന്ന നാട് വേറെ ഉണ്ടോന്ന് സംശയമാണ്.
ഇത് ദൽ   തടാകം 

ബോട്ടിൽ കയറി. അല്പം കഴിഞ്ഞപ്പോൾ നല്ല മഴ, നേരിയ കാറ്റ്, ഇടിവെട്ട്. എനിക്കിതിൽപ്പരം സന്തോഷം ഇനി കിട്ടാനില്ല. സൈഡ് കർട്ടൻ ഒക്കെ ഉണ്ടെങ്കിലും കാറ്റിന്റെ ശക്തിയിൽ മഴ സീറ്റിലേക്കൊക്കെ വന്നു. ശിക്കാറ ബോട്ടുകാർ സൂത്രക്കാരാണെന്ന് പറയാതെ നിവൃത്തിയില്ല. കുറേ നേരം അവർ അവരുടെ ബന്ധക്കാരുടെ പീടികകളാണെന്നു പറഞ്ഞ് ഓരോ പീടികകളിൽ കയറ്റും. ഹൗസ്‌ബോട്ട് കടകൾ. കടക്കാർ ഇവന്മാരെക്കാൾ ഭയങ്കര സമർഥർ. അവർ നമ്മെ എങ്ങനെയെങ്കിലും വലയിലാക്കും എന്നുറപ്പ്. കൗതുകമുള്ള വസ്തുക്കൾ കാണുമ്പോൾ, കാശുണ്ടെങ്കിൽ ഇതൊക്കെ വാങ്ങാൻ മനസ്സ് പ്രേരിപ്പിക്കുന്ന ഒരവസ്ഥയാണ്.


കഴിഞ്ഞ തവണ ബംഗാൾ-ബീഹാർ ദരിദ്രമക്കളെ കണ്ടതിൽ പിന്നെ അനാവശ്യമായ ഷോപ്പിങ് നടത്തുകയില്ല എന്ന ശപഥമൊക്കെ മറന്നുപോയി. ഏതായാലും ആ വകുപ്പിൽ കുറച്ച് പൈസ പോയി എന്നു പറഞ്ഞാൽ മതിയല്ലോ. യാത്രാ ടിക്കറ്റുകളിലൊക്കെ ലാഭിച്ചത് കശ്മീർ മാർക്കറ്റിൽ പൊടിഞ്ഞുപോയി. അല്ലാഹുവേ, നീ പൊറുത്തുതരണേ എന്ന് താഴ്മയോടെ ദുആ ചെയ്യുകയാണ്. അല്ലാഹു പൊറുത്തുതന്നില്ലെങ്കിൽ... നഷ്ടത്തിലായതുതന്നെ. നാഥാ, മാപ്പ്.


ഗുൽമർഗിലെക്കുള്ള   യാത്രയിൽ കണ്ട  ഒരു ബിൽഡിംഗ്‌ 
കശ്മീരിലെ വീടുകളുടെ മുകൾഭാഗം മുഴുവൻ അലൂമിനിയം ഷീറ്റുകളാണ്. എത്ര വലിയ വീടാണെങ്കിലും മേൽക്കൂര അലൂമിനിയം തന്നെ. കാരണമന്വേഷിച്ചപ്പോഴാണറിയുന്നത്. ശൈത്യകാലത്ത് എല്ലാ വീടുകളുടെ മുകൾഭാഗത്തും കട്ടിയിൽ ഐസ് മൂടും. മരങ്ങളും വഴികളും ഐസാകും. ചൂട് വന്ന് ഐസ് ഉരുകിയാൽ വേഗം ഒലിച്ചുപോകാൻ നല്ലത് ഷീറ്റിന്റെ മേൽക്കൂരകളാണത്രെ!


മലയാളികളായ ഏതാനും പോലീസ് ഉദ്യോഗസ്ഥരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അവരുടെ സൗഹൃദം കുറച്ചൊന്നുമല്ല ഈ യാത്രയിൽ ഉപകരിച്ചത്. നമുക്ക് തീർത്തും അന്യമായ ഒരു നാട്ടിൽ നമ്മുടെ ഭാഷ സംസാരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ കണ്ടുകിട്ടുക എന്നത് വലിയൊരു ഭാഗ്യമാണ്. അവരുടെ ഒരു കശ്മീരി സുഹൃത്ത് ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നു. ഹൗസ്‌ബോട്ട് വാടകക്കെടുക്കാൻ അദ്ദേഹം നേരിട്ടു വന്നതിനാൽ 24 മണിക്കൂറിന് 1500 എന്ന നിരക്കിൽ ലഭ്യമായി. കശ്മീർ ഭൂപ്രകൃതിയും മറ്റും അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. ടൂറിസ്റ്റുകളെ നന്നായി പറ്റിക്കും എന്ന് നമുക്ക് ഇദ്ദേഹവത്തിൽനിന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ജമ്മുവിലേക്കുള്ള മടക്കയാത്രയ്ക്കും അദ്ദേഹം 500 രൂപയ്ക്ക് (ആളൊന്നുക്ക്) പോകാൻ കഴിയും എന്നുറപ്പിച്ചു പറയുകയും അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ജോലിക്കാരെ ഞങ്ങൾക്ക് കൂട്ടിന് ടാക്‌സിസ്റ്റാന്റിലേക്ക് അയയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ ആദ്യമേ കാണാനും പരിചയപ്പെടാനും കഴിഞ്ഞിരുന്നെങ്കിൽ ഷോപ്പിങ്ങിലും മറ്റും ധാരാളം പൈസ ലാഭിക്കാമായിരുന്നു. പിന്നെ എല്ലാത്തിനും ഉണ്ടല്ലോ ഒരു വിധി.


വീട്ടിലേക്ക് അതിഥികളായി ചെല്ലാൻ അദ്ദേഹം ഒരുപാട് നിർബന്ധിച്ചെങ്കിലും മടക്കയാത്രയുടെ ടിക്കറ്റ് തീരുമാനമാക്കിയതിനാലും മറ്റും പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും കേരളം കാണാൻ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം വലിയ ഏതോ ഓഫീസറാണ്. ഞങ്ങൾ നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ഞങ്ങളുടെ വിവരമറിയാൻ വിളിച്ചിരിക്കുന്നു! ഒന്നോ രണ്ടോ തവണ മാത്രം കണ്ട് പരസ്പരം ഉപകാരം ചെയ്യുന്ന എത്രയോ മനുഷ്യന്മാരാണ് ഈ ദുനിയാവിൽ. അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്തുകൊടുക്കട്ടെ, ആമീൻ. ഭാര്യയും ഒരു പെൺകുട്ടിയും മാത്രമുള്ളൂവത്രെ വീട്ടിൽ. വീട് ജമ്മുറോഡിൽ 50 കിലോമീറ്റർ പോകണം. ഇനി ഒരു കശ്മീർ യാത്ര ഉണ്ടെങ്കിൽ നാസ് അഹമ്മദ് എന്ന ആ കശ്മീരി സുഹൃത്തിന്റെ വീട്ടിൽ പോകണം. ഇൻ ശാ അല്ലാഹ്.

Saturday, June 8, 2013

കശ്മീരിനെ അണിയിച്ചൊരുക്കുന്ന പൂന്തോട്ടങ്ങള്‍

നബിയേ, താങ്കള്‍ പറയുക: എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ക്ക് കടല്‍ മുഴുവന്‍ മഷിയായാല്‍ പോലും അതെഴുത്തീരും മുമ്പ് കടല്‍ വെള്ളം തീര്‍ന്നുപോകും. നാം അത്രയ്ക്കുതന്നെ കൊണ്ടുവന്നാലും. (തീരും) (സൂറഃ അല്‍കഹ്ഫ്).


റബ്ബിന്റെ വിശാലമായ ഭൂമിയിലൂടെ യാത്രചെയ്യുമ്പോള്‍ എത്രയെത്ര മാമലകള്‍, പാടങ്ങള്‍, നദികള്‍, കുളങ്ങള്‍.. ഇവയിലൊക്കെ ജീവിക്കുന്ന വ്യത്യസ്ത സസ്യ-ജന്തു-പറവ-ഉരഗ ജീവികള്‍. എട്ട് കാലുള്ളതും ആറ് കാലുള്ളതും നാലു കാലുള്ളതും ഇരുകാലികളും കാലേ ഇല്ലാത്തതും ഒക്കെയുണ്ട്.



നമുക്കല്പ സമയം കശ്മീരിലെ പൂന്തോട്ടങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന തരം വ്യത്യസ്തങ്ങളായ പൂക്കളാണ് പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണം. കൂടാതെ, മരങ്ങള്‍ വ്യത്യസ്ത രൂപങ്ങളില്‍ വെട്ടിനിര്‍ത്തി, സുന്ദരമാക്കി, നമ്മെ വല്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ശങ്കരാചാര്യ കുന്നില്‍നിന്ന് ഞങ്ങള്‍ പോയത് കശ്മീരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കായിരുന്നു. 10 രൂപ മാത്രമാണ് പ്രവേശന ഫീസ്. അതിവിശാലമായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ തുടക്കംതന്നെ ഒരു കൊച്ചുതടാകമാണ്. തടാകം നിശ്ചലമായതിനാല്‍ മരങ്ങളുടെയും ആകാശത്തിന്റെയും ഛായ നന്നായി കാണാമായിരുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് അവിടെ ഒന്നുരണ്ടു കൊച്ചു ബോട്ടുകള്‍ ഉണ്ടായിരുന്നു. കശ്മീരില്‍ തടാകങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധയുണ്ട്. വിശാലമായ ദാല്‍തടാകത്തില്‍ ഒറ്റ മോട്ടോര്‍ബോട്ട് പോലുമില്ല. പ്രകൃതിയെ അപ്പടി സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സത്യത്തില്‍ ദൈവത്തിന്റെ വരദാനമാണ് കശ്മീര്‍ എന്ന് പറയാതെ നിവൃത്തിയില്ല. നമ്മുടെ മുന്‍പ്രധാനമന്ത്രി നെഹ്‌റു എത്ര വികാരവായ്‌പോടെയായിരിക്കും ഇത് ഭൂമിയിലെ  സ്വര്ഗം  എന്ന്  ഉറക്കെ  വിളിച്ചു പറഞ്ഞിരിക്കുക .കാരണം,ഞാൻ   ഈ പൂന്തോട്ടങ്ങളിലൂടെ    നടന്നു നടന്നു ,അവസാനം പൊട്ടീക്കരഞ്ഞു പോയി.എനിക്കെന്നെ നിയന്ത്രിക്കാനായില്ല..മുഗൾ ഗാര്ടെന്സിലെ 2 .. 3 കുഞ്ഞിപ്പൂക്കളെ കണ്ടപ്പോൾ  എനിക്കെന്നെ  നിയന്ത്രിക്കാനായില്ല.ഈ  സുന്ദരങ്ങളായ പൂക്കളെ സൃഷ്ടിച്ചു പരിപാലിക്കുന്ന സരവ ശക്തനായ  അല്ലാഹുവിന്റെ  കരവിരുത്  അത്യപാരം ! എന്റെ ഉള്ള് ഈ   ഖുർആൻ  സൂക്തം  ഇടയ്ക്കിടയ്ക്ക്  വേലിയേറ്റം നടത്തിക്കൊണ്ടിരുന്നു."അവനാണ് അല്ലാഹു !സ്രഷ്ടാവും  നിർമ്മാതാവും  ചിത്രകാരനും അവൻ  തന്നെ "

ഇപ്പോഴും എന്റെ  മനസ്സ് ചോദിക്കുകയാണ് ! എവിടെ  നിന്നാണീ  നിറങ്ങൾ വരുന്നത്?പടച്ചവനേ !!......നിന്രങ്ങൾ ഒരത്ഭുതം   തന്നെ ..ഇപ്പോൾ   എന്റെ   പേനക്കാന്  ഒരു  തരാം വല്ലാത്ത അവസ്ഥ ! പൂവിന്റെ കാര്യങ്ങൾ [കഥകൾ] എഴുതാൻ എന്റെ  പേന   അശക്തം.....അവയെ  സൃഷ്ടിച്ചു സംവിധാനിച്ച  റബ്ബിനെ പ്പറ്റി  എന്തെഴുതനാ അല്ലാഹുവേ....നീ മഹൻ..നീ  ഇതൊന്നും വെറുതെ  സൃഷ്ടിച്ചതല്ല ! ഞങ്ങളെ നീ  നരകത്തിൽ   നിന്ന് രക്ഷിക്ക...ഈ പ്രപഞ്ഞതെ നിരീക്ഷിക്കുന്നവന്  എങ്ങിനെയാണ് ഇതിന്റെ   പിന്നിലെ ശക്തിയെ    നിഷേധിക്കനാവുക പൂന്തോട്ടം വര്‍ണന വെറും ദൈവവര്‍ണനയായി എന്ന് ആരും കരുതരുത്. ഓരോ പൂന്തോട്ടവും നമ്മെ മത്തുപിടിപ്പിക്കുമ്പോള്‍ അതിന്റെ ഉടമസ്ഥനെ നാം മറക്കരുത്. എനിക്കൊന്നാ തോട്ടങ്ങളില്‍ സാഷ്ടാംഗം ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഇപ്പോള്‍ ഒരു ഖേദമായി തോന്നുന്നു. മനസ്സ് മുഴുവന്‍ സുജൂദിലായിരുന്നു. ആ പൂന്തോട്ടങ്ങളുടെ നാഥനെ ഓര്‍ത്ത് ഭക്തിനിര്‍ഭരമായ മനസ്സ്.



നമുക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒന്നുകൂടി വിശദമായി കാണാം. പലതരത്തിലുള്ള മരങ്ങള്‍. നാം കണ്ടിട്ടില്ലാത്ത മരങ്ങള്‍. ഞാനപ്പോള്‍ എന്റെ ഷംല, ഖദീജ, യാസ്മി എന്നിവരെ ഓര്‍ത്തു. അവര്‍ക്കറിയുമായിരിക്കും ഇവയുടെ ഒക്കെ പേരുകള്‍. കാരണം, അവര്‍ എന്റെ സ്‌കൂളിലെ ബയോളജി ടീച്ചര്‍മാരാണ്. ഗാര്‍ഡനില്‍ കണ്ട കാഴ്ചകള്‍ എല്ലാം വിവരിക്കാന്‍ ഞാന്‍ അശക്തയാണ്. ഫോട്ടോകള്‍ കണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക. കശ്മീരിന്റെ സൗന്ദര്യം! വൈകാരികത കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ പൊട്ടിത്തകര്‍ന്നുപോകും. എന്റെ കണ്ണും കരളും ഞാനിത്തരം ദൃശ്യങ്ങളിലേക്ക് ഒരു ക്യാമറകണക്കെ തുറന്നുപിടിക്കാറാണ് പതിവ്. കറുപ്പും പച്ചയും അല്ലാത്ത എല്ലാ നിറങ്ങളിലും കൂടാതെ മിശ്രമായ കളറുകളിലും ഉള്ള പൂക്കള്‍ നിങ്ങള്‍ കാണുന്നില്ലേ? അങ്ങനെ നടന്നു പോകുമ്പോള്‍ ഒരുകൂട്ടം കുഞ്ഞി നീലപ്പൂക്കള്‍. അതില്‍ നടുവില്‍ ഒരു കൊച്ചു രത്‌നം പതിച്ചപോലത്തെ മുകുളം. അതിനെ എന്റെ സ്വാഭാവികരീതിയില്‍ പുന്നരിച്ചുകഴിഞ്ഞപ്പോള്‍ പിങ്ക്, ഇളം വയലറ്റ്, കടും വയലറ്റ്, ഹാപ്പി ബ്ലൂ ഒക്കെയുണ്ട് കുഞ്ഞിപ്പൂക്കള്‍. പടച്ചവനേ, ഞങ്ങള്‍ നിന്റെ നിറക്കൂട്ടുകള്‍ക്കു മുമ്പില്‍ പൊട്ടിക്കരയാതെ എന്ത് ചെയ്യും? നമ്മുടെ നാട്ടില്‍ നാം കണ്ടുമടുത്തതിനാലാവും കുഞ്ഞിപ്പൂക്കളെ നാം പരിഗണിക്കാതിരുന്നത്. പക്ഷേ, ഇപ്പോള്‍ എനിക്ക് തുമ്പപ്പൂവിനോടും മുക്കുറ്റിപ്പൂവിനോടും ഒരുതരം സ്‌നേഹം. കുഞ്ഞുമക്കളെയും കുഞ്ഞിപ്പൂക്കളെയും സ്‌നേഹിക്കാത്തവരെ ഭയപ്പെടണം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. മഴക്കാലത്ത് നമ്മുടെ പറമ്പിലും എത്ര കുഞ്ഞിപ്പൂക്കളാണല്ലേ? കുട്ടികളെയും നാം പൂക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണം. ആരും നട്ടുവളര്‍ത്താതെ പ്രകൃതിക്ക് ചായമിടാന്‍ വരുന്ന അമാനുഷിക സൃഷ്ടികളല്ലേ കുഞ്ഞിപ്പൂക്കള്‍. കശ്മീര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്ന് ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചെങ്കില്‍ ക്ഷമിക്കണം.


അതാ ഒരു മരം! ഞാനാദ്യം കരുതിയത് ബള്‍ബുകളിട്ട് അലങ്കരിച്ചതായിരിക്കുമെന്ന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിന്റെ തന്നെ ഒരു മുകുളമാണത്. കായയായിരിക്കുമെന്ന് കരുതുന്നു. എന്റെ കൗതുകം മൂത്തപ്പോള്‍ എന്റെ കൈകള്‍ പതുക്കെ അതൊന്ന് പൊട്ടിക്കാന്‍ നീണ്ടു. പൊട്ടിച്ച് ബാഗിലിട്ടു. അതിന്റെ ഫോട്ടോ കാണുക. ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ഇലകളും കൂമ്പുകളും മുകുളങ്ങളും വന്‍വൃക്ഷങ്ങളും... ഒന്നുംകൂടി ആ തോട്ടത്തിലെ മരങ്ങളെ പോയി കെട്ടിപ്പിടിക്കാന്‍ തോന്നുന്നു. അവയോട് ഇനിയും കുറേ വര്‍ത്തമാനം പറയാന്‍ തോന്നുന്നു. പാവങ്ങള്‍. എത്ര ജനങ്ങള്‍ അവരെ കാണാന്‍ വന്നുപോകുന്നു. എത്ര വയസ്സായീന്നോ എന്നൊന്നും നമുക്കറിയില്ല. കെട്ടിപ്പിടിച്ചാല്‍ എത്താത്ത, തടിയന്‍ മരങ്ങളും ഉണ്ട് കൂട്ടത്തില്‍. വണ്ണമില്ലാത്തവരും ഉണ്ട്. ചുവന്ന കൊച്ച് ഇലകളുള്ള മരങ്ങളെയും കാണാം. കാറ്റാടിമരത്തിന്റെ ഇലകളേക്കാളും മാര്‍ദ്ദവമുള്ളവയും ഉണ്ട് കൂട്ടത്തില്‍. ഓരോ ഗാര്‍ഡനിലും ഓരോ ദിവസം കഴിച്ചുകൂട്ടണമെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. വിശാലമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.



ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കാതെ നിവൃത്തിയില്ല എന്ന് പറഞ്ഞപോലെയാണ് ചിന്ത വന്ന് കൂട്ടത്തോടെ തലയില്‍ കയറിയാല്‍ എഴുതാതിരിക്കാനാകില്ല. ഞങ്ങള്‍ ഗാര്‍ഡന്റെ മുകളിലേക്ക് വീണ്ടും വീണ്ടും കയറാന്‍ തുടങ്ങി. അവിടെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു ദൃശ്യം കണ്ടു. ഒരുതരം ചെടിയില്‍ അറബിയില്‍ 'അല്ലാഹ്' എന്നും 'മുഹമ്മദ്' എന്നും സുന്ദരമായി വെട്ടിയുണ്ടാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഒരുപക്ഷേ മറ്റൊരിടത്തും കാണാന്‍ പറ്റാത്ത കാഴ്ചയായിരിക്കാം അത്തരമൊന്ന്. അവിടത്തെ പണിക്കാരും ഉറുദുക്കാരും മുസ്‌ലിംകളുമായതിനാലാവും ഈ കലാവിരുത് തോട്ടത്തില്‍ നടത്തിയിരിക്കുന്നത്. മരങ്ങളെ പല ആകൃതികളിലും വെട്ടി സുന്ദരമാക്കിയിട്ടുണ്ട്. കസേരയുടെയും ബഞ്ചിന്റെയും മറ്റ് ആകൃതികളിലും ശരിയാക്കി ഗാര്‍ഡന്‍ മൊത്തം ഒരു മാസ്മരിക ലോകമാക്കി മാറ്റിയിരിക്കുന്നു.


ഞങ്ങള്‍ അവിടെ നിന്ന് സമീപത്തുതന്നെയുള്ള മുഗള്‍ ഗാര്‍ഡനിലേക്കാണ് പിന്നീട് പോയത്. മുഗള്‍ ഗാര്‍ഡന്‍ റോസ് പൂക്കള്‍ കൊണ്ടാണ് അലംകൃതമായിട്ടുള്ളത്. പല നിറം, വലിപ്പം ഉള്ള ധാരാളം പൂന്തോപ്പുകളുണ്ട് മുഗള്‍ ഗാര്‍ഡനില്‍. സുന്ദരമായ ചില ഫൗണ്ടനുകളും ഉണ്ട്. അവിടെ സുന്ദരമായ ഒരു ദൃശ്യം കണ്ടു. വെട്ടിനിര്‍ത്തിയ മരങ്ങളിലെല്ലാം കുഞ്ഞിക്കിളികള്‍ അവരുടെ വീട് ഒരുക്കിയിരിക്കയാണ്. മരത്തിനുള്ളിലേക്ക് കിളികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. കിളികള്‍ ദ്വാരമുണ്ടാക്കി അതിനുള്ളിലേക്ക് കയറി ജീവിക്കുകയാണെന്നാണ് മനസ്സിലാകുന്നത്. തണുപ്പും മഴയും വെയിലും കൊള്ളാതെ ആ കുഞ്ഞിക്കിളികളെ ആ മരങ്ങള്‍ സംരക്ഷിക്കുന്നുണ്ടാവും. സുബ്ഹാനല്ലാഹ്...


മുഗള്‍ഗാര്‍ഡനില്‍ വച്ച് രസകരമായ ഒരനുഭവമുണ്ടായി. ഒരു ഉപ്പാപ്പ - വലിയൊരു ടേപ്പ്‌റെക്കോര്‍ഡറും കൈയില്‍ പിടിച്ച് 'യേ കശ്മീര്‍ ഹെ' എന്ന മുഹമ്മദ് റാഫിയുടെ പാട്ടം വെച്ച് ചില മുദ്രകളൊക്കൊ കാട്ടിവരുന്നു. ഭ്രമിച്ചുനില്‍ക്കുന്ന ആ പൂന്തോട്ടത്തില്‍ ഈ പാട്ടും ഈ ഉപ്പാപ്പയും വല്ലാത്തൊരനുഭൂതിയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. എല്ലാവരും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു. ഞങ്ങള്‍ അവിടെ നിന്ന് നിഷാത്ത് ഗാര്‍ഡനിലെത്തിയപ്പോഴും ഉപ്പാപ്പ പാട്ടുപെട്ടിയുമായി എത്തി.

Tuesday, June 4, 2013

ദാൽതടാകവും ശങ്കരാചാര്യരുടെ ക്ഷേത്രവും

എവിടെയോ നിന്നുപോയ എഴുത്ത്. ദാൽതടാകത്തിലെ ബോട്ടിന്റെ കോലായിലിരുന്ന് പുനരാരംഭിക്കുകയാണ്.

കാശ്മീർ! ഞാൻ കരുതിയതിലും മറ്റൊരു ലോകം. 100 ശതമാനം മുസ്‌ലിംകളുള്ള ഒരു രാജ്യം. ശ്രീനഗറിൽ 98 ശതമാനം ജനങ്ങളും മുസ്‌ലിംകളാണത്രെ! ചെറുപ്പം മുതൽ കാശ്മീരിനെപ്പറ്റി പലതും വായിച്ചിട്ടുണ്ട്. അന്നുതന്നെ ദാൽതടാകം ഒരത്ഭുതലോകമായി തോന്നിയിരുന്നു. കച്ചവടം നടത്തുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം ബോട്ടിലാണെന്ന് വായിച്ചറിഞ്ഞിരുന്നു. അവിടെയെത്തിയപ്പോൾ തികച്ചും ഒരു മാസ്മരികലോകം. ആയിരക്കണക്കിന് ബോട്ട്ഹൗസ്‌കൾ. അതിന്റെ എത്രയോ ഇരട്ടി ശിക്കാറുകളും ഉണ്ടിവിടെ. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനും ചരക്ക് കൊണ്ടുപോകാനും മീൻ പിടിക്കാനും ഉപയോഗിക്കുന്ന ചെറിയ ഓടവള്ളം ആണ് ശിക്കാറ. ശിക്കാർ എന്നാൽ വേട്ടയാടൽ എന്നാണല്ലോ. അതിൽനിന്ന് വന്നതാകും ഈ പ്രയോഗം. മീൻ പിടിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ.

ഈ കോലായിൽ ഇരുന്ന് പോക്കുവെയിൽ ആസ്വദിച്ചു ഇന്നലെ. വല്ലാത്ത അദ്ഭുതസ്ഥലം. ചന്ദ്രൻ ഉദിച്ചുവരുന്നത് കാണണമെന്ന് കരുതിയിരുന്നെങ്കിലും തണുപ്പ് റൂമിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. തണുപ്പിന്റെ കാഠിന്യത്താൽ ഉറക്കം കിട്ടിയില്ല. ഒരുവിധം രണ്ടുമൂന്നു മണിയായപ്പോൾ കോലായിൽ വന്ന് നോക്കിയപ്പോൾ ചന്ദ്രൻ. ഒരു പതിനൊന്നുമണി പൊക്കത്തിൽ. കുറച്ചുനേരം ഇവിടെ ഇരിക്കാനോ നിൽക്കാനോ കഴിയില്ല. വേഗം തന്നെ കോലായുടെ വാതിലടച്ച് അകത്തേക്ക് പോകേണ്ടിവന്നു. രാത്രിയിൽ മീനുകൾ ചാടുന്ന ശബ്ദം കേൾക്കാമായിരുന്നു. പകൽസമയത്ത് കൊക്ക്, കിങ്ഫിഷർ, മറ്റുചില ജലപ്പക്ഷികൾ, പരുന്ത് എന്നിവ സമൃദ്ധമായി ഇരതേടിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രകൃതിസൗന്ദര്യം 100 ശതമാനം തുളുമ്പിനിൽക്കുകയാണ് ദാൽതടാകത്തിൽ. ഇവിടെ ഇരുന്നാൽ ശ്രീശങ്കരാചാര്യരുടെ ക്ഷേത്രം ദൂരെ ഒരു മലമുകളിൽ കാണാം. രണ്ടു ദിവസം മുമ്പ് പ്രഭാതത്തിൽ ഞങ്ങൾ അവിടെ പോയി. ഭൂനിരപ്പിൽനിന്ന് പന്ത്രണ്ടായിരത്തിലധികം അടി ഉയരമുണ്ട് ആ കുന്നിൻമുകളിലേക്ക്. ക്ഷേത്രഭാരവാഹികളുടെയും സേവനസന്നദ്ധരുടെയും വക കടല പുഴുങ്ങിയത് എല്ലാവർക്കും കൊടുക്കുന്നുണ്ട്. 200 പടികൾ വീണ്ടും കയറണം ക്ഷേത്രത്തിലെത്താൻ. ഞാൻ കയറാൻ തന്നെ തീരുമാനിച്ചു. ഓരോ 10 പടികൾ കയറുമ്പോഴും കിതപ്പ്. എല്ലാവരും കിതപ്പ് വരുമ്പോൾ അല്പം നിൽക്കും. വീണ്ടും കയറും. അതീവസുന്ദരമായ അന്തരീക്ഷം. ചുറ്റും വൻവൃക്ഷങ്ങൾ. ദാൽതടാകം ശ്രീനഗർ ജില്ലയുടെ മധ്യത്തിലാണ്. മുകളിലോട്ട് പോകുംവഴി ഡ്രൈവർ വണ്ടി നിർത്തി ദാൽതടാകദൃശ്യം കാട്ടിത്തന്നു. അവിടെ നിന്ന് നോക്കിയപ്പോഴാണ് ഈ തടാകത്തിൽ ഇത്രയധികം ഹൗസ്‌ബോട്ടുകൾ ഉണ്ട് എന്ന് മനസ്സിലായത്.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് കയറുംവഴി ഒരുതവണ തിരിച്ചിറങ്ങിയെങ്കിലോ എന്ന് തോന്നി. അത്ര ഭയങ്കര കിതപ്പ്; ഒപ്പം പേടിയും; വല്ല എടങ്ങേറും വരുമോ എന്ന്. പക്ഷേ, കിതപ്പ് മാറിയപ്പോൾ ഞാൻ എപ്പോഴും കരുതുംപോലെ കരുതി. ഏതായാലും ഇത്രയും കയറി. ഇനി ഇവിടെ ഇതിനായി പിന്നൊരിക്കൽ വരാൻ പറ്റണമെന്നില്ല. എങ്ങനെയെങ്കിലും കയറൽതന്നെ. എനിക്ക് തോന്നുന്നത്, തണുപ്പ്പ്രദേശങ്ങളിൽ പടി കയറുമ്പോൾ കിതപ്പിക്കുന്നതിൽ എന്തോ യുക്തി റബ്ബിന്റേത് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ഈ കിതപ്പ് മാറുമ്പോൾ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ട്. അങ്ങനെ ഒരു വിധം നിന്നും നിർത്തിയും കുന്നിൻമുകളിലെത്തി. ക്ഷേത്രത്തിലേക്ക് വീണ്ടും കുത്തനെയുള്ള പടികൾ കയറണം. എന്താണ് അതിനുള്ളിൽ എന്നറിയാനുള്ള കൗതുകം എന്നെ അമ്പലത്തിനുള്ളിലെത്തിച്ചു.

കൊച്ചുമുറിയാണ് അമ്പലം. ശ്രീശങ്കരാചാര്യർ തപസ്സിരുന്ന ചെറിയ മുറി. ബി.സി. 2000നും 3000നും ഇടയിൽ പണിയപ്പെട്ടതാണിത്. ഉള്ളിൽ ഒരു പുരോഹിതൻ എല്ലാവർക്കും പ്രസാദം കൊടുക്കുന്നുണ്ട്. മുറി നല്ല ചൂടായിരുന്നു. ഇത് നിർമിക്കപ്പെട്ടതിനുശേഷം ഒന്നുരണ്ടു തവണ പുതുക്കിപ്പണിതിട്ടുണ്ടത്രെ. ഒരിക്കൽ ഒരു ഭൂകമ്പത്തിൽ ഇത് മുഴുവൻ തകർന്നിരുന്നു. പിന്നെ മുഗൾരാജാക്കന്മാരിലാരോ ആണ് പുനർനിർമിച്ചത്. ഇവിടെ 'തഖ്‌തെ സുലൈമാൻ' എന്ന പാറയിലാണത്രെ ക്ഷേത്രം നിൽക്കുന്നത്. അല്ലാഹു അഅ്‌ലം - സുലൈമാൻ നബിക്ക് ഈ നാടുമായി വല്ല ബന്ധവുമുണ്ടോയെന്ന്. ഞാൻ കരുതുന്നത് ശ്രീശങ്കരാചാര്യർ ഒരുപക്ഷേ പ്രവാചകനായിരുന്നിരിക്കാം. പിൽക്കാലത്ത് എല്ലാ അനുയായികളും ചെയ്യുന്നപോലെ ഗുരുക്കന്മാരുടെ അധ്യാപനങ്ങളിൽനിന്ന് സ്വന്തം താൽപര്യങ്ങൾക്ക് ദൈവസങ്കല്പത്തെ മാറ്റിമറിച്ചതാകാം. വിഗ്രഹാരാധന നിഷിദ്ധമാക്കാത്ത ഒരു പ്രവാചകനും പുണ്യാത്മാക്കളും കഴിഞ്ഞുപോയിട്ടില്ല. പക്ഷേ, പിൻഗാമികൾ അവരെത്തന്നെ പിടിച്ച് ദൈവമാക്കിയതാണല്ലോ ചരിത്രം!

ഇവിടെ ഒരു പള്ളിയുണ്ട്. അതിവിശാലമായ പള്ളി. ഹസ്‌റത്ത്ബാൽ എന്നറിയപ്പെടുന്നു. പ്രവാചകന്റെ മുടി ഉണ്ടെന്ന് കരുതി ആയിരങ്ങൾ അവിടെ സിയാറത്ത് ചെയ്യുന്നുണ്ട്. മാസത്തിൽ മൂന്നു തവണ മാത്രമേ കാണിക്കുകയുള്ളുവത്രെ! അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ വീണുപോവുകയാണ് മനുഷ്യസമൂഹം. ഹസ്രത്ത്ബാൽ മസ്ജിദിൽ എല്ലാ മതസ്ഥരും കയറുന്നുണ്ട്. പക്ഷേ, സ്ത്രീകൾ വേറെ ഭാഗത്തുകൂടിയാണ് പ്രവേശനം. ബാൽ കാണിക്കുന്നുണ്ടോ എന്നറിയില്ല. ഞങ്ങൾ ചെന്നപ്പോൾ മധ്യാഹ്ന നമസ്‌കാരം ആയി. ഉടൻ ജമാഅത്തിൽ പങ്കെടുത്തു. നല്ല മഴയും തണുപ്പും. വുദൂഅ് എടുക്കാൻ പോലും പറ്റാത്ത തണുപ്പ്. വുദൂഅ് എടുത്താൽ തണുത്ത് വിറങ്ങലിക്കും. ആ അവസ്ഥ ഭയന്ന് ഞാൻ തയമ്മും ചെയ്തു. മരവിക്കുന്ന തണുപ്പായിരുന്നു. വെള്ളം തൊടാതെ തന്നെ കൈകാലുകൾ മരവിച്ചപോലെ ആയിത്തുടങ്ങിയിരുന്നു.

ദാൽതടാകത്തിലെ ഇളംവെയിലിലിരുന്നാണിത്രയും കുറിച്ചത്. തീർച്ചയായും കാശ്മീർ യാത്രാവിവരണം പരമാവധി നന്നായിത്തന്നെ എഴുതണമെന്നുണ്ട്. തൽക്കാലം നിർത്തട്ടെ.

വസ്സലാം, സ്വന്തം ടീച്ചർ.