വീരപുത്രന്‍
പി.ടിയുടെ പുതിയ സിനിമ.സിനിമ കൊണ്ട് നന്മ പ്രചരിപ്പിക്കാൻ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാൽ, മനുഷ്യരെ സ്വാധീനിക്കാൻ ദൃശ്യമാധ്യമത്തെപ്പോലെ ശക്തിയുള്ള മറ്റൊരു മാധ്യമവുമില്ല. പ്രത്യേകിച്ച്, ജാഹിലിയ്യത്ത് ആ മാധ്യമത്തിൽ കൊടികുത്തി വാഴുമ്പോൾ.
നമുക്കറിയില്ലേ, 'സബ്ഉൽ മുഅല്ലഖാത്ത്' എന്ന ഖണ്ഡകാവ്യം. നബി (സ)യ്ക്ക് മുമ്പുള്ള അറബിസാഹിത്യ സാമ്രാട്ടുകൾ രചിച്ച അശ്ലീലം നിറഞ്ഞ കാവ്യം. അവരത് വിശുദ്ധി കല്പിച്ചുകൊണ്ട് കഅ്ബയിൽ കെട്ടിത്തൂക്കി. അക്കാലത്താണ് അവരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ അവതരിക്കുന്നത്. ഇന്ന് ഖുർആൻ കൈയിലുള്ള നാം ആ ഖുർആനെക്കൊണ്ടുതന്നെ ജാഹിലിയ്യത്തുകളെ നേരിടേണ്ടതുണ്ട്. സാധ്യമാകുന്നിടത്തോളം ജാഹിലിയ്യത്തിനെ തടയിടേണ്ടതുണ്ട്.
മുസ്‌ലിം സമുദായത്തെ വർഗീയവാദികളായും പാക്കിസ്ഥാൻ ചാരന്മാരായും ഇന്നും പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ വീക്ഷണകോണിലൂടെ നോക്കുമ്പോഴും പി.ടി.യുടെ 'വീരപുത്രൻ' ഉഗ്രൻ ചരിത്രസൃഷ്ടി തന്നെ. അവസാനം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഹൃദയഗന്ധിയായ ഒരു പ്രസംഗമുണ്ട്. ''ഖുർആനനുസരിച്ച് നിങ്ങൾ ജീവിക്കണം'' -ഖുർആനനുസരിച്ച് ജീവിച്ച് മരിച്ച ഒരു മനുഷ്യന്റെ കഥയായും നമുക്ക് വീരപുത്രനെ വിലയിരുത്താം. മൃഗസ്‌നേഹവും മനുഷ്യസ്‌നേഹവും അങ്ങേയറ്റം ഇഴചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. അതിഥി ആരാണെന്നന്വേഷിക്കാതെ, ദരിദ്രാവസ്ഥയിലും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്ന നേതാവ് (വൈക്കം മുഹമ്മദ് ബഷീറാണ് ആ അതിഥി). വളർത്തുമാനിനെ സമാധാനിപ്പിക്കാൻ പ്രസംഗത്തിന് പോകുമ്പോൾ ഒപ്പം കാറിൽ കയറ്റുന്നത്ര ആർദ്രത നിറഞ്ഞ മനസ്സ്. കടം വീട്ടാൻ വഴിയില്ലാതായപ്പോൾ സ്വയം കോടതിയിൽ കീഴടങ്ങി, അറസ്റ്റ് ആവശ്യപ്പെടുന്ന മനുഷ്യൻ. അതെ, അദ്ദേഹം നല്ലൊരു മാതൃകാ പുരുഷനായിരുന്നു. മുൻശുണ്ഠി എന്ന അവരുടെ കുടുംബസ്വഭാവം മാത്രമാണ് തികഞ്ഞ മനുഷ്യനിൽ നിന്നദ്ദേഹത്തെ മാറ്റിനിർത്തുന്നുള്ളൂ എന്നൊരു ഡയലോഗുണ്ട് സിനിമയിൽ. മുൻശുണ്ഠി കഴിഞ്ഞാൽ എന്തായിരിക്കുമെന്ന് ചില സീനുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വളർത്തുമകനായ അദ്ദു 'ളുഹ്ർ' നമസ്‌കരിച്ചില്ല എന്നതിന് ഷൗട്ട് ചെയ്യുന്ന സാഹിബ് കുറച്ചു കഴിഞ്ഞപ്പോൾ, ടൗണിലെ സർക്കസ് കാണാൻ നാലണ ആവശ്യപ്പെട്ടതിനു പകരം ഒരു റുപ്പിക എടുത്ത് കൊടുക്കുന്നു. എം.റഷീദ് (ഇ.മൊയ്തു മൗലവിയുടെ മകൻ) എഴുതിയ 'മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്' എന്ന പുസ്തകം അദ്ദേഹത്തിന്റെ ഏതാണ്ടൊരു രൂപം വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ആ പുസ്തകം തന്നെയാണ് സിനിമയുടെ സീനുകൾ. ഖുർആനുമായി അടുത്തു നിൽക്കുന്ന ഒരു മുസ്‌ലിമിന് ഒരുപാടഭിമാനിക്കാനുള്ള രംഗങ്ങൾ സമ്മാനിക്കുന്നുണ്ട് സിനിമ.
ഹിന്ദുക്കളും മുസ്‌ലിംകളും നിർബന്ധമായും കാണേണ്ട ഒരു സിനിമയാണിത്. ഇടയ്ക്ക് നമ്മുടെ ഹൃദയം തേങ്ങിക്കൊണ്ട് ചോദിച്ചുപോകും - ചരിത്രം ഇതായിരിക്കെ, അവർക്കിടയിൽ വിദ്വേഷം വളർത്തിയതാരാണ്? ഈ ഹിന്ദുവിനെയും മുസ്‌ലിമിനെയും അകറ്റിയതാരാണ്? ഇതിലൂടെ നമ്മുടെ മക്കൾ മനസ്സിലാക്കേണ്ടതുണ്ട്, ബ്രിട്ടീഷുകാരുടെ കറുത്ത സമ്മാനമായിരുന്നു പാക്കിസ്ഥാൻ വിഭജനം. നന്മ നിറഞ്ഞുനിന്ന ഒരു നാടിനെ 'മത'ത്തിന്റെ പേരിൽ മുറിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏറ്റവുമധികം വേദനിച്ച കാര്യങ്ങളിലൊന്നായിരുന്നു അത്.
കൊടുങ്ങല്ലൂരുകാർക്ക്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അഴീക്കോട്ടുകാർക്ക് കൂടുതൽ പൗരബോധം ഈ സിനിമ നൽകും. 32 കൊല്ലമായി എനിക്ക് ശക്തമായ ആത്മബന്ധമുള്ള അഴീക്കോടിന്റെ വീരപുത്രനാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. തറവാട് ഞങ്ങളുടെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ അടുത്താണ്. സമീപ എൽ.പി. സ്‌കൂളിലെ രജിസ്റ്ററിലെ ആദ്യ രണ്ട് അഡ്മിഷനുകളിൽ ഒന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മറ്റേത് സീതിസാഹിബും ആണ്.
കുഞ്ഞുബീവാത്തു എന്ന സുന്ദരിയായ, ശാലീനയായ ഭാര്യ. ഇന്നും അഴീക്കോട്ടെ ഞങ്ങളുടെ സ്‌കൂളിലെ ചില പെൺകുട്ടികളുടെ മുഖം ഓർമിപ്പിക്കുന്നു. ഇ.മൊയ്തു മൗലവിയായി വേഷമിട്ട സിദ്ദീഖ് വളരെ നന്നായി തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.
41 വയസ്സുവരെ ജീവിച്ച സാഹിബ് ശക്തമായ ചില ചരിത്രങ്ങൾ അവശേഷിപ്പിച്ചാണ് യാത്രപറഞ്ഞത്. ഇത്രകാലം ജീവിച്ച അഴീക്കോട്ടുകാർക്ക് ഇനി ഒരു മുഹമ്മദ് അബ്ദുറഹ്മാനെ കേരളത്തിന്, ഇന്ത്യയ്ക്ക്, ലോകത്തിന് സമ്മാനിക്കാൻ എന്നാണ് ഭാഗ്യം ലഭിക്കുക. തീർച്ചയായും, നല്ല ചരിത്രങ്ങൾ യുവാക്കൾക്ക് കഥയിലൂടെയും കവിതയിലൂടെയും സിനിമയിലൂടെയും പകർന്നുകൊടുക്കാൻ നാം മുതിർന്നവർ ബാധ്യസ്ഥരാണ്.
പി.ടി.യുമായി ഒരു ഇന്റർവ്യൂ നടത്തണമെന്നാഗ്രഹമുണ്ട് എനിക്ക്. അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.
സ്വന്തം ടീച്ചര്‍