Friday, October 15, 2010

ജമാഅത്ത്, ദൈവികവ്യവസ്ഥ, സമൂഹം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരുനാട്, അതില്‍ അഴിമതിയും അനീതിയും നടമാടുമ്പോള്‍ ഒരു വിശ്വാസിക്ക് കാഴ്ചക്കാരനായി, അല്ലെങ്കില്‍ അതിനെ കണ്ടില്ല എന്നു നടിച്ച് മാറിനില്‍ക്കാനാവുമോ? നബി (സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍, അവന്‍ അതിനെ കൈകൊണ്ട് തടയട്ടെ. അതിന് കഴിയില്ലെങ്കില്‍ നാവുകൊണ്ട്, അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട്. അത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാകുന്നു.'

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മനസ്സിലായ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ജനങ്ങള്‍ പലപല ബുദ്ധിമുട്ടുകളിലും ആണ് ജീവിക്കുന്നത്. പലരും പലതരത്തിലുള്ള കൈത്താങ്ങുകളെ പ്രതീക്ഷിക്കുന്നു. സഹജീവികളായ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ ചാറ്റല്‍മഴ പെയ്യിക്കാന്‍ നമുക്ക് കഴിയുന്നു. തീര്‍ച്ചയായും ഹൃദയങ്ങളുമായി നടത്തുന്ന സംവദിക്കലുകളില്‍നിന്നും ഒന്നും പാഴാകുകയില്ല. ഇതൊരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. നിര്‍ബന്ധിതമായി ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായി വലിയൊരു ബന്ധം കൈവരുന്നു. 

എന്റെ മനസ്സിലിപ്പോള്‍ എന്റെ വാര്‍ഡിലെ ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് അധിക സമയവും. പ്രാര്‍ഥനയില്‍ അവരെ പ്രത്യേകം ഓര്‍ക്കാന്‍ കഴിയുന്നു. അവരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയെങ്കിലും പരിഹാരം നേടിക്കൊടുക്കണമെന്നുതന്നെ മനസ്സാവശ്യപ്പെടുന്നു.

ഇവിടെ പരാമര്‍ശിക്കേണ്ട ഒരു വിഷയം; വര്‍ഗീയത വളരും എന്ന ഒരു പ്രോപ്പഗണ്ട എല്ലാവരും നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലും പരിപാടികൊണ്ട് വര്‍ഗീയത വളര്‍ന്നു എന്ന് പറയാന്‍ കഴിയുമോ?

ദൈവികവ്യവസ്ഥയാണ് ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്ന് ജമാഅത്തെ ഇസ്‌ലാമി ഉറച്ചുവിശ്വസിക്കുന്നു. തീര്‍ത്തും സമാധാനപരമായ മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് ഗമിക്കുന്നു. ഒരിക്കലും ഒരു സ്ഥലത്തുപോലും അക്രമത്തിന്റെയോ അനീതിയുടെയോ നേരിയ മാര്‍ഗം പോലും അതിന് സ്വീകരിക്കില്ല. നാവും പേനയും മാത്രം ആയുധമാക്കിക്കൊണ്ട് അതിന് ശ്രമിക്കും.

ഇപ്പോള്‍ ഒരു ചോദ്യം പ്രസക്തമാണ്. ദൈവികവ്യവസ്ഥ എന്നാല്‍ എന്താണ്? സദാചാരത്തിലും മൂല്യത്തിലും ഊന്നിനില്‍ക്കുന്ന ഒരു വ്യവസ്ഥ എന്ന് പറയാവുന്നതാണ്. മനുഷ്യന് വായുവും വെള്ളവും ഏതുപോലെ അത്യാവശ്യമാണോ അതുപോലെ ആവശ്യമാണ് സദാചാരവും മൂല്യങ്ങളും. മൂല്യങ്ങളിലുറച്ചു വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു വ്യവസ്ഥ. അത് മനുഷ്യന്റെ അവകാശമാണ്. ആ അവകാശം പുനഃസ്ഥാപിച്ചുകിട്ടാനാണ് നാം ഇപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തുന്നത്.

നമ്മുടെ ഈ 'യുദ്ധ'ത്തിലെ ഏക ആയുധം ബാലറ്റ് മാത്രമാണ്. സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ളവനാണ് മനുഷ്യരായ നാം. നമുക്ക് ഗുണകരമായത് സ്വീകരിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യജന്മം കൊണ്ട് ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. തീര്‍ച്ചയായും മരണം കൊണ്ടവസാനിക്കുന്നതല്ല ഈ ജീവിതം. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും ലഭിക്കണമെന്നത് മനുഷ്യന്റെ ഉള്ളില്‍ത്തന്നെ രൂപപ്പെട്ടിട്ടുള്ള, ഊട്ടപ്പെട്ടിട്ടുള്ള വിശ്വാസമാണ്; നിര്‍ബന്ധവുമാണ്.

മുസ്‌ലിം കക്ഷികളില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടുന്നുണ്ട് ജനകീയ മുന്നണി. ജമാഅത്തെ ഇസ്‌ലാമി എന്തു ചെയ്താലും എതിര്‍ക്കുക എന്നത് ഒരു 'മാനിയ' ആക്കി മാറ്റിയ ചിലരുണ്ട്. അവരതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. സമീപഭാവിയില്‍ നാടിനെ രക്ഷപ്പെടുത്താന്‍ അവര്‍ക്കും ഇതില്‍ അണിചേരേണ്ടിവരും.

ഇന്നലെ ഒരു മെയില്‍ കാണുകയുണ്ടായി. മഅ്ദനിയെ ആക്ഷേപിച്ചവര്‍ ഇന്ന് കപടരാഷ്ട്രീയത്തിനുവേണ്ടി മദനിരക്ഷകരായി ചമയുന്നു എന്ന്. മലര്‍ന്നുകിടന്ന് തുപ്പുംപോലെയാണിത്. തീര്‍ത്തും പറയട്ടെ. ജമാഅത്തിന് കാപട്യം ചെയ്തിട്ട് ഒന്നും നേടാനില്ല. മഅ്ദനി ഒരു പ്രതീകം പാത്രമാണ്. നീതി നിഷേധിക്കപ്പെട്ട ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ നീതി വാങ്ങിക്കൊടുക്കാനുള്ള ശ്രമം മാത്രമാണ്. ദയവുചെയ്ത് ഇതൊക്കെ എഴുതിവിടുന്നവര്‍ ഒന്ന് ശ്രദ്ധിച്ചെങ്കില്‍. ഒരിക്കലും ജമാഅത്തിലെ ആരും സ്ഥാനമോഹികളല്ല. സ്ഥാനാര്‍ഥിയാകാന്‍ എത്രതവണ ആവശ്യപ്പെട്ടിട്ടാണ് ഓരോരുത്തരും മുന്നോട്ടുവന്നത്. പരലോകത്ത് അതൊരു വന്‍ഭാരമായിരിക്കും എന്ന തിരിച്ചറിവിനുള്ള വ്യക്തിസംസ്‌കരണം ജമാഅത്ത് അണികള്‍ക്കുണ്ട്. ഇനിയും ആ സംസ്‌കരണം ശക്തമായി നടത്തിക്കൊണ്ടിരിക്കും. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജമാഅത്തിനെപ്പോലെ ഇന്ത്യയില്‍ കണ്ടെത്താനാകില്ല എന്ന തിരിച്ചറിവിലാണ് ഞാന്‍ അതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും മൂല്യങ്ങളും ഇത്രയും വിഭവങ്ങളും ഉള്ള മറ്റൊരു സംഘം ഇല്ല. ഇതിലും മേന്മയുള്ള ഒരു സംഘത്തെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അവസാനമായി ഒരു വാക്ക്. ഞങ്ങളോടൊപ്പം പട്ടികജാതിക്കാരുണ്ട്, പട്ടികവര്‍ഗക്കാരുണ്ട്. അവരുമായി ഇത്രയും സ്‌നേഹത്തോടെ, അവരുടെ വാര്‍ഡുകളില്‍ സ്‌ക്വാഡ് പോകുമ്പോള്‍ ലഭിക്കുന്ന ആത്മസായൂജ്യം. അത് ഈ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും കിട്ടുകയില്ല. ആ മനുഷ്യരെ വിജയിപ്പിക്കണം, മറ്റാരെക്കാളും. കലവറയില്ലാത്ത മനസ്സിന്റെ ആവശ്യമാണത്.

4 comments:

 1. >>>> മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജമാഅത്തിനെപ്പോലെ ഇന്ത്യയില്‍ കണ്ടെത്താനാകില്ല എന്ന തിരിച്ചറിവിലാണ് ഞാന്‍ അതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും മൂല്യങ്ങളും ഇത്രയും വിഭവങ്ങളും ഉള്ള മറ്റൊരു സംഘം ഇല്ല. ഇതിലും മേന്മയുള്ള ഒരു സംഘത്തെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.<<<<

  വരികളിലെ ആര്‍ജ്ജവം,അതിലെ ആത്മാര്‍ത്ഥത..മാനിക്കുന്നു.
  ഈ പ്രഖ്യാപനം നല്‍കുന്ന ഊര്‍ജ്ജം അതിശക്തമാണ്‍..!!

  ReplyDelete
 2. "നിങ്ങളിലാരെങ്കിലും ഒരു തിന്മ..."
  വളരെ ശരിയാണ്,ഈ വിധത്തില്‍ ഒരു ചെറിയ ശതമാനമെങ്കിലും ചിന്തിച്ചിരുന്നുവെങ്കില്‍...
  ആശംസകളോടെ.

  ReplyDelete
 3. "മാനവസേവ മാധവസേവ"
  എല്ലാ ഭാവുകങ്ങളും.

  ഇസ്മായില്‍ കുറുമ്പടി (തണല്‍)
  shaisma.co.cc

  ReplyDelete
 4. ഞങ്ങളോടൊപ്പം പട്ടികജാതിക്കാരുണ്ട്, പട്ടികവര്‍ഗക്കാരുണ്ട്. .. അവരു മാത്രമല്ല നന്മ ആഗ്രഹിക്കുന്ന എല്ലാവരുമുണ്ട് ... മാറ്റത്തിനൊരു വോട്ട്..

  ReplyDelete