തെരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് എത്രയും വേഗം അധികാരം കൈമാറാൻ ഡോ. അംറ്ഖാലിദ് സൈനിക കൗൺസിലിനോടാവശ്യപ്പെട്ടു. ''ഒരു വർഷം കഴിഞ്ഞു, ഈജിപ്തിൽ ഭരണാധികാരി ഇല്ലാതെ. ഈ അവസ്ഥ ഒരിക്കലും അനുവദനീയമല്ല.'' ഭരണാധികാരികൾക്കും ഭരണീയർക്കുമിടയിൽ സുശക്തമായ ബന്ധം നിലനിൽക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഒരു ഭരണാധികാരി നിലവിലുണ്ടാകേണ്ടതുണ്ട്. അദ്ദേഹം തുടർന്നു: തീർച്ചയായും സൈന്യത്തിന് അതിന്റേതായ സ്താനവും പദവിയും ഉണ്ട്. പക്ഷേ, സൈന്യം തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗം അല്ലല്ലോ. ഈജിപ്ഷ്യൻ സമൂഹത്തിന് ഒരു ഭരണാധികാരിയും നേതാവും ഇല്ലാതെ നീങ്ങുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. യുവ-രാഷ്ട്രീയ പ്രവർത്തകരുടെ പണിമുടക്കിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: സിവിലയൻ കുറ്റകൃത്യങ്ങൾ തടയപ്പെടേണ്ടതുണ്ട്. പക്ഷേ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ ആവശ്യത്തെ നമുക്ക് തള്ളിക്കളയാനാവില്ല. അതുകൊണ്ട് രാഷ്ട്രം നിലംപതിക്കുമെന്നും ഞാൻ കരുതുന്നില്ല. പക്ഷേ, സാമ്പത്തിക അരാജകത്വങ്ങൾ അതേത്തുടർന്ന് സംഭവിക്കുന്നുണ്ട്.
ഭരണഘടനയാണോ അധികാരക്കൈമാറ്റമാണോ നടക്കേണ്ടത് എന്ന ചോദ്യത്തിന് അംറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ദയവുചെയ്ത് ജനതയ്ക്ക് അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. ഒരു തുള്ളി രക്തം പോലും അന്യായമായി ചിന്തപ്പെടരുത്. ഈജിപ്തിന്റെ പുതിയ ഭരണഘടന തയ്യാറാക്കാനുള്ള അവകാശം ഭരണാധികാരികൾക്ക് കൊടുക്കുക.
(പത്രപ്രവർത്തകൻ മുഹമ്മദ് സഈദുമായുള്ള ഇന്റർവ്യൂ)
മുല്ലപ്പൂ വിപ്ലവത്തിന്റെ വാർഷികം ആയിക്കഴിഞ്ഞ ഈജിപ്തിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
കഴിഞ്ഞ വർഷം സൈന്യം ഭരണം ഏറ്റെടുത്തപ്പോൾ ഒരു വർഷം അത് നീണ്ടുപോകുമെന്ന് ഈജിപ്തിലെ ആരും കരുതിയിരുന്നില്ല. 84.5 മില്യൺ ജനങ്ങൾ ഒരു ഭരണാധികാരി ഇല്ലാതെ കഴിയുക എന്നത് അദ്ഭുതം തന്നെ. അധികാരം എന്നാൽ അനുസരണം കൂടിയാണ്. വിപ്ലവത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത് ഞാൻ നിരസിച്ചത്, കാര്യങ്ങൾ ശരിയാവാതെയും ഒരു ഭരണക്രമം നിലവിൽ വരാതെയും അതാഘോഷിക്കുന്നതിൽ അർഥമില്ലാത്തതിനാലാണ്. അരാജകത്വം അവസാനിച്ചേ മതിയാവൂ.
താങ്കൾ അധികാരക്കൈമാറ്റം എത്രയും വേഗം നടക്കണമെന്നുതന്നെയാണോ ആവശ്യപ്പെടുന്നത്?
തീർച്ചയായും. നബി(സ)യുടെ ഖബറടക്കം രണ്ടുനാൾ നീണ്ടതിന്റെ കാരണമെന്തായിരുന്നു? അവിടെ ഒരു നേതാവിനെ എത്രയും വേഗം കണ്ടെത്തേണ്ടിയിരുന്നു. ആയിരത്തോൾം മാത്രം വരുന്ന, ജീവിതത്തിൽ നല്ല അച്ചടക്കം ശീലിച്ച ആ മഹാന്മാർ വരെ നേതാവില്ലാതെ സാമൂഹ്യജീവിതം സാധ്യമല്ല എന്നുറപ്പിച്ചവരായിരുന്നു. അപ്പോൾ ജീവിതനിഷ്ഠകൾ കാര്യമായി പരിഗണിക്കാത്ത ഒരു വൻപൗരസഞ്ചയത്തിന് നേതൃത്വം നഷ്ടപ്പെട്ടാലത്തെ അവസ്ഥ ഇസ്‌ലാമികമായി ഹറാമിന്റെ അവസ്ഥയിലാണ്. അതിനാൽ, എത്രയും വേഗം അധികാരക്കൈമാറ്റം നടക്കേണ്ടതുണ്ട് എന്നുതന്നെയാണെന്റെ അഭിപ്രായം.
അപ്പോൾ താങ്കൾ ഭരണഘടനയെക്കാൾ മുൻഗണന കൊടുക്കുന്നത് നേതൃത്വത്തിനാണ്?
തീർച്ചയായും. യാതൊരു സംശയവുമില്ല അക്കാര്യത്തിൽ. ഈജിപ്തിന് ഇപ്പോൾ ആവശ്യം ഭരണസ്ഥിരതയാണ്.
പോർട്ട സഈദ് സംഭവവികാസങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്? അത് വാസ്തവത്തിൽ പ്ലാൻ ചെയ്യപ്പെട്ടതാണോ?
വ്യക്തിപരമായി പറഞ്ഞാൽ ആ സംഭവവികാസങ്ങൾ എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. എന്റെ പ്രിയമകനും സഹോദരനുമായ മഹ്മൂദ് സുലൈമാന്റെ ദാരുണമായ അന്ത്യത്തിൽ അനുശോചനമറിയിക്കാൻ ഇന്നും അലക്‌സാൻഡ്രിയയിൽനിന്നും ഉസ്‌വാനിലേക്ക് 'സുന്നാഉൽ ഹയാത്ത്' യുവാക്കൾ പൊയ്‌ക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഈജിപ്തിന്റെ പ്രിയപുത്രനായിരുന്നു. ഈജിപ്തിലെ സാക്ഷരതാ പരിപാടികളിലെ സജീവസാന്നിധ്യമായിരുന്നു. വിദ്യാഭ്യാസം തടയപ്പെട്ട തന്റെ ഗ്രാമത്തിലെ നൂറുകണക്കിന് യുവാക്കൾക്ക് അദ്ദേഹം അക്ഷരവെളിച്ചം പകർന്നുകൊടുത്തു. പന്ത്രണ്ടായിരം വളണ്ടിയർമാരാണ് അദ്ദേഹത്തിന്റെ കൂട്ടുകാരായുണ്ടായിരുന്നത്. അവരെല്ലാം നാടിന്റെ പല ഭാഗങ്ങളിലും ദുഃഖം കടിച്ചിറക്കിക്കഴിയുകയാണിന്ന്. പോർസഈദ് സ്റ്റേഡിയത്തിലെ ഇരകളോട് മുഴുവൻ അനുശോനമറിയിച്ചുകൊണ്ടാണ് ഞാനിവിടെ കഴിയുന്നത്. അവരിലൊരാളായി, വേദന കടിച്ചമർത്തി, എന്റെ മകൻ മഹ്മൂദിന്റെ വേർപാടിൽ കഴിച്ചുകൂട്ടുകയാണ്. ഇനി പൊതുവെ പറഞ്ഞാൽ, ഈജിപ്ത് ഇരയായിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനാ പരമ്പരയിൽപ്പെട്ട ഒന്നാണ് പോർസഈദ് ദുരന്തം. അലക്‌സാൻഡ്രിയയിലെ ക്രിസ്തീയ ദേവാലയ സ്‌ഫോടനം ആ പരമ്പരയിലെ ഒന്നാമത്തേതായിരുന്നു. കുറ്റവാളി ഒരാൾതന്നെ എന്നെനിക്കറിയാം. തുടക്കത്തിൽ അതിന്റെ ലക്ഷ്യം ഈജിപ്തിന്റെ വിപ്ലവത്തെ ഉലയ്ക്കുക എന്നതായിരുന്നെങ്കിൽ, ഇന്ന് അതിന്റെ ലക്ഷ്യം രാജ്യത്ത് സ്വസ്ഥതയും സമാധാനവും നിലനിൽക്കരുത് എന്ന കുടില മനസ്സാണ്.
ഈജിപ്തിന്റെ സൈ്വര്യം നഷ്ടപ്പെടുത്തുക എന്നത് മാത്രമാണോ ഇതിന്റെ പിന്നിലെ ലക്ഷ്യം?
അല്ല. ഈ രാജ്യത്തെ സാമ്പത്തികമായി തകർക്കുക എന്നതും അവരുടെ ലക്ഷ്യമാണ്. ഈജിപ്ത് ഇന്ന് സാമ്പത്തിക അരാജകത്വത്തിലേക്കും ചെറുതായി നീങ്ങുന്നുണ്ട്. അതിനാൽ എത്രയും വേഗം ക്രമസമാധാനനില നല്ല നിലയിലാക്കുക. വീണ്ടും സൈനികമേധാവികളോട് സത്വരശ്രദ്ധ ഇതിലേക്കുണ്ടാകാൻ ഞാനാവശ്യപ്പെടുകയാണ്.
ഇവിടെ യാതൊരു മാറ്റവും ഉണ്ടായില്ല എന്നാണോ താങ്കൾ പറയുന്നത്? മുമ്പ് ജയിലിലടയ്ക്കപ്പെട്ടവർ ഇന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു. ജനം തെരഞ്ഞെടുപ്പ് നടത്തിയില്ലേ? നിരപരാധികളായിരുന്ന അവർ പൊതുരംഗത്തേക്കെത്തുന്നില്ലേ?
തീർച്ചയായും. അത് അല്ലാഹുവിന്റെ നീതിയാണ് നാമിവിടെ കാണുന്നത്. ഖുർആൻ പറയുന്നത് കാണുക. ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവർക്ക് ഗുണം ചെയ്യാനും അവരെ നേതാക്കളാക്കാനും ഭൂമിയുടെ അവകാശികളാക്കാനും നാം ഉദ്ദേശിക്കുന്നു. ഫറോവയെയും ഹാമാനെയും അവരുടെ സൈന്യങ്ങളെയും അവർ ഭയപ്പെടുന്നത് കാട്ടുകയും ചെയ്യും.
സമീപ ഭൂതകാലത്ത് ജയിലുകളിലും വീട്ടുതടങ്കലിലുമായിരുന്ന, സാധുക്കളായ അവരുടെ മുഖങ്ങളിൽ ഞാനീ സൂക്തങ്ങളെ കാണുന്നതുപോലെയുണ്ട്. മുമ്പ് നമുക്ക് അവരോടടുക്കാൻ ഭയമായിരുന്നു. കാരണം, അവർക്ക് ലഭിച്ച ശിക്ഷ നമുക്കും വരും എന്ന് പേടിച്ചിരുന്നു നമ്മൾ. എന്നാൽ, റബ്ബിന്റെ നിശ്ചയത്താൽ അവരാണിന്നത്തെ നേതാക്കൾ. പടച്ചതമ്പുരാന്റെ വാഗ്ദാനം പുലർന്നു. സൂക്ഷ്മാലുക്കൾക്കാണ് അന്തിമ വിജയം. അല്ലാഹു നമുക്കയച്ച ദൃഷ്ടാന്തങ്ങൾ സത്യമാണെന്നും അവയിൽനിന്ന് പാഠമുൾക്കൊള്ളണമെന്നുമാണ് നമുക്കിതിൽനിന്നും മനസ്സിലാകുന്നത്.
വിപ്ലവാനന്തരം ഒരു വർഷം കഴിഞ്ഞ സ്ഥിതിക്ക് താങ്കൾ എങ്ങനെയാണ് സൈന്യത്തെ നോക്കിക്കാണുന്നത്?
വിപ്ലവകാലത്ത് ഈജിപ്തിനെ നാശത്തിലേക്ക് പോകാതെ നോക്കിയത് സൈന്യമാണ്. അവർ ജനതയോടൊപ്പം നിന്ന് ലോകത്തിന് മാതൃക കാട്ടി. ലിബിയ, സിറിയ, ജമൻ എന്നീ നാടുകളിലെ സൈന്യങ്ങളെപ്പോലെ ഈജിപ്ഷ്യൻ സൈന്യം പെരുമാറിയിരുന്നെങ്കിൽ തീർച്ചയായും രക്തസാക്ഷികൾ വർധിക്കുമായിരുന്നു. സിറിയൻ സൈന്യത്തോട് ഞാൻ പറഞ്ഞത്, നിങ്ങളുടെ സഹോദരങ്ങളായ ഈജിപ്ഷ്യൻ സൈന്യത്തെ കണ്ടുപഠിക്കാനാണ്. അവർ ജനതയോടൊപ്പം നിന്നു. കാരണം, അക്രമിയായ ഭരണാധികാരികളെക്കാൾ നീണാൾ വാഴുന്നത് ജനതയാണ്. മാന്യരായ സൈന്യം എപ്പോഴും നീതിയുടെ ഭാഗത്തേ നിൽക്കൂ. ഞാനിപ്പോഴും കരുതുന്നത് ഈജിപ്ഷ്യൻ സൈന്യം ഇനിയും ജനതയുടെ പക്ഷത്തുതന്നെ നിലകൊള്ളുമെന്നാണ്. കുഴപ്പത്തെ ഞാൻ വെറുക്കുന്നു. ഈജിപ്ഷ്യൻ സൈന്യത്തെപ്പറ്റി ആരെങ്കിലും മോശം പറയുമെന്നതിനെയും ഞാൻ വെറുക്കുന്നു. സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നാം ഒരുപോലെ കണക്കാക്കരുത്. കാരണം, സുരക്ഷാ ഉദ്യോഗസ്ഥർ ജനതയെ ആക്രമിച്ചവരാണ്. കാലങ്ങളായി വിഷമമനുഭവിച്ച യുവാക്കളുടെ വികാരങ്ങളെ ഞാനുൾക്കൊള്ളുന്നു. വിപ്ലവം അതിന്റെ ലക്ഷ്യം നേടിയില്ല എന്ന് കരുതുന്നവരുടെ വികാരങ്ങളെയും ഞാനുൾക്കൊള്ളുന്നു. ഒപ്പം ചിന്തപ്പെടുന്ന ഓരോ തുള്ളി രക്തത്തെപ്പറ്റിയും ഞാനസ്വസ്ഥനാണ്.
വിപ്ലവവീര്യമുള്ള യുവശക്തിയെ ഒതുക്കാമെന്ന് കരുതുന്നത് ഗുണകരമല്ല. മനുഷ്യാവകാശങ്ങൾക്കുനേരെയുള്ള കൈയേറ്റങ്ങളും അസ്വീകാര്യമാണ്. ഒപ്പം അരാജകത്വം അല്ല, സ്വാതന്ത്ര്യവും ജനാധിപത്യവും. എന്തിന്റെ പേരിലായാലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുകൂടാ. എത്രയും വേഗം രാജ്യത്ത് ക്രമസമാധാനം പുലരണമെന്നാണ് എനിക്ക് പറയാനുള്ളത്. സൈനിക കൗൺസിൽ തീർച്ചയായും ഇതിനെല്ലാം ഉത്തരവാദിയാണ്.
രണ്ടാമത്തെ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധിയാണ്. ഈജിപ്ത് ഇന്ന് വളരെ ക്ഷീണിതയാണ്. വിലക്കയറ്റം വർധിക്കുന്നു. ടൂറിസം തകർന്നിട്ടുണ്ട്. യുവാക്കൾ തൊഴിലന്വേഷിച്ച് അലയുന്നുണ്ട്. ഷഫീഖ് ഗ്രൂപ്പിനും ഡോ. അസ്സാം ശറഫ്, ഡോ. ഗൻസവി ഗ്രൂപ്പിനുമൊന്നും വിപ്ലവാനന്തരം ജനതയുടെ പ്രതീക്ഷക്കൊത്തുയരാനായില്ല. സൈനിക കൗൺസിലാണ് ഉത്തരം പറയേണ്ടത്. ഭരണം എത്രയും വേഗം ഭരണാധികാരികൾക്ക് ഏൽപ്പിക്കലാണ് ഈ പ്രതിസന്ധി തരണം ചെയ്യാൻ സൈന്യത്തിന്റെ മുമ്പിലുള്ള ഏക പോംവഴി.
ഡോ. അംറ്ഖാലിദിന് ഈ സംഭവങ്ങളിൽ എന്ത് റോളാണ് നിർവഹിക്കാനുള്ളത്?
ഈ സന്ദർഭത്തിൽ നവോത്ഥാനത്തെപ്പറ്റി പറയുന്നത് ശരിയാകില്ല. ചിലർ എന്നെ തെറ്റിദ്ധരിക്കുന്നു, ജനം പ്രതിസന്ധിയിലായിരിക്കുമ്പോൾ അംറ് നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നു എന്ന്. എന്നാൽ, നാം നീങ്ങുന്ന ഈ പ്രതിസന്ധിയുടെ ചികിത്സ ശുഭപ്രതീക്ഷ മാത്രമാണ്. പ്രതീക്ഷയുടെ വലിയ വലിയ ഡോസുകളാണ് നാം കുടിച്ചുതീർക്കേണ്ടത്. നാം ജീവിക്കുന്ന ദുഃഖാന്തരീക്ഷം മാറാൻ അത് മാത്രമേ മാർഗമുള്ളൂ. നമ്മെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയാണ് നമ്മുടെ നവോത്ഥാനം.
May Almighty bless you teacher. Positive thinker...
ReplyDeleteഅമ്ര് ഖാലിദിന്റെ അഭിപ്രായം ഞാന്‍ ശരി വെക്കുന്നു .....
ReplyDeleteതീര്‍ച്ചയായും അത് ഖുര്‍ആന്റെ മര്‍മം അറിഞ്ഞുള്ള അഭിപ്രായം തന്നെ