Monday, December 10, 2012

ഇനിയും ഈ അനീതി നിര്‍ത്തരുതോ

സേവ് മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവിയെ ഈയിടെ കാണാന്‍ സൗകര്യപ്പെടുകയുണ്ടായി. കുറേക്കാലമായി അവശനും രോഗിയുമായ ഒരാളോട് നമ്മുടെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമം മനസ്സിന്റെ ഉള്ളറകളെ പൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഅ്ദനിയെ ഒന്ന് നേരില്‍ കാണണമെന്നുള്ള ഒരു വലിയ ആഗ്രഹം മനസ്സില്‍ ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഷഹീര്‍ മൗലവിയെ വീട്ടില്‍ അതിഥിയായി കിട്ടിയപ്പോള്‍ ഏതായാലും ഇസ്‌ലാം പാഠശാല എന്ന ബൈലക്‌സ് ക്ലാസ്‌റൂമില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ സൗകര്യപ്പെടുത്തണമെന്ന് തോന്നി. ഉടന്‍ അതിനുള്ള സംവിധാനങ്ങള്‍ ശരിയാക്കി. പലരും അദ്ദേഹത്തിന്റെ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

മഅ്ദനിയുടെ അവസ്ഥ ഷഹീര്‍ മൗലവി വിവരിക്കുകയുണ്ടായി. കാഴ്ചശക്തി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞു. ചെറിയ നിഴലാട്ടം ആയിട്ടേ എല്ലാം കാണുന്നുള്ളുവത്രെ. പ്രമേഹരോഗത്തിന്റെ എല്ലാ കെടുതികളും ഉണ്ട്. കാലിന് മരവിപ്പാണത്രെ! ചികിത്സ സ്വന്തം ചെലവില്‍ നടത്തണം! ഇന്ത്യാ രാജ്യമേ, നീ നാണിക്കുന്നുണ്ടോ? അയാള്‍ കുറ്റക്കാരനാണെങ്കില്‍ എത്രയും വേഗം ശിക്ഷിക്കൂ. (കുറ്റക്കാരനല്ലെന്ന് ഇവര്‍ക്കുതന്നെ ബോധ്യമുള്ളതു കൊണ്ടാണല്ലോ മുമ്പത്തെപ്പോലെതന്നെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത്). ഇല്ലെങ്കില്‍ എത്രയും വേഗം പുറത്തു വിടൂ. അല്ലെങ്കില്‍ നിന്റെ മുഖത്തെ ഒരു തീരാകളങ്കമായിരിക്കും അത്. 


നിയമവശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, ഷഹീര്‍ മൗലവിയില്‍നിന്ന് മനസ്സിലായത്, മഅ്ദനി വലിയ നീതിനിഷേധത്തിന്റെ ഇരയാണെന്നാണ്. മാത്രമല്ല, ആയിരക്കണക്കിനു മുസ്‌ലിം യുവാക്കള്‍ ഇതുപോലെ ഇന്ത്യന്‍ ജയിലുകളിലുണ്ട്; കേസ് നടത്താന്‍ കാശില്ലാതെ, കേസ് നടത്താന്‍ വക്കീലന്മാരില്ലാതെ... പതിനാലും അതിലധികവും വര്‍ഷങ്ങള്‍ തീവ്രവാദ മുദ്രകുത്തി കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട് അവസാനം നിരപരാധിയെന്നു പറഞ്ഞ് കോടതി വിട്ടയക്കുന്നവര്‍. അവരുടെ ജീവിതവും കുടുംബവും തൊഴിലുമെല്ലാം നഷ്ടപ്പെടുന്നു. പോലീസും ഭരണകൂടവും ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി തീവ്രവാദം ചാര്‍ത്തി മീഡിയകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ച് ഒരു സ്വതന്ത്രമായ അന്വേഷണമോ നിരീക്ഷണമോ കൂടാതെ പോലീസിന്റെ/ഭരണകൂടത്തിന്റെ ഭാഷ്യം തൊണ്ട തൊടാതെ പകര്‍ത്തി, വേണമെങ്കില്‍ സ്വന്തമായി കുറച്ചുകൂടി അപസര്‍പ്പക കഥകള്‍ മെനഞ്ഞ് ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അപ്പോള്‍ നിശ്ശബ്ദരായിരിക്കും. പടച്ചവനേ, ഞങ്ങള്‍ ജീവിക്കുന്നത് ഇത്രയും അനീതി നിറഞ്ഞ ലോകത്താണോ? എന്താണിതിനൊരു പ്രതിവിധി? ഈ ഉമ്മത്തിനെ ഇത്രമാത്രം നിന്ദ്യതയിലേക്ക് വിട്ടതാരാണ്?

തീ തുപ്പുന്ന പ്രസംഗങ്ങളാണ് ശശികല ടീച്ചര്‍ പുറത്തു വിടുന്നത്. ഒരു സമുദായത്തെ പരസ്യമായി അങ്ങേയറ്റം പരിഹസിക്കുന്ന പ്രസംഗങ്ങള്‍; ഒരു സ്ത്രീയാണെന്ന വിചാരം പോലുമില്ലാതെ. അതിലും പരിതാപകരം കുഞ്ഞുങ്ങള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കുന്ന ഒരു അധ്യാപിക കൂടിയാണവര്‍! അവജ്ഞ തോന്നുകയാണവരോട്. ഇവിടെ വലിയ സൗഹാര്‍ദ്ദതയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ നേരെയാണ് അവര്‍ പല്ലിളിച്ചുകാട്ടുന്നത്. ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ഹിന്ദുവും മുസ്‌ലിമും ഉള്ള നാടാണ് കേരളം. ഇവിടേക്കുകൂടി വിഷയം ഒഴുക്കാനാണ് ടീച്ചര്‍ ശ്രമിക്കുന്നത്. അതൊന്നും ഭരണകൂടമുള്‍പ്പെടെ ആരും കാണുന്നില്ലേ? ഹിന്ദു ഉണര്‍ന്നാല്‍ ഇനിയും പള്ളികള്‍ തവിടുപൊടിയാകും എന്നൊക്കെയാണ് പറയുന്നത്. വാസ്തവത്തില്‍ ഗവണ്മെന്റിന് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ? ഒരു മുസ്‌ലിമാണ് ഇത് പറയുന്നതെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും 'മുസ്‌ലിംകളേ, നിങ്ങള്‍ അമ്പലങ്ങള്‍ തകര്‍ക്കൂ' എന്ന് പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും? അമൃതാനന്ദമയിയുടെ സദസ്സില്‍ കയറി ഉച്ചത്തില്‍ സംസാരിച്ചതിന് ഒരു മനോനില തെറ്റിയ യുവാവിനെ തല്ലിക്കൊന്ന നാടാണിത്. മതഭ്രാന്ത് കയറുന്നവര്‍ സമൂഹത്തെ മൊത്തത്തില്‍ നാശത്തിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുകയാണ്.

പല മനഃസ്ഥിതിക്കാരും ചോദിച്ച പലതരം ചോദ്യങ്ങള്‍ക്ക് ഷഹീര്‍ മൗലവി വളരെ പക്വമായ മറുപടി നല്‍കുകയുണ്ടായി. ശത്രുവിനോടായാലും അനീതി വരരുതെന്നത് നല്ല മനുഷ്യരുടെ പൊതുവിലും ഇസ്‌ലാമിന്റെ വിശേഷിച്ചും ഒരു നിര്‍ബന്ധമാണ്. ആ നിലയ്ക്കാണ് മഅ്ദനിക്കും അതുപോലുള്ളവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളെയും സംഘടിപ്പിക്കുന്നത്. സെബാസ്റ്റ്യന്‍ പോള്‍ സാറൊക്കെ എപ്പോള്‍ വിളിച്ചാലും വളരെ താല്‍പര്യത്തോടെ എല്ലാ കാര്യങ്ങളിലും സഹകരിക്കാറുണ്ടെന്നും അത്തരം സുമനസ്സുകള്‍ ധാരാളമായി നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം കൂടി ഇതോടൊപ്പം കുറിക്കാം. നാം ഒന്നോര്‍ത്തുനോക്കുക - ഒരു കാലില്ലാത്ത മനുഷ്യന്‍, കടുത്ത പ്രമേഹരോഗി, കാഴ്ച നഷ്ടപ്പെട്ടുതുടങ്ങി. അത്തരം ഒരാള്‍ക്ക് ഭാര്യയുടെ, അല്ലെങ്കില്‍ അടുത്തവരുടെ സഹായം എത്രമാത്രം ആവശ്യമായിരിക്കും. വീണ്ടും എനിക്കലറിക്കരയാനാണ് തോന്നുന്നത്. ഇന്ത്യാ മഹാരാജ്യമേ, ഇയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞാല്‍ നീയും അനീതിയുടെ നാട് എന്ന് മുദ്രകുത്തപ്പെടും. കരിമ്പട്ടികയിലായിരിക്കും നിന്റെ സ്ഥാനം. മുകളില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനം തിരിച്ചറിയും, തീര്‍ച്ച. തങ്ങള്‍ ഇത്രയ്ക്ക് നെറികെട്ട ഒരു രാജ്യത്തെ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കാന്‍ തുടങ്ങും. ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യത്ത് നീതി പുലരും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

അങ്ങനെ ഭാര്യയുടെയും ഉറ്റവരുടെയും സഹായം ആവശ്യമുള്ള മനുഷ്യന്‍ ജയിലിനുള്ളില്‍ കഴിയുകയാണ്. ചര്‍ച്ചയില്‍ ലണ്ടനില്‍നിന്നും സഹയാത്രി എന്ന ഒരാള്‍ മഅ്ദനി സാഹിബിന്റെ മാനസികാവസ്ഥയെപ്പറ്റിയാണ് അന്വേഷിച്ചത്. ഇത്രമാത്രം ശാരീരിക അവശതയനുഭവിച്ചിട്ടും മഅ്ദനിയുടെ ആത്മധൈര്യത്തിനും വിശ്വാസത്തിനും അല്പം പോലും ചാഞ്ചല്യം സംഭവിച്ചിട്ടില്ല. കരുത്ത് കൂടിയിട്ടേയുള്ളൂ. കാലാകാലങ്ങളില്‍ സത്യത്തിനും നീതിക്കും വേണ്ടി നിന്നവരുടെയും പ്രവാചകന്മാരുടെയും ചരിത്രം മറ്റൊന്നല്ല. ഓരോ പരീക്ഷണങ്ങളും നമ്മെ സ്ഫുടം ചെയ്യുകയാണ്. തന്റെ കാര്യമോര്‍ത്ത് ആരും അല്പം പോലും വിഷമിക്കേണ്ട എന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചത്രെ! പരിഭവമോ നിരാശയോ അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ലത്രെ! ഇപ്പോള്‍ കാഴ്ചശക്തിയില്ലാത്തതിനാല്‍ വായിക്കാന്‍ ആവുന്നില്ല. അതിനാല്‍ത്തന്നെ പുസ്തകങ്ങളൊക്കെ തിരിച്ചുകൊടുത്തയച്ചത്രെ. ഇനി താന്‍ വായിക്കേണ്ട എന്നായിരിക്കും അല്ലാഹുവിന്റെ വിധി. താന്‍ ആ വിധിയും സന്തോഷം സ്വീകരിക്കുന്നു. മഅ്ദനിയുടെ ഈ കരുത്താണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. എന്നിലെ വിശ്വാസത്തിന് കരുത്ത് പകരുന്നത്. അതോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ എത്രയും വേഗം ഒന്ന് പോയിക്കാണണമെന്ന് മനസ്സ് ശക്തമായി ആവശ്യപ്പെടുകയാണ്. നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞ മനുഷ്യരുടെ പിന്‍തലമുറക്കാരനെ ഒരുനോക്ക് കാണാനെങ്കിലും ആഗ്രഹിക്കാത്തവര്‍, അദ്ദേഹത്തിന് ഊര്‍ജം ഉള്‍ക്കൊള്ളാന്‍ ആശിക്കാത്തവര്‍ മനുഷ്യസ്‌നേഹികളില്‍ ഉണ്ടാവില്ല.

വീട്ടുതടങ്കലിലായ പോലെയുള്ള അദ്ദേഹത്തിന്റെ പ്രിയപത്‌നി സൂഫിയയും ചരിത്രവനിതകളിലെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ആ മനസ്സുകളിലെ നൊമ്പരങ്ങള്‍... ഏതൊരു സ്ത്രീഹൃദയത്തെയാണ് ഉലയ്ക്കാത്തത്! മാതാപിതാക്കളെ കഴിഞ്ഞാല്‍ ഒരു സ്ത്രീ ഏറ്റവും സ്‌നേഹിക്കുന്നത് തന്റെ ഇണയെ ആയിരിക്കും. ആ ഭാഗ്യത്തിന്റെ പുറത്തും ചങ്ങലകളിടുന്നവര്‍... ആധുനിക ഫറോവമാര്‍... അവര്‍ക്ക് മൂസയെ കൊല്ലാനായില്ല. ആയിരക്കണക്കിന് മൂസമാര്‍ പുനര്‍ജനിച്ചില്ലേ? ആ യാത്രാസംഘത്തില്‍ അണിചേരാനുള്ളവര്‍ ഇനിയും ജനിക്കാനിരിക്കുന്നു. കംസനെ കൊല്ലുന്നത് ഭയന്ന് ശ്രീകൃഷ്ണനെ കൊല്ലാന്‍ പലവിധ സൂത്രങ്ങള്‍ ഒപ്പിച്ചില്ലേ പണ്ട്. എന്നിട്ടെന്തുണ്ടായി. കൃഷ്ണനോ കംസനോ ചരിത്രഗതി നിയന്ത്രിച്ചത്? ഇതൊന്നും ആരും ഓര്‍ക്കാതെ പോവുകയാണെങ്കില്‍ മത-വേദഗ്രന്ഥങ്ങള്‍ കൊണ്ടെന്തു പ്രയോജനം?

സ്വന്തം ടീച്ചര്‍

7 comments:

  1. Pls read a recent article in The Hindu and the readers comments....Let us hope that our country will restore its glory as being told by Justice Kajtu...pls read his blog too at http://justicekatju.blogspot.in/

    ReplyDelete
  2. Pls read a recent article in The Hindu "No excuses for this error of judgment" at www.thehindu.com/opinion/lead/no-excuses-for-this-error-of-judgment/article4164637.ece and the readers comments....Let us hope that our country will restore its glory as being told by Justice Kajtu...pls read his blog too at http://justicekatju.blogspot.in/

    ReplyDelete
  3. ഗംഭീരം...ഇങ്ങനെയെങ്കിലും പ്രതികരിക്കാനായല്ലോ..നേരില്‍ കാണാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ........

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. തികഞ്ഞ മനുഷ്യാവകാശ ലങ്കനം ആണ് മദനിയുടെ മേല് നടന്നു കൊണ്ട് ഇരിക്കുന്നത്......നീതി പുലരുക തന്നെ ചെയ്യും ..സാബീത്ത ...നന്നായി എഴുതി. എഴുത്തിലൂടെ നന്നായി പ്രതികരിച്ചു ...അദേഹത്തെ കാണാന്‍ അല്ലാഹു ഇടയാക്കട്ടെ ...
    hashim
    Dubai

    ReplyDelete
  6. ലീഗ് നേതാവിന്
    എതിരെ ഉള്ള തെളിവുകള്‍ മദനി പുറത്ത് വിടും എന്ന് വന്നപ്പോള്‍ മദനിയെ കള്ള കേസില്‍ കുടുക്കി....മദനിയുടെ അറസ്റ്റിനു പിന്നില്‍ മുസ്ലീം ലീഗ്--പി ടി എ റഹീം....എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ വാര്‍ത്തയില്‍ മഅ ദനിയുടെ ഔദ്യോഗിക സ്ഥിരീകീരണം വരുന്നത് വരെ പ്രതികരിക്കാതിരിക്കുയാവും ഉചിതം. അദ്ദേഹത്തിന് അനന്തമായ ജയില്‍വാസത്തിനു കാരണക്കാരായവരെ സമയമാവുമ്പോള്‍ മഅ ദനി തന്നെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വെളിപ്പെടുത്തും. ഇപ്പോള്‍ നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് അടിയന്തിര ചികിത്സയും ജാമ്യവുമാണ് വേണ്ടത്

    ReplyDelete
  7. Well said u ebiiiiiiiiii...eyuthu kure neendu englium ugran

    ReplyDelete