മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍
മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍
തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍.
കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം
ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം.
എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം.
ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ടെന്ന് ധരിക്കേണം.
വാനില്‍ പറന്നിടും വിമാനമെടുത്തീടാം, കണ്ണകലും തോറും
ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ
എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ
ദൂരെ പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം...
പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍
ഇടതടവില്ലാതങ്ങും ഇങ്ങും നീങ്ങുന്നു.
പണ്ടുമുതല്‍ക്കിന്നോളവുമാനീലാഴിയിലൂളം വെച്ചും
കൊണ്ടവതമ്മിലൊളിച്ചുകളിക്കണ് കാണുന്നൂ...
എന്നല്ല, ഇനി നാള് ഖിയാമത്തോളവും കളിനിക്കൂല
എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ.
എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ.
എന്ന് മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ.
കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം
ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത
ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ ഒന്നായ്,
ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി
ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും
ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല.
സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും
ജഗപരിപാലകനാണവനാരും പങ്കില്ല.
പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു
പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു
പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു
പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു.
ഏകനാഥന്‍ അരുളുന്നു, ലോകം സാക്ഷ്യം വഹിക്കുന്ന,
കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത
മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍
മനുജനഹങ്കരിക്കുന്ന വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു.
ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍
ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു.
ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ
ആകണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു.
മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു
മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു
ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവര്‍ വാദിച്ചു.
ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു.
ജീവല്‍പ്രശ്‌നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍
തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം
കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല
ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട...
ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ്
ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു.
ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ
ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു.
സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍
സ്രഷ്ടാവൊരുവന്നാണെന്നും
സൃഷ്ടികളുടെ മേലധികാരം
സമസൃഷ്ടികള്‍ക്കാര്‍ക്കും ഇല്ലെന്നും
മറ്റാര്‍ക്കും ദുനിയാവിലെ കാര്യം
വിട്ടുകൊടുത്തിട്ടില്ലെന്നും
മര്യാദക്കേടായി നടന്നാല്‍,
പരലോകം കിടപ്പുണ്ടെന്നും
തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന
പൊന്നുപ്രവാചകരില്‍ അവസാന
കണ്ണിയാം മുത്ത്‌റസൂലുമുഖേന
വീണ്ടും ദൈവിക വ്യവസ്ഥ
കണ്ടു, ഈ ലോകമടുത്ത
കാലമനത്രെ പവിത്രചരിത്രം
മേലിലും വേണ്ടിവരുന്നൊരു ചിത്രം.
വേണ്ടിവരും എന്നുള്ളതിനാലിന്നോളം ഈ ദുനിയാവില്‍
വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ
വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ടും
പാരിടമിന്നൊരുപോരിടമായിട്ടുണ്ടല്ലോ...
ചിന്തകനെന്ന മനുഷ്യതരംഗം
അന്ധതയില്‍ കൊടികുത്തുന്നു
ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍
മര്‍ത്യകുലം ചെന്നെത്തുന്നു.
ആരുടെ ശാപമിതാമഹപാരില്‍
മാരകശക്തി വളര്‍ത്തുന്നു,
ആകെ ഹലാക്കിനൊരുക്കങ്ങള്‍
ബഹുജാഗ്രതയോടെ നടത്തുന്നു.
ഭ്രാന്താലയത്തില്‍നിന്നും
ശാന്തി പ്രസംഗിക്കുന്നു
ശബ്ദമതാ എങ്ങും ഉയരുന്നു,
എന്തിന് ഹോ അധികം പറയുന്നു
ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം
ആക്കിയ കേവല ഭൗതികരിന്നും
ആ കളിതന്നെ തുടര്‍ന്നുവരുന്നു
(മിന്നിതിളങ്ങും)
രചന: അബൂസഹല
No comments:
Post a Comment