Sunday, September 30, 2012

മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍

മാജിദ് അഴിക്കോട്‌ സംവിധാനം ചെയ്ത അലി മണിക്ഫാനെപ്പറ്റിയുള്ള ഡോക്യുമെന്ററി കണ്ടു. മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ നാളത്തെ പ്രതീക്ഷയ്ക്കു ശേഷമുള്ള ഒരാഗ്രഹം നിറവേറുകയായിരുന്നു. അധികപേരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില അപൂര്‍വ രത്‌നക്കല്ലുക്കള്‍ നമുക്കു ചുറ്റും ഉണ്ട്. അതില്‍ നല്ലൊരു രത്‌നക്കല്ലിനെ മാജിദ് എന്ന യുവാവ് ദൃശ്യാവിഷ്‌കാരത്തിലൂടെ ലോകത്തിന് സമര്‍പ്പിക്കുകയാണ്.


അഞ്ചെട്ടുകൊല്ലം മുമ്പ് ഞങ്ങള്‍ വള്ളിയൂര്‍ സന്ദര്‍ശിച്ചതിലും മണിക്ഫാന്റെ 'Do nothing Farm' ഒരുപാട് പച്ചപിടിച്ചിരിക്കുന്നു. അദ്ദേഹം സ്വന്തം ഉണ്ടാക്കിയ വീടും കിണറും കാറ്റാടിയന്ത്രവും ഭൂമിയും നമ്മെ ഒരുപാട് തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. അലിമണിക്ഫാന്‍ എന്ന സൂഫിവര്യനെ നമുക്കൊരിക്കലും അനുകരിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തില്‍നിന്ന് നമുക്ക് പഠിക്കാവുന്ന ചില പാഠങ്ങളുണ്ട് - ഒന്നിന്റെ മുമ്പിലും നാം തോല്‍ക്കരുത്. ജീവിതത്തെ വളരെ ലാഘവത്തോടെ നേരിടണം. യാതൊരു ടെന്‍ഷനും തിരക്കുമില്ലാത്ത ജീവിതവീക്ഷണം. അധികപേര്‍ക്കും നേടാനാവാത്ത മഹത്വം.

ഒരിക്കല്‍ എനിക്കൊരു ഫോണ്‍സന്ദേശം. കോഴിക്കോട്ടെ മുസ്തഫക്കയാണെന്ന് തോന്നുന്നു, മണിക്ഫാന്‍ സാഹിബ് ഒരു വീഴ്ചയെത്തുടര്‍ന്ന് ദ്വീപില്‍നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. അല്പം ബുദ്ധിമുട്ടാണ്. ബോട്ടിലേക്ക് കയറുമ്പോള്‍ ജെട്ടിയില്‍നിന്ന് വെള്ളത്തില്‍ വീണതാണ്. ഉടന്‍ മണിക്ഫാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏതാനും ദിവസങ്ങള്‍ക്കകം മൂപ്പരെ ഫോണില്‍ കിട്ടിയപ്പോള്‍ ചികിത്സയൊന്നും സ്വീകരിക്കാതെ വള്ളിയൂരിലേക്ക് പോയെന്നും കിടപ്പാണെന്നും അറിയാന്‍ കഴിഞ്ഞു. കുറച്ചു ദിവസം കിടന്ന്, വടിയിന്മേല്‍ നടക്കാന്‍ തുടങ്ങിയ മണിക്ഫാന്‍ ഒന്നുരണ്ടു മാസത്തിനകം ഒരു കുഴപ്പവുമില്ലാത്ത രൂപത്തില്‍ കൊടുങ്ങല്ലൂര്‍ എന്റെ വീട്ടില്‍ വന്നു. അസുഖത്തെപ്പറ്റി ചോദിച്ചപ്പോള്‍ വളരെ നിസ്സാര മട്ടില്‍ 'അതൊക്കെ മാറി. ആശുപത്രിക്കാര്‍ ബുദ്ധിമുട്ടിക്കുമായിരുന്നു' എന്നായിരുന്നു മറുപടി. ശീലിച്ച ഭക്ഷണരീതിയുടെ മേന്മ കൊണ്ടാകാം മരുന്നൊന്നുമില്ലാതെ, സ്വന്തം ശരീരത്തെക്കൊണ്ടുതന്നെ ചികിത്സിപ്പിക്കാനുള്ള മാനസിക-ശാരീരിക ശക്തി അദ്ദേഹത്തിന് ലഭിച്ചത്.

എപ്പോള്‍ മണിക്ഫാന്‍ വന്നാലും എന്തെങ്കിലും പുതിയ വിവരങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. മാസപ്പിറവി വിഷയത്തില്‍ അദ്ദേഹത്തിന്റെ കാര്‍ക്കശ്യം കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ പറയും: മണിക്ഫാന്‍, ഇതിനി നിര്‍ത്ത്, താങ്കളുടെ കൈയിലുള്ള ഒരുപാട് മറ്റ് അനുഭവജ്ഞാനങ്ങളില്ലേ? അത് ലോകത്തിന് സമര്‍പ്പിക്കൂ. അദ്ദേഹത്തിന്റെ ഉറച്ച മറുപടി എന്നെ മൗനിയാക്കും. ''ടീച്ചര്‍, ദശാബ്ദങ്ങളായി ഞാന്‍ നിരീക്ഷിച്ചറിഞ്ഞ സത്യമാണ് മാസപ്പിറവി വിഷയം. അല്ലാഹുവിന്റെയടുത്ത് തിരിച്ചെത്തുമ്പോള്‍ അവന്‍ മനസ്സിലാക്കിത്തന്ന സത്യത്തെ മൂടിവച്ചവനായി ഞാന്‍ ഹാജരാകണമോ?'' - ശരിയല്ലേ? താന്‍ മനസ്സിലാക്കിയ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടുകയാണദ്ദേഹം. മാജിദ് അഴിക്കോട് തന്റെ നല്ലൊരു ശ്രമം തന്നെ മണിക്ഫാന്റെ ജീവിതം സ്‌ക്രീനില്‍ ആവിഷ്‌കരിക്കാന്‍ ചിലവഴിച്ചിട്ടുണ്ട്. മണിക്ഫാന്‍ കൈവച്ച എല്ലാ മേഖലകളെയും പരാമര്‍ശിച്ചുകൊണ്ടും ദൃശ്യവത്കരിച്ചുകൊണ്ടുമാണ് ഡോക്യുമെന്ററി മുന്നോട്ടു നീങ്ങുന്നത്. മണിക്ഫാന് പിതാമഹന്‍ സമ്മാനിച്ച ചെറുവഞ്ചി ഇന്നും നമുക്ക് കാണാന്‍ വേണ്ടി ദ്വീപില്‍നിന്ന് ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നു.

സ്‌കൂളില്‍ പോകാതെയും ഒരു മനുഷ്യന് എത്രമാത്രം അറിവുകള്‍ നേടാമെന്നും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവക്കാമെന്നുമുള്ള ഉത്തമ ഉദാഹരണമാണ് മണിക്ഫാന്‍. എഴുതാനിരുന്നാല്‍ ഒരു പുസ്തകം തന്നെ അദ്ദേഹത്തെപ്പറ്റി എഴുതാനുണ്ട്. മക്കളെയും പേരക്കുട്ടികളെയും സ്‌കൂളിലയക്കാതെ സ്വതന്ത്രമായി വിടാനുള്ള മനസ്സുറപ്പ് നമ്മില്‍ എത്രപേര്‍ക്ക് ഉണ്ടാകും. ഞാനൊരുപാട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു കുടുംബമാണ് മണിക്ഫാന്റെ കുടുംബം. മകള്‍ ആമിനയും മക്കളും എന്റെ വീട്ടില്‍ അതിഥികളായി ഒരു മാസത്തിലധികം താമസിച്ച ദിവസങ്ങള്‍ എത്ര സന്തോഷകരമായിരുന്നു. അന്യഥാത്വം തോന്നാത്ത മനുഷ്യര്‍. എന്തോ ഹൃദയനൈര്‍മല്യം ആ മനുഷ്യരെ ഒന്നിനോടും ആര്‍ത്തിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. ഗ്രാമജീവിതത്തിന്റെ അറിവുകള്‍, ലോകഭാഷയായ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ പോലും കഴിവ്, കുട്ടികളിലൊക്കെ കാണുന്ന പക്വത... നമ്മെ അദ്ഭുതപ്പെടുത്തും. ഞങ്ങള്‍ വള്ളിയൂരില്‍നിന്ന് കായല്‍പട്ടണം കാണാന്‍ പോയപ്പോള്‍ ആമിനയുടെ മകള്‍ മൈമൂനയോട് ഞാന്‍ തമിഴ്‌ബോര്‍ഡുകള്‍ വായിക്കാന്‍ പറഞ്ഞു. അതൊക്കെ വായിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: ''മോള്‍ തമിഴ് എഴുതുമോ'' എന്ന്. ആ പത്തുവയസ്സുകാരിയുടെ മറുപടി - ''ആദ്യം സംസാരം, പിന്നെ വായന, പിന്നീടാണ് ടീച്ചര്‍ എഴുത്ത്'' എന്ന്. നമ്മള്‍ -അധ്യാപകര്‍- ടീച്ചിങ് മെതേഡില്‍ പഠിക്കുന്ന കാര്യങ്ങളാണ് അവള്‍ പ്രായോഗികമായി മനസ്സിലാക്കിവച്ചിരിക്കുന്നത്.

ഇനിയും ഒരുപാടുണ്ട് പറയാന്‍. ഞാനാദ്യം കാണുമ്പോള്‍ മണിക്ഫാന്‍ ഒരു നരച്ച, വലിയ പുള്ളിയുള്ള ഒരു പച്ചത്തുണിയും വളരെ ലളിതമായ ഒരു ഷര്‍ട്ടും ചെറിയ തലേക്കെട്ടും. പറയുന്ന കാര്യങ്ങളും ലളിതമായി ഒഴുകുന്ന ഇംഗ്ലീഷ് സംസാരവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കോലവും യാഥാര്‍ഥ്യവും യോജിക്കാന്‍ ഏറെ വിഷമം. പലതവണ മാസപ്പിറവി വിഷയം വിശദീകരിച്ചു; ഒപ്പം ഗോളശാസ്ത്രവും. ഉത്തരം കിട്ടാതിരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആര്‍ക്കും വലിയ സ്വീകാര്യതയില്ലാത്ത ആ മനുഷ്യനെ എനിക്ക് ശരിക്ക് മനസ്സിലായി. നിഷ്‌കാമകര്‍മിയായ യോഗിവര്യന്‍. ഒരു സുഹൃത്ത് പറഞ്ഞപോലെ, മണിക്ഫാനെ നോക്കാന്‍ ഒരു പൂച്ചയെ വളര്‍ത്തുന്ന വിഷമം പോലുമില്ല എന്ന്. എത്ര ശരിയാണ്. ഒരു അതിഥി വരുന്ന ടെന്‍ഷന്‍ അനുഭവിപ്പിക്കാത്ത അതിഥി. ജീവിതത്തില്‍ ചിന്തയ്ക്കും മനനത്തിനും ഒരുപാട് വിഷയങ്ങള്‍ ഇട്ടുതന്ന മഹാമനീഷി. അല്പസ്വല്പം ബുദ്ധിയുള്ളവര്‍ക്കേ അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകൂ എന്നാണ് എനിക്ക് ബോധ്യംവന്ന സത്യം. എന്റെ പ്രിയപ്പെട്ട ഉസ്താദ് മര്‍ഹൂം ശംസുദ്ദീന്‍ മൗലവി (മൂവാറ്റുപുഴ)യുടെ പേരമകന്‍ തന്നെ അലിമണിക്ഫാന്‍ എന്ന ഡോക്യുമെന്ററി ചെയ്തത് ഏറെ സന്തോഷം തരുന്നു - അല്‍ഹംദുലില്ലാഹ്. ആരും മുന്നിട്ടിറങ്ങാത്ത സ്ഥലത്ത് ആ യുവ ജേര്‍ണലിസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നു. അടുത്ത ദിവസം അതിന്റെ VCD വിതരണത്തിന് തയ്യാറാകും. സത്യത്തെയും നന്മയെയും പ്രണയിക്കുന്ന എല്ലാവരും അത് പൈസ കൊടുത്ത് വാങ്ങി കാണുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക.

ഒരു കാര്യം കൂടി. പ്രശസ്തരായ പലരും മണിക്ഫാനെപ്പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതുകൂടി ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ മാജിദ് നന്നായി പ്രയാസപ്പെട്ടുകാണും. എ.പി.ജെയുടെ കൂടി ഒരു ഇന്റര്‍വ്യൂ കിട്ടാന്‍ മാജിദ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൂടി ചേര്‍ന്നാല്‍ ഡോക്യുമെന്ററി പൂര്‍ണമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍.


http://www.youtube.com/watch?v=xu7eBpFHPX0&feature=youtu.be

NB: മാജിദിന്റെ ആദ്യസംരംഭം തന്നെ എല്ലാ നിലയ്ക്കും വിജയിച്ചിരിക്കുന്നു. ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ മാജിദിന് ഈ മേഖലയില്‍ നിര്‍വഹിക്കാനാകും എന്ന് ഈ ഡോക്യുമെന്ററി കണ്ടുകഴിയുമ്പോള്‍ നമുക്ക് ബോധ്യമാകും. ചിത്രസംയോജനവും ശബ്ദാവിഷ്‌കാരവും വളരെ നല്ലനിലയില്‍, ആകര്‍ഷകമായ രീതിയില്‍ത്തന്നെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. പ്രമുഖരുമായി മണിക്ഫാനെപ്പറ്റിയുള്ള അഭിമുഖം വളരെ മികച്ചതാക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. മണിക്ഫാനെപ്പറ്റിയുള്ള വിവരങ്ങളുടെ സ്‌ക്രിപ്റ്റ് വളരെ ഹൃദ്യം. ആ സ്‌ക്രിപ്റ്റുകള്‍ വളരെ വ്യക്തമായും സ്ഫുടമായും ശ്രോതാവിന് എത്തിക്കുന്നതിലും മാജിദ് വിജയിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ ശാന്തപുരം ജാമിഅഃ അല്‍ഇസ്‌ലാമിയ്യഃ ബിരുദം എന്ന മികച്ച ഇസ്‌ലാമികപണ്ഡിതന്റെ അടിത്തറയില്‍നിന്നുകൊണ്ടാണ് മാജിദ് ജേണലിസത്തില്‍ ദല്‍ഹിയിലെ ICFJ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തിരിക്കുന്നത്. പ്രായത്തിലും കവിഞ്ഞ പക്വതയും അറിവും തന്റെ സര്‍ഗസൃഷ്ടിയിലും നിഴലിക്കുന്നു എന്ന് പറയാതെ നിവൃത്തിയില്ല.

Tuesday, September 25, 2012

മനുഷ്യര്‍ പരസ്പരമുള്ള ബാധ്യതകളും മര്യാദകളും

മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട ചില മര്യാദകളെപ്പറ്റി വളരെ അത്യാവശ്യമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മനസ്സ് ശക്തമായാവശ്യപ്പെടുന്നു. മുജാഹിദ് വിഭാഗത്തിലെ ഒരു പണ്ഡിതനെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില അപവാദ വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം. മുസ്‌ലിംകള്‍ എല്ലാവരും ഖുര്‍ആനനുസരിച്ച് ജീവിക്കുന്നവരാണ് (ജീവിക്കേണ്ടവരാണ്) എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വാസി പറയേണ്ട ഒരു വാചകം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
''നിങ്ങളിതൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് നമുക്കിത് സംസാരിക്കാന്‍ പാടില്ല, പടച്ചവനേ, ഇത് വ്യക്തമായ വ്യാജാരോപണമാണ്'' എന്ന് പറയുന്നില്ലേ?'' (സൂറഃ നൂര്‍ 16)


സമാനമായ പല സൂക്തങ്ങളും നമുക്ക് സൂറത്തുന്നൂറില്‍ത്തന്നെ കാണാം. മുസ്‌ലിംകള്‍ സൂറത്തുന്നൂര്‍ എങ്കിലും നിര്‍ബന്ധമായും പഠിക്കേണ്ടിയിരിക്കുന്നു. ഈ വാര്‍ത്ത ഞാന്‍ കണ്ടത് കെ.എം.ഐ.സി ലൈവ് എന്നൊരു വീഡിയോയിലൂടെയാണ്. അതാണ് എന്നെ വല്ലാതെ പ്രയാസപ്പെടുത്തിയത്. അത് ഏത് ചാനലാണെന്ന് ഒരു സുഹൃത്തിനോടന്വേഷിച്ചപ്പോഴാണ് കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ്‌റൂം എന്ന ഒരു മുസ്‌ലിം സംഘടനയുടേതാണെന്നറിഞ്ഞത്. ഇവര്‍ക്കൊന്നും സൂറത്തുന്നൂര്‍ ബാധകമല്ലേ?

മുജാഹിദ് പക്ഷത്തോട് എന്തെങ്കിലും ആഭിമുഖ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിതെഴുതുന്നത്. മറിച്ച്, ഖുര്‍ആന്റെ വാഹകരാകേണ്ട കെ.എം.ഐ.സി. എന്തിനാണിത് വീഡിയോ ആക്കുന്നത്? മുസ്‌ലിംകളുടെ നാണംകെട്ട ദുഃസ്വഭാവങ്ങള്‍ ഓര്‍ത്ത് വല്ലാത്ത പ്രയാസം തോന്നുന്നു. എത്രമാത്രം ഉയര്‍ന്നു ചിന്തിക്കേണ്ടവരാണ് ഖുര്‍ആന്റെ അനുയായികള്‍? ആ വീഡിയോയിലെ വായനക്കാരനും ഫോണില്‍ സംസാരിക്കുന്നയാളും മുക്കിയും മൂളിയും തെറ്റിയും ഒക്കെ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ത്തന്നെ വാര്‍ത്തയുടെ സത്യസ്ഥിതി എന്തുമാകട്ടെ, പിന്നില്‍ ആര്‍ക്കോ ചില ദുരുദ്ദേശ്യമുണ്ടെന്ന് തോന്നുന്നു.


മൂന്ന് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്ണ് ഒന്നാമത്തെ പീഡനം കഴിഞ്ഞപ്പോള്‍ എവിടെയായിരുന്നു? മനുഷ്യരെ നരകഗര്‍ത്തത്തിലേക്കെത്തിക്കുന്ന വാര്‍ത്തകളാണിതൊക്കെ എന്ന് ആരും എന്തേ ചിന്തിക്കാത്തത്? പ്രിയ കെ.എം.ഐ.സി. പ്രവര്‍ത്തകരേ, നിങ്ങള്‍ ചെയ്തത് അത്ര നല്ല കാര്യമൊന്നുമല്ല. ദയവുചെയ്ത് സൂറത്തുന്നൂര്‍ നന്നായി പഠിക്കുകയും അണികളെ പഠിപ്പിക്കുകയും ചെയ്യുക. ഞാന്‍ വിശുദ്ധ ഖുര്‍ആന്റെ ഉറപ്പില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ആയിശ (റ)യുടെ അപവാദകഥയുടെ കാലം 1400 കൊല്ലം മുമ്പ് കഴിഞ്ഞു. ലോകാവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനില്‍ ചില കൃത്യമായ കാര്യങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട് - സാമൂഹ്യജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ സൂറത്തുന്നൂര്‍ അക്കമിട്ടു നിരത്തുന്നു. ഇവിടെ തഫ്‌സീറിന്റെയും പ്രസംഗങ്ങളുടെയും കുറവല്ലല്ലോ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തുപിടിച്ച കുറേ സംഘടനകള്‍. സങ്കടപ്പെടുന്ന ഒരു ഖുര്‍ആന്‍ പ്രണേതാവിന്റെ പൊട്ടിത്തെറിയായി കരുതുക. ഖുര്‍ആന്‍ പഠിക്കാതെ, 'മസാല' പഠിക്കാന്‍ പോയ സമുദായത്തിന് ഇത്രയൊക്കെ മൂല്യങ്ങള്‍ കാഴ്ചവയ്ക്കാനേ കഴിയൂ. ഈ വീഡിയോ കണ്ട ഞാന്‍ അത് ഷെയര്‍ ചെയ്തില്ല, കമന്റും ഇട്ടില്ല. എന്റെ മൗസിന്റെ ഒരു ക്ലിക്ക് എന്നെ ചിലപ്പോള്‍ നരകത്തിലേക്കാവും എത്തിക്കുക. ചെയ്‌തെങ്കില്‍, ചെയ്തവന് കാരുണ്യവാനായ തമ്പുരാന്‍ മാപ്പുകൊടുക്കാന്‍ ഇരു കരങ്ങളും നീട്ടി കാത്തിരിക്കുന്നുണ്ട്. പക്ഷേ, പ്രചരിപ്പിച്ച നമുക്കോ? അതും അറിവുണ്ടായിട്ടും വൈരാഗ്യങ്ങളുടെ പേരില്‍ ഇത്തരം പരിപാടികളായാലോ?

സൂറത്തുന്നൂര്‍ എന്റെ ഹൃദയത്തെ വല്ലാതെ വേവലാതിപ്പെടുത്തിയപ്പോള്‍, പ്രകമ്പനമുണ്ടാക്കിയപ്പോള്‍ കോറിയിട്ട വരികളാണിത്. ഖുര്‍ആന്‍ ചിലപ്പോള്‍ നമ്മെ ശക്തമായി പിടിച്ചുനിര്‍ത്തും; മറ്റൊരു പണിയും ചെയ്യിക്കാതെ. അടുത്ത ജോലി നടക്കണമെങ്കില്‍ എനിക്ക് ഈ ഖുര്‍ആനെ ലോകത്തിന് പ്രകാശിപ്പിക്കാതെ നിവൃത്തിയില്ല. മുന്നോട്ടു നീങ്ങണ്ടേ? ഒരു സൂക്തം കൂടി നോക്കുക:
ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى
ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങളെ നീതി ചെയ്യുന്നതില്‍നിന്നും തടയാതിരിക്കട്ടെ. നിങ്ങള്‍ നീതി ചെയ്യൂ; അതാണ് തഖ്‌വയുമായി ഏറ്റവും അടുത്തത്.


വാര്‍ത്തകള്‍ തമസ്‌കരിക്കണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. അതാരും തെറ്റിദ്ധരിക്കരുത്. പക്ഷേ, ചില മാനദണ്ഡങ്ങള്‍ പാലിക്കണം. ഖുര്‍ആനാകണം മുസ്‌ലിമിന്റെ മാനദണ്ഡം. ഇത്ര എഴുതിയിട്ടും പേനയും മനസ്സും ശാന്തമാകുന്നില്ല. ബാക്കി നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് വിട്ടുതരുന്നു.

വാല്‍ക്കഷണം: ഞാന്‍ ഈ വീഡിയോ എന്റെ ഒരു അടുത്ത സുഹൃത്തിന് കൈമാറി; ഇത് ചെയ്ത കെ.എം.ഐ.സി. ആരാണെന്നറിയാന്‍. ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ഞാനദ്ദേഹത്തിന് പേഴ്‌സണലായി ഷെയര്‍ ചെയ്തത്. ഞാനീ കുറിപ്പിലൂടെ വാര്‍ത്ത ഷെയര്‍ ചെയ്യാനല്ല ശ്രമിക്കുന്നത്. മറിച്ച്, ഖുര്‍ആന്റെ ചില രശ്മികള്‍ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവച്ചതാണ്.

വസ്സലാം,
സ്വന്തം ടീച്ചര്‍

Wednesday, September 12, 2012

ചിത്രരചനയുടെ ഇസ്‌ലാമിക മാനം

ചിത്രരചനയുടെ ഇസ്‌ലാമികവിധി എന്ത്? അടിസ്ഥാനപരമായി അത് ഹറാം അല്ല. ഹഃ സുലൈമാന്‍ (അ)ക്ക് പ്രതിമകള്‍ നിര്‍മിച്ചുകൊടുത്തിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. ഹറാം അല്ലാത്തതൊക്കെ ഹലാല്‍ ആകുമല്ലോ. ചിത്രരചനയെപ്പറ്റി ചിലര്‍ കഠിനമായ വിമര്‍ശനം ഉന്നയിക്കാറുണ്ട്. പല ആളുകളെയും അപഗ്രഥിച്ചാല്‍ പലരിലും പല കഴിവുകള്‍ വ്യത്യസ്തമായ രീതിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമാകും. അല്ലാഹു ഓരോ മനുഷ്യര്‍ക്കും നല്‍കുന്ന ഏത് കഴിവുകളും സോദ്ദേശ്യപൂര്‍ണമാണ് എന്ന് വിശ്വസിക്കുന്നവരാണല്ലോ വിശ്വാസികള്‍. അതിനാലാവും എല്ലാ കഴിവുകളും എല്ലാവര്‍ക്കും നല്‍കപ്പെടാത്തത്. ഒരു നല്ല സമൂഹത്തിന്റെ നിലനില്പിനാവശ്യമായ രീതിയിലാണ് ഇവിടത്തെ കഴിവുകളുടെ വിനിമയ വിതരണം.

ഈയിടെ പരിചയപ്പെട്ട ഒരു കലാകാരന്‍ നന്നായി പാടും. പാട്ടുകള്‍ എഴുതും. സംവിധാനം ചെയ്യും. മോണോ ആക്ട്, മിമിക്രി എന്നീ മേഖലകളിലും make-up  man എന്ന നിലയിലും കഴിവുകള്‍ തെളിയിച്ചവന്‍. അവന്‍ വരയ്ക്കുകയും ചെയ്യും. ചില ഹദീസുകള്‍ കണ്ട് അവന് പേടി. വര എത്രത്തോളം ശരിയാണെന്ന്. ഞാന്‍ പറഞ്ഞു: വരയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ഹദീസുകളെ നാം പരിശോധിക്കണം. എനിക്ക് അല്ലാഹുവിനുള്ള പോലെ കഴിവുണ്ടെന്ന് ധരിക്കുന്നുണ്ടെങ്കിലേ തെറ്റാവുകയുള്ളൂ. ആ ഹദീസില്‍നിന്നുതന്നെ അത് വ്യക്തമാണ്. അവന് അത് മുഴുവന്‍ സ്വീകാര്യമായില്ല എന്ന് തോന്നുന്നു. അല്പദിവസങ്ങള്‍ക്കുശേഷം അവന്‍ വരച്ച ഒരു പെന്‍സില്‍ ഡ്രോയിങ് എന്നെ കാട്ടി. പുഞ്ചിരിതൂകുന്ന ഒരു സുന്ദരന്‍ കുട്ടി. എന്നിട്ട് അവന്‍ പറഞ്ഞു: ഞാന്‍ ഈ കുട്ടിയെ കാണാതെയാണ് വരച്ചത്. മെമ്മറി ആര്‍ട്ട് എന്ന രീതിയിലാണ് വരച്ചത്. കുട്ടിയുടെ ഒറിജിനല്‍ ഫോട്ടോ പിന്നീടവന്‍ കാട്ടി. അന്തംവിട്ടുപോയി. വിരല്‍ കടിച്ചുനില്‍ക്കുന്നു എന്ന മാറ്റമല്ലാതെ 99 ശതമാനവും ചിത്രവും ഫോട്ടോയും യോജിച്ചുനില്‍ക്കുന്നു. പിന്നീടവന്‍ പറഞ്ഞു: അടുത്തയിടെ ഉണ്ടായ ഒരു മോഷണ ക്കേസില്‍ഒരു  സ്ത്രീയെ കണ്ടുപിടിക്കാന്‍ ഞാനാണ് രേഖാചിത്രം തയ്യാറാക്കിയത്. 100 ശതമാനം യോജിക്കുന്നു. പ്രതിയെ പിടികൂടുകയും ചെയ്തത്രെ! എന്റെ ആശ്ചര്യം മാറിയപ്പോള്‍ കുറച്ചു ദിവസം മുമ്പത്തെ ചര്‍ച്ച വീണ്ടും വന്നു. ഒരു പ്രതിയെ പിടികൂടാന്‍ പോലും സഹായിക്കുന്ന, മനുഷ്യോപകാരപ്രദമായ ഒരു ശാഖയാണ് ചിത്രരചന. ഒരു ചിത്രകാരന് ഒരിക്കലും ആദ്യംതന്നെ ഇത്തരം ശാഖയിലേക്കെത്താനാവില്ല എന്ന് നമുക്കറിയാം. ഇനി നമുക്ക് ആ ഹദീസ് വച്ചുകൊണ്ട് ചിത്രരചനയെ അപഗ്രഥിക്കാം. നഗ്നത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ചിത്രങ്ങള്‍ മോശപ്പെട്ടതാണെന്ന് നമ്മുടെ മനസ്സുതന്നെ സമ്മതിക്കും. എന്തൊക്കെ പേരിട്ട് വിളിച്ചാലും. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു പറഞ്ഞ് ഒരു മുസ്‌ലിമിന് എന്തും ചെയ്യാനാവില്ല. അവനെ കൃത്യമായി ചില മാനദണ്ഡങ്ങളാണ് മുന്നോട്ടു നയിക്കുന്നത്. ഒരു ചിത്രം കാണുന്ന മനുഷ്യന്‍ അതിന്റെ ആശയങ്ങളെ സ്വാംശീകരിക്കുന്നു. യുദ്ധക്കെടുതികളും പ്രകൃതിദുരന്തങ്ങളും ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ഒരു വലിയ പ്രസംഗത്തെക്കാള്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു.

പല ഹദീസുകളുടെയും വാക്കര്‍ഥങ്ങള്‍ മാത്രം നാം എടുക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നതായി കാണാം. നേരെ മറിച്ച്, അതിനെ ആരാധനാസ്വഭാവത്തോടെയാണ് വരയ്ക്കുന്നതെങ്കില്‍ അതിന്റെ ശരിതെറ്റുകളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചിത്രരചനയും ഫോട്ടോഗ്രാഫിയും അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇക്കാലഘട്ടത്തില്‍, അതിനെ നന്മയുടെ സംസ്ഥാപനത്തിന് എടുത്തുപയോഗിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

പലസ്തീനിയായ ഉമയ്യ ജുഹ എന്ന ചിത്രകാരി പലസ്തീന്‍ ജനതയുടെ ദുരിതം നൂറുകണക്കിന് ചിത്രങ്ങളിലൂടെ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ കാരിക്കേച്ചറുകളിലൂടെ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു. അവര്‍ ലോകപ്രശസ്തയാണ്. ഇപ്പോള്‍ പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. ആ സ്ത്രീയെ റസൂല്‍ (സ) ഏറ്റവും വലിയ പോരാളിയായിട്ടാകും സ്വീകരിക്കുക. 

പ്രവാചകനും ഇസ്‌ലാമിനും വേണ്ടി കവിത ചൊല്ലിയ ഹസന്‍ ബിന്‍ സാബിതി(റ)നെ റസൂല്‍ പ്രോത്സാഹിപ്പിച്ചില്ലേ. ''ബദറില്‍ ശഹീദായ ശുഹദാക്കളേ'' എന്ന ഗാനം എത്രമാത്രം ഹൃദയസ്പൃക്കാണ്. അതൊക്കെ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കുന്ന വിപ്ലവാവേശം ചില്ലറയല്ല. കേട്ടുമടുത്ത ശൈലിയില്‍ കുറേ പ്രസംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും എത്രമാത്രം ഗുണകരമാണ് മൂല്യങ്ങളുടെ സംസ്ഥാപനത്തില്‍ കലാരൂപങ്ങള്‍ക്കുള്ള സ്ഥാനം. വിഗ്രഹാരാധനയെ മുറുകെപ്പിടിച്ചിരുന്ന ജനത, അതുപേക്ഷിച്ച കാലഘട്ടത്തില്‍ ചിത്രരചനയെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയതാകാം.

അതിനാല്‍, കലാകാരന്മാര്‍ തങ്ങള്‍ക്ക് ദൈവം കനിഞ്ഞരുളിയ സര്‍ഗാത്മക കഴിവുകള്‍ മൂസാ (അ) വടി താഴെ ഇട്ടപോലെ ഇടട്ടെ. ആധുനിക ഫറോവകളെ ഭീതിപ്പെടുത്താന്‍ വിശ്വാസിയുടെ ചിത്രരചനയ്ക്ക് തീര്‍ച്ചയായും കഴിയും. മൂസാ (അ) പ്രകാശം തേടി, അലഞ്ഞ്, പ്രകാശത്തിന്റെ ചോദ്യം! നിന്റെ വലതു കൈയിലെന്തുണ്ട്? (ചിത്രകാരന്മാരുടെ കൈയില്‍ ബ്രഷും ചായക്കൂട്ടുകളും ഇല്ലേ?) പല ഉപകാരങ്ങളും ഉള്ള വടിയുണ്ടെന്ന മറുപടിക്ക് പിന്നെ വന്ന മറുപടി. ألقها يا موسى= മൂസാ! നീ അതിനെ ഇടുക (ചിത്രകാരന്മാരേ, നിങ്ങളും ആ ബ്രഷും കളറും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കൂ. നിങ്ങള്‍ക്ക് വെറുതെയല്ല നിങ്ങളുടെ രക്ഷിതാവ് ഈ കഴിവും തന്ന് ഈ ഭൂമിയിലേക്ക് വിട്ടത്)

ومما رزقناهم ينفقون
''നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുന്നവരാണ്'' പിശുക്കില്ലാതെ ചെലവഴിക്കൂ. ദൈവമാര്‍ഗത്തിലെ കര്‍മഭടന്മാരാകൂ...

Saturday, September 1, 2012

നിലവിളക്കുകള്‍ കൊളുത്തേണ്ടത് മനസ്സുകളില്‍


നിലവിളക്കിന്റെയും നിറപറയുടെയും വിവാദങ്ങളിലാണ് പലരും. ചെയ്യുന്നവര്‍ ചെയ്യട്ടെ, ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട എന്നാണ് എന്റെ നിലപാട്. കെ.ടി.ജലീല്‍ എം.എല്‍.എ. മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. പല സുഹൃത്തുക്കളും അതെനിക്കയച്ചുതന്നു; അഭിപ്രായമറിയാന്‍.

ഞാന്‍ ഈ വക പ്രതീകങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. എല്ലാ പ്രതീകങ്ങളെയും തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സില്‍ സ്‌നേഹമെന്ന പ്രതീകം മാത്രം നിലനിന്നാല്‍ മതി. ഇന്ന് പ്രതീകങ്ങള്‍ മാത്രമാണ് എല്ലായിടത്തും; മനസ്സ് ഇരുണ്ടതും. എന്തിനാണ് മുസ്‌ലിംകളെ മാത്രം പൊതുധാരയിലേക്ക് കൊണ്ടുവരണമെന്ന് ആള്‍ക്കാര്‍ക്ക് വാശി? താലികെട്ടിനെപ്പറ്റി ലേഖനത്തില്‍ കണ്ടു. താലി കെട്ടാതെ, അത് കെട്ടിയവരേക്കാള്‍ ശക്തവും പ്രേമനിബദ്ധവുമായ ദാമ്പത്യം ആസ്വദിക്കുന്നവര്‍ ധാരാളമുണ്ടല്ലോ. മുസ്‌ലിംകളില്‍ കൂടുതലും അങ്ങനെയുള്ളവരല്ലേ?

നാടിനോട് ഇഴുകിച്ചേരേണ്ടത് മനസ്സുകൊണ്ടാണ്. മനസ്സിലെ സ്‌നേഹം കൊണ്ടാണ്. സഹിഷ്ണുത കൊണ്ടാണ്. ഒരു ഹിന്ദുസുഹൃത്ത് ഇറച്ചി ഭക്ഷിക്കുന്നില്ല എന്ന് കരുതുക. അവര്‍ക്കുവേണ്ടി ഒരു മുസ്‌ലിം ഭക്ഷണം തയ്യാറാക്കുമ്പോള്‍ അദൃശ്യമായിപ്പോലും ഇറച്ചിയില്‍ ഉപയോഗിക്കുന്ന കയില്‍ (സ്പൂണ്‍) അവരുടെ ഭക്ഷണത്തില്‍ തൊടാതെ ശ്രദ്ധിക്കുന്ന ഒരു ഉദാത്തമായ മനസ്സുണ്ട്. ദയവുചെയ്ത് ആ മനസ്സാണ് വളരേണ്ടത്, വളര്‍ത്തേണ്ടത്. ചില ഹിന്ദുസുഹൃത്തുക്കള്‍ ശബരിമലയ്ക്ക് മാലയിടുകയും മുസ്‌ലിംകള്‍ വിശേഷദിനങ്ങളില്‍ തയ്യാറാക്കുന്ന മാംസഭക്ഷണം ഇപ്പോള്‍ ഞങ്ങള്‍ക്ക് കൊടുത്തയക്കേണ്ട എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും തോന്നാറില്ല. അതുപോലെ നിലവിളക്ക് തന്റെ വിശ്വാസപ്രകാരം ശരിയല്ല എന്നൊരാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ സഹിഷ്ണുതാപൂര്‍വം ആ ആശയത്തെ സ്വീകരിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുക. നാം ഏത് സമൂഹത്തിലും മനസ്സുകൊണ്ട് ഉപ്പുപോലെ അലിയണം; ഓരോ കണികയിലും ഉപ്പിന്റെ ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്. ഏകദൈവത്വത്തിന് കളങ്കം വരുത്തുമെന്ന് തോന്നുന്നതൊന്നും ചെയ്യാന്‍ പോകരുത്; എന്തിന്റെ പേരിലായാലും. അതിലൊന്നുമല്ല സൗഹൃദവും സംസ്‌കാരവും നിലനില്‍ക്കുന്നത് എന്നാണ് എനിക്കെന്റെ സ്വന്തം അനുഭവത്തില്‍നിന്ന് ശക്തമായി പറയാനുള്ളത്.

ഈയിടെ നടന്ന രസകരമായൊരു സംഭവം പറയാം. ഞങ്ങളുടെ ഒരു പൂര്‍വവിദ്യാര്‍ഥിനി. തന്റെ 11 മാസമായ കുഞ്ഞിന്റെ ഹൃദയത്തിന് രണ്ട് ദ്വാരങ്ങളുണ്ടെന്നും എത്രയും വേഗം ശ്രീചിത്തിരയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നു. പലിശ ഉപയോഗിക്കാത്ത ഒരു ബന്ധു ഏല്പിച്ച ആയിരം രൂപയും മറ്റുപലരില്‍നിന്നുമായി ഏകദേശം ആറേഴായിരം രൂപയും 15 മിനിറ്റിനുള്ളില്‍ ശേഖരിച്ചുകൊടുത്തു. അവളുടെ കൈയിലുണ്ടായിരുന്ന കാശും കൂടി പതിനായിരത്തിന് 200 രൂപയുടെ കുറവായി എണ്ണിക്കണക്കാക്കി പേഴ്‌സില്‍ വച്ചുകൊടുത്തു. മകന്റെ സുഹൃത്തായ ശ്രീചിത്തിരയിലെ ഡോക്ടറോട് വിളിച്ചുപറയാമെന്നും പ്രാര്‍ഥിച്ചും ആശ്വസിപ്പിച്ചും അവളെ യാത്രയാക്കി. സന്ധ്യ എന്നാണ് അവളുടെ പേര്.

കുറച്ചു കഴിഞ്ഞ്, ഇതെല്ലാം കണ്ടുനിന്ന എന്റെ ഒരു മുസ്‌ലിംസുഹൃത്ത് സ്വകാര്യമായി ഒരു ചോദ്യം - 'ടീച്ചര്‍ അന്യമതസ്ഥരെയും ഇങ്ങനെ സഹായിക്കും അല്ലേ?' എന്ന്. ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. അവരൊക്കെ ചിലപ്പോള്‍ പൊതുസദസ്സുകളില്‍ നിലവിളക്ക് കൊളുത്തും. സാംസ്‌കാരിക സമന്വയത്തിന്റെ വരികള്‍ ഘോരഘോരം പ്രസംഗിക്കും. പക്ഷേ, മനസ്സിന്റെ അകത്തളങ്ങളില്‍ നിലവിളക്ക് കൊളുത്താന്‍ ഇനിയും ധൈര്യമില്ല.

സമുദായവും ജാതിയും ഒന്നുമല്ല കാര്യം. ജാതി-മത ഭേദമെന്യേ അവശരുടെ കണ്ണീരൊപ്പാന്‍ നിലവിളക്കുകള്‍ക്ക് കഴിയണം. ഞാനൊരിക്കലും സ്വന്തം നാടിനെയോ അതിന്റെ പൈതൃകത്തെയോ വിലകുറച്ചു കാണുന്നവളല്ല. മറിച്ച്, ബഹുദൈവാരാധനയുടെ വഴികളിലേക്ക് മാറുമെന്ന് സംശയമുള്ള ഒന്നും ചെയ്യുകയില്ല എന്നുറപ്പിച്ചു ജീവിക്കുന്നവളാണ്. മറ്റുള്ളവര്‍ക്ക് ഫത്‌വ കൊടുക്കാന്‍ കെല്പുള്ളവളുമല്ല.

വിളക്ക് കൊളുത്തുന്നതുകൊണ്ട് ഇവിടെ ഒന്നും നേടാനില്ല; കൊളുത്താത്തതുകൊണ്ട് ഒന്നും നഷ്ടപ്പെടാനും. അങ്ങനെയാണെങ്കില്‍ പൊട്ടുതൊടുന്ന മുസ്‌ലിംകളുള്ള വടക്കേ ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ നടക്കരുതല്ലോ. തന്റെ വിശ്വാസത്തില്‍ ഒട്ടും സ്ഥാനമില്ലാത്ത പല കാര്യങ്ങളിലും മറ്റുള്ളവരുടെ മനുഷ്യത്വം മാത്രം മാനിച്ച് നാം ചിലതൊക്കെ ചെയ്യും. ഉദാഹരണമായി, വീട്ടില്‍ ജോലിക്ക് വരുന്ന ഹിന്ദുസ്ത്രീ ശബരിമലയ്ക്ക് പോകാന്‍ മാലയിടുന്നു. അവര്‍ പറയുന്നു, നിങ്ങള്‍ 'പുറത്താകുന്ന' സമയത്ത് എന്നോട് പറയണം. അപ്പോള്‍ നിങ്ങളുണ്ടാക്കുന്ന ചായ കുടിക്കാന്‍ എനിക്ക് പാടില്ല. ഞാന്‍ അത് മാനിക്കുന്നു. എനിക്കതില്‍ അല്പം പോലും വിശ്വാസമില്ലെങ്കിലും ആ സ്ത്രീയുടെ മനുഷ്യത്വം ഓര്‍ത്ത് ഞാന്‍ അവരോട് ആ സമയം പറയുന്നു. സൂക്ഷ്മമായ തലത്തില്‍ അപ്പോള്‍ ഞാന്‍ നിലവിളക്ക് കൊളുത്തുന്നത് എന്റെ മനസ്സിലല്ലേ? ഈ മനസ്സ് ഇന്ത്യന്‍ ജനതയില്‍ ശക്തമായി വേരോടട്ടെ എന്നാണ് എന്റെ അഭിപ്രായം.

അത്തപ്പൂക്കളത്തില്‍ വയ്ക്കുന്ന ഒരു മുഴം നീളമുള്ള മരക്കുറ്റി തൃക്കാക്കരയപ്പന്റെ പ്രതീകമാണെന്നാണ് എന്റെ അറിവ്. അതിനെ അവമതിക്കരുത് എന്നത് മനസ്സിലാക്കാം. പക്ഷേ, അതിനെ പൂജിക്കല്‍ കൊണ്ടേ സാംസ്‌കാരിക സമന്വയം നടക്കൂ എന്നു കരുതുന്നത് മൗഢ്യമാണ്. സത്യത്തില്‍ അതിനെ നടുവില്‍ വച്ച് ചുറ്റും പൂക്കള്‍ വിതറുന്നതും ജാറത്തിന്മേല്‍ പൂകൊണ്ട് മൂടുന്നതും ഒരേ കണ്ണുകൊണ്ടേ എനിക്ക് കാണാനാവൂ.

ഒരു സാധാരണ മുസ്‌ലിംസ്ത്രീയുടെ ചിന്തകളെ നിങ്ങളുമായി പങ്കുവെച്ചുവെന്നു മാത്രം. ശരിയും തെറ്റും ഉണ്ടാകാം. പക്ഷേ, ഇത് പറയാതെ നിവൃത്തിയില്ലാത്തതിനാല്‍ പറഞ്ഞെന്നു മാത്രം.