Tuesday, October 5, 2010

സഈദ് സയ്യാനി - മഹാനായ പ്രബോധകന്‍

സഈദ് സയ്യാനി എന്ന മഹാനായ ഒരു പ്രബോധകനെ നമുക്കിവിടെ പരിചയപ്പെടാം. ഏതോ ഒരു സൈറ്റില്‍ അടുത്ത ദിവസം വായിച്ചതാണിത്. കഴിഞ്ഞ ഒക്ടോബറില്‍ (2009) അദ്ദേഹം സൗദിയില്‍നിന്നും ഷാര്‍ജയിലേക്ക് പോകുമ്പോള്‍ ഒരു വാഹനാപകടത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി. إنا لله وإلنا إليه راجعون.

സഈദ് സയ്യാനി മൊറോക്കൊ സ്വദേശിയാണ്. ആദ്യകാലത്ത്‌ ടി.വി. വാര്‍ത്താവതാരകനും മോഡലും ആയിരുന്നു. പിന്നീട് പ്രശസ്തിയുടെയും ഉയര്‍ച്ചയുടെയും ഓരോ പടവുകള്‍ കയറിത്തുടങ്ങി. അവസാനം അദ്ദേഹം ഓര്‍ത്തു. തന്റെ രൂപലാവണ്യവും മറ്റും ഒക്കെ നോക്കുമ്പോള്‍ ഒരു സിനിമാനടനാവാന്‍ സാധ്യതയുണ്ട്. അങ്ങനെ സയ്യാനി പ്രശസ്ത നടനായിത്തീര്‍ന്നു.

ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനിടയില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വിഷയീഭവിച്ചു. സഈദ് എന്നാണല്ലോ അദ്ദേഹത്തിന്റെ പേര്. അഭിമുഖം നടത്തിയയാള്‍ പറഞ്ഞു: താങ്കളുടെ പേര് താങ്കളുടെ  പ്രശസ്തിയുമായി തീര്‍ത്തും യോജിക്കുന്നുണ്ടല്ലോ. (സഈദ് എന്നാല്‍ സൗഭാഗ്യവാന്‍ എന്നാണല്ലോ അറബിയില്‍ അര്‍ഥം).

ഉടന്‍ സഈദ് സയ്യാനി പറഞ്ഞു: ഇല്ല. ഒരിക്കലും ഇല്ല. സൗഭാഗ്യം അന്വേഷിച്ച് ഞാന്‍ അധ്വാനിക്കുകയാണ്. سعي (അധ്വാനം) മാത്രമേ എത്തീട്ടുള്ളൂ. سعيد ആകുമ്പോള്‍ ഞാനെന്തായാലും താങ്കളെ അറിയിക്കാം. ഏതായാലും, ഞാന്‍ ഈ പ്രശസ്തിക്കും പേരിനുമിടയിലും സഈദായിട്ടില്ല. സൗഭാഗ്യവാനായിട്ടില്ല. ഇനിയും എന്തൊക്കെയോ നേടാനുണ്ട്.

അദ്ദേഹത്തിന്റെ സഹോദരന്‍ കൂടുതല്‍ ദീനുള്ള ആളായിരുന്നു. അദ്ദേഹം ബെല്‍ജിയത്തിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി പോയി. അവിടെ സ്ഥിരതാമസമാക്കി. ഒരിക്കല്‍ സഹോദരനെ കാണാനായി സഈദ് സയ്യാനി വിസിറ്റിങ്‌ വിസ എടുത്ത് ബെല്‍ജിയത്തിലേക്ക് പോയി. സഹോദരന്റെ ജീവിതത്തിലും അദ്ദേഹത്തിന്റെ കുടുംബത്തിലും കാണപ്പെട്ട സമാധാനവും ശാന്തിയും സഈദിനെ വല്ലാതെ സ്വാധീനിച്ചു. മാത്രമല്ല, സഹോദരന്റെ കൂട്ടുകാരുടെ സ്‌നേഹവും ശ്രദ്ധയും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. അവസാനം, അദ്ദേഹം ഒരു സത്യം കണ്ടെത്തി. ഇവര്‍ തങ്ങളുടെ ഇസ്‌ലാമിക ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് തങ്ങളുടെ സൗഭാഗ്യം കണ്ടെത്തിയിരിക്കുന്നത്. വിസിറ്റിങ്‌വിസയ്ക്ക് പോയ സഈദ് രണ്ടുകൊല്ലം സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞുകൂടി. തിരിച്ചുവന്നത് വലിയൊരു ഇസ്‌ലാമിക പ്രബോധകനായിട്ടാണ്. 

അദ്ദേഹം വാക്കുപാലിച്ചുകൊണ്ട് അന്ന് അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനെഴുതി. സഹോദരാ, ഞാനന്ന് പറഞ്ഞപോലെ ഞാനിപ്പോഴാണ് യഥാര്‍ഥ ഭാഗ്യം കണ്ടെത്തിയത്; സൗഭാഗ്യവാനായത്. 
ബാക്കിയുണ്ടായ 'دال' - സഈദിലെ د ഇപ്പോഴാണ് സാര്‍ഥകമായത്. دين ലും دعوة ലുമാണ് ഈ സൗഭാഗ്യം നില്‍ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സഈദ് സയ്യാനി എന്ന നടന്‍ ദീനിപ്രബോധകനായതോടെ ആള്‍ക്കാര്‍ ഇളകിമറിഞ്ഞു. ജനം പലതും പറയാന്‍ തുടങ്ങി. അമേരിക്കയുടെ ചട്ടുകമാണെന്ന് ചിലര്‍. റഷ്യയുടെ ചാരനാണെന്ന് ചിലര്‍. പക്ഷേ, ഇതൊന്നും ആ മഹാനെ സത്യമാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. അല്ലാഹുവിന്റെ ദീനാണ് സത്യമെന്ന് തിരിച്ചറിയുകയും ആ മാര്‍ഗത്തില്‍ അടിയുറച്ച് പ്രബോധനം നടത്തുകയും ചെയ്ത് റബ്ബിലേക്ക് യാത്രയായ സഈദിനെ റബ്ബ് വിശാലമായ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ; നമ്മെയും. ആമീന്‍.

2 comments:

  1. سعي (അധ്വാനം) മാത്രമേ എത്തീട്ടുള്ളൂ. سعيد ആകുമ്പോള്‍ ഞാനെന്തായാലും താങ്കളെ അറിയിക്കാം. ഏതായാലും, ഞാന്‍ ഈ പ്രശസ്തിക്കും പേരിനുമിടയിലും സഈദായിട്ടില്ല. സൗഭാഗ്യവാനായിട്ടില്ല. ഇനിയും എന്തൊക്കെയോ നേടാനുണ്ട്.

    നല്ല ആള്‍ക്കാരെ അല്ലാഹു വേഗം മടക്കി വിളിക്കുന്നു ...

    --
    സഈദ് സയ്യാനിയെ പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  2. അവസാനം, അദ്ദേഹം ഒരു സത്യം കണ്ടെത്തി. ഇവര്‍ തങ്ങളുടെ ഇസ്‌ലാമിക ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് തങ്ങളുടെ സൗഭാഗ്യം കണ്ടെത്തിയിരിക്കുന്നത്.....ഇത്തരം കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കിയെങ്കില്‍! ഇങ്ങനെയൊരാളെ പരിചയപ്പെടുത്തി തന്നതിനു നന്ദി!.ആശംസകള്‍ നേര്‍ന്നുകൊണ്ട്.

    ReplyDelete