Wednesday, February 22, 2012

ഹദീസ് സെമിനാറിലെ വിദേശ അതിഥികൾ

അഞ്ചു ദിവസമായി തിരുവനന്തപുരത്ത്, കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടന്ന അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ അത്യന്തം ഫലപ്രദമായിരുന്നു. ഒരിക്കലും വിചാരിക്കാത്ത ചില വഴികളിലടെ യാത്രചെയ്യാന്‍ എനിക്കും അവസരം ലഭിച്ചു. അല്‍ഹംദുലില്ലാഹ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും ഉള്ളവര്‍. അറബിഭാഷ കൈകാര്യം ചെയ്യാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അതിയായി സ്തുതിക്കുകയാണ്. ഇറാഖ്, ഇറാന്‍, സൗദി എന്നിവിടങ്ങളില്‍നിന്ന് വനിതകളും സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കാന്‍ എത്തിയിരുന്നു. അതിഥികളില്‍ 50 ശതമാനം പേരുമായും നല്ല ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ അനുഗ്രഹമായി. ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളടങ്ങിയ ദിവസങ്ങള്‍.

യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റിനെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല. പ്രൊഫസര്‍മാരും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും രാപ്പകല്‍ വിശ്രമമില്ലാതെ സെമിനാറിന്റെ നടത്തിപ്പിനും അതിഥികളെ മാനേജ് ചെയ്യുന്നതിനും പ്രയത്‌നിക്കുകയുണ്ടായി. ഇത്ര നല്ലൊരു പരിപാടിക്ക് ചുക്കാന്‍ പിടിച്ച ഡോ. നിസാറുദ്ദീന്‍ സര്‍, ഡോ. അഷ്‌റഫ് കടയ്ക്കല്‍, ഡോ. താജുദ്ദീന്‍, ഡോ. ഷംനാദ് എന്നീ പ്രൊഫസര്‍മാരും സ്‌കോളേഴ്‌സായ റിയാസ്, സുമയ്യ തുടങ്ങി ചുറുചുറുക്കുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും നിസ്വാര്‍ഥമായ അവരുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രതിഫലാര്‍ഹരായിരിക്കും - ഇന്‍ശാ അല്ലാഹ്.

പരിചയപ്പെടൽ കഴിഞ്ഞ സ്വദേശികളും വിദേശികളുമായ എല്ലാവരെയും എന്റെ പ്രിയപ്പെട്ട വായനക്കാർക്കും പരിചയപ്പെടുത്തുകയാണ്. ആ പങ്കുവെക്കൽ തീർച്ചയായും നമുക്കെല്ലാവർക്കും ഗുണകരമാകും. ഓരോ നാട്ടുകാരെയും ആദ്യം പരിചയപ്പെടുത്താം. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയിൽനിന്ന് വന്ന ഡോക്ടർമാരായ (അറബിസാഹിത്യം) ഇബ്തിസാം, സൈനബ്, റുഫൈദ, ഖദീജ എന്നിവർ ഭാഷാ-ദേശ അതിരുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ നാടുമായി ഇണങ്ങുകയായിരുന്നു. യുദ്ധം തകർത്ത അവരുടെ നാടിനെ സംബന്ധിച്ച് ഞാൻ അന്വേഷിക്കുകയുണ്ടായി. 
അവർ പറഞ്ഞു: നിങ്ങളുടെ നാട്ടിലെ സ്‌നേഹവും സാഹോദര്യവും ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ആദ്യം കാണുന്ന ആളുകൾ പോലും എത്രമാത്രം സ്‌നേഹത്തിലാണ് സംസാരിക്കുന്നത്. ഞങ്ങൾ നിർഭയത്വം അനുഭവിച്ച ജീവിതകാലങ്ങൾ കുറവാണ്. ആദ്യം എട്ടു വർഷം നീണ്ട ഇറാൻ-ഇറാഖ് യുദ്ധം. പിന്നെ കുവൈത്ത് യുദ്ധം. പിന്നെ, അമേരിക്കൻ അധിനിവേശം. ഞാൻ പറഞ്ഞു: നിങ്ങളുടെ നാട്ടിലെ വാർത്തകൾ ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ഒരുപാട് വിശേഷങ്ങൾ നമ്മുടെ നാടിനെപ്പറ്റി, ഭൂപ്രകൃതി, തൊഴിൽ, ആശുപത്രി സൗകര്യങ്ങൾ, ഷോപ്പിങ് എന്നിവയെപ്പറ്റി സംസാരിച്ചു. അവസാനം അവർ ചോദിച്ച ചോദ്യം എന്നെ വീർപ്പുമുട്ടിച്ചു. ''ഉമ്മുഹാശിം! (എന്റെ മകന്റെ പേരിടോടു ചേർത്താണ് വിളിച്ചത്) നീ ഇതുവരെ ഇവിടെ മറഞ്ഞുകിടക്കുകയായിരുന്നു?'' നമ്മുടെ ആതിഥേയ സ്വഭാവം അവരെ വല്ലാതെ സ്വാധീനിച്ചു.

അഞ്ചു ദിവസത്തിനിടയിൽ മനസ്സിലാക്കിയ ഒരു കാര്യം, അവർ ഇന്ത്യൻ ഡോക്ടർമാരെയും ചികിത്സാരീതികളെയും ലോകത്തേറ്റവും ഉന്നതമായാണ് കാണുന്നത്. കിംസിലെ വിദഗ്ധ ഡോക്ടറെ കാണാൻ കൂടെ പോയി സൗകര്യം ചെയ്തുകൊടുത്ത സന്തോഷമാണ് അവരെ ഇത്രയ്ക്ക് സന്തോഷിപ്പിച്ചത്. ചിലവുകളെല്ലാം അവർ തന്നെ വഹിക്കുകയായിരുന്നു. സ്ത്രീകളുമായി അധികം തത്വചിന്ത ചർച്ചചെയ്തില്ല. സാഹിത്യവും ചർച്ച ചെയ്തില്ല. നാട്, വീട്, ജോലിസ്ഥലം എന്നിവിടങ്ങളിലെ ചർച്ചകളായിരുന്നു. പുഞ്ചിരിക്കുന്ന മലയാളിമുഖങ്ങൾ തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണവരുടെ മൊത്തത്തിലുള്ള വിലയിരുത്തൽ. ഡോ. നിസാർ സാറിന്റെ ഭാര്യ ഭാഷ വശമില്ലെങ്കിലും വളരെയധികം ഞങ്ങളുടെ എല്ലാം സുഖസൗകര്യങ്ങൾ അന്വേഷിച്ചിരുന്നു എന്നത് അവരോടുള്ള നമ്മുടെ ബഹുമാനം വർധിപ്പിച്ചു.

ആദ്യദിവസം ഉച്ചമുതൽ മഗ്‌രിബ് വരെ കോവളം കടപ്പുറത്തിരുന്ന് അൽജീരിയക്കാർ, സൗദികൾ എന്നിവരുമായി പൊരിഞ്ഞ ചർച്ചകളായിരുന്നു. സ്ത്രീകൾ വിശ്രമത്തിലായിരുന്നു. ഞാനും സുമയ്യയും വിദ്യാർഥികളും വിദേശ പ്രതിനിധികളും ഇസ്‌ലാമിക ജീവിതരീതിയിലെ വിശാലതയായിരുന്നു അവർക്ക് നമ്മോടുപദേശിക്കാനുണ്ടായിരുന്നത്. അതിൽ പ്രധാനമായും ഡോ. മുഹമ്മദ് അൽഹിജാസി (അൽജീരിയ), ഡോ. ശുബുകി ജുമുഅഃ (അമീർ അബ്ദുൽ ഖാദിർ യൂണിവേഴ്‌സിറ്റി അൽജീരിയ, ഖുർആൻ-സുന്നത്ത് പഠനത്തലവൻ), ഡോ. അൽമുമൻജൽ, ഡോ. ബൂസയ്ദ് എന്നിവർ തങ്ങളുടെ സ്വതന്ത്ര ചിന്തകൾ നിരത്തി. കോലങ്ങളിലും രൂപങ്ങളിലും പ്രതീകങ്ങളിലും ഇസ്‌ലാമിനെ ഇന്നത്തെ മുസ്‌ലിംകൾ കുരുക്കിട്ടിരിക്കുകയാണ്. സഹോദരീ, നാം അതിനെ ലോകത്തിനു മുഴുവനും അനുഗ്രഹമായി തുറന്നുവിടുക എന്നാണ് ശുബുകിജുമുഅഃ എന്നോട് ആവശ്യപ്പെട്ടത്. അദ്ദേഹം തുടർന്നു: എന്നെ ജനം കമ്യൂണിസ്റ്റുകാരനാക്കുന്നു, ദീനില്ലാത്തവനാക്കുന്നു - പക്ഷേ, ഞാൻ പറയുന്നത് ഇവർ ഉൾക്കൊള്ളാൻ വളർന്നിട്ടില്ല! എന്ത് ചെയ്യും? ഇസ്‌ലാമിന്റെ ഒരു പരീക്ഷണഘട്ടം എന്നല്ലാതെന്തു പറയാൻ? മുഹമ്മദുൻ ഹിജാസി എന്നോട് സംസാരിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ പറഞ്ഞു: നിനക്ക് ഈ നാട്ടിൽ ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും അന്യമതസ്ഥരോട് അകലം പാലിക്കാതെ, നമ്മുടെ വിശ്വാസത്തിലൂന്നി നിന്നുകൊണ്ട്, അവരുടെ ഉറ്റമിത്രങ്ങളായി പെരുമാറുക. അവരുടെ മരണാവശ്യങ്ങളിലും വിവാഹാവശ്യങ്ങളിലും എല്ലാം പങ്കെടുക്കണം. അവരുടെ സ്‌നേഹനിധികളായ സഹോദരങ്ങളാകണം. അദ്ദേഹം തുടർന്നു: ഇവിടെയുള്ള നല്ല മനുഷ്യർ അത്തരക്കാരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പറഞ്ഞു: ഉസ്താദ്, ഞങ്ങൾ ഞങ്ങളുടെ ജോലിസ്ഥലങ്ങളിലും മറ്റ് എല്ലായിടത്തം ഇസ്‌ലാമിന്റെ സാഹോദര്യവും സ്‌നേഹവും കരുണയും എല്ലാം പ്രദർശിപ്പിച്ചുകൊണ്ടുതന്നെയാണ് നീങ്ങുന്നത്. ഉടൻ വീണ്ടും ഉപദേശം. ''നീ ഈ പറഞ്ഞ സംസ്‌കാരം എല്ലാവരിലും വളർത്താൻ ശ്രമിക്കണം.'' ഇതൽ ശുബുകിയും ഹിജാസിയും ആണ് മനുഷ്യമനസ്സുകൾ കൂടുതൽ കവർന്നത്. ഇടയിൽ ചോദിക്കുകയാണ്: എന്താണ് ഇവിടെയുള്ള വിദ്യാർഥികൾക്ക് അറബി സംസാരിക്കാൻ വിഷമം? നീ എങ്ങനെ ഇത്ര നന്നായി സംസാരിക്കുന്നു എന്നും. എല്ലാം അവർക്ക് വിശദീകരിച്ചുകൊടുത്തപ്പോൾ അദ്ദേഹം വിദ്യാർഥികളോടായി പറഞ്ഞു: നിങ്ങൾ അറബി നന്നായി വായിക്കണം, എഴുതണം, സംസാരിക്കണം. പരസ്പരം സംസാരിക്കുന്നതിലൂടെ മാത്രമേ ഭാഷ മെച്ചപ്പെടുത്താനാവൂ. കഥകൾ, കവിതകൾ ഒക്കെ വായിക്കാനും അദ്ദേഹം ഉപദേശിച്ചു. (വാസ്തവത്തിൽ, കുട്ടികൾക്ക് അഞ്ചു ദിവസം കൊണ്ട് പരമാവധി ഭാഷ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്). അറബി ടിവിയും ചാനലും കാണാൻ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ ഞാൻ കോളേജധികൃതരോടും ആവശ്യപ്പെടുകയാണ്.

ഡോ. അലിസുഊദിയാണ് മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വ്യക്തിത്വം. ഖസ്വീം യൂണിവേഴ്‌സിറ്റി ഡീൻ ആണ് 37-കാരനായ ആ പ്രതിഭ. നന്നായി കവിത എഴുതുന്ന അദ്ദേഹം, കടൽത്തീരത്തിരുന്ന്, സ്‌നേഹത്തെപ്പറ്റി എഴുതിയ കവിത ഞങ്ങൾക്ക് കേൾപ്പിച്ചുതന്നു. അവരുടെ പദ്യാലാപനവും നമ്മുടേതും വലിയ വ്യത്യാസമുണ്ട്. പക്ഷേ, അവർ ആ ഭാഷയിൽ ജീവിക്കുന്നവർ. അവർ രാഗം മൂളിയില്ലെങ്കിലും അത്യന്തം ഹൃദയാവർജകം. സാഹിത്യം തുളുമ്പുന്ന കവിതകൾ. എന്തോ മനസ്സിനെ വല്ലാതെ ആകർഷിച്ചു. ഉപമയും ഉൽപ്രേക്ഷയും നന്നായുള്ള കവിതകൾ. ദരിദ്രമായ തന്റെ ബാല്യകാലം. ഞങ്ങളുടെ മുമ്പിൽ പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായില്ല. മറിച്ച്, അദ്ദേഹം അതിലൂടെ നമ്മോട് ചില സന്ദേശങ്ങൾ അറിയിക്കുകയായിരുന്നു. 10 വയസ്സു മുതൽ സ്‌കൂൾ വിട്ടുവന്ന് പച്ചക്കറിക്കടയിൽ പോയി ജോലിയെടുത്താണ് ഉമ്മയെയും സഹോദങ്ങളെയും പുലർത്തിയത്. വാപ്പ ചെറുപ്പത്തിലേ നഷ്ടമായി. അദ്ദേഹം തുടർന്നു. ഇന്ന് ഒരു യൂണിവേഴ്‌സിറ്റി ഡീൻ ആയിട്ടും എന്നെ കാണാൻ വരുന്ന അതിഥികൾക്ക് (അവർ വലിയവരായാലും ചെറിയവരായാലും) ഞാനാണ് ഖഹ്‌വ പകർന്നുകൊടുക്കുന്നത്. ഉണ്ടാക്കുകയും ചെയ്യും എന്ന് അഭിമാനത്തോടെ പറഞ്ഞു. ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ട് ഡോ. അലി സുഊദി. ഇന്നും എത്ര ശമ്പളം ഉണ്ടായാലും സാധാരണ ജീവിതം തന്നെയാണ് നയിക്കുന്നത് എന്നും അദ്ദേഹം വിനയപൂർവം പറഞ്ഞു. ഞങ്ങൾ മുഅല്ലഖ, ബുർദ, ബാനത്ത് സുആദ് ഒക്കെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വല്ലാത്ത സന്തോഷം. നമ്മുടെ രീതിയിൽ ഞങ്ങളും കവിതകൾ ചൊല്ലി.

നമ്മുടെ നാട്ടിലെ കഥാപ്രസംഗം അറബിനാട്ടിലില്ല. അറബിസാഹിത്യോത്സവത്തിലെ ഒരിനമായ കഥാപ്രസംഗത്തിലും എത്തി ഞങ്ങളുടെ ചർച്ചകൾ. എല്ലാ കൊല്ലവും കഥാപ്രസംഗം, നാടകം, മോണോ ആക്ട് എന്നിവ എഴുതി ഞാൻ കുട്ടികളെ പരിശീലിപ്പിക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ അവരുടെ അദ്ഭുതം വർധിച്ചു. സാഹിത്യകാരനായ മുഹമ്മദുൽ ഹിജാസി കഥാപ്രസംഗം അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇങ്ങനെ, ഒരുനിമിഷം പോലും പാഴാക്കാതെ, ആകാശത്തിനു താഴെയുള്ള ധാരാളം വിഷയങ്ങൾ വിദ്യാർഥികളും ഞാനും അടങ്ങുന്ന സംഘത്തിനും അറബിവിദ്യാഭ്യാസ വിചക്ഷണരായ അതിഥികൾക്കും ഇടയിൽ ചർച്ചയ്ക്ക് വന്നു. വിദ്യാർഥികളും ഞാനും നിറഞ്ഞ മനസ്സോടെയാണ് അറബിസംഘവുായി യാത്രപിരിഞ്ഞത് - അൽഹംദുലില്ലാഹ്.


(അടുത്ത കുറിപ്പിൽ ഇന്ത്യക്കാരായ ആളുകളെയും ഈജിപ്ഷ്യൻ സുഹൃത്തുക്കളെയും പരിചയപ്പെടാം - ഇൻശാ അല്ലാഹ്)

3 comments:

  1. adutha kurippevide...vannillallo...salam

    ReplyDelete
  2. ""അദ്ദേഹം തുടർന്നു: എന്നെ ജനം കമ്യൂണിസ്റ്റുകാരനാക്കുന്നു, ദീനില്ലാത്തവനാക്കുന്നു - പക്ഷേ, ഞാൻ പറയുന്നത് ഇവർ ഉൾക്കൊള്ളാൻ വളർന്നിട്ടില്ല! എന്ത് ചെയ്യും? ഇസ്‌ലാമിന്റെ ഒരു പരീക്ഷണഘട്ടം എന്നല്ലാതെന്തു പറയാൻ? മുഹമ്മദുൻ ഹിജാസി എന്നോട് സംസാരിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ പറഞ്ഞു: നിനക്ക് ഈ നാട്ടിൽ ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും അന്യമതസ്ഥരോട് അകലം പാലിക്കാതെ, നമ്മുടെ വിശ്വാസത്തിലൂന്നി നിന്നുകൊണ്ട്, അവരുടെ ഉറ്റമിത്രങ്ങളായി പെരുമാറുക. അവരുടെ മരണാവശ്യങ്ങളിലും വിവാഹാവശ്യങ്ങളിലും എല്ലാം പങ്കെടുക്കണം. അവരുടെ സ്‌നേഹനിധികളായ സഹോദരങ്ങളാകണം. അദ്ദേഹം തുടർന്നു""
    സമാന കഴ്ച്ചപാടുള്ളവരെ കാണാനും കേള്‍ക്കാനും ,,പരസ്പരം പങ്കുവെക്കാനും കഴിഞ്ഞതിലുള്ള സന്തോഷം ഞങ്ങളുമായി
    പങ്കുവെച്ചത് അതീവ താല്പര്യത്തോടെ വായിക്കുന്നു ഇനിയും എഴുതുക .................

    ReplyDelete
  3. തികച്ചും ആകസ്മികമായി എത്തി പെട്ടതാണ് ഇവിടെ ..വളരെ നല്ല പോസ്റ്റുകള്‍ ..
    ഫോളോ ചെയ്യുന്നു ..ആശംസകള്‍

    ReplyDelete