അല്ലാഹുവേ, നീ ഞങ്ങളെയെല്ലാം സത്യമാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ...
മുസ്‌ലിം ഉമ്മത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? "തിരുമുടി'യുമായി ബന്ധപ്പെട്ട് എത്ര മെയിലുകളാണ് ഒന്നുരണ്ടാഴ്ചയായി കിട്ടിയിട്ടുള്ളത്! ഈ ചര്‍ച്ചകളിലൂടെ എന്ത് ഗുണമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്? അറിയാതെ ചോദിക്കുകയാണ്, എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ആളുകളിലാരെങ്കിലും ശിര്‍ക്കില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ നല്ലത്.
നമ്മുടെ മുമ്പില്‍ വിശുദ്ധ ഖുര്‍ആനുണ്ട്, തിരുചര്യയുണ്ട്. അതില്‍ എത്രയെത്ര അദ്ഭുതങ്ങള്‍! ഈ ലോകത്തെ സര്‍വതിനെയും അതിജയിക്കാന്‍ പോന്നവ. ഖുര്‍ആനിലെ ഓരോ സൂക്തവും അദ്ഭുതങ്ങളാണ്. യൂസുഫ് (അ) ധാന്യങ്ങള്‍ കേടാകാതിരിക്കാന്‍ "അവയുടെ കതിരുകളില്‍തന്നെ വെക്കുക' എന്ന് നിര്‍ദേശിച്ചതിന്റെ അദ്ഭുതം ഇന്ന് ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. കതിരോടെ സൂക്ഷിക്കപ്പെടുന്ന ധാന്യങ്ങള്‍ 15 വര്‍ഷം വരെ കേടാകാതെ നിലനില്‍ക്കുമത്രെ.
""ഏഴ് തടിച്ച പശുക്കളും ഏഴ് മെലിഞ്ഞ പശുക്കളും. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണക്ക കതിരുകളും ഏഴ് ക്ഷേമവര്‍ഷങ്ങളും ഏഴ് ക്ഷാമവര്‍ഷങ്ങളും.'' (സുറത്ത് യൂസുഫ്)
ചില മുസ്‌ലിം ശാസ്ത്രജ്ഞര്‍ രണ്ടുതരത്തിലുമായി രണ്ടുവര്‍ഷം ധാന്യങ്ങളെ സൂക്ഷിച്ചുവെച്ചു. പിന്നീടവയെ (കതിരോടെയുള്ളതും കതിരില്‍നിന്ന് വേര്‍പെടുത്തപ്പെട്ടതും) ലബോറട്ടറി പരിശോധനകള്‍ക്കു വിധേയമാക്കി. എല്ലാ ഗുണങ്ങളിലും കതിരോടെ സൂക്ഷിക്കപ്പെട്ടവയില്‍ ഒരുപാട് മേന്മയുള്ളതായി തെളിയിക്കപ്പെട്ടിരിക്കുന്നു. 55a.net എന്ന അറബി സൈറ്റില്‍ അതിന്റെ വളരെ വിസ്താരമായ ഒരു പഠനമുണ്ട്. യൂസുഫ് (അ)യുടെ കാലഘട്ടം 3600 കൊല്ലത്തിലധികമായി. അന്നവിടെ നടന്ന കാര്യം (2000 വര്‍ഷത്തിനുശേഷം) പ്രചാകനായ മുഹമ്മദ് (സ)യ്ക്ക് ദിവ്യബോധനമായി നല്‍കിയ കാര്യം നാമോര്‍ത്തുനോക്കുക.
തിരുമുടിക്കുണ്ടെന്നു പറയപ്പെടുന്ന മുഅ്ജിസത്തുകളേക്കാള്‍ എത്ര ഉന്നതമായ അമാനുഷികതയാണതൊക്കെ. ശാസ്ത്രത്തിനും ഏറെ മുന്നില്‍ നടന്ന മഹാന്മാരായ യൂസുഫ് (അ)യും മുത്തുനബി (സ)യും. ഇതൊക്കെ പുറത്തു വന്നാല്‍ എല്ലാവര്‍ക്കും നില്‍ക്കക്കള്ളിയില്ലാതാകും.
അതിനാല്‍, മുടിവിവാദത്തെ നമുക്ക് വിടാം. ഇസ്‌ലാമിന്റെ സുന്ദരവും ബൃഹത്തുമായ നിയമപദ്ധതിയെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും പകര്‍ത്താം. അത്തരം ഒരു സമൂഹമാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ അമാനുഷികത എന്ന് തിരിച്ചറിയാന്‍ ബുദ്ധിയും ബോധവുമുള്ള എല്ലാവരെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
സര്‍വശക്തനായ നാഥാ! ഈ സമുദായത്തിന് നീ യഥാര്‍ഥ വഴി കാട്ടിക്കൊടുക്കേണമേ. സത്യത്തെ സത്യമായി കാണിക്കുകയും അത് പിന്‍പറ്റാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. അസത്യത്തെ അസത്യമായി കാണിക്കുകയും അതില്‍നിന്ന് മാറിനില്‍ക്കാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ആമീന്‍.
സ്വന്തം ടീച്ചര്‍