Tuesday, June 4, 2013

ദാൽതടാകവും ശങ്കരാചാര്യരുടെ ക്ഷേത്രവും

എവിടെയോ നിന്നുപോയ എഴുത്ത്. ദാൽതടാകത്തിലെ ബോട്ടിന്റെ കോലായിലിരുന്ന് പുനരാരംഭിക്കുകയാണ്.

കാശ്മീർ! ഞാൻ കരുതിയതിലും മറ്റൊരു ലോകം. 100 ശതമാനം മുസ്‌ലിംകളുള്ള ഒരു രാജ്യം. ശ്രീനഗറിൽ 98 ശതമാനം ജനങ്ങളും മുസ്‌ലിംകളാണത്രെ! ചെറുപ്പം മുതൽ കാശ്മീരിനെപ്പറ്റി പലതും വായിച്ചിട്ടുണ്ട്. അന്നുതന്നെ ദാൽതടാകം ഒരത്ഭുതലോകമായി തോന്നിയിരുന്നു. കച്ചവടം നടത്തുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം ബോട്ടിലാണെന്ന് വായിച്ചറിഞ്ഞിരുന്നു. അവിടെയെത്തിയപ്പോൾ തികച്ചും ഒരു മാസ്മരികലോകം. ആയിരക്കണക്കിന് ബോട്ട്ഹൗസ്‌കൾ. അതിന്റെ എത്രയോ ഇരട്ടി ശിക്കാറുകളും ഉണ്ടിവിടെ. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനും ചരക്ക് കൊണ്ടുപോകാനും മീൻ പിടിക്കാനും ഉപയോഗിക്കുന്ന ചെറിയ ഓടവള്ളം ആണ് ശിക്കാറ. ശിക്കാർ എന്നാൽ വേട്ടയാടൽ എന്നാണല്ലോ. അതിൽനിന്ന് വന്നതാകും ഈ പ്രയോഗം. മീൻ പിടിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ.

ഈ കോലായിൽ ഇരുന്ന് പോക്കുവെയിൽ ആസ്വദിച്ചു ഇന്നലെ. വല്ലാത്ത അദ്ഭുതസ്ഥലം. ചന്ദ്രൻ ഉദിച്ചുവരുന്നത് കാണണമെന്ന് കരുതിയിരുന്നെങ്കിലും തണുപ്പ് റൂമിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. തണുപ്പിന്റെ കാഠിന്യത്താൽ ഉറക്കം കിട്ടിയില്ല. ഒരുവിധം രണ്ടുമൂന്നു മണിയായപ്പോൾ കോലായിൽ വന്ന് നോക്കിയപ്പോൾ ചന്ദ്രൻ. ഒരു പതിനൊന്നുമണി പൊക്കത്തിൽ. കുറച്ചുനേരം ഇവിടെ ഇരിക്കാനോ നിൽക്കാനോ കഴിയില്ല. വേഗം തന്നെ കോലായുടെ വാതിലടച്ച് അകത്തേക്ക് പോകേണ്ടിവന്നു. രാത്രിയിൽ മീനുകൾ ചാടുന്ന ശബ്ദം കേൾക്കാമായിരുന്നു. പകൽസമയത്ത് കൊക്ക്, കിങ്ഫിഷർ, മറ്റുചില ജലപ്പക്ഷികൾ, പരുന്ത് എന്നിവ സമൃദ്ധമായി ഇരതേടിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രകൃതിസൗന്ദര്യം 100 ശതമാനം തുളുമ്പിനിൽക്കുകയാണ് ദാൽതടാകത്തിൽ. ഇവിടെ ഇരുന്നാൽ ശ്രീശങ്കരാചാര്യരുടെ ക്ഷേത്രം ദൂരെ ഒരു മലമുകളിൽ കാണാം. രണ്ടു ദിവസം മുമ്പ് പ്രഭാതത്തിൽ ഞങ്ങൾ അവിടെ പോയി. ഭൂനിരപ്പിൽനിന്ന് പന്ത്രണ്ടായിരത്തിലധികം അടി ഉയരമുണ്ട് ആ കുന്നിൻമുകളിലേക്ക്. ക്ഷേത്രഭാരവാഹികളുടെയും സേവനസന്നദ്ധരുടെയും വക കടല പുഴുങ്ങിയത് എല്ലാവർക്കും കൊടുക്കുന്നുണ്ട്. 200 പടികൾ വീണ്ടും കയറണം ക്ഷേത്രത്തിലെത്താൻ. ഞാൻ കയറാൻ തന്നെ തീരുമാനിച്ചു. ഓരോ 10 പടികൾ കയറുമ്പോഴും കിതപ്പ്. എല്ലാവരും കിതപ്പ് വരുമ്പോൾ അല്പം നിൽക്കും. വീണ്ടും കയറും. അതീവസുന്ദരമായ അന്തരീക്ഷം. ചുറ്റും വൻവൃക്ഷങ്ങൾ. ദാൽതടാകം ശ്രീനഗർ ജില്ലയുടെ മധ്യത്തിലാണ്. മുകളിലോട്ട് പോകുംവഴി ഡ്രൈവർ വണ്ടി നിർത്തി ദാൽതടാകദൃശ്യം കാട്ടിത്തന്നു. അവിടെ നിന്ന് നോക്കിയപ്പോഴാണ് ഈ തടാകത്തിൽ ഇത്രയധികം ഹൗസ്‌ബോട്ടുകൾ ഉണ്ട് എന്ന് മനസ്സിലായത്.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് കയറുംവഴി ഒരുതവണ തിരിച്ചിറങ്ങിയെങ്കിലോ എന്ന് തോന്നി. അത്ര ഭയങ്കര കിതപ്പ്; ഒപ്പം പേടിയും; വല്ല എടങ്ങേറും വരുമോ എന്ന്. പക്ഷേ, കിതപ്പ് മാറിയപ്പോൾ ഞാൻ എപ്പോഴും കരുതുംപോലെ കരുതി. ഏതായാലും ഇത്രയും കയറി. ഇനി ഇവിടെ ഇതിനായി പിന്നൊരിക്കൽ വരാൻ പറ്റണമെന്നില്ല. എങ്ങനെയെങ്കിലും കയറൽതന്നെ. എനിക്ക് തോന്നുന്നത്, തണുപ്പ്പ്രദേശങ്ങളിൽ പടി കയറുമ്പോൾ കിതപ്പിക്കുന്നതിൽ എന്തോ യുക്തി റബ്ബിന്റേത് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ഈ കിതപ്പ് മാറുമ്പോൾ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ട്. അങ്ങനെ ഒരു വിധം നിന്നും നിർത്തിയും കുന്നിൻമുകളിലെത്തി. ക്ഷേത്രത്തിലേക്ക് വീണ്ടും കുത്തനെയുള്ള പടികൾ കയറണം. എന്താണ് അതിനുള്ളിൽ എന്നറിയാനുള്ള കൗതുകം എന്നെ അമ്പലത്തിനുള്ളിലെത്തിച്ചു.

കൊച്ചുമുറിയാണ് അമ്പലം. ശ്രീശങ്കരാചാര്യർ തപസ്സിരുന്ന ചെറിയ മുറി. ബി.സി. 2000നും 3000നും ഇടയിൽ പണിയപ്പെട്ടതാണിത്. ഉള്ളിൽ ഒരു പുരോഹിതൻ എല്ലാവർക്കും പ്രസാദം കൊടുക്കുന്നുണ്ട്. മുറി നല്ല ചൂടായിരുന്നു. ഇത് നിർമിക്കപ്പെട്ടതിനുശേഷം ഒന്നുരണ്ടു തവണ പുതുക്കിപ്പണിതിട്ടുണ്ടത്രെ. ഒരിക്കൽ ഒരു ഭൂകമ്പത്തിൽ ഇത് മുഴുവൻ തകർന്നിരുന്നു. പിന്നെ മുഗൾരാജാക്കന്മാരിലാരോ ആണ് പുനർനിർമിച്ചത്. ഇവിടെ 'തഖ്‌തെ സുലൈമാൻ' എന്ന പാറയിലാണത്രെ ക്ഷേത്രം നിൽക്കുന്നത്. അല്ലാഹു അഅ്‌ലം - സുലൈമാൻ നബിക്ക് ഈ നാടുമായി വല്ല ബന്ധവുമുണ്ടോയെന്ന്. ഞാൻ കരുതുന്നത് ശ്രീശങ്കരാചാര്യർ ഒരുപക്ഷേ പ്രവാചകനായിരുന്നിരിക്കാം. പിൽക്കാലത്ത് എല്ലാ അനുയായികളും ചെയ്യുന്നപോലെ ഗുരുക്കന്മാരുടെ അധ്യാപനങ്ങളിൽനിന്ന് സ്വന്തം താൽപര്യങ്ങൾക്ക് ദൈവസങ്കല്പത്തെ മാറ്റിമറിച്ചതാകാം. വിഗ്രഹാരാധന നിഷിദ്ധമാക്കാത്ത ഒരു പ്രവാചകനും പുണ്യാത്മാക്കളും കഴിഞ്ഞുപോയിട്ടില്ല. പക്ഷേ, പിൻഗാമികൾ അവരെത്തന്നെ പിടിച്ച് ദൈവമാക്കിയതാണല്ലോ ചരിത്രം!

ഇവിടെ ഒരു പള്ളിയുണ്ട്. അതിവിശാലമായ പള്ളി. ഹസ്‌റത്ത്ബാൽ എന്നറിയപ്പെടുന്നു. പ്രവാചകന്റെ മുടി ഉണ്ടെന്ന് കരുതി ആയിരങ്ങൾ അവിടെ സിയാറത്ത് ചെയ്യുന്നുണ്ട്. മാസത്തിൽ മൂന്നു തവണ മാത്രമേ കാണിക്കുകയുള്ളുവത്രെ! അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ വീണുപോവുകയാണ് മനുഷ്യസമൂഹം. ഹസ്രത്ത്ബാൽ മസ്ജിദിൽ എല്ലാ മതസ്ഥരും കയറുന്നുണ്ട്. പക്ഷേ, സ്ത്രീകൾ വേറെ ഭാഗത്തുകൂടിയാണ് പ്രവേശനം. ബാൽ കാണിക്കുന്നുണ്ടോ എന്നറിയില്ല. ഞങ്ങൾ ചെന്നപ്പോൾ മധ്യാഹ്ന നമസ്‌കാരം ആയി. ഉടൻ ജമാഅത്തിൽ പങ്കെടുത്തു. നല്ല മഴയും തണുപ്പും. വുദൂഅ് എടുക്കാൻ പോലും പറ്റാത്ത തണുപ്പ്. വുദൂഅ് എടുത്താൽ തണുത്ത് വിറങ്ങലിക്കും. ആ അവസ്ഥ ഭയന്ന് ഞാൻ തയമ്മും ചെയ്തു. മരവിക്കുന്ന തണുപ്പായിരുന്നു. വെള്ളം തൊടാതെ തന്നെ കൈകാലുകൾ മരവിച്ചപോലെ ആയിത്തുടങ്ങിയിരുന്നു.

ദാൽതടാകത്തിലെ ഇളംവെയിലിലിരുന്നാണിത്രയും കുറിച്ചത്. തീർച്ചയായും കാശ്മീർ യാത്രാവിവരണം പരമാവധി നന്നായിത്തന്നെ എഴുതണമെന്നുണ്ട്. തൽക്കാലം നിർത്തട്ടെ.

വസ്സലാം, സ്വന്തം ടീച്ചർ.

6 comments:

  1. നന്നായി എഴുതി.. ഭാവുകങ്ങള്‍

    ReplyDelete
  2. മനസ്സില് ചിതറികിടന്നിരുന്ന വാക്കുകൾ ഒരുമിചു കൂട്ടിയതിന് നന്ദി....ഇനിയും പ്രതീക്ഷിക്കുന്നു ,,അള്ളാഹു അനുഗ്രഹിക്കട്ടെ ,,

    ReplyDelete
  3. നല്ല വിവരണം
    കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും വേഗം പോരട്ടെ
    ഇത്തരം കാഴ്ചകള്‍ കാണാന്‍ ആഗ്രഹികുകയും എന്നാല്‍ വെറും ആഗ്രഹങ്ങള്‍ മാത്രമായി അവശേഷിക്കുകയും ചെയ്യുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇതൊക്കെ കണ്ടു ആശ്വസിക്കാം.
    ആശംസകള്‍ നേരുന്നു

    ReplyDelete
  4. വളരെ നന്നായി എഴുതി ..........എഴുത്തിലൂടെ കാശ്മീരിനെ കാണിച്ചു തന്ന്നതില്‍ നന്ദി ......

    ReplyDelete
  5. ഞാൻ കരുതുന്നത് ശ്രീശങ്കരാചാര്യർ ഒരുപക്ഷേ പ്രവാചകനായിരുന്നിരിക്കാം. പിൽക്കാലത്ത് എല്ലാ അനുയായികളും ചെയ്യുന്നപോലെ ഗുരുക്കന്മാരുടെ അധ്യാപനങ്ങളിൽനിന്ന് സ്വന്തം താൽപര്യങ്ങൾക്ക് ദൈവസങ്കല്പത്തെ മാറ്റിമറിച്ചതാകാം. വിഗ്രഹാരാധന നിഷിദ്ധമാക്കാത്ത ഒരു പ്രവാചകനും പുണ്യാത്മാക്കളും കഴിഞ്ഞുപോയിട്ടില്ല. പക്ഷേ, പിൻഗാമികൾ അവരെത്തന്നെ പിടിച്ച് ദൈവമാക്കിയതാണല്ലോ ചരിത്രം!


    good quaotes !!!!!!!!!

    thankal oru nalla eyuthukaariyum chindakayum koodiyaanu

    ReplyDelete