Thursday, May 17, 2012

കാവുമ്പായിലെ അങ്ങേമ്മ'

'
ശാന്ത കാവുമ്പായി എഴുതിയ ഹൃദയസ്പർശിയായ പുസ്തകം. അറിയാതിരുന്ന ചരിത്രങ്ങളിലേക്ക് അനുവാചകരെ കൊണ്ടുപോകുന്നതിൽ ശാന്തടീച്ചർ വിജയിച്ചിരിക്കുന്നു. ഹൃദയം നന്മകൊണ്ട് പൂത്തുലഞ്ഞുനിൽക്കുന്ന, വസന്തം അതിന്റെ എല്ലാ സൗന്ദര്യ-സൗരഭ്യങ്ങളോടെയും വിരിഞ്ഞുനിൽക്കുന്ന മനുഷ്യഹൃദയങ്ങളെ, ജീവിതങ്ങളെ ടീച്ചർ ഇതിലൂടെ പരിചയപ്പെടുത്തുന്നു.

ഒരു വീഴ്ചയെത്തുടർന്ന് കുറേക്കാലമായി കിടപ്പിലായ കണ്ണൂരിലെ ഹാറൂൻഭായിക്കു വേണ്ടി ടീച്ചർ ഒരധ്യായംതന്നെ നീക്കിവെച്ചിരിക്കുന്നു. ഇതുവരെ മനസ്സിലാക്കപ്പെടാതിരുന്ന ഹാറൂൻക്കായുടെ പല ഭാവങ്ങളും അതിലൂടെ മനസ്സിലായി. വിധിക്കു മുമ്പിൽ പതറാതെ, പുഞ്ചിരിയോടെ സുഹൃത്തുക്കൾക്ക് ആശ്വാസം പകാൻ ഹാറൂൻഭായിയെ ശക്തനാക്കുന്നത് അചഞ്ചലമായ ദൈവവിശ്വാസമാണെന്ന് ടീച്ചർ വിലയിരുത്തുന്നുണ്ട്. 'ഇങ്ങനെയൊരാൾ നമ്മുടെയിടയിൽ' എന്ന അധ്യായം കണ്ടപ്പോഴേ ആ ആൾ ഹാറൂൻക്കയായിരിക്കുമെന്ന് ഉറപ്പായി.


ടീച്ചർ 'അങ്ങേമ്മ'യെ വിവരിച്ചത് എത്ര മാത്രം ഹൃദ്യമായിരിക്കുന്നു! വിപ്ലവവീര്യം ആവാഹിച്ചെടുത്ത ഒരു മഹദ്കുടുംബം തന്നെയത് എന്നത് സംശയമില്ലാതെ പറയാനാവും. നാടിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച കുടുംബം. സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ബ്രിട്ടീഷുകാരോട് പൊരുതി വീരമരണം പ്രാപിച്ച മുത്തച്ഛനും ബ്രിട്ടീഷുകാരുടെ വെടിയുണ്ട കാലിലേറ്റ അദ്ദേഹത്തിന്റെ മകനും (ടീച്ചറുടെ അച്ഛന്റെ സഹോദരൻ) എം.എസ്.പി. വന്ന് വീടിന് തീവെച്ചപ്പോൾ ഏകമകനെയും കൊണ്ട് അലഞ്ഞ ആ അങ്ങേമ്മ - അനീതയുടെ മുമ്പിൽ തോറ്റുകൊടുക്കാത്ത അങ്ങേമ്മ - ആധുനിക സ്ത്രീത്വത്തിനും മാതൃകയാകേണ്ടതുണ്ട്. ഒരു ഏകദൈവവിശ്വാസിക്കു മാത്രമേ ഇത്ര കരുത്തോടെ തിന്മക്കെതിരിൽ ഉറച്ചുനിൽക്കാനാകൂ.


ടീച്ചറുടെ ജനനവും പ്രസവസമയത്ത് അമ്മയ്ക്കുണ്ടായ വിഷമതകളും വായിച്ചപ്പോൾ പുസ്തകം പൂട്ടിവെച്ച് കരയേണ്ടിവന്നു. കണ്ണീർച്ചാലുകളിൽ വായന ഉടക്കിനിന്നു.


കൃഷ്‌ണേട്ടനെപ്പറ്റിയുള്ള അധ്യായവും ഒരു സ്വപ്‌നസമാനലോകത്തേക്കാണ് നമ്മെ എത്തിക്കുന്നത്. ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് തോന്നും. അത് ഞാൻ വർണിച്ചെഴുതുന്നില്ല. പുസ്തകം വായിച്ചാസ്വദിക്കുക - കൃഷ്‌ണേട്ടന്റെ ഉദാരത. അലഞ്ഞുനടക്കുന്ന പശുക്കൾക്ക് പാകംചെയ്ത ഭക്ഷണം കൊടുക്കുന്ന കൃഷ്‌ണേട്ടൻ. ഏതെങ്കിലും പശുക്കളെ കണ്ടില്ലെങ്കിൽ ''പാറൂ, എവിടെടീ?'' എന്ന് മറ്റു പശുക്കളോട് ചോദിക്കുന്ന ആ മൃഗസ്‌നേഹി. ജീവകാരുണ്യത്തിന്റെ ഉദാത്ത രൂപമാണ് വായനക്കാരുടെ ഹൃത്തടത്തിൽ പ്രതിബിംബിക്കുന്നത്.

പുസ്തകത്തെ നമുക്ക് മറ്റൊരു കോണിൽക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ശാരീരികവൈകല്യം ബാധിക്കുന്ന നമ്മുടെ സഹോദരി-സഹോദരങ്ങൾ അവരുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ഏൽക്കേണ്ടിവരുന്ന മാനസികവും ശാരീരികവും സാമൂഹ്യവുമായ വേദനകളെ, അതിന്റെ എല്ലാ വേവുകളോടുമൊപ്പം ടീച്ചർ നമ്മുടെ മുമ്പിലെത്തിക്കുന്നു. സമൂഹം ഇനിയും ഇവർക്ക് വേണ്ട സ്‌നേഹവും കരുണയും ശ്രദ്ധയും കൊടുക്കുന്നുണ്ടോ എന്ന് ഗാഢമായി നമ്മെ ചിന്തിപ്പിക്കാൻ ഈ പുസ്തകം ഉപകരിക്കും. ശക്തമായ ബ്ലീഡിങ് ഉണ്ടായിട്ടും ഗർഭപാത്രം നീക്കംചെയ്യാൻ അനുവദിക്കാത്ത പ്രിയ ടീച്ചർ. ഒരു സ്ത്രീക്കു മാത്രം മനസ്സിലാക്കാവുന്ന വേദനകളാണത്. ഈ വേദനകളുടെയൊക്കെ ആഴം സമൂഹം എങ്ങനെ മനസ്സിലാക്കുന്നു?


പുസ്തകത്തിലെ എല്ലാ അധ്യായങ്ങളും ഒന്നിനൊന്ന് മെച്ചം എന്ന് പറയാതിരിക്കാൻ വയ്യ. സ്വന്തം ശാരീരികാവശതകളെ മനഃശക്തി കൊണ്ട് മറികടക്കുന്ന, അതോടൊപ്പം മറ്റുള്ളവർക്ക് സ്‌നേഹത്തിന്റെ മധുരം പകർന്നുകൊടുക്കുന്ന പുണ്യാത്മക്കളാണ് നാം ഇതിൽ പരിചയപ്പെടുന്ന പലരും.


ശാരീരികാവശതകളനുഭവിക്കുന്നവർക്
കും അവരെ പരിചരിക്കുന്നവർക്കും ഈ പുസ്തകം തീർച്ചയായും ഒരു വെളിച്ചമായിരിക്കും.

1 comment:

  1. "kaavumbaayiyile angemma" prasidheekarichathu aaraanu? evide kkittum? Salam .niyas

    ReplyDelete