'മൗദൂദി സ്മൃതിരേഖകള്‍' എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് ഞാന്‍ ഇവിടെ വായനക്കാരുമായി പങ്കുവെക്കുന്നത്. 'ഉഗ്രന്‍ പുസ്തകം' എന്ന് ഒറ്റവാക്കില്‍ പറയാം. ഒരു സുഹൃത്ത് ചോദിച്ച വാക്കുകള്‍ കടമെടുക്കുകയാണ് ഞാനിവിടെ - ''ഈ പുസ്തകം എവിടെ കിടക്കുകയായിരുന്നു?'' അതായത് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രസിദ്ധീകരിക്കേണ്ട പുസ്തകമായിരുന്നു ഇതെന്ന് തോന്നുന്നു.
ഞാന്‍ ഒരു മനുഷ്യനെയും -മുത്തുനബി (സ)യും മറ്റ് പ്രവാചകരും ഒഴികെ - പാപമുക്തനാക്കുന്നില്ല. എന്നാല്‍, ഓരോ മനുഷ്യനും ദീനിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിക്കേണ്ടതുണ്ട്. അവരെ അന്യായമായി ആരെങ്കിലും ദുഷിച്ചുപറയുമ്പോള്‍ നമ്മുടെ മനസ്സ്, ഒരു തിന്മ കണ്ടാലെന്നപോലെ വെറുക്കേണ്ടതുണ്ട്.
നമുക്ക് പുസ്തകത്തിലേക്ക് പോകാം. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്, ഏകദേശം 36, 37 കൊല്ലം മുമ്പ് ഞാന്‍ ബനാത്തില്‍ പഠിക്കുന്ന കാലം. ഒരു കാരണവര്‍ പറഞ്ഞു: 'ഇവരുടെ നേതാവിന്റെ പേര് അബുല്‍അഅ്‌ലാ എന്നാണ്. അഅ്‌ലാ എന്നാല്‍ അല്ലാഹു ആണ്. അപ്പോള്‍ അല്ലാഹുവിന്റെയും വാപ്പ.' കുഞ്ഞുമനസ്സില്‍ എനിക്കതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, അന്നും ഉത്തരം തേടുന്ന മനസ്സായിരുന്നു എന്റേത്. പ്രിയപ്പെട്ട എം.ടി.അബൂബക്കര്‍ ഉസ്താദിന്റെ ക്ലാസ്സില്‍, ഏതോ സന്ദര്‍ഭത്തില്‍ ഞാനിത് എടുത്തിട്ടു. ഉസ്താദിന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയിലൂടെ ഉടന്‍ വന്നു പരിഹാരം. അപ്പോള്‍ മൂസാ (അ)യോട് അല്ലാഹു പറഞ്ഞല്ലോ, ഇന്നക്ക അന്‍തല്‍ അഅ്‌ലാ - അത് മൂസാനബി അല്ലാഹു ആയിട്ടാണോ എന്ന്. ഞാനിതെഴുതാന്‍ കാരണം, മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ മൗലാനാ മൗദൂദിയുടെ കാരണവന്മാരുടെ പേരുകള്‍ കൊടുത്തതില്‍ പൂര്‍വപിതാക്കളിലൊരാള്‍ ത്വരീഖത്തിന്റെ ഗുരുവായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരായ അബുല്‍അഅ്‌ലാ എന്നതില്‍നിന്നാണ് ഇദ്ദേഹത്തിനും ആ പേരിട്ടത്.
പിതാവ് ക്രിക്കറ്റ് കളിച്ചതും ഇംഗ്ലീഷ് വസ്ത്രം ധരിച്ചതും പിതാമഹന്‍ അതുകാരണം സ്‌കൂള്‍തന്നെ മാറ്റിയതും തുടങ്ങി ആ പുസ്തകത്തിലെ വിശാലമായ വിഷയങ്ങള്‍ നമുക്കന്നത്തെ മുസ്‌ലിം സാമൂഹ്യസ്ഥിതിയും കുറേയേറെ മനസ്സിലാക്കിത്തരുന്നുണ്ട്.
കുറച്ചുമുമ്പ് മൗലാനാ മൗദൂദിയുടെ മകള്‍ ഹുമൈറാ മൗദൂദിയുടെ ഓര്‍മകള്‍ പല ലക്കങ്ങളിലായി കുവൈത്തില്‍നിന്നിറങ്ങുന്ന 'അല്‍ മുജ്തമഅ്' അറബിമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു ഭാഗമായിരുന്നു അദ്ദേഹത്തിന്റെ മാതാവിനെപ്പറ്റിയുള്ള വിവരണം. ഹുമൈറ പറയുകയാണ്: ''ഇന്ത്യ വിഭജിക്കപ്പെട്ടു. പിതാവിനെ ഏറ്റവും ദുഃഖിപ്പിച്ച കാര്യമായിരുന്നു അത്. ഞങ്ങള്‍ പാക്കിസ്ഥാനിലേക്കുള്ള ബസ്സില്‍ വേദനയോടെ ഇരിക്കുകയാണ്. ഉമ്മ, വാപ്പ പോരാത്തതിന്റെ പ്രയാസത്തിലാണ്. കാരണം, എല്ലാവരെയും സുരക്ഷിതസ്ഥാനത്തെത്തിച്ചതിനുശേഷമേ വാപ്പ വരുകയുള്ളൂ എന്ന് തീര്‍ത്തുപറഞ്ഞിരുന്നു. അങ്ങനെ ഉമ്മ വുളുചെയ്യുന്ന വെള്ളപ്പാത്രവും മുസ്വല്ലയും മാത്രമായി ഞങ്ങളോടൊപ്പം യാത്രചെയ്തു.'' ഇതില്‍ ആ മാതാവിന്റെ രൂപം (വുളുപ്പാത്രവും നിസ്‌കാരവിരിയും മാത്രമുള്ള) മനസ്സില്‍ എന്തെല്ലാം വികാരങ്ങളാണുണര്‍ത്തുന്നത്? കലാപത്തിനിടയിലും ഇത് രണ്ടും മാത്രം ആയി യാത്രചെയ്യുന്ന ആ മഹതി. അവരുടെ മകന്‍ നവോത്ഥാന നായകനായതില്‍ അദ്ഭുതപ്പെടാനില്ല.
പിതാവിന് വധശിക്ഷ വിധിക്കപ്പെട്ട ദിവസത്തെപ്പറ്റി ഹുമൈറ വിവരിക്കുന്നുണ്ട്. ഉമ്മ (ഭാര്യ) 100 റക്അത്ത് രാത്രി നിന്ന് നമസ്‌കരിച്ചത്രെ! എന്തിനായിരുന്നു അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടത് എന്ന് പലര്‍ക്കും ബോധ്യമുണ്ടാകില്ല; 'ഖത്മുന്നുബുവ്വത്ത്' എന്ന പുസ്തകം എഴുതിയതിന്. മഹാനായ മുഹമ്മദ് നബി (സ)യ്ക്കുശേഷം കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവാചകത്വവാദവുമായി വന്ന ഖാദിയാനികള്‍ക്കെതിരില്‍ വ്യക്തമായ തെളിവുകളോടുകൂടി പുസ്തകം എഴുതിയതിന്. ലോകമുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കാന്‍ പാക് ഗവണ്മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു!
ഇന്ന് ജീവിച്ചിരിക്കുന്ന ചിന്തകനും പണ്ഡിതനുമായ യൂസുഫുല്‍ ഖര്‍ദാവിയായിരുന്നു പാക്കിസ്ഥാനില്‍ മൗദൂദിയുടെ ജനാസ നമസ്‌കാരത്തിന് ഇമാമത്ത് നിന്നത്. അദ്ദേഹം അതിനുവേണ്ടി ഖത്തറില്‍നിന്ന് പാക്കിസ്ഥാനിലെത്തി. മൗദൂദിയുടെ ലോക ഇസ്‌ലാമിക വ്യക്തിത്വത്തെ വിളിച്ചോതുന്ന ഒരുപാട് സംഭവങ്ങളും ബന്ധങ്ങളും പുസ്തകത്തിലുടനീളം നമുക്ക് വായിക്കാന്‍ കഴിയും. മഹതിയായ മര്‍യം ജമീല സ്വന്തം അനുഭവങ്ങള്‍ അല്‍മുജ്തമഇലോ മറ്റോ മുമ്പ് എഴുതിയിരുന്നു. (ജൂതവനിതയായിരുന്ന അവര്‍ ഇസ്‌ലാമിലേക്ക് വരികയും പാക്കിസ്ഥാനില്‍ വന്ന് താമസിക്കുകയും ചെയ്തു). മൗദൂദിയോടുണ്ടായിരുന്ന ആദരവായിരുന്നു ഭൂഖണ്ഡങ്ങള്‍ താണ്ടി അവരെ പാക്കിസ്ഥാനിലെത്തിച്ചത്. അവര്‍ക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ ഉണ്ടായ പ്രേരണകള്‍ മൗദൂദി കൃതികളായിരുന്നു.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഒരു മുസ്‌ലിമിനെ അകാരണമായി വഴിപിഴച്ചവനും വഴിപിഴപ്പിച്ചവനുമായി പല വഴികളിലൂടെയും അവതരിപ്പിക്കപ്പെടുമ്പോള്‍, സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാന്‍ എന്റെ ഈ ലഘുകുറിപ്പ് പ്രചോദനമായെങ്കിലോ എന്നോര്‍ത്ത് എഴുതിയതാണ് ഇത്രയും.
സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാന്‍ എന്റെ ഈ ലഘുകുറിപ്പ് പ്രചോദനമായെങ്കിലോ എന്നോര്‍ത്ത് എഴുതിയതാണ് ഇത്രയും.
ReplyDeletenannaayi...
ezhuthukal ellam usharaavunnund.
മൌദൂദി സ്മൃതി രേഖകള്‍ വായിച്ചു...വളരെ നല്ല പുസ്തകം --ഇത് മുമ്പേ തന്നെ മലയാളത്തില്‍ പ്രസിദ്ധീകരിക്കെണ്ടതായിരുന്നു.മൌദൂദി സാഹിബിനെ എതിര്‍ക്കുന്നവര്‍ അധികവും അദ്ദേഹത്തിന്‍റെ മേന്മ അറിയാത്തവരാണ്...
ReplyDelete