Monday, January 24, 2011

മാതാവിന്റെ മഹത്വം

ഉമ്മ എന്ന രണ്ടക്ഷരം - അമ്മ - അമ്മീജാന്‍, മമ്മ, മമ്മി എന്നിങ്ങനെ മാതാവിനുള്ള പേരുകള്‍ നമുക്ക് കാണാം. എന്തായാലും ജനിച്ചുവീഴുന്ന കുട്ടി ആദ്യം ശബ്ദിക്കുന്നത് 'ള്ളേ' എന്ന കരച്ചിലാണ്. ഒരുപക്ഷേ, 'അല്ലാഹ്' എന്നാകാം അതിന്റെ അടിസ്ഥാനം. ഏതായിരുന്നാലും നമ്മള്‍ പിന്നീട് ഉച്ചരിച്ച ശബ്ദം 'മ' എന്നാണ്. നമ്മുടെ കുഞ്ഞിച്ചുണ്ടുകള്‍ ആദ്യം കൂട്ടിപ്പറഞ്ഞ വാക്ക് 'മ' എന്നുതന്നെയാണ്.

ആരാണ് ഈ അമ്മ / ഉമ്മ? വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഞാനൊരു ലേഖനത്തില്‍ വായിക്കുകയുണ്ടായി - അംറ്ഖാലിദ് സൈറ്റില്‍ - നീ ജനിച്ച ദിവസം, ഏറ്റവുമധികം സന്തോഷിച്ച ഹൃദയം നിന്റെ ഉമ്മയുടേതായിരിക്കും.

ബര്‍ത്ത്‌ഡേ ഇന്നാണ് എന്ന് എന്നോട് പറയുന്ന കുട്ടികളോടും വലിയവരോടും ഞാന്‍ പറയാറുണ്ട് - ഇത്രയിത്ര കൊല്ലം മുമ്പ് നമ്മള്‍ ഈ ഭൂമിയിലേക്ക് വരാന്‍ നമ്മുടെ ഉമ്മ സഹിച്ച വേദന എത്രയാണെന്നോര്‍ത്തിട്ടുണ്ടോയെന്ന്. ഒരു പയ്യന്‍ എന്നോട് പറഞ്ഞു: 'ടീച്ചര്‍ ആദ്യമായാണ് ഇങ്ങനെ ഞാന്‍ ചിന്തിക്കുന്നത്' എന്ന്.

എന്റെ എല്ലാ ജന്മദിനങ്ങളിലും എന്നെ പ്രസവിച്ച ദിവസത്തെ എന്റെ ഉമ്മാടെ അവസ്ഥ ഭാവനയില്‍ കണ്ട്, കണ്ണ് നനയാറുണ്ട്. ഇതെഴുതുമ്പോഴും 'ഉമ്മ' എന്ന രണ്ടക്ഷരത്തിന്റെ മഹത്വം മനസ്സില്‍ വല്ലാത്ത വികാരങ്ങളുണര്‍ത്തുന്നു. മക്കളും ഉമ്മയും ഉള്ള ബന്ധം! അതെത്ര ശക്തം! നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിള്‍ നാം ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ കിടക്കുന്നു. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം. വാസ്തവത്തില്‍ ഒരു ഉമ്മ ആകുക എന്നതാണ് ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ വലിയ ഭാഗ്യം. കാരണം, അവളുടെ കാലിന്നടിയിലാണ് അവളുടെ കുഞ്ഞിന്റെ സ്വര്‍ഗം. വല്ലാത്തൊരു ഹദീസ് തന്നെയാണത്. الجنة تحت أقدام الأمهات - സ്വര്‍ഗം മാതാക്കളുടെ പാദത്തിനടിയിലാണ്.

പ്രവാചകനോട്, താനാര്‍ക്കാണ് ഗുണം ചെയ്യേണ്ടതെന്ന ചോദ്യവുമായി സമീപിച്ച സ്വഹാബിയോട്, മൂന്നുതവണയും ഉമ്മയോട് എന്ന് പറഞ്ഞ് നാലാംതവണ വാപ്പാക്ക് എന്നു പറഞ്ഞ സംഭവം പ്രശസ്തമാണ്. പിതാക്കന്മാര്‍ മക്കളോട് ഈ ഹദീസ് പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന സ്ത്രീയല്ലേ ഏറ്റവും ഭാഗ്യവതി.

ഒരിക്കല്‍ ഞാന്‍ ഡീഅഡിക്ഷന്‍ ക്യാമ്പില്‍ (ഐ.ആര്‍.ഡബ്ല്യു.) ക്ലാസ്സെടുക്കുകയായിരുന്നു. എനിക്ക് മാതാക്കളെപ്പറ്റി പറയാന്‍ 100 നാവാണ്. സ്‌നേഹത്തിന്റെ നിറകുടം മാതാവായതിനാലാവും അത്. ക്ലാസ്സിനിടയില്‍ ഒരാള്‍ പൊട്ടിക്കരഞ്ഞ്, അദ്ദേഹം മദ്യം കഴിച്ചതിന്റെ പേരില്‍ മാതാവ് സങ്കടപ്പെട്ട കഥ വിവരിക്കുകയുണ്ടായി. എനിക്ക് മാപ്പുണ്ടോ എന്നാണാ മനുഷ്യന്‍ ചോദിച്ചത്.

പ്രിയപ്പെട്ട മക്കളേ, നിങ്ങള്‍ക്കുവേണ്ടി ഉറക്കമൊഴിക്കാന്‍ നിങ്ങള്‍ 'അപ്പി'യിട്ടാല്‍ വൃത്തിയാക്കാന്‍, നിങ്ങള്‍ വിശന്നാല്‍ സ്‌നേഹത്തോടെ പാലുതരാന്‍ മാതാവിനുള്ള സന്തോഷം. അത് വിവരണാതീതമാണ്. 'മക്കള്‍' എന്ന് കേട്ടാല്‍ ഉള്ളില്‍ അഗ്നിപടരാത്ത ഏത് മാതാവാണുണ്ടാവുക. എവിടെയെങ്കിലും എന്തെങ്കിലും അടിപിടി കേട്ടാല്‍, തിന്മ കണ്ടാല്‍, ആക്‌സിഡന്റ് കേട്ടാല്‍, 'ഹോ! എന്റെ മക്കളെങ്ങാന്‍ അതില്‍ പെട്ടിരിക്കുമോ' എന്ന് ഭയപ്പെടാത്ത ഏതെങ്കിലും മാതാവുണ്ടാകുമോ? അംറ്ഖാലിദ് ഒരു ലേഖനത്തില്‍ എഴുതുന്നത് കാണുക - സഹോദരന്മാരേ, നമ്മള്‍ പരീക്ഷയ്ക്ക് പോയി വിഷമമുള്ള ചോദ്യം കണ്ടാല്‍ ആദ്യം അറിയാതെ 'ഉമ്മാ' എന്ന് മന്ത്രിക്കാത്ത മനസ്സുണ്ടാകുമോ? അപ്പം ചുടുന്ന ഉമ്മയുടെ പിന്നിലൂടെ ചെന്ന് ചുടണ ചുടണ അപ്പം തിന്നാത്ത ഏതു മക്കളാണുള്ളത്? മക്കളുടെ കല്യാണത്തിന്, വരുന്ന മരുമകള്‍ ഏത് ഡ്രസ്സാണ് അന്നത്തെ ദിവസം ഇടേണ്ടത് എന്ന് കല്യാണത്തിന് എത്ര ദിവസം, മാസം മുമ്പ് സ്വപ്‌നം കാണും ഉമ്മമാര്‍. അവസാനം, അവരെ സ്വീകരിക്കാന്‍ വീടിനെ ഒന്നൊരുക്കാത്ത ഏതെങ്കിലും ഉമ്മമാരുണ്ടാകുമോ? മോന്റെ പെണ്ണ് വരുമ്പോള്‍ അവളെ എങ്ങനെ സ്‌നേഹിച്ചാലാണ് നന്നായിരിക്കുക എന്നായിരിക്കും ഉമ്മാടെ ഉള്ള്. അങ്ങനത്തെ ഉമ്മാനെ ഭാര്യയെ കിട്ടുമ്പോള്‍, മക്കളെ കിട്ടുമ്പോള്‍ വെറുക്കുന്ന മകനല്ലേ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യദോഷി. 'ഉമ്മ' എന്ന രണ്ടക്ഷരത്തിന് വിവരണമെഴുതിയാല്‍ ഒരു പുസ്തകം എഴുതാനുള്ള വകയുണ്ട്.

തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് ചിറക് വിരുത്തിക്കൊടുക്കും പോലെ മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ ചിറക് വിരുത്തിക്കൊടുക്കണം എന്നാണ് ഖുര്‍ആന്റെ ശാസനം. വല്ലാത്തൊരലങ്കാര പ്രയോഗം. കാരണം, കുഞ്ഞുപക്ഷികള്‍ക്ക് തള്ളയുടെ ചിറകിനടിയിലെ ചൂടും സുരക്ഷിതത്വവും വളരെ അത്യാവശ്യമാണല്ലോ. ഖുര്‍ആന്‍ എത്ര സുന്ദരമായ പ്രയോഗമാണ് മാതാപിതാക്കളെ സ്‌നേഹിക്കുന്നതിനെപ്പറ്റി നടത്തിയിരിക്കുന്നത്.

മാതാവിന്റെ വാക്കനുസരിച്ച ഇസ്രാഈലീ പയ്യന് ലഭിച്ച മഹത്തായ സമ്മാനത്തെപ്പറ്റി ഹദീസുകളില്‍ കാണാം. യത്തീമായ മകന്‍ പശുവിനെ വില്‍ക്കാന്‍ പോയി. മാതാവ് പറഞ്ഞ വിലയ്‌ക്കേ കൊടുക്കൂ എന്ന് ശാഠ്യം പിടിച്ച് തിരിച്ചുവന്നു. അവസാനം, ബനൂഇസ്രാഈല്യര്‍ക്ക് അറുക്കാനുള്ള ലക്ഷണമൊത്ത പശുവായി അവര്‍ പൊന്നിന്‍തൂക്കത്തിന് പശുവിനെ വാങ്ങിയതായി കാണാം.

മാതാക്കളുടെ മനസ്സ് വിഷമിപ്പിച്ച മക്കള്‍ക്ക് സംഭവിച്ച ദയനീയമായ കഥകള്‍ ചരിത്രത്തിലും നമ്മുടെ അനുഭവത്തിലും കാണാന്‍ കഴിയും.

അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ ഗുരുത്വം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നാമായിട്ട് ഇടവരുത്തരുത്. വയസ്സായ മാതാപിതാക്കള്‍ ഉണ്ടായിട്ട്, സ്വര്‍ഗം ലഭിക്കാതെ പോകുന്നവന്‍ തുലയട്ടെ എന്ന് മുത്തുനബി (സ) മൂന്നുതവണ പറഞ്ഞതായി നമുക്ക് ഹദീസ്ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

14 comments:

  1. "കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല"

    ഈ വാക്ക് ഹൃദയ സ്പര്‍ശിയായി."ഉമ്മ" അത് നിര്‍വചനതിന്നും വ്യാഖ്യാനങ്ങള്‍ക്കും അപ്പുറത്ത് തന്നെ. അത് നഷ്ടപ്പെട്ടവരേയും,നഷ്ടപ്പെടുതിയവരെയും കുറിച്ച് ടീച്ചര്‍ ഒന്നും പറഞ്ഞില്ല.ഹിക്മത് ,സുജൂദ് ,മണ്ണ് ,സൃഷ്ടികള്‍ എന്നിവയ്ക്ക് ശേഷം ചെറിയ ഇടവേള കഴിഞ്ഞു ടീച്ചര്‍ എഴുതിയ 'ഉമ്മ" നന്നായി.ഇനിയും പ്രതീക്ഷിക്കുന്നു.നല്ല ഭാവങ്ങള്‍.

    ReplyDelete
  2. byeluxile തിരക്കില്‍ പെട്ടുപോയി
    അതാണ്‌ എഴുത്തിനു അല്പം വൈകിപ്പോയത് ആബിദ് !
    ഉമ്മയെപ്പറ്റി ഇനീം ഉണ്ട്‌ മനസ്സില്‍ ....
    .എഴുതുകയാണ് ഇന്ന് തന്നെ......

    ReplyDelete
  3. വളരെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ...എത്രയോ പേര്‍ ഉമ്മ മാരെ വയസ്സാകുമ്പോള്‍ നോക്കാന്‍ കഴിയാതെ വ്രതസതനതിലും മറ്റും കൊണ്ട് പോയി തള്ളുന്നു ... പടച്ചവന്‍ ഞമ്മെയൊന്നും ആ കൂട്ടത്തില്‍ പെടുതാതിരിക്കട്ടെ ..അമീന്‍..

    ReplyDelete
  4. ഒരു മാതാവ്‌ മാതൃത്വത്തെ കുറിച്ച് പറയുമ്പോള്‍ അതിനു മാധുര്യം കൂടും, കാരണം അതില്‍ അനുഭവത്തിന്റെ സ്പര്‍ശമുണ്ട്. ഭാര്യയുടെ പ്രസവവും സന്താന പരിപാലനവും നേരിട്ടറിയുമ്പോള്‍ മുത്തു റസൂലിന്റെ പ്രാര്‍ത്ഥനയുടെ പൊരുള്‍ അറിയുന്നു. "നാഥാ, ചെറുപ്പത്തില്‍ അവര്‍ എന്നോട് കരുണ കാണിച്ചത്‌ പോലെ അവരോട് നീയും കരുണ കാണിക്കേണമേ" എന്ന് പ്രാര്‍ത്ഥിക്കാം, അവരുടെ സേവനത്തിനു വേണ്ടിയുള്ള പ്രതിന്ജ പുതുക്കാം..അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീന്‍.

    ReplyDelete
  5. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം.....kannu nanayikunna vakkukal.best wishes teacher.
    with pray,
    panadolll

    ReplyDelete
  6. മാതാക്കളുടെ മനസ്സ് വിഷമിപ്പിച്ച മക്കള്‍ക്ക് സംഭവിച്ച ദയനീയമായ കഥകള്‍ ചരിത്രത്തിലും നമ്മുടെ അനുഭവത്തിലും കാണാന്‍ കഴിയും.

    commentil engilum ee kathakal ezhuthamo??

    ReplyDelete
  7. ഉമ്മാക്ക് പകരം വെക്കാന്‍ , ആ സ്നേഹത്തിന് പകരമാവാന്‍ ഒന്നുമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാ മതാക്കളെയും നല്ല സന്താനങ്ങളെയും

    ReplyDelete
  8. നമ്മെ നാം ആക്കുന്ന ഉമ്മയെ നമ്മള്‍ മറക്കുന്നു ,അവകാശങ്ങളെ കുറിച്ച് വാജലമാകുകയും കടമകള്‍ മറക്കുകയും ചെയ്യുന്ന ഒരു തല മുറയെയാണ് നാം ഇന്ന് കാണുന്നത് ,
    ടീചെര്‍ക്ക് നന്മകള്‍ നേരുന്നു

    ReplyDelete
  9. എന്‍ ജീവിത മുകുളത്തെ വിരിയും വരെയും ..
    ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ചവള്‍
    പൊക്കിള്‍ക്കൊടി ബന്ധത്തില്‍
    ഇഴകി ചേർന്നവൾ..
    പേറ്റുനോവിന്‍ വ്യഥയെ.....
    അനുഭൂതിയായ് നെഞ്ചിലേറ്റിയവൾ..
    അമ്മിഞ്ഞ പാലിന്‍ മധുരം
    എന്‍ നാവിന്‍ തുമ്പില്‍ പുരട്ടിയവള്‍
    എന്‍ പിച്ച വെക്കല്‍ കണ്ട്
    ആനന്ദ പുളകിതയായവൾ...
    എന്നിലെ നേര്‍ത്ത സ്പന്ദനം പോലും
    അവളില്‍ നെടുവീര്‍പ്പായിരുന്നു ..
    എന്നിലെ വളര്ച്ചതന്‍ മാറ്റത്തെ
    അടുത്ത് നിന്നറിഞ്ഞവൾ..
    എന്‍റെ പാതിയെ മകളായി കണ്ടവള്‍
    എന്‍ മകനെ വാരിപ്പുണർന്നവൾ
    എങ്കിലും ഇന്നവള്‍ ...............
    വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
    എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..
    ആകുലതകളില്ലാതെ ആധികളില്ലാതെ ......

    ReplyDelete
  10. മഹത്വം നിറഞ്ഞ മാതൃത്വത്തിന്റെ മഹനീയതയെ വായിച്ചു തീര്‍ക്കുമ്പോള്‍ കണ്ണില്‍ നനവ്‌ പടരുന്നു. നമുക്കെല്ലാം മാതാപിതാക്കളുടെ പൊരുത്തതിലായി ജീവിക്കാന്‍ നാഥന്‍ തൌഫീക്ക് നലകട്ടെ . ആമീന്‍

    ReplyDelete
  11. അള്ളാഹു മാതാപിതാകള്‍ മുഖേനെ സ്വര്‍ഗം കരസ്തമാകുന്നവരുടെ കൂട്ടത്തില്‍ നമ്മെ എല്ലാവരെയും ഉള്പെടുതുമാരാകട്ടെ .ആമീന്‍

    ReplyDelete
  12. "കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല"
    ശരിയാണ് അല്ലെ ഇത് ഓര്‍ക്കാറില്ല ആരും.....ഈ വാചകം എന്നെ വല്ലാതെ ആകര്‍ഷിച്ചു ,,,,,,,,,,,
    ഒരായിരം നന്ദി ടീച്ചര്‍ ...അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  13. ഉമ്മയോളമില്ലിവിടെയൊന്നും, ഉമ്മതന്നുമ്മയുള്ളിലെന്നും, ഉമ്മയുമെൻ ബാപ്പയും വസിക്കണേ സ്വർഗ്ഗപൂന്തോപ്പിലെന്നും..

    ReplyDelete