Monday, March 5, 2012

ഡോ. ഖദീജ മുംതാസും മാതൃഭൂമിയും


ഡോ. ഖദീജ മുംതാസിന്റെ മാതൃഭൂമിയിൽ വന്ന ലേഖനത്തെപ്പറ്റി എന്നോട് പലരും സംസാരിക്കുകയുണ്ടായി. മനുഷ്യമനസ്സുകൾ സഞ്ചരിക്കുന്നവയാണ്. അതിനാൽ, ആർക്കും ആരെയും കുറ്റം പറയാനാവില്ല എന്നാണ് എനിക്ക് ആ ലേഖനത്തെപ്പറ്റി പറയാനുള്ളത്. 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിമായാലും ജൂതനായാലും നസറാണിയായാലും സതുരാഷ്ട്രരായാലും അവർക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ല എന്ന് ഖുർആൻ രണ്ട് സ്ഥലത്ത് പറയുന്നുണ്ട്.


അതിനാൽ, ഹൃദയത്തെ നിർമലമാക്കുക. വരുന്ന ചിന്തകളെ സ്വന്തം മനസാക്ഷിയിൽ വെച്ചുനോക്കിക്കൊണ്ട് സത്യത്തിനോടും നീതിയോടും യോജിക്കുന്നുവെങ്കിൽ സ്വീകരിക്കുക. തെറ്റുപറ്റിയാൽ തിരിച്ചുനടക്കുക. ഹൃദയത്തിൽ ആത്മാർഥതയും നിഷ്‌കളങ്കതയുമുള്ളവർ വഴിപിഴയ്ക്കുകയും വഴിപിഴപ്പിക്കുകയുമില്ല എന്നത് സത്യമാണ്. അതിനാൽ, ഇത്തരം ചിന്താസ്വാതന്ത്ര്യത്തെ നമുക്കംഗീകരിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇസ്‌ലാം തന്നെ അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട് എന്ന് പഠിച്ചാൽ മനസ്സിലാകുന്നതാണല്ലോ.


മറ്റൊരു കാര്യം, ഡോ. ഖദീജാ മുംതാസിന്റെ ലേഖനത്തിലെ ഒരു വാചകത്തോട് ഞാൻ തീർത്തും വിയോജിക്കുന്നു: 'ആത്മീയതയും അതിഭൗതികതയും ഒരേ പാത്രത്തിൽ വിളമ്പുക' എന്നൊരു പ്രയോഗം കാണാനിടയായി. അതാണ് ഇസ്‌ലാമിന്റെയും സന്യാസത്തിന്റെയും ഇടയിലെ അതിർവരമ്പ്. രണ്ടിനെയും ഒരുപോലെ സമഞ്ജസമായി കൊണ്ടുപോകാൻ കഴിഞ്ഞതാണ് മുഹമ്മദ്‌നബി(സ)യുടെ വിജയം. അത് ഇസ്‌ലാമിന്റെ പ്രത്യേകമായ സവിശേഷതയായും ഞാൻ മനസ്സിലാക്കുന്നു. കുടുംബജീവിതത്തെ നിരാകരിച്ചുകൊണ്ടുള്ള ആത്മീയജീവിതം ഇസ്‌ലാമിന് അന്യമാണ്. ഇന്നും ഇസ്‌ലാം മാത്രം ചർച്ചചെയ്യപ്പെടുന്നു എന്നതും അതിന്റെ തിണ്ണബലത്തിലാണ്. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ ഇടപെടലുകൾ നടത്തിയവരായിരുന്നു നാം സൂഫിവര്യന്മാരെന്ന് കണക്കാക്കിയ പൂർവസൂരികൾ. ഇമാം ഗസ്സാലി തന്നെ അതിന്റെ മകുടോദാഹരണമാണ്. നീതിയില്ലാത്ത ഭരണാധികാരികളുടെ മുമ്പിൽ ചെല്ലുകയില്ലെന്നും അവരുടെ സമ്മാനങ്ങൾ സ്വീകരിക്കുകയില്ലെന്നും ശപഥം ചെയ്തതായി ചരിത്രം പറയുന്നു. അതിവിദൂരമല്ലാത്ത ഭൂതകാലത്ത് മഹാനായ സൈനുദ്ദീൻ മഖ്ദൂം ഇത്തരം ഇടപെടലുകളായിരുന്നു. ഇത്തരം ചിന്താസ്വാതന്ത്ര്യം ഇസ്‌ലാമിന്റെ ബഹുമുഖത്വത്തിന് മറവീഴാനിടവരരുത്. കാരണം, ഇസ്‌ലാം വിശ്വമോചനത്തിനുള്ള ദിവ്യൗഷധമാണ്. എന്തിനാണതിൽ പരിഹാരമില്ലാത്തത്? അതിനാൽ, ഇത്തരം വിഷയങ്ങളിൽ കുടുങ്ങി, ഗുണത്തിനു പകരം ദോഷം വരുത്തിവെക്കാൻ നമ്മുടെ എഴുത്തുകൊണ്ടും ചർച്ചകൾ കൊണ്ടും ഇടവരരുതെന്നാണ് ഡോ. ഖദീജാ മുംതാസിനെപ്പോലുള്ള മഹദ്‌വ്യക്തിത്വങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത്.


അവസാനമായി, ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ മാധ്യമങ്ങൾ അവരുടെ മാർക്കറ്റിങ് തന്ത്രവും ശരിക്ക് പറയറ്റുന്നുണ്ട്. സെൻസേഷനൽ ഇഷ്യൂസ് പെട്ടെന്ന് മാർക്കറ്റ് ചെയ്യാം. മുസ്‌ലിം വായനക്കാർ എന്ത് വിലകൊടുത്തും ഇത് വാങ്ങി വായിക്കും. സർക്കുലേഷൻ കൂട്ടാം. ഇസ്‌ലാമിന്റെ സാർവലൗകികതയും.


ഇസ്‌ലാമിനെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതോ ഇതിന് മറുപടി എന്ന നിലയിലോ ഒരു ലേഖനം എഴുതി ഇവർക്ക് കൊടുത്താൽ ഇവർ പ്രസിദ്ധീകരിക്കുമോ? അപ്പോൾ ഈ ലേഖനം കൊണ്ട് പ്രസാധനാലയത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തം. അതിനാൽ എല്ലാ വശങ്ങളെയും മനസ്സിലാക്കിക്കൊണ്ട് നാം കാര്യങ്ങളെ സമീപിക്കുക.

2 comments:

  1. ഇസ്ലാമിന്റെ ആരംഭം മുതലേ തെറ്റിദ്ധരിക്കപ്പെടാന്‍ ഉതകുന്ന ചില പദപ്രയോഗങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് പണ്ഡിതരെന്നു സ്വയം മുദ്ര കുത്തപെട്ടവര്‍ ലോകത്തിനു മുന്നില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളില്‍ നോവുന്ന ഒരു പറ്റം ആളുകളുണ്ടെന്ന് മനസ്സിലാക്കാതെ സുതാര്യവും വൈകാരികവുമായ മതവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനു മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വിമര്‍ശനങ്ങളുടേയും തദ്വാര ലഭിക്കുന്ന സര്‍ക്കുലേഷനെ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ അകത്തളങ്ങളിലേക്ക് വിശാലമായ വാതായനം തുറക്കുന്നത്തിനു ഇസ്ലാമിന്റെ സഹിഷ്ണുതയെ ദുരുപയോഗം ചെയ്യുന്നത് ഖേദകരം തന്നെ..

    ReplyDelete
  2. സമയത്തെക്കുറിച്ച്‌ ഡോ. യൂസുഫുല്‍ ഖര്‍ദാവി എഴുതിയ `അല്‍വഖ്‌തു ഫീ ഹയാതില്‍ മുസ്‌ലിം' എന്ന ഗ്രന്ഥത്തില്‍ സമയത്തിന്‌ സകാത്തുണ്ട്‌ എന്ന്‌ പറയുന്നുണ്ട്‌. നമുക്കും കുടുംബത്തിനും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍, അന്യനുകൂടി വിനിയോഗിക്കേണ്ടതാണ്‌ നമ്മുടെ സമയമെന്നര്‍ഥം! ഒരാളെയെങ്കിലും സഹായിക്കാന്‍ സാധിച്ചാല്‍, നമ്മുടെ കാരണത്താല്‍ ഒരാളെങ്കിലും സുഖമായൊന്നു കിടന്നുറങ്ങിയാല്‍ അതിലേറെ വലിയ നേട്ടം വേറെയെന്തുണ്ട്‌?

    ReplyDelete