നബി (സ) പറയുകയുണ്ടായി. لا تفكرو في الله بل تفكرو في خلق الله - നിങ്ങള്‍ അല്ലാഹുവിനെപ്പറ്റി കൂടുതല്‍ ചിന്തിക്കരുത്. മറിച്ച്, അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റി ചിന്തിക്കുക. ഖുര്‍ആന്‍ പല പ്രകൃതിപ്രതിഭാസങ്ങളും കാട്ടിക്കൊണ്ട് പറയുന്ന ഒരു വാചകമുണ്ട്; തീര്‍ച്ചയായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.
നാം ഇടയ്ക്കിടയ്ക്ക് ഭൂമിയിലെ ഓരോ വസ്തുക്കളെയും ചിന്താവിധേയമാ ക്കേണ്ടതുണ്ട്. അതില്‍നിന്നാണ് നമ്മുടെ വിശ്വാസത്തിന് ഉറപ്പും കരുത്തും ലഭിക്കുന്നത്. ഉദാഹരണമായി നമുക്കൊരു ഉറുമ്പിനെ എടുക്കാം. അതില്‍ത്തന്നെ എത്ര വ്യത്യസ്തങ്ങളായ ഇനങ്ങള്‍? എത്ര നിറങ്ങള്‍? എത്ര സ്വഭാവരീതികള്‍! സ്വിറ്റ്‌സര്‍ലന്‍ഡ് മുതല്‍ ഇറ്റലി വരെയുള്ള സ്ഥലങ്ങളില്‍ കൂനകളായി ഉണ്ടാക്കിയ വലിയ ഉറുമ്പിന്‍കൂടുകള്‍ കാണാമത്രെ. അവ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയര്‍ത്തിയ, ഉറപ്പുള്ള വീടുകളിലാണ് കഴിയുന്നത്. ഇത്തരം നൂറുകണക്കിന് കോളനികളാണത്രെ ഉള്ളത്. എന്നാല്‍, ഒരു കോളനിയിലെ ഒരുറുമ്പിനെ മറ്റൊരു കോളനിയില്‍ ഇട്ടാല്‍ മറ്റുള്ളവ നിമിഷനേരം കൊണ്ട് അതിനെ ആക്രമിച്ച് കൊന്നുകളയും. സുബ്ഹാനല്ലാഹ്... നമ്മുടെ നോട്ടത്തില്‍ എല്ലാ ഉറുമ്പുകളും ഒരുപോലെയിരിക്കുന്നതായി തോന്നും. പക്ഷേ, അവയൊക്കെ സ്വന്തം വ്യതിരിക്തതയും സവിശേഷതകളുമുള്ളവയാണ് എന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്.
ഈ കൊച്ചുജീവിയെക്കുറിച്ച് ഒന്ന് പഠിച്ചുനോക്കുക. അതിന്റെ കാര്യം മുഴുവന്‍ അദ്ഭുതമാണ്. അതിന്റെ ഘ്രാണശക്തിയും എവിടെയും എത്തിപ്പെടാനുള്ള സാമര്‍ഥ്യവും എല്ലാം റബ്ബിന്റെ മഹത്വത്തെ വിളിച്ചോതുന്നുണ്ട്.
നമുക്ക് ചിതലിനെയെടുക്കാം, അതിന്റെ ചിലയിനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആദ്യഭക്ഷണം സ്വന്തം (മുതിര്‍ന്നവയുടെ) കാഷ്ഠമാണ്. കാരണം, അവയുടെ ഭക്ഷണമായ സെല്ലുലോസ് ദഹിക്കാനുള്ള എന്‍സൈം ഉല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ ആ കാഷ്ഠത്തിലെ ബാക്ടീരിയ അത്യാവശ്യമാണത്രെ. ജനിക്കുമ്പോള്‍ അവയില്‍ ആ ബാക്ടീരിയ കാണപ്പെടുന്നില്ലത്രെ! അപരിമേയ അനുഗ്രഹങ്ങളുടെ ഉമസ്ഥനായ അല്ലാഹുവിന് സര്‍വ സ്തുതിയും.
ഇനിയും നമുക്ക് ഈ ഭൂമിയില്‍ കാണുന്ന ഓരോന്നിനെയും വിശകലനം ചെയ്യാം. അതിഗംഭീരമായ ഒരു ശക്തി ഈ പ്രതിഭാസത്തിനു പിന്നിലുണ്ട്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും ആവില്ല. കാരണം, ഈ സൃഷ്ടിജാലങ്ങളുടെ സൃഷ്ടിപ്പിലും സംരക്ഷണത്തിലും രൂപമാറ്റം വരുത്തുന്നതിലും നാമാരും പങ്കുകാരല്ല. നോക്കൂ, ശാസ്ത്രം വികസിക്കും തോറും ഈ സ്രഷ്ടാവിന്റെ സാന്നിധ്യം കൂടുതല്‍ കൂടുതല്‍ ബോധ്യം വരുക തന്നെ ചെയ്യും. ഖുര്‍ആന്‍ പറയുന്നു: 'നാം അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നുണ്ട്. ദിഗന്തങ്ങളിലും അവരുടെ ശിര്‍ങ്ങളിലും അല്ലാഹു സത്യമാണെന്ന് അവര്‍ക്ക് തെളിയുംവരെ.'
അതെ, നാം മുകളില്‍ പറഞ്ഞ ചിതലുവര്‍ഗത്തിലെ ശില്പികളായ ഒരുവിഭാഗത്തിന് കണ്ണ് കാണുകയില്ലത്രെ! എന്നാല്‍, അവ നല്ല സുന്ദരമായ കൂട് (പുറ്റ്) നിര്‍മിക്കുന്നുണ്ടത്രെ! ചൂടുപ്രദേശങ്ങളില്‍ അവ സ്തൂപാകൃതിയിലുള്ള ചിതല്‍പ്പുറ്റുകള്‍ -വീടുകള്‍- ആണ് നിര്‍മിക്കുന്നത്. എങ്ങനെയാണ് പറയാനാവുക, ഇതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവ് ഇല്ലായെന്ന്.
തേനീച്ചയെ എടുത്തുനോക്കൂ, അത് പൂക്കളിലെ മധു അല്ലാതെ ഒന്നും ഭക്ഷിക്കുന്നില്ല. ദിനംപ്രതി ക്ഷീണമില്ലാതെ, മടിയില്ലാതെ കിലോമീറ്ററുകളാണ് അവ തേന്‍ ശേഖരിക്കാനായി സഞ്ചരിക്കുന്നത്. എന്നിട്ടവ കൃത്യമായി കൂടുകളില്‍ തിരിച്ചെത്തുകയും മറ്റുള്ളവര്‍ക്ക് പൂക്കളുള്ള സ്ഥലവും പോകേണ്ട ദിശയും നിര്‍ണയിച്ചുകൊടുക്കുന്നു. ഒരു പ്രത്യേകതരം നൃത്തത്തിലൂടെയാണ് അവ ഈ ആശയ കൈമാറ്റം നടത്തുന്നത്. എന്നിട്ട്, ലോകത്തിലേക്കേറ്റവും ശുദ്ധമായ തേന്‍ അവ ഉല്‍പാദിപ്പിക്കുന്നു. നോക്കുക, തേന്‍ അവയുടെ വിസര്‍ജ്യവസ്തുവാണ്. അത് ജീവിക്കാന്‍ വേണ്ടി കുടിക്കുന്ന മധു അതിന്റെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തീര്‍ത്തും മറ്റൊരു വസ്തുവായി മാറി നമുക്ക് അങ്ങേയറ്റം ഉപകാരപ്രദമായ ഭക്ഷണവും പാനീയവും മരുന്നും ആയി മാറുന്നു. ഒരുപക്ഷേ, അവ തേന്‍ കുടിച്ചിട്ടാകും ഇത്ര സ്ഥിരോത്സാഹികളായത്. തൊഴിലില്‍ ഒരു മടുപ്പും ഇല്ലാതെ അവ നീങ്ങുന്നു. മടിയന്മാരായ മനുഷ്യര്‍ക്ക് ഇവയുടെയൊക്കെ ജീവിതത്തില്‍നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകും.
തങ്ങളുടെ മാതാപിതാക്കള്‍ക്ക് അന്തരീക്ഷോഷ്മാവ് അളക്കാന്‍ അറിയുന്നതുകൊണ്ടുമാത്രമാണ് ആസ്‌ത്രേലിയയില്‍ കാണപ്പെടുന്ന മാലിഫാള്‍ എന്ന പക്ഷിയുടെ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്നത്. മാലിഫാള്‍ പക്ഷികള്‍ക്ക് അവയുടെ മുട്ടയറയുടെ ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് ആകുന്നത് അറിയില്ലെങ്കില്‍, അല്ലെങ്കില്‍ ഒരു ഡിഗ്രി ചൂട് കൂടിയോ കുറഞ്ഞോ നിര്‍ണയിച്ചാല്‍ പിന്നെ അവയുടെ പിന്മുറക്കാര്‍ ഉണ്ടാവുകയില്ല.
മറ്റുള്ള പക്ഷികളെപ്പോലെ അവ മുട്ടയ്ക്ക് അടയിരിക്കാറില്ല. ഈ പക്ഷികള്‍ വലിയൊരു കൂന (കുന്ന്) നിര്‍മിച്ച് അതിന്റെ കൊക്കുകൊണ്ട് ചൂട് നിരീക്ഷിക്കുന്നു. 1700 ന്റെ അവസാനത്തില്‍ ആസ്‌ത്രേലിയയിലേക്ക് വന്ന വെള്ളക്കാര്‍ ഈ കുന്നുകള്‍ കണ്ടപ്പോള്‍ അവര്‍ കരുതിയത് ആദിമമനുഷ്യരുടെ കുഴിമാടങ്ങളാവും എന്നാണ്. എന്നാല്‍ കുറേ കഴിഞ്ഞാണ് ഇത് ചാരനിറത്തിലുള്ള ഒരു പക്ഷി നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയത്.
വസന്തകാലത്ത് അവയുടെ പ്രജനനകാലം അടുക്കുമ്പോള്‍ ഈ പക്ഷികള്‍ കുന്ന് നിര്‍മിക്കാന്‍ ആരംഭിക്കും. ആദ്യമായി അച്ഛനമ്മമാര്‍ മൂന്നടി ആഴമുള്ള ഒരു കുഴി നിര്‍മിക്കും. അതില്‍ ഉണങ്ങിയ ഇലകളും മരച്ചില്ലകളും കമ്പുകളുമൊക്കെ അടുക്കി കുഴി നിറയ്ക്കും. മഴയൊന്ന് പെയ്ത് മണ്ണ് നനഞ്ഞാലുടന്‍ പക്ഷികള്‍ ഈ വസ്തുക്കള്‍ക്കു് മുകളില്‍ മണലും മണ്ണും ഉപയോഗിച്ച് കൂന നിര്‍മിക്കും.
മരച്ചില്ലകളും ഇലകളുമൊക്കെ അഴുകാന്‍ തുടങ്ങുമ്പോള്‍ ഈ കൂനയിലെ ചൂട് വര്‍ധിക്കുന്നു. ആണ്‍പക്ഷി അതിന്റെ കൊക്കുകൊണ്ട് ഈ അറയുടെ ഉള്ളിലെ ചൂട് നിരീക്ഷിച്ചുകൊണ്ടിരിക്കും. ചൂട് 33 ഡിഗ്രിയിലെത്തി എന്ന് ബോധ്യമായാല്‍ പിടപ്പക്ഷി ആദ്യമുട്ടയിടുന്നു. പിന്നെ ഓരോ ആഴ്ചയിലും ഒന്നോ രണ്ടോ മുട്ടയായി അഞ്ചാറുമാസം മുട്ടയിടല്‍ തുടരുന്നു. സാധാരണയായി 15-20 മുട്ടകള്‍ ഉണ്ടാകും. ഓരോ മുട്ടയും ഇട്ടുകഴിഞ്ഞാല്‍ ആണ്‍പക്ഷി അറ തുറന്ന് ഓരോ മുട്ടയും വളരെ സൂക്ഷ്മമായി അതിനുള്ളിലേക്ക് നീക്കി ക്രമീകരിക്കുന്നു. പിന്നെ അടുത്ത മുട്ടയ്ക്കുവേണ്ടി കൂടിനെ സജ്ജമാക്കുന്നു.
സെപ്റ്റംബര്‍ അവസാനത്തോടെ യാണ് സാധാരണയായി മുട്ടകള്‍ ഇട്ടുതുടങ്ങുന്നത്. അതുമുതല്‍ ഏകദേശം ഏപ്രില്‍വരെ ആണ്‍പക്ഷി അതിന്റെ ചുണ്ടും നാവും ഉപയോഗിച്ച് ഈ അറയുടെ ചൂട് ആവശ്യമായ അളവിലാണെന്ന് ഉറപ്പുവരുത്തുന്നു. ഊഷ്മാവ് നിരീക്ഷിക്കാനുള്ള അതിന്റെ അപാരമായ ഈ കഴിവുപയോഗിച്ച് പക്ഷി അതിന്റെ മുട്ടയറ 33 ഡിഗ്രിയില്‍ സ്ഥിരമാക്കി നിര്‍ത്താന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കും. അറയ്ക്കുള്ളില്‍ പെട്ടെന്ന് അഴുകുന്ന ഇലകളുടെ ഫലമായി ചൂട് വര്‍ധിക്കുകയാണെങ്കില്‍ കാറ്റുകൊള്ളത്തക്കവിധം മുട്ടകള്‍ പുറത്തേക്ക് തുറന്നുവെക്കുന്നു. ചൂടുസമയത്ത് മുട്ടകള്‍ സംരക്ഷിക്കുന്നതിന് അറയുടെ മുകളില്‍ കൂടുതല്‍ മണ്ണും മണലും കൊണ്ട് കവര്‍ ചെയ്യുന്നു.
ശരത്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുമ്പോള്‍ ആണ്‍പക്ഷി മുട്ടകള്‍ക്ക് ചൂട് കിട്ടത്തക്കവിധം രാവിലെ തന്നെ കൂട് തുറന്നുവെക്കുന്നു. ആ ചൂട് നിലനിര്‍ത്തുന്നതിനുവേണ്ടി വൈകുന്നേരമാകുമ്പോള്‍ അടയ്ക്കുകയും ചെയ്യും.
ഓരോ മുട്ടയ്ക്കും ഏഴാഴ്ചത്തെ ഇന്‍കുബേഷന്‍ ആവശ്യമാണ്. അതിനാല്‍ത്തന്നെ പക്ഷി മുട്ടയിടുന്ന അവസരത്തില്‍ത്തന്നെ ചിലതു വിരിയുന്നുണ്ടാകും. പുതുതായി വിരിയുന്ന കുഞ്ഞിന് 15 മണിക്കൂറോളം കഠിനമായി പണിയെടുത്താല്‍ മാത്രമേ മണ്ണിനും മറ്റ് സാധനങ്ങള്‍ക്കുമിടയിലൂടെ പുറത്തെത്താന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് അവ വിരിഞ്ഞയുടനെ തന്നെ സ്വയം പര്യാപ്തരായിരിക്കുകയും 24 മണിക്കൂറിനുള്ളില്‍ പറക്കാന്‍ കഴിയുകയും ചെയ്യും.
വളരെ കൃത്യമായി അന്തരീക്ഷ ഊഷ്മാവ് അളക്കാന്‍ കഴിയുന്നതുകൊണ്ട് ഇതിനെ തെര്‍മോമീറ്റര്‍ പക്ഷി എന്നും വിളിക്കാറുണ്ട്. ഈ പക്ഷിയുടെ കഴിവ് അല്ലാഹുവിന്റെ അപാരമായ സൃഷ്ടിപ്പിനെ വിളിച്ചോതുന്നു. ആണ്‍പക്ഷിയും പെണ്‍പക്ഷിയും വ്യത്യസ്തമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴും അവ ഒരുമിച്ച് മുട്ടയറ നിര്‍മിക്കാന്‍ പണിയെടുക്കുന്നു. ആണ്‍പക്ഷി എല്ലായ്‌പ്പോഴും മുട്ടയറയുടെ ചൂട് നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ വേണ്ട മാറ്റം വരുത്തുകയും ചെയ്തുകൊണ്ടേയിരിക്കും. എല്ലാ കാര്യങ്ങളും വളരെ നീണ്ട കാലയളവുകൊണ്ട് വളരെ കൃത്യതയോടെ മുന്നേറുന്നു.
മാലിഫാള്‍ പക്ഷികളുടെ പ്രജനനത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. എങ്ങനെയാണ് ആണ്‍പെണ്‍ പക്ഷികള്‍ അവയുടെ ഡ്യൂട്ടികള്‍ തീരുമാനിക്കുന്നത്? കുഞ്ഞുങ്ങള്‍ക്ക് അവ ജനിച്ചയുടന്‍ 15 മണിക്കൂറോളം പണിയെടുത്ത് തുരങ്കം നിര്‍മിച്ച് പുറത്തെത്തണമെന്ന് എങ്ങനെയാണ് അറിയുക? ആണ്‍പക്ഷിക്ക് വിവിധ സീസണുകളില്‍ അതിന്റെ മുട്ടയറയുടെ ചൂട് 33 ഡിഗ്രിയില്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ വിരിയില്ലെന്നും ആരാണ് ബോധനം നല്‍കുന്നത്? ആദ്യ മാലിഫാള്‍ പക്ഷികള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ അറിവ് കിട്ടിയില്ലായിരുന്നെങ്കില്‍ ഈ പക്ഷികള്‍ അവശേഷിക്കുമായിരുന്നില്ല. ഓരോ ജീവിയിലും സ്രഷ്ടാവ് സന്നിവേശിപ്പിച്ച സഹജാവബോധവും അതിന്റെ സൃഷ്ടിപ്പിലുള്ള പൂര്‍ണതയും തന്നെയല്ലേ മാലിഫാളുകളുടെയും നിലനില്‍പ്പിന്നാധാരം.
പ്രസവിക്കാറായ ഒരു മുയലിനെ നിരീക്ഷിക്കുക. അത് പ്രസവസമയമായാല്‍ തന്റെ വയറുഭാഗത്തെ രോമങ്ങള്‍ മറിച്ച് കുഞ്ഞുങ്ങള്‍ക്കായി മെത്തയൊരുക്കുന്നു. ഞാനിത് സ്വന്തം നിരീക്ഷണത്തില്‍ നേരിട്ട് കണ്ടതാണ്. വളരെ മാര്‍ദ്ദവമായ കുഞ്ഞുങ്ങള്‍ മണ്ണില്‍ ഉരയാതിരിക്കാനാവും അമ്മ ഈ പണി ചെയ്യുന്നത്. അതിന് ആരാണ് പ്രസവത്തിനു മുമ്പുതന്നെ ഇത്രയും വലിയൊരു ചിന്ത കൊടുത്തത്. നാം ഇതുപോലെ നമ്മുടെ ചുറ്റുമുള്ള ഓരോ വസ്തുക്കളെയും നിരീക്ഷിച്ചാല്‍ അത്യന്തം അദ്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ഖുര്‍ആന്‍ തീര്‍ച്ചയായും ചിന്തയെ തട്ടിയുണര്‍ത്തുന്നുണ്ട്. നമ്മുടെ അകക്കണ്ണുകളെ തുറപ്പിക്കാന്‍ ഖുര്‍ആന് അതിഭയങ്കരമായ ശക്തിയുണ്ട്.
ഈ ഭൂമിയിലെ ഓരോ വസ്തുവിനും അതിന് ജീവിക്കാനും നിലനില്‍ക്കാനും വംശവര്‍ധന നടത്താനും പടച്ചതമ്പുരാന്‍ ഒരുപാട് അനുകൂലകങ്ങള്‍ നല്‍കിയിരിക്കുന്നു. കൃത്യമായ ക്രമീകരണവും അവയുടെ വംശവര്‍ധനവിന് അവന്‍ സംവിധാനിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഭൂമി ഒറ്റ ജീവിവര്‍ഗം കൊണ്ടുതന്നെ മൂടിപ്പോകുമായിരുന്നു.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബുദ്ധിശാലികളില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
മാലിഫാള്‍ പക്ഷികളുടെ ജീവിതം അത്ഭുതാവഹം തന്നെ.അറിയിച്ചതിനു ടീച്ചര്‍ക്ക് നന്ദി. എങ്കിലും പെട്ടന്നു തോന്നിയ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ReplyDeleteസൃഷ്ടാവിന്റെ മഹാത്മ്യവും, സാന്നിധ്യവും കണ്ടെത്താന്‍ സൃഷ്ടിപ്പിലൂടെയല്ലാതെ സാധ്യമല്ല തന്നെ. സൃഷ്ടി പ്രപഞ്ചത്തെയും സൃഷ്ടാവിനെയും ആരും തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ല. പക്ഷെ സൃഷ്ടാവിന്റെ ആജ്ഞയാണ് പൊതുവേ ആളുകള്‍ തള്ളിക്കളയുന്നത്. ദൈവത്തെ കണ്ടെത്താന്‍ അവന്റെ സൃഷ്ടിപ്പും, അവന്റെ കല്പനകളും ആജ്ഞകളും അറിയാന്‍ പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളുമല്ലാതെ ജനങ്ങളുടെ മുന്നില്‍ മൂന്നാമതൊരു മാര്‍ഗ്ഗമില്ല. എന്നതും കൂടി ടീച്ചരുറെ ലേഖനത്തിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ് എന്ന് തോന്നുന്നു.
പിന്നെ "ഖുര്‍ആന്‍ പറയുന്നു: 'നാം അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നുണ്ട്. ദിഗന്തങ്ങളിലും അവരുടെ ശിര്‍ങ്ങളിലും അല്ലാഹു സത്യമാണെന്ന് അവര്‍ക്ക് തെളിയുംവരെ.'" ഇതു ഏതു ആയത്താണെന്നു പറയാമോ ?
سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ
ReplyDelete41:53
ആബിദ് പറഞ്ഞത് 100 % ശരിയാണ്
ReplyDeleteസംശയമില്ല
"പക്ഷെ സൃഷ്ടാവിന്റെ ആജ്ഞയാണ് പൊതുവേ ആളുകള്‍ തള്ളിക്കളയുന്നത്."
فتبارك الله أحسن الخالقين
ReplyDeleteഅല്ലാഹു ഏറ്റം അനുഗ്രഹമുടയവന്‍ തന്നെ.! നിര്‍മാണകരില്‍ ഏറ്റവും നിപുണന്‍..!
ഖുര്‍ആന്‍ രണ്ട് തരം വായനയെ പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ മുന്നില്‍ പരന്നുകിടക്കുന്ന മഹാപ്രപഞ്ചത്തേയും അതിലെ ചെറുതും വലുതുമായ,സര്‍വ്വത്തേയും മനസ്സും മസ്തിഷ്ക്കവും കണ്ണും കാതും തുറന്നുവെച്ചുകൊണ്ടുള്ള അതിസൂക്ഷ്മവായന സുപ്രധാനം തന്നെ.!
ഈ സൃഷ്ടി മാഹാത്മ്യം വിളിച്ചറിയിക്കുന്ന സാക്ഷാല്
ഖുര്‍ആനികവായന കൊണ്ടേ ഈ രണ്ട്തരം വായനയും സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബുദ്ധിശാലികളില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ...امين
FABI AYYI ALA E RABBIKUMA THUKADDIBAN
ReplyDeleteആസ്‌ത്രേലിയയില്‍ കാണപ്പെടുന്ന മാലിഫാള്‍ എന്ന പക്ഷിയെ കുറിച്ച് അറിയിച്ചു തന്നതിന് നന്ദി. ഇത് വായിച്ചപ്പോള്‍ ഒരു സംശയം വന്നു .താങ്കള്‍ വല്ല zoology ടീച്ചര്‍ ആണോ എന്ന്..ടീച്ചര്‍ക്ക് അല്ലാഹു അറിവ് കൂടുതല്‍ വര്‍ധിപ്പിച്ചു തരുമാറവട്ടെ ആമീന്‍. ربّ زدني علماً
ReplyDeleteതേനീച്ചകള്‍ മടിയന്മാരവില്ലെങ്ങിലും അത് കുടിച്ചാല്‍ മനുഷ്യര്‍ക്ക് മത്തു പിടിക്കുന്നു.
ALL PHOTOS ARE VERY GOOD
ടീച്ചറുടെ സൈറ്റില്‍ ആദ്യമായാണ് വരുന്നത്. ഇന്ന് പരിചയപ്പെട്ടതില്‍ സന്തോഷം. ഈ ലേഖനം വായിച്ചു കണ്ഴിഞ്ഞപ്പോള്‍ തന്നെ താങ്കളുടെ ശൈലിയും വിഷയത്തോടു ജിജ്ഞാസ ജനിപ്പിക്കുന്ന തരത്തിലുള്ള ഉദാഹരങ്ങളും മനസ്സില്‍ തറച്ചു. കൂടുതല്‍ എഴുതുക. എല്ലാ ആശംസകളും നേരുന്നു.
ReplyDeleteالسلام عليكم ورحمةالله وبركاته
ReplyDeleteവിജ്ഞാനത്തിന്റെ തണലില്‍ ഇനിയുംവരാം
إنشاءالله