Friday, October 15, 2010

ജമാഅത്ത്, ദൈവികവ്യവസ്ഥ, സമൂഹം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരുനാട്, അതില്‍ അഴിമതിയും അനീതിയും നടമാടുമ്പോള്‍ ഒരു വിശ്വാസിക്ക് കാഴ്ചക്കാരനായി, അല്ലെങ്കില്‍ അതിനെ കണ്ടില്ല എന്നു നടിച്ച് മാറിനില്‍ക്കാനാവുമോ? നബി (സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍, അവന്‍ അതിനെ കൈകൊണ്ട് തടയട്ടെ. അതിന് കഴിയില്ലെങ്കില്‍ നാവുകൊണ്ട്, അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട്. അത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാകുന്നു.'

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മനസ്സിലായ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ജനങ്ങള്‍ പലപല ബുദ്ധിമുട്ടുകളിലും ആണ് ജീവിക്കുന്നത്. പലരും പലതരത്തിലുള്ള കൈത്താങ്ങുകളെ പ്രതീക്ഷിക്കുന്നു. സഹജീവികളായ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ ചാറ്റല്‍മഴ പെയ്യിക്കാന്‍ നമുക്ക് കഴിയുന്നു. തീര്‍ച്ചയായും ഹൃദയങ്ങളുമായി നടത്തുന്ന സംവദിക്കലുകളില്‍നിന്നും ഒന്നും പാഴാകുകയില്ല. ഇതൊരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. നിര്‍ബന്ധിതമായി ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായി വലിയൊരു ബന്ധം കൈവരുന്നു. 

എന്റെ മനസ്സിലിപ്പോള്‍ എന്റെ വാര്‍ഡിലെ ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് അധിക സമയവും. പ്രാര്‍ഥനയില്‍ അവരെ പ്രത്യേകം ഓര്‍ക്കാന്‍ കഴിയുന്നു. അവരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയെങ്കിലും പരിഹാരം നേടിക്കൊടുക്കണമെന്നുതന്നെ മനസ്സാവശ്യപ്പെടുന്നു.

ഇവിടെ പരാമര്‍ശിക്കേണ്ട ഒരു വിഷയം; വര്‍ഗീയത വളരും എന്ന ഒരു പ്രോപ്പഗണ്ട എല്ലാവരും നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലും പരിപാടികൊണ്ട് വര്‍ഗീയത വളര്‍ന്നു എന്ന് പറയാന്‍ കഴിയുമോ?

ദൈവികവ്യവസ്ഥയാണ് ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്ന് ജമാഅത്തെ ഇസ്‌ലാമി ഉറച്ചുവിശ്വസിക്കുന്നു. തീര്‍ത്തും സമാധാനപരമായ മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് ഗമിക്കുന്നു. ഒരിക്കലും ഒരു സ്ഥലത്തുപോലും അക്രമത്തിന്റെയോ അനീതിയുടെയോ നേരിയ മാര്‍ഗം പോലും അതിന് സ്വീകരിക്കില്ല. നാവും പേനയും മാത്രം ആയുധമാക്കിക്കൊണ്ട് അതിന് ശ്രമിക്കും.

ഇപ്പോള്‍ ഒരു ചോദ്യം പ്രസക്തമാണ്. ദൈവികവ്യവസ്ഥ എന്നാല്‍ എന്താണ്? സദാചാരത്തിലും മൂല്യത്തിലും ഊന്നിനില്‍ക്കുന്ന ഒരു വ്യവസ്ഥ എന്ന് പറയാവുന്നതാണ്. മനുഷ്യന് വായുവും വെള്ളവും ഏതുപോലെ അത്യാവശ്യമാണോ അതുപോലെ ആവശ്യമാണ് സദാചാരവും മൂല്യങ്ങളും. മൂല്യങ്ങളിലുറച്ചു വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു വ്യവസ്ഥ. അത് മനുഷ്യന്റെ അവകാശമാണ്. ആ അവകാശം പുനഃസ്ഥാപിച്ചുകിട്ടാനാണ് നാം ഇപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തുന്നത്.

നമ്മുടെ ഈ 'യുദ്ധ'ത്തിലെ ഏക ആയുധം ബാലറ്റ് മാത്രമാണ്. സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ളവനാണ് മനുഷ്യരായ നാം. നമുക്ക് ഗുണകരമായത് സ്വീകരിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യജന്മം കൊണ്ട് ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. തീര്‍ച്ചയായും മരണം കൊണ്ടവസാനിക്കുന്നതല്ല ഈ ജീവിതം. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും ലഭിക്കണമെന്നത് മനുഷ്യന്റെ ഉള്ളില്‍ത്തന്നെ രൂപപ്പെട്ടിട്ടുള്ള, ഊട്ടപ്പെട്ടിട്ടുള്ള വിശ്വാസമാണ്; നിര്‍ബന്ധവുമാണ്.

മുസ്‌ലിം കക്ഷികളില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടുന്നുണ്ട് ജനകീയ മുന്നണി. ജമാഅത്തെ ഇസ്‌ലാമി എന്തു ചെയ്താലും എതിര്‍ക്കുക എന്നത് ഒരു 'മാനിയ' ആക്കി മാറ്റിയ ചിലരുണ്ട്. അവരതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. സമീപഭാവിയില്‍ നാടിനെ രക്ഷപ്പെടുത്താന്‍ അവര്‍ക്കും ഇതില്‍ അണിചേരേണ്ടിവരും.

ഇന്നലെ ഒരു മെയില്‍ കാണുകയുണ്ടായി. മഅ്ദനിയെ ആക്ഷേപിച്ചവര്‍ ഇന്ന് കപടരാഷ്ട്രീയത്തിനുവേണ്ടി മദനിരക്ഷകരായി ചമയുന്നു എന്ന്. മലര്‍ന്നുകിടന്ന് തുപ്പുംപോലെയാണിത്. തീര്‍ത്തും പറയട്ടെ. ജമാഅത്തിന് കാപട്യം ചെയ്തിട്ട് ഒന്നും നേടാനില്ല. മഅ്ദനി ഒരു പ്രതീകം പാത്രമാണ്. നീതി നിഷേധിക്കപ്പെട്ട ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ നീതി വാങ്ങിക്കൊടുക്കാനുള്ള ശ്രമം മാത്രമാണ്. ദയവുചെയ്ത് ഇതൊക്കെ എഴുതിവിടുന്നവര്‍ ഒന്ന് ശ്രദ്ധിച്ചെങ്കില്‍. ഒരിക്കലും ജമാഅത്തിലെ ആരും സ്ഥാനമോഹികളല്ല. സ്ഥാനാര്‍ഥിയാകാന്‍ എത്രതവണ ആവശ്യപ്പെട്ടിട്ടാണ് ഓരോരുത്തരും മുന്നോട്ടുവന്നത്. പരലോകത്ത് അതൊരു വന്‍ഭാരമായിരിക്കും എന്ന തിരിച്ചറിവിനുള്ള വ്യക്തിസംസ്‌കരണം ജമാഅത്ത് അണികള്‍ക്കുണ്ട്. ഇനിയും ആ സംസ്‌കരണം ശക്തമായി നടത്തിക്കൊണ്ടിരിക്കും. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജമാഅത്തിനെപ്പോലെ ഇന്ത്യയില്‍ കണ്ടെത്താനാകില്ല എന്ന തിരിച്ചറിവിലാണ് ഞാന്‍ അതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും മൂല്യങ്ങളും ഇത്രയും വിഭവങ്ങളും ഉള്ള മറ്റൊരു സംഘം ഇല്ല. ഇതിലും മേന്മയുള്ള ഒരു സംഘത്തെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അവസാനമായി ഒരു വാക്ക്. ഞങ്ങളോടൊപ്പം പട്ടികജാതിക്കാരുണ്ട്, പട്ടികവര്‍ഗക്കാരുണ്ട്. അവരുമായി ഇത്രയും സ്‌നേഹത്തോടെ, അവരുടെ വാര്‍ഡുകളില്‍ സ്‌ക്വാഡ് പോകുമ്പോള്‍ ലഭിക്കുന്ന ആത്മസായൂജ്യം. അത് ഈ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും കിട്ടുകയില്ല. ആ മനുഷ്യരെ വിജയിപ്പിക്കണം, മറ്റാരെക്കാളും. കലവറയില്ലാത്ത മനസ്സിന്റെ ആവശ്യമാണത്.

Thursday, October 14, 2010

കാഴ്ചകള്‍ അവസാനിക്കുന്നില്ല...

മനുഷ്യന് വെറുതെയല്ല രണ്ട് കണ്ണുകള്‍ ദൈവം തമ്പുരാന്‍ തന്നത്! ഖുര്‍ആന്‍ ചോദിക്കുന്നു: 'അവന് നാം രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ; ഒരു നാവും രണ്ട് ചുണ്ടുകളും? എന്നിട്ടും അവര്‍ ഗിരിമാര്‍ഗം താണ്ടിക്കടന്നില്ല. നിനക്കറിയാമോ, എന്താണ് ഗിരിമാര്‍ഗം? അടിമമോചനവും കഷ്ടപ്പെടുന്ന ദിവസം ഭക്ഷണം കൊടുക്കലും; അടുത്ത അനാഥനോ മണ്ണ് പുരണ്ട അഗതിക്കോ.

എന്തൊരു സത്യമായ വചനങ്ങള്‍. ഇതിലും സത്യമായത് ഈ ഭൂമിയിലില്ല. നാഥന്‍ തന്ന രണ്ട് കണ്ണുകള്‍. അതിമഹത്തരം. കണ്ട ദൃശ്യങ്ങളെ പലതവണ ഭാവനയില്‍ കാണാന്‍ കഴിയുന്നത് കണ്ണുകൊണ്ട് കണ്ടതിനാലല്ലേ? കണ്ണുകൊണ്ട് കണ്ടത് എക്‌സ്പ്രസ് ചെയ്യാന്‍ ഒരു നാവും രണ്ട് ചുണ്ടും. എന്നിട്ടും, ഈ അനുഗ്രഹങ്ങളെല്ലാം ലഭിച്ചിട്ടും മനുഷ്യന് ദുര്‍ഘടപാത മുറിച്ചുകടക്കാനാവുന്നില്ല.

ഇന്നലെ എന്റെ വാര്‍ഡായ പതിനേഴില്‍ ഒരു വീട്ടില്‍ കണ്ട ദൃശ്യം. കണ്ണില്‍നിന്നും മനസ്സില്‍നിന്നും മായാത്തതിനാല്‍ കുറച്ചെഴുതീട്ടെങ്കിലും ദുഃഖം മാറ്റാമെന്ന് കരുതി. അല്‍ഹംദുലില്ലാഹ്, വലിയൊരു വേദനയ്ക്ക് അല്പം ആശ്വാസം വന്നപോലെ.

കുറേ കൊല്ലം മുമ്പ് (പത്തുകൊല്ലം) എന്റെയടുത്ത് ഇടയ്ക്കിടെ ഒരു സാധുവായ സ്ത്രീ വരുമായിരുന്നു. എന്തോ, അവരോട് ഉള്ളില്‍ വലിയൊരലിവ് തോന്നുമായിരുന്നു. തൊണ്ടയില്‍ ഒരു മുഴ ഉള്ളതിനാല്‍ ശബ്ദത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. പിന്നീടെപ്പോഴോ അവര്‍ മരിച്ചതായി അവരുടെ മരുമകള്‍ മുഖേന അറിയുകയുണ്ടായി. ആ മരുമകളെ എന്റെ ക്ലാസ്സുകളിലൊക്കെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഞാന്‍ അക്കാര്യം മറന്നിരുന്നു.

ഇന്നലെ ഞാന്‍ പോയ വീട്ടില്‍ (എന്റെ തന്നെ വിദ്യാര്‍ഥിനികള്‍ - ഉമ്മയും മക്കളും) ഈ മരുമകള്‍... വീട്ടിന്റെ ഹാളില്‍ മന്ദബുദ്ധിയായ ഒരു യുവാവ്... പടച്ചവനേ, കണ്ടതും എന്റെ മനസ്സാകെ വിഷമമായി. ചോദിച്ചുചോദിച്ചു വന്നപ്പോള്‍, കൊല്ലങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടില്‍ വന്നിരുന്ന ഇത്താടെ മകനാണിത്. അതിനിടെ അവരുടെ മരുമകളായ സുലേഖ പറഞ്ഞു: 'ടീച്ചറേ, എന്റെ മാപ്പള മരിച്ചു; നാലുമാസം മുമ്പ്. ഇത് എന്റെ ഭര്‍ത്താവിന്റെ അനിയനാണ്. എല്ലാം ചെയ്തുകൊടുക്കണം.' അവള്‍ കരയാന്‍ തുടങ്ങി.

പായില്‍ കുട്ടികളെപ്പോലെ കിടന്ന് മറിയലും മറ്റും. മീശയും താടിയും വന്ന ആ മോന്‍. സുലേഖ തുടര്‍ന്നു: 'ടീച്ചറേ, ഇനി ഒരു അനിയന്‍ കൂടിയുണ്ട്. അവന് മുഴുഭ്രാന്താണ്. പെണ്ണൊക്കെ പോയി. അവന് ഭക്ഷണമൊക്കെ എടുത്ത് വെച്ചിട്ടാണ് പോന്നത്.'

ഞാനെങ്ങനെ അവളെ ആശ്വസിപ്പിക്കും? ആദ്യം തന്നെ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ കുഞ്ഞിന്റെ, അനാഥയും അഗതിയുമായ, എല്ലാ അത്താണികളും നഷ്ടപ്പെട്ട ആ മനുഷ്യജന്മത്തെയോര്‍ത്ത് കരഞ്ഞുപോവുകയാണ്. നിങ്ങളും കരയും എന്നെനിക്കുറപ്പുണ്ട്. ആ ജ്യേഷ്ഠഭാര്യ! അവളല്ലേ റബ്ബിന്റെ തൃപ്തിക്കും സ്വര്‍ഗത്തിനും ഏറ്റവും അര്‍ഹ? അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: 'ടീച്ചറേ, മരണം വരെ രണ്ടുപേരെയും നോക്കും. ഉമ്മാനേം ഉപ്പാനേം നോക്കി. ഭര്‍ത്താവിനെയും നോക്കി. എല്ലാവരും പോയി. ഇനി ഞാനല്ലേ ഇവര്‍ക്കുള്ളൂ.'

എന്റെ ഉള്ള് അലറിപ്പെയ്യുകയാണ്. അമ്മായിയമ്മയ്‌ക്കോ മറ്റോ ഒരസുഖം വരുമ്പോഴേക്കും ഹോംനഴ്‌സിനെ തിരഞ്ഞോടുന്ന മനുഷ്യര്‍; അവര്‍ക്കിടയില്‍, അപൂര്‍വം കാഴ്ചകളാണിതൊക്കെ. താന്‍ നേരിട്ട വൈധവ്യത്തിനിടയിലും ഭര്‍ത്താവിന്റെ അനിയന്മാരെ സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന സുലേഖ. അല്ലാഹുവേ, അവള്‍ക്ക് നീ ഒരുപാടൊരുപാട് പ്രതിഫലം കൊടുക്കണേ. അവളുടെ പാപങ്ങളെല്ലാം നീ പൊറുത്തുകൊടുക്കണേ...

ഇലക്ഷന്‍ വര്‍ക്കില്‍ വോട്ട് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. സുലേഖയും അനിയത്തിയുടെ മകളും ഒക്കെ എന്റെ പൂര്‍വവിദ്യാര്‍ഥികളാണ്. സുലേഖ അനിയനെയും കൊണ്ട് അനിയത്തിയുടെ വീട്ടില്‍ വിരുന്ന് വന്നിരിക്കുകയാണ്.


യുവാവായ മകന്‍ വള്ളം മറിഞ്ഞ് നാലുകൊല്ലം മുമ്പ് നഷ്ടപ്പെട്ട വാസന്തി എന്ന അനാഥസ്ത്രീയെയും കണ്ടു. ഇവരെയൊക്കെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരലാണ് ഏറ്റവും വലിയ ജിഹാദ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദം എന്താണെന്ന് എല്ലാവരും പഠിക്കുക.

'അനാഥകള്‍ക്കും വിധവകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ പോരാളിയെപ്പോലെയാണ്.' (നബിവചനം)

Monday, October 11, 2010

പന്ത്രണ്ടാം വാര്‍ഡിന്റെ നേര്‍ക്കാഴ്ചകള്‍

ഇന്നലെ 12-ാം വാര്‍ഡില്‍ സിന്ധുസാബുവിനെ പരിചയപ്പെടുത്തി, ജനകീയ വികസനസമിതിക്ക് വോട്ട് അഭ്യര്‍ഥന നടത്തുകയാണ്. എന്റെ ആഗ്രഹപ്രകാരം ജിതിന്റെ വീടിന്റെ അടുത്തേക്കാണ് പോയത്. നാലഞ്ചു വീടുകളില്‍ മാത്രമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. വീട്ടില്‍ ഇന്നലെ എന്റെ കുടുംബത്തില്‍നിന്നും ഹജ്ജിന് പോകുന്നവരുടെയും യാത്ര അയയ്ക്കുന്നവരുടെയും സംഗമമായിരുന്നു. ഏതായാലും എനിക്ക് വളരെ അടുപ്പമുള്ള ജിതിന്റെ വീട്ടിലേക്കാണ് യാത്ര.

ജിതിനെ അല്പം പരിചയപ്പെടുത്താം. ഈ വര്‍ഷം ജൂണ്‍; ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടു. ഒരു മോന്‍ തിരക്കില്‍ താഴോട്ട് പോവുകയാണ്. എനിക്കവന്റെ 'കോലം' ഒരു സുഖം തോന്നിയില്ല. ''മോനേ, വാടാ... അവിടെ നിന്നേ...'' അവനെ റൂമിലേക്ക് വിളിച്ചു. 'എന്താ മോന് യൂണിഫോം പുതിയതില്ലേ? കീറിയതെന്തിനാ ഇട്ടത്?' ജിതിന്‍ അപ്പോള്‍ വളരെ ക്ഷീണിതനായിരുന്നു. അവന്റെ അമ്മയ്ക്ക് കാന്‍സറാണെന്നും മറ്റും വേഗം പറഞ്ഞൊപ്പിച്ചു. അതിനാല്‍ ഇക്കൊല്ലം പഴയതുതന്നെ ഉള്ളൂ എന്നും പറഞ്ഞു. ഉടന്‍ 8-ഡിയിലെ ക്ലാസ്ടീച്ചറെ വിളിച്ച് 'തണലി'ല്‍നിന്ന് പുതിയ യൂണിഫോം കൊടുക്കാന്‍ ഏല്‍പ്പിച്ചു. അവന്റെ അമ്മയെ കാണാന്‍ പോകാനും ഞങ്ങള്‍ പ്ലാനിട്ടു. പക്ഷേ, എനിക്ക് പനിയും മറ്റുമായി രണ്ടുമൂന്നാഴ്ച ലീവെടുക്കേണ്ടിവന്നു. ജിതിന്‍ മനസ്സില്‍നിന്ന് പോവുകയും ചെയ്തു.

ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ, ''ടീച്ചര്‍ ജിത്തൂന്റെ അമ്മ മരിച്ചു'' എന്ന് പറഞ്ഞ് രണ്ടു കുട്ടികള്‍ ഓടിവന്നു. അന്വേഷണത്തിനൊടുവില്‍, എന്റെ ജിതിന്റെ അമ്മയാണെന്ന തിരിച്ചറിവ് എന്നെ തളര്‍ത്തിക്കളഞ്ഞു. എന്തൊരു കഷ്ടമായിപ്പോയി; ചെയ്യേണ്ടത് വേണ്ടസമയത്ത് ചെയ്യാതിരുന്ന എന്റെ പ്രവൃത്തിദോഷമോര്‍ത്ത് ഞാന്‍ വല്ലാതായി. ഉടന്‍തന്നെ ഞാനും സീതിയും ഓട്ടോ പിടിച്ച് ജിത്തൂന്റെ വീട്ടിലേക്ക് കുതിച്ചു. മയ്യിത്ത് എത്തും മുമ്പ് ഞങ്ങളവിടെ എത്ത. നോമ്പുകാലമായിരുന്നു. ചെന്നിട്ടുവേണം നോമ്പുതുറക്കാന്‍ എന്തെങ്കിലും നോക്കാന്‍. എന്നാലും, മയ്യിത്ത് എത്തുംവരെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടവിടെ കഴിഞ്ഞു. ജിത്തുവിന്റെ ഹൃദയം പിളര്‍ക്കുന്ന കരച്ചില്‍ ഇപ്പോഴും ചെവിയില്‍...
രണ്ടുദിവസം കഴിഞ്ഞ് ഞാനും റംലയും വീണ്ടും പോയി, ജിത്തുവിന്റെ വീട്ടില്‍. അമ്മൂമ്മ, അപ്പൂപ്പന്‍, ചേച്ചിമാര്‍ തുടങ്ങി എല്ലാവരെയും സമാധാനിപ്പിച്ച് അവിടെ കുറേനേരം ചെലവഴിച്ചു.

അതിനിടെ, ഒരു ദിവസം ഫസീല ടീച്ചര്‍ പറഞ്ഞു: 'ടീച്ചറേ, ആ വീടിനടുത്ത് എല്ലാവരും വികലാംഗരായ ഒരു വീടുണ്ട്.' കണ്ടാല്‍ പ്രയാസമാകും. അച്ഛനും അമ്മയും നാലു വയസ്സുള്ള കുട്ടിയും. പക്ഷേ, ഇന്നലെയാണ് അന്വേഷണത്തിനൊടുവില്‍ ഫസീല പറഞ്ഞ വീട് കണ്ടെത്തിയത്. ചെന്നുനോക്കുമ്പോള്‍ ഭാര്യ എന്റെ പഴയ സ്റ്റുഡന്റ് ആണ് - മിനി. അവളുടെകാലുകള്‍ക്കും കണ്ണിനും വൈകല്യമുണ്ട്; കുട്ടിയുടെ കൈകാലുകളും. അതിനിടെ എന്റെ രണ്ടുകൊല്ലം മുമ്പുള്ള വിദ്യാര്‍ഥിയായ 'കിങ്ങിണി'യുടെ അമ്മ അവരുടെ ദയനീയാവസ്ഥ വിവരിച്ചുതന്നു. 'ടീച്ചര്‍, ഈ പാവങ്ങള്‍ക്ക് ഒരു പൈപ്പ്‌പോയിന്റ് ഇട്ടുകൊടുക്കാന്‍ എത്ര കാലമായി ഞങ്ങള്‍ പറയുന്നു. വയ്യാത്ത മിനി, എത്ര ദൂരെ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്... ഞങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യണ്ടാന്ന് കരുതി ഇരിക്കുകയാണ്. ഈ സാധുക്കള്‍ക്ക് സഹായം ചെയ്യാന്‍ ആരുമില്ല.' വാസന്തി കത്തിക്കയറി.

ഞാന്‍ പറഞ്ഞു: ''മോളേ, രണ്ടുമാസമായി ടീച്ചര്‍ ഇീ വീട്ടുകാരുടെ അന്വേഷണത്തിലായിരുന്നു. പല തിരക്കുകൊണ്ടായിരുന്നു വരാന്‍ കഴിയാത്തത്.'' ഞങ്ങളുടെ സിന്ധു ജയിച്ചാലും തോറ്റാലും ഞാനിതിന്റെ വശങ്ങള്‍ അന്വേഷിച്ച് പരിഹാരം കണ്ടെത്താന്‍ തീര്‍ച്ചയായും ശ്രമിക്കും. വാസന്തിക്കും കൂടിയവര്‍ക്കും സമാധാനമായി. വല്ലാത്തൊരു നാടുതന്നെ ഇത്. 

ഖുര്‍ആന്‍ ചോദിക്കുന്നു: 'അവഗണിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല? നാഥാ! അക്രമം നിറഞ്ഞ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ക്കൊരു വിമോചകനെ തരണമേ എന്ന് പ്രാര്‍ഥിക്കുന്നവരാണവര്‍' - ശരിയാണ്, ഇവിടെ ബാലറ്റുകൊണ്ടാണ് പൊരുതേണ്ടത്.

നേരിട്ട് കാണുന്ന അനീതിയാണിത്. സത്യത്തില്‍ ഇത്തരം ഒരുപാട് കാഴ്ചകള്‍ സ്‌കോഡിനിടയില്‍ കാണാന്‍ കഴിഞ്ഞു. അഞ്ചു വീടുകളില്‍ മാത്രമേ ഇന്നലെ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, തങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ മോചനത്തിനായി കക്ഷി-വര്‍ഗ-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമൊക്കെ ഉണ്ടെന്ന ആശ്വാസം കൊടുത്തിട്ടാണ് അവിടെ നിന്ന് പോരാന്‍ സാധിച്ചത്.

ജനങ്ങളിലേക്കിറങ്ങി അവരുടെ കണ്ണീരൊപ്പാന്‍ ഇതിലും വലിയൊരു വഴീ ജനകീയ വികസനസമിതി പ്രവര്‍ത്തകര്‍ക്ക് കിട്ടാനില്ല. ഓരോ തിരിച്ചറിവുകളും പുതിയ മേഖലകളിലേക്കാണ് പ്രവര്‍ത്തകരെ കൊണ്ടെത്തിക്കുന്നത്.

Sunday, October 10, 2010

'മൗദൂദി സ്മൃതിരേഖകള്‍' - ആസ്വാദനക്കുറിപ്പ്‌

'മൗദൂദി സ്മൃതിരേഖകള്‍' എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് ഞാന്‍ ഇവിടെ വായനക്കാരുമായി പങ്കുവെക്കുന്നത്. 'ഉഗ്രന്‍ പുസ്തകം' എന്ന് ഒറ്റവാക്കില്‍ പറയാം. ഒരു സുഹൃത്ത് ചോദിച്ച വാക്കുകള്‍ കടമെടുക്കുകയാണ് ഞാനിവിടെ - ''ഈ പുസ്തകം എവിടെ കിടക്കുകയായിരുന്നു?'' അതായത് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രസിദ്ധീകരിക്കേണ്ട പുസ്തകമായിരുന്നു ഇതെന്ന് തോന്നുന്നു.

ഞാന്‍ ഒരു മനുഷ്യനെയും -മുത്തുനബി (സ)യും മറ്റ് പ്രവാചകരും ഒഴികെ - പാപമുക്തനാക്കുന്നില്ല. എന്നാല്‍, ഓരോ മനുഷ്യനും ദീനിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിക്കേണ്ടതുണ്ട്. അവരെ അന്യായമായി ആരെങ്കിലും ദുഷിച്ചുപറയുമ്പോള്‍ നമ്മുടെ മനസ്സ്, ഒരു തിന്മ കണ്ടാലെന്നപോലെ വെറുക്കേണ്ടതുണ്ട്.

നമുക്ക് പുസ്തകത്തിലേക്ക് പോകാം. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്, ഏകദേശം 36, 37 കൊല്ലം മുമ്പ് ഞാന്‍ ബനാത്തില്‍ പഠിക്കുന്ന കാലം. ഒരു കാരണവര്‍ പറഞ്ഞു: 'ഇവരുടെ നേതാവിന്റെ പേര് അബുല്‍അഅ്‌ലാ എന്നാണ്. അഅ്‌ലാ എന്നാല്‍ അല്ലാഹു ആണ്. അപ്പോള്‍ അല്ലാഹുവിന്റെയും വാപ്പ.' കുഞ്ഞുമനസ്സില്‍ എനിക്കതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, അന്നും ഉത്തരം തേടുന്ന മനസ്സായിരുന്നു എന്റേത്. പ്രിയപ്പെട്ട എം.ടി.അബൂബക്കര്‍ ഉസ്താദിന്റെ ക്ലാസ്സില്‍, ഏതോ സന്ദര്‍ഭത്തില്‍ ഞാനിത് എടുത്തിട്ടു. ഉസ്താദിന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയിലൂടെ ഉടന്‍ വന്നു പരിഹാരം. അപ്പോള്‍ മൂസാ (അ)യോട് അല്ലാഹു പറഞ്ഞല്ലോ, ഇന്നക്ക അന്‍തല്‍ അഅ്‌ലാ - അത് മൂസാനബി അല്ലാഹു ആയിട്ടാണോ എന്ന്. ഞാനിതെഴുതാന്‍ കാരണം, മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ മൗലാനാ മൗദൂദിയുടെ കാരണവന്മാരുടെ പേരുകള്‍ കൊടുത്തതില്‍ പൂര്‍വപിതാക്കളിലൊരാള്‍ ത്വരീഖത്തിന്റെ ഗുരുവായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരായ അബുല്‍അഅ്‌ലാ എന്നതില്‍നിന്നാണ് ഇദ്ദേഹത്തിനും ആ പേരിട്ടത്.

പിതാവ് ക്രിക്കറ്റ് കളിച്ചതും ഇംഗ്ലീഷ് വസ്ത്രം ധരിച്ചതും പിതാമഹന്‍ അതുകാരണം സ്‌കൂള്‍തന്നെ മാറ്റിയതും തുടങ്ങി ആ പുസ്തകത്തിലെ വിശാലമായ വിഷയങ്ങള്‍ നമുക്കന്നത്തെ മുസ്‌ലിം സാമൂഹ്യസ്ഥിതിയും കുറേയേറെ മനസ്സിലാക്കിത്തരുന്നുണ്ട്.

കുറച്ചുമുമ്പ് മൗലാനാ മൗദൂദിയുടെ മകള്‍ ഹുമൈറാ മൗദൂദിയുടെ ഓര്‍മകള്‍ പല ലക്കങ്ങളിലായി കുവൈത്തില്‍നിന്നിറങ്ങുന്ന 'അല്‍ മുജ്തമഅ്' അറബിമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു ഭാഗമായിരുന്നു അദ്ദേഹത്തിന്റെ മാതാവിനെപ്പറ്റിയുള്ള വിവരണം. ഹുമൈറ പറയുകയാണ്: ''ഇന്ത്യ വിഭജിക്കപ്പെട്ടു. പിതാവിനെ ഏറ്റവും ദുഃഖിപ്പിച്ച കാര്യമായിരുന്നു അത്. ഞങ്ങള്‍ പാക്കിസ്ഥാനിലേക്കുള്ള ബസ്സില്‍ വേദനയോടെ ഇരിക്കുകയാണ്. ഉമ്മ, വാപ്പ പോരാത്തതിന്റെ പ്രയാസത്തിലാണ്. കാരണം, എല്ലാവരെയും സുരക്ഷിതസ്ഥാനത്തെത്തിച്ചതിനുശേഷമേ വാപ്പ വരുകയുള്ളൂ എന്ന് തീര്‍ത്തുപറഞ്ഞിരുന്നു. അങ്ങനെ ഉമ്മ വുളുചെയ്യുന്ന വെള്ളപ്പാത്രവും മുസ്വല്ലയും മാത്രമായി ഞങ്ങളോടൊപ്പം യാത്രചെയ്തു.'' ഇതില്‍ ആ മാതാവിന്റെ രൂപം (വുളുപ്പാത്രവും നിസ്‌കാരവിരിയും മാത്രമുള്ള) മനസ്സില്‍ എന്തെല്ലാം വികാരങ്ങളാണുണര്‍ത്തുന്നത്? കലാപത്തിനിടയിലും ഇത് രണ്ടും മാത്രം ആയി യാത്രചെയ്യുന്ന ആ മഹതി. അവരുടെ മകന്‍ നവോത്ഥാന നായകനായതില്‍ അദ്ഭുതപ്പെടാനില്ല.

പിതാവിന് വധശിക്ഷ വിധിക്കപ്പെട്ട ദിവസത്തെപ്പറ്റി ഹുമൈറ വിവരിക്കുന്നുണ്ട്. ഉമ്മ (ഭാര്യ) 100 റക്അത്ത് രാത്രി നിന്ന് നമസ്‌കരിച്ചത്രെ! എന്തിനായിരുന്നു അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടത് എന്ന് പലര്‍ക്കും ബോധ്യമുണ്ടാകില്ല; 'ഖത്മുന്നുബുവ്വത്ത്' എന്ന പുസ്തകം എഴുതിയതിന്. മഹാനായ മുഹമ്മദ് നബി (സ)യ്ക്കുശേഷം കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവാചകത്വവാദവുമായി വന്ന ഖാദിയാനികള്‍ക്കെതിരില്‍ വ്യക്തമായ തെളിവുകളോടുകൂടി പുസ്തകം എഴുതിയതിന്. ലോകമുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കാന്‍ പാക് ഗവണ്മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു!

ഇന്ന് ജീവിച്ചിരിക്കുന്ന ചിന്തകനും പണ്ഡിതനുമായ യൂസുഫുല്‍ ഖര്‍ദാവിയായിരുന്നു പാക്കിസ്ഥാനില്‍ മൗദൂദിയുടെ ജനാസ നമസ്‌കാരത്തിന് ഇമാമത്ത് നിന്നത്. അദ്ദേഹം അതിനുവേണ്ടി ഖത്തറില്‍നിന്ന് പാക്കിസ്ഥാനിലെത്തി. മൗദൂദിയുടെ ലോക ഇസ്‌ലാമിക വ്യക്തിത്വത്തെ വിളിച്ചോതുന്ന ഒരുപാട് സംഭവങ്ങളും ബന്ധങ്ങളും പുസ്തകത്തിലുടനീളം നമുക്ക് വായിക്കാന്‍ കഴിയും. മഹതിയായ മര്‍യം ജമീല സ്വന്തം അനുഭവങ്ങള്‍ അല്‍മുജ്തമഇലോ മറ്റോ മുമ്പ് എഴുതിയിരുന്നു. (ജൂതവനിതയായിരുന്ന അവര്‍ ഇസ്‌ലാമിലേക്ക് വരികയും പാക്കിസ്ഥാനില്‍ വന്ന് താമസിക്കുകയും ചെയ്തു). മൗദൂദിയോടുണ്ടായിരുന്ന ആദരവായിരുന്നു ഭൂഖണ്ഡങ്ങള്‍ താണ്ടി അവരെ പാക്കിസ്ഥാനിലെത്തിച്ചത്. അവര്‍ക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ ഉണ്ടായ പ്രേരണകള്‍ മൗദൂദി കൃതികളായിരുന്നു.

ഞാന്‍ അവസാനിപ്പിക്കുകയാണ്. ഒരു മുസ്‌ലിമിനെ അകാരണമായി വഴിപിഴച്ചവനും വഴിപിഴപ്പിച്ചവനുമായി പല വഴികളിലൂടെയും അവതരിപ്പിക്കപ്പെടുമ്പോള്‍, സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാന്‍ എന്റെ ഈ ലഘുകുറിപ്പ് പ്രചോദനമായെങ്കിലോ എന്നോര്‍ത്ത് എഴുതിയതാണ് ഇത്രയും.

Thursday, October 7, 2010

ഉര്‍ദുഗാനുള്ള മൂന്നാമത്തെ വസിയ്യത്ത്

ഡോ റാഗിബ് സര്‍ജാനി
 

പാശ്ചാത്യരാജ്യങ്ങളുടെ മുന്നേറ്റത്തിന്റെ - വിശിഷ്യാ അമേരിക്കയുടെ - യും അവരുടെ സാമ്പത്തികവും സൈനികവുമായ മുന്നേറ്റങ്ങളുടെയും നിഴല്‍ പറ്റാന്‍ ലോകരാഷ്ട്രങ്ങള്‍ വെമ്പുകയാണിന്ന്. എന്നാല്‍, താങ്കളൊരിക്കലും ആ യാത്രാസംഘത്തോടൊപ്പം ചേരരുത്. മറിച്ച്, താങ്കള്‍ സ്വതന്ത്രനായി നില്‍ക്കുക. അവരോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആ ബന്ധം ഒരു ഇമാമും മഅ്മൂമും ബന്ധമാകരുത് എന്നാണ് പറയുന്നത്. ഒപ്പത്തിനൊപ്പമുള്ള ബന്ധമാകണം. സമത്വമുള്ള ബന്ധമാകണം. നിങ്ങളൊരിക്കലും ഒരു ന്യൂനപക്ഷമല്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ മഹാഭൂരിപക്ഷമാണ്. അല്ല, നിങ്ങള്‍ അവരേക്കാള്‍ ശക്തരും ആത്മാഭിമാനികളുമാണ്.

യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ച്, സാമ്പത്തികവും രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ ഉന്നതി നേടാന്‍ തടസ്സമില്ല. പക്ഷേ, നല്‍കപ്പെട്ടേക്കാവുന്ന വിലയെപ്പറ്റീ ഉറച്ച ബോധ്യമുള്ള കണ്ണുകളോടെയാവണം താങ്കളവരെ നോക്കേണ്ടത്. താങ്കളുടെ ദീന്‍, സ്വാതന്ത്ര്യം, താങ്കളുടെ നാടിന്റെ സ്വാതന്ത്ര്യം ഇതൊന്നും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു പുരോഗതിയും താങ്കള്‍ സ്വീകരിക്കരുത്, ഒരിക്കലും. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍, അല്ലാഹു നിങ്ങളെ അവന്റെ ഔദാര്യം കൊണ്ട് ധനികരാക്കും.' (തൗബ: 28)

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഭൗതികതയിലൂന്നിയ രാജ്യങ്ങള്‍ തങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമായിരിക്കും വഴിതേടിക്കൊണ്ടിരിക്കുക എന്നത് താങ്കളൊരിക്കലും മറക്കരുത്. മഹത്തായ ഉസ്മാനിയ ഖിലാഫത്ത് തകര്‍ക്കലില്‍ അവര്‍ അവരുടെ നന്മ കണ്ടപ്പോള്‍, സര്‍വശക്തിയും ഉപയോഗിച്ച് അവരതിനെ വീഴ്ത്തി. ആ മഹാ അസ്തിത്വത്തെ പിച്ചിച്ചീന്താന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും അമേരിക്കയും റഷ്യയും പങ്കുചേര്‍ന്നു. അതിനെ തുടച്ചുനീക്കാന്‍ അവര്‍ കച്ചകെട്ടി. പക്ഷേ, മഹോന്നതനായ രക്ഷിതാവ് താങ്കളെയും മഹത്തുക്കളായ താങ്കളുടെ സഹോദരങ്ങളെയും രണ്ടാമത് ഭൂമിയിലേക്കിറക്കിയിരിക്കയാണ്; അവന്റെ അലംഘനീയമായ വിധികണക്കെ. എന്തിനാണെന്നോ, തീര്‍ച്ചയായും ഇസ്‌ലാം ഒരിക്കലും മരിക്കയില്ലെന്ന് അഭിമാനത്തോടെയും അന്തസ്സോടെയും നിങ്ങള്‍ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ്. പല തുര്‍ക്കികളും ഇത് മറന്നാലും പാശ്ചാത്യലോകത്തിനിത് മറക്കാന്‍ കഴിയില്ല. അവരുടെ വാക്കിലും പ്രവൃത്തിയിലും അത് വ്യക്തമാകുന്നുണ്ട്. അതിനാല്‍, താങ്കള്‍ കണ്ണുകള്‍ തലയില്‍ത്തന്നെ നിര്‍ത്തുക, താങ്കളോട് പറയപ്പെടുന്നത് ഗ്രഹിക്കുക. താങ്കളുടെ മുഴുവന്‍ മുട്ടകളെയും അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും കുട്ടകളില്‍ കൊണ്ടുപോയി വെക്കരുത്. മറിച്ച് അവരുമായുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുക. വേരുകള്‍ക്ക് ശക്തി കൂട്ടുക. ഗുണപ്രദമായ ആഗോള ബദലുകള്‍ക്കുവേണ്ടി ശ്രമിക്കുക. അതിനുമുമ്പ്, ഏറ്റവും പ്രധാനമായ കാര്യം, തുര്‍ക്കിയിലെ താങ്കളുടെ ആഭ്യന്തരശക്തിയെ ആശ്രയിക്കുക. ഒപ്പം ലോകത്തെ വ്യത്യസ്ത ഇസ്‌ലാമിക സഹോദരങ്ങളുടെയും ശക്തിയെ അവലംബിക്കുക.

ഞാന്‍ താങ്കളോട് ഒരു സ്വകാര്യം പറയട്ടെ, ലോകചരിത്രത്തെ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. അമേരിക്ക അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. അതൊരിക്കലും ശക്തിയിലേക്കല്ല നീങ്ങുന്നത്. മറിച്ച്, ദൗര്‍ബല്യത്തിലേക്കാണ്. കാലഘട്ടം മാറ്റത്തിന്റേതാണ്. സമീപഭാവിയില്‍ ലോകശക്തികളുടെ തുലാസില്‍ വന്‍വ്യത്യാസം പ്രകടമാകും. അപ്പോള്‍, ഈ ഗ്രഹത്തിനു മുകളില്‍ താങ്കള്‍ക്ക് നല്ല സ്ഥാനം ഉണ്ടാകല്‍ നിര്‍ബന്ധമാണ്. പ്രത്യേകിച്ച് താങ്കള്‍ക്ക്. താങ്കള്‍ ഒരു സാധാരണ മുസ്‌ലിം മാത്രമല്ല, മറിച്ച്, മഹത്തായ ഒരു പാരമ്പര്യത്തിനുടമയാണ്. ലോകത്തിന്റെ പകുതി ഭാഗത്തെ ഭരിച്ചവരുടെ പൗത്രരാണ് താങ്കള്‍. അല്ലാഹു അത് അടുത്തുതന്നെ അവന്റെ അനുമതിയോടെ തിരിച്ചുതരും. വിജയം സുനിശ്ചിതം. പക്ഷേ, അധികമാളുകളും അതറിയുന്നില്ല. (തുടരും).

Tuesday, October 5, 2010

സഈദ് സയ്യാനി - മഹാനായ പ്രബോധകന്‍

സഈദ് സയ്യാനി എന്ന മഹാനായ ഒരു പ്രബോധകനെ നമുക്കിവിടെ പരിചയപ്പെടാം. ഏതോ ഒരു സൈറ്റില്‍ അടുത്ത ദിവസം വായിച്ചതാണിത്. കഴിഞ്ഞ ഒക്ടോബറില്‍ (2009) അദ്ദേഹം സൗദിയില്‍നിന്നും ഷാര്‍ജയിലേക്ക് പോകുമ്പോള്‍ ഒരു വാഹനാപകടത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി. إنا لله وإلنا إليه راجعون.

സഈദ് സയ്യാനി മൊറോക്കൊ സ്വദേശിയാണ്. ആദ്യകാലത്ത്‌ ടി.വി. വാര്‍ത്താവതാരകനും മോഡലും ആയിരുന്നു. പിന്നീട് പ്രശസ്തിയുടെയും ഉയര്‍ച്ചയുടെയും ഓരോ പടവുകള്‍ കയറിത്തുടങ്ങി. അവസാനം അദ്ദേഹം ഓര്‍ത്തു. തന്റെ രൂപലാവണ്യവും മറ്റും ഒക്കെ നോക്കുമ്പോള്‍ ഒരു സിനിമാനടനാവാന്‍ സാധ്യതയുണ്ട്. അങ്ങനെ സയ്യാനി പ്രശസ്ത നടനായിത്തീര്‍ന്നു.

ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനിടയില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വിഷയീഭവിച്ചു. സഈദ് എന്നാണല്ലോ അദ്ദേഹത്തിന്റെ പേര്. അഭിമുഖം നടത്തിയയാള്‍ പറഞ്ഞു: താങ്കളുടെ പേര് താങ്കളുടെ  പ്രശസ്തിയുമായി തീര്‍ത്തും യോജിക്കുന്നുണ്ടല്ലോ. (സഈദ് എന്നാല്‍ സൗഭാഗ്യവാന്‍ എന്നാണല്ലോ അറബിയില്‍ അര്‍ഥം).

ഉടന്‍ സഈദ് സയ്യാനി പറഞ്ഞു: ഇല്ല. ഒരിക്കലും ഇല്ല. സൗഭാഗ്യം അന്വേഷിച്ച് ഞാന്‍ അധ്വാനിക്കുകയാണ്. سعي (അധ്വാനം) മാത്രമേ എത്തീട്ടുള്ളൂ. سعيد ആകുമ്പോള്‍ ഞാനെന്തായാലും താങ്കളെ അറിയിക്കാം. ഏതായാലും, ഞാന്‍ ഈ പ്രശസ്തിക്കും പേരിനുമിടയിലും സഈദായിട്ടില്ല. സൗഭാഗ്യവാനായിട്ടില്ല. ഇനിയും എന്തൊക്കെയോ നേടാനുണ്ട്.

അദ്ദേഹത്തിന്റെ സഹോദരന്‍ കൂടുതല്‍ ദീനുള്ള ആളായിരുന്നു. അദ്ദേഹം ബെല്‍ജിയത്തിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി പോയി. അവിടെ സ്ഥിരതാമസമാക്കി. ഒരിക്കല്‍ സഹോദരനെ കാണാനായി സഈദ് സയ്യാനി വിസിറ്റിങ്‌ വിസ എടുത്ത് ബെല്‍ജിയത്തിലേക്ക് പോയി. സഹോദരന്റെ ജീവിതത്തിലും അദ്ദേഹത്തിന്റെ കുടുംബത്തിലും കാണപ്പെട്ട സമാധാനവും ശാന്തിയും സഈദിനെ വല്ലാതെ സ്വാധീനിച്ചു. മാത്രമല്ല, സഹോദരന്റെ കൂട്ടുകാരുടെ സ്‌നേഹവും ശ്രദ്ധയും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. അവസാനം, അദ്ദേഹം ഒരു സത്യം കണ്ടെത്തി. ഇവര്‍ തങ്ങളുടെ ഇസ്‌ലാമിക ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് തങ്ങളുടെ സൗഭാഗ്യം കണ്ടെത്തിയിരിക്കുന്നത്. വിസിറ്റിങ്‌വിസയ്ക്ക് പോയ സഈദ് രണ്ടുകൊല്ലം സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞുകൂടി. തിരിച്ചുവന്നത് വലിയൊരു ഇസ്‌ലാമിക പ്രബോധകനായിട്ടാണ്. 

അദ്ദേഹം വാക്കുപാലിച്ചുകൊണ്ട് അന്ന് അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനെഴുതി. സഹോദരാ, ഞാനന്ന് പറഞ്ഞപോലെ ഞാനിപ്പോഴാണ് യഥാര്‍ഥ ഭാഗ്യം കണ്ടെത്തിയത്; സൗഭാഗ്യവാനായത്. 
ബാക്കിയുണ്ടായ 'دال' - സഈദിലെ د ഇപ്പോഴാണ് സാര്‍ഥകമായത്. دين ലും دعوة ലുമാണ് ഈ സൗഭാഗ്യം നില്‍ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സഈദ് സയ്യാനി എന്ന നടന്‍ ദീനിപ്രബോധകനായതോടെ ആള്‍ക്കാര്‍ ഇളകിമറിഞ്ഞു. ജനം പലതും പറയാന്‍ തുടങ്ങി. അമേരിക്കയുടെ ചട്ടുകമാണെന്ന് ചിലര്‍. റഷ്യയുടെ ചാരനാണെന്ന് ചിലര്‍. പക്ഷേ, ഇതൊന്നും ആ മഹാനെ സത്യമാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. അല്ലാഹുവിന്റെ ദീനാണ് സത്യമെന്ന് തിരിച്ചറിയുകയും ആ മാര്‍ഗത്തില്‍ അടിയുറച്ച് പ്രബോധനം നടത്തുകയും ചെയ്ത് റബ്ബിലേക്ക് യാത്രയായ സഈദിനെ റബ്ബ് വിശാലമായ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ; നമ്മെയും. ആമീന്‍.

Monday, October 4, 2010

മിന്നിതിളങ്ങും മിന്നാമിനുങ്ങ്‌

മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍
മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍
തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍.

കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം
ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം.
എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം.
ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ടെന്ന് ധരിക്കേണം.

വാനില്‍ പറന്നിടും വിമാനമെടുത്തീടാം, കണ്ണകലും തോറും
ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ
എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ
ദൂരെ പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം...

പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍
ഇടതടവില്ലാതങ്ങും ഇങ്ങും നീങ്ങുന്നു.
പണ്ടുമുതല്‍ക്കിന്നോളവുമാനീലാഴിയിലൂളം വെച്ചും
കൊണ്ടവതമ്മിലൊളിച്ചുകളിക്കണ് കാണുന്നൂ...

എന്നല്ല, ഇനി നാള് ഖിയാമത്തോളവും കളിനിക്കൂല
എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ.
എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ.
എന്ന് മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ.

കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം
ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത
ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ ഒന്നായ്,
ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി

ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും
ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല.
സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും
ജഗപരിപാലകനാണവനാരും പങ്കില്ല.

പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു
പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു
പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു
പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു.

ഏകനാഥന്‍ അരുളുന്നു, ലോകം സാക്ഷ്യം വഹിക്കുന്ന,
കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത
മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍
മനുജനഹങ്കരിക്കുന്ന വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു.

ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍
ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു.
ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ
ആകണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു.

മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു
മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു
ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവര്‍ വാദിച്ചു.
ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു.

ജീവല്‍പ്രശ്‌നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍
തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം
കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല
ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട...

ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ്
ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു.
ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ
ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു.

സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍
സ്രഷ്ടാവൊരുവന്നാണെന്നും
സൃഷ്ടികളുടെ മേലധികാരം
സമസൃഷ്ടികള്‍ക്കാര്‍ക്കും ഇല്ലെന്നും
മറ്റാര്‍ക്കും ദുനിയാവിലെ കാര്യം
വിട്ടുകൊടുത്തിട്ടില്ലെന്നും
മര്യാദക്കേടായി നടന്നാല്‍,
പരലോകം കിടപ്പുണ്ടെന്നും
തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന
പൊന്നുപ്രവാചകരില്‍ അവസാന
കണ്ണിയാം മുത്ത്‌റസൂലുമുഖേന
വീണ്ടും ദൈവിക വ്യവസ്ഥ
കണ്ടു, ഈ ലോകമടുത്ത
കാലമനത്രെ പവിത്രചരിത്രം
മേലിലും വേണ്ടിവരുന്നൊരു ചിത്രം.

വേണ്ടിവരും എന്നുള്ളതിനാലിന്നോളം ഈ ദുനിയാവില്‍
വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ
വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ടും
പാരിടമിന്നൊരുപോരിടമായിട്ടുണ്ടല്ലോ...
ചിന്തകനെന്ന മനുഷ്യതരംഗം
അന്ധതയില്‍ കൊടികുത്തുന്നു
ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍
മര്‍ത്യകുലം ചെന്നെത്തുന്നു.
ആരുടെ ശാപമിതാമഹപാരില്‍
മാരകശക്തി വളര്‍ത്തുന്നു,
ആകെ ഹലാക്കിനൊരുക്കങ്ങള്‍
ബഹുജാഗ്രതയോടെ നടത്തുന്നു.
ഭ്രാന്താലയത്തില്‍നിന്നും
ശാന്തി പ്രസംഗിക്കുന്നു
ശബ്ദമതാ എങ്ങും ഉയരുന്നു,
എന്തിന് ഹോ അധികം പറയുന്നു
ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം
ആക്കിയ കേവല ഭൗതികരിന്നും
ആ കളിതന്നെ തുടര്‍ന്നുവരുന്നു
(മിന്നിതിളങ്ങും)

രചന: അബൂസഹല