Wednesday, September 4, 2013

സാമൂഹിക തിന്മകള്‍ അധികരിക്കുന്നു; വില്ലനായി മദ്യവും അശ്ലീലസിനിമകളും


ഹൃദയം തേങ്ങിക്കൊണ്ടാണീ കുറിപ്പ്. പരീക്ഷ മാറ്റിയോ എന്നറിയാന്‍ പത്രം നോക്കിയതാ. നമ്മുടെ നാടിനെന്തു പറ്റി? അമ്മയും അച്ഛനും ഒപ്പമല്ലാതെ, അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ രാഹുല്‍ അമ്മായി വിരുന്ന് വന്ന സന്തോഷത്തില്‍ കൂടെ കിടക്കുന്നു. പാതിരായ്ക്ക് 2 മണിക്ക് പാവാടച്ചരടുകൊണ്ട് നിരപരാധിയായ ആ കുരുന്ന് ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുന്നു. വീണ്ടും വാര്‍ത്ത - പിതാവിന്റെ മൂന്നാം ഭാര്യ തന്റെ അനാശാസ്യം ലോകമറിയാതിരിക്കാന്‍ പതിനൊന്നുകാരന്‍ സതീഷ്‌കുറാമിനെ ശ്വാസംമുട്ടിച്ചു കൊന്ന് ബാത്‌റൂമിലിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുന്നു. 10-ാം ക്ലാസ്സുകാരന്‍ മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്നു. തീര്‍ന്നില്ല, മനുഷ്യമഹാദുരന്തമായി സിറിയയില്‍ നിന്ന് വന്‍ അഭയാര്‍ഥിപ്രവാഹം.

ഞാനൊരു സിറിയന്‍ സ്ത്രീയെ ഓര്‍ത്തുപോവുകയാണ്. യു.എ.ഇക്കാരിയായ എന്റെ കൂട്ടുകാരി യാസ്മീന്‍ പറഞ്ഞ കഥ. ദശകങ്ങള്‍ക്കു മുമ്പ് സിറിയയില്‍ നിന്ന് അഭയാര്‍ഥിയായി യു.എ.ഇയില്‍ എത്തിയ ഉമ്മുബാസില്‍. അവര്‍ ഇഖ്‌വാനിയായിരുന്നു. മക്കളും ഭര്‍ത്താവും കിട്ടിയ സാധനങ്ങളുമായി സിറിയയില്‍നിന്ന് യു.എ.ഇയിലെത്തി. ഹാഫിസുല്‍ അസദിന്റെ കാലത്തായിരുന്നു. യു.എ.ഇയിലെ സുഹൃത്തുക്കളുടെ തണലില്‍ ജീവിക്കുമ്പോള്‍ എങ്ങനെയോ യു.എ.ഇ. വിജിലന്‍സ് മണത്തറിഞ്ഞു. അങ്ങനെ ഉമ്മുബാസിലും ഭര്‍ത്താവും മക്കളും രാത്രിക്കുരാത്രി യു.എ.ഇ. വിടേണ്ടിവന്നു. അവര്‍ പോയത് ജര്‍മനിയിലേക്കായിരുന്നു. അവിടെ ചെന്ന് എല്ലാവരും പല വിധ തൊഴിലുകളും ചെയ്ത് ജീവിതം പച്ചപിടിപ്പിച്ചു. ഇസ്‌ലാമാണ് ശരിയായ മാര്‍ഗം എന്ന് ഉറച്ചു വിശ്വസിച്ചതിന്റെ പേരില്‍ ലോകത്ത് പലരും പല നിലയ്ക്കും പീഡനമനുഭവിക്കുന്നതിന്റെ നേരനുഭവമാണ് നാം ഉമ്മുബാസില്‍ കുടുംബത്തിലൂടെ കണ്ടത്. എത്ര ഉമ്മുബാസിലുമാരും പ്രാരാബ്ധമുള്ള കുടുംബങ്ങളുമാണ് ഇത്തരം പീഡനങ്ങള്‍ക്കിരകളാകുന്നത്.

നമുക്ക് കേരളത്തിലേക്കുതന്നെ വരാം. ഈ നാട് നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാതെ നിവൃത്തിയില്ല. പിന്നിലെ വില്ലന്മാരെ കണ്ടുപിടിച്ച് പരിഹാരമുണ്ടാക്കാനാവണം മൊത്തം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം. എത്രയെത്ര ബാല്യങ്ങളാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത കാലം. നമുക്ക് ഹൃദയനൈര്‍മല്യത്തോടെ പ്രാര്‍ഥിക്കാം - "രക്ഷിതാവേ, ഞങ്ങളുടെ നാടിനെ നീ എല്ലാവിധ നാശത്തില്‍നിന്നും രക്ഷിക്കണേ."

99 ശതമാനം പ്രശ്‌നങ്ങളുടെയും പിന്നിലെ വില്ലന്‍ മദ്യവും ബ്ലൂഫിലിമും ആണ് എന്ന് പറയാതെ നിവൃത്തിയില്ല. ആറാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 'ബ്ലൂ' കാണുന്ന ലോകം. കുട്ടികളെ വളരെയധികം ശ്രദ്ധാപൂര്‍വം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നബി (സ) പറഞ്ഞു: ''നിന്റെ സഹോദരനെ അക്രമിയായാലും അക്രമിക്കപ്പെടുന്നവനായാലും നീ സഹായിക്കുക.''

അതെ, ആ പത്താംക്ലാസ്സുകാരന്‍ ചെയ്ത മോശം പ്രവര്‍ത്തനം മൂലം അവനും ഭാരിച്ച ഒരു മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടുകാണും. അവരെപ്പോലുള്ളവര്‍ വീണുപോകുന്ന കുഴികളില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കൈകള്‍ വേണം. ഒപ്പം അത്തരം കുഴികളില്‍ വീഴാതിരിക്കാനും ശക്തമായ മൂല്യബോധവും താങ്ങുകളും വേണം. അധ്യാപകരും രക്ഷിതാക്കളും ഇത് മനസ്സിലാക്കേണ്ടതാണ്.

1 comment:

  1. ഖിയാമത്ത് നാളിന്റെ അടയാളം അല്ലെ ടീച്ചറെ ..?

    ടീച്ചർക്ക് സുഖമെന്ന് വിശ്വസിക്കുന്നു ,
    എന്ന് റാക്ക് പൊന്നൂസ്

    ReplyDelete