Tuesday, January 31, 2012

തൂലികയെപ്പറ്റി

എല്ലാ തൂലികകളും ഗുണമുള്ളവയല്ല.
എല്ലാ തൂലികകളും ദോഷകരവുമല്ല.
തൂലികകള്‍ സാഗരങ്ങളാണ്. ചില തൂലികകള്‍,
അവയുടെ മഷി രക്തമാണ്.
വാക്കുകള്‍കൊണ്ട് ജനങ്ങളെ കൊല്ലും
- ചില തൂലികകള്‍ - ജനങ്ങളുടെ തിന്മക്കാകും ചലിക്കുക,
ഒരിക്കലും അവരുടെ നന്മയ്ക്ക് ചലിക്കില്ല.
ചിലവ കാരുണ്യമെന്തെന്നറിയാത്ത തൂലികകള്‍.
ചിലവ കേള്‍ക്കുന്നതെല്ലാം എഴുതിവിടുന്നവയാണ്.
ചില തൂലികകള്‍ അവയുടെ മുന ജനങ്ങളുടെ
ദേഹത്ത് മുട്ടിയാല്‍ മതി രക്തം കിനിയാന്‍.
ചിലവ മൂല്യങ്ങളെ മറന്ന്
സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലിക്കുന്നു.
ചിലതിന് കണ്ണുനീരറിയില്ല, മറിച്ച്
വഞ്ചനയും അഹങ്കാരവും പരിഹാസവും മാത്രം.

എന്നാല്‍, ചില തൂലികകള്‍ ജനങ്ങളുടെ
ക്ഷേമത്തിനുവേണ്ടി ചലിക്കുന്നു.
ചിലവ വിജ്ഞാനം വ്യാപകമാകാന്‍ രക്തം പൊടിഞ്ഞും
അലറിക്കരഞ്ഞും നീങ്ങുന്നു.
 മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന തൂലികകളാണവ.
നാശം തടയാന്‍ ഓടിനടക്കുന്ന ചില തൂലികകള്‍.
കാലത്തിന്റെ ഏടുകള്‍ ചുരുട്ടുംമുമ്പ് ചില തൂലികകള്‍
അവയുടെ ഏടുകളെ ചുരുട്ടുന്നു.
ഈ തൂലികകളല്ലേ നമുക്ക് കൂരിരുട്ടില്‍
പ്രകാശം പരത്തുന്ന മെഴുകുതിരികള്‍!
ലോകത്തിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ തീര്‍ത്ത്,
സ്വന്തം പ്രശ്‌നം ബാക്കിയിട്ട് രംഗം വിടുന്ന ചില തൂലികകളുണ്ട്.
സൂര്യന്റെ ആവിയില്‍ വാടാതെ നിന്ന
ചില തൂലികകള്‍ എഴുതിയ ഏടുകളെ
കൊടുങ്കാറ്റ് വന്ന് വിദൂരതയിലേക്ക് പറത്തിക്കളയും
- അതും തൂലികയുടെ വിധി.
സത്യസന്ധമായ, യാഥാര്‍ഥ്യങ്ങള്‍ മാത്രം
എഴുതുന്ന ചില തൂലികകളുണ്ട്.
പക്ഷേ, പിന്നീടവയെ കാണുന്നില്ല.
ചില തൂലികകള്‍, രാത്രി ഉറക്കമൊഴിച്ച്,
ഏടുകള്‍ നിറയ്ക്കുന്നു. പക്ഷേ, പൊടുന്നനെ
അഹങ്കാരിയായ ഒരു മനുഷ്യന്‍ വന്ന്
അത് തട്ടിപ്പറിക്കുന്നു. ഇതും തൂലികയുടെ വിധി!!

ഇക്കാലത്തെ തൂലികകളല്ലേ ഇങ്ങനെ
അപചയങ്ങള്‍ നേരിടേണ്ടിവരുന്ന തൂലികകള്‍!!!

ഒരറബി ഗദ്യകവിതയോട് കടപ്പാട്‌

1 comment:

  1. സത്യ സത്യസന്ധമയി നേരിന്റെ പാതയിലൂടെ മാത്രം ചലിക്കുന്ന തൂളികകൾക്ക് മരണമില്ല. കാർമേഘങ്ങൾ ചന്ദ്ര ബിംബത്തെ മറക്കാറുണ്ട് പക്ഷേ മഴ ആവസ്സനിക്കുമ്പോൾ ചന്ദ്ര ബിംബം മേഘ മറ നീക്കി പുറത്തു വരും അറ്റുപൊലെ ഈ തൂലികയും... സത്യം മാത്രം എഴുതുന്ന ടീച്ചറിന്റെ ഈ തൂലിക എന്നെന്നും ചാലിക്കുക തന്നെ ചെയ്യും

    ReplyDelete