ഈയിടെ ഒരു പുസ്തകം വായിച്ചു; അറബിയിലാണ് - يوسف الأحلام (യൂസുഫുല്‍ അഹ്‌ലാം) സ്വപ്‌നങ്ങളുടെ യൂസുഫ് എന്നര്‍ഥം പറയാം. അതിലെ ഓരോ അധ്യായങ്ങളും സൂറത്തു യൂസുഫിലൂടെയുള്ള സഞ്ചാരമാണ്. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സുലേഖയില്‍നിന്ന് കുതറി ഓടുന്ന യൂസുഫാണ്. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും ദൈവഭക്തി കൊണ്ടുമാത്രമാണദ്ദേഹം രക്ഷപ്പെടുന്നത്. നമുക്കാ പുസ്തകത്തിലെ ആകര്‍ഷകമായ വരികളിലൂടെ ഒന്ന് കണ്ണോടിക്കാം. നാം ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ ശരിയുമായി എത്രകണ്ട് ബന്ധമുണ്ടെന്ന് ചിന്തിക്കണം.
നമുക്ക് യൂസുഫിന്റെ അവസ്ഥ ഒന്ന് അപഗ്രഥിക്കാം. നാടില്ല, വീടില്ല, വീട്ടുകാരില്ല. കണ്ടാല്‍ ആരും കൊതിക്കുന്ന സൗന്ദര്യം. മന്ത്രിപ്പണിയുടെ ആവശ്യം നിര്‍വഹിച്ചുകൊടുത്താല്‍ ലോകത്താരും ആ രഹസ്യം അറിയാന്‍ പോകുന്നില്ല. തിന്മയിലേക്ക് ക്ഷണിക്കുന്നതോ പ്രബലയായ, എല്ലാത്തരത്തിലുള്ള പ്രൗഢിയുമുള്ള സ്ത്രീ. അവിടെ നിന്ന് രക്ഷപ്പെടാന്‍ നിറഞ്ഞ ദൈവഭക്തനു മാത്രമേ സാധിക്കൂ. എന്നാല്‍, യൂസുഫ് (അ) അവിടെ നിന്ന് ഓടിയെത്തിയത് സ്വര്‍ഗത്തിന്റെ, ദൈവികസിംഹാസനത്തിന്റെ തണലിലേക്കായിരുന്നു! അല്ലാഹു പേരെടുത്ത് പറഞ്ഞ ഏഴുകൂട്ടരില്‍ ഒരാളായി. യാതൊരു തണലുമില്ലാത്ത ദിവസം റബ്ബിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരുടെ പട്ടികയിലേക്ക് യൂസുഫും ചേര്‍ക്കപ്പെടുകയാണ്. പൊട്ടക്കിണറ്റിലെ അപകടങ്ങളില്‍നിന്നും അടിമച്ചന്തയിലെ അപഹാസ്യതയില്‍നിന്നും രക്ഷപ്പെട്ട ആ യുവപ്രവാചകനെ കാത്തിരുന്നത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ പ്രലോഭനരൂപത്തില്‍ ആയിരുന്നു ആ പരീക്ഷണം.
ഖുര്‍ആന്‍ പറഞ്ഞത് 'മുറാവദത്ത്' എന്ന പദമാണ്. അതിന്റെ അര്‍ഥം, വഞ്ചിക്കുന്ന ഒരാള്‍ തന്റെ തേന്‍ പുരട്ടിയ സംസാരം കൊണ്ട് ചെയ്യുംപോലെ, വളരെ സൗമ്യമായും വാത്സല്യത്തോടും കൂടി തിന്മയിലേക്കുള്ള ക്ഷണം. എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചായിരുന്നു അവര്‍ ക്ഷണിച്ചത്. അതാണ് ഖുര്‍ആന്‍ എടുത്ത് പറയുന്നത്: വാതിലുകള്‍ ഭദ്രമായി അടച്ചു. പിന്നീട് هيت لك എന്ന് പറഞ്ഞു - ''വേഗം വാ,'' കിടക്കയിലേക്ക്. ഇവിടെ ആരെയും ഭയപ്പെടാനില്ല. ഉടന്‍ എന്തായിരുന്നു യൂസുഫിന്റെ മറുപടി? معاذالله അല്ലാഹുവില്‍ ശരണം. നാമും തിന്മകളെ കാണുമ്പോള്‍ അതിന്റെ പ്രലോഭനങ്ങളെ കാണുമ്പോള്‍, 'പടച്ചവനേ, നിന്നില്‍ മാത്രം അഭയം എന്ന് പറയണം. യൂസുഫ് അതില്‍ അവസാനിപ്പിച്ചില്ല. നിങ്ങളുടെ ഭര്‍ത്താവാരാണെന്നോ? എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും എനിക്ക് ജീവിക്കാന്‍ ഒരിടം ഉണ്ടാക്കിത്തരികയും ചെയ്തവനാണ്! എന്നിട്ട് ഞാനദ്ദേഹത്തെ വഞ്ചിക്കുകയോ? സാധ്യമല്ല. അക്രമമാണത്. തികഞ്ഞ നന്ദികേടാണത്. അക്രമികള്‍ വിജയിക്കില്ല. ഈ ആയത്തുകളിലെ ചില തണലുകളില്‍ കയറി യുവാക്കള്‍ നില്‍ക്കേണ്ടതുണ്ട്. അതിന്തൊണെന്ന് നോക്കാം നമുക്ക്.
1. വലിയ പണക്കാരുടെ വീട്ടില്‍ വേലക്കാരുമായി ഇടപഴകാന്‍ ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഇന്ന് പലരും യുവഡ്രൈവര്‍മാരെ ജോലിക്ക് നിയമിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്നത് കാണാം. വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണത്. ഒളിച്ചോട്ടകഥകളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്). ദൈവഭക്തരായ യുവാക്കള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
2. അന്യസ്ത്രീപുരുഷന്മാര്‍ ഒറ്റപ്പെടല്‍, സൗന്ദര്യപ്രദര്‍ശനം, ഇണ അടുത്തില്ലായ്മ, സ്ഥാനമാനങ്ങള്‍ ഇവയൊക്കെ നാശഹേതുക്കളാണ്. തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. ഇല്‍മി എന്ന പണ്ഡിതന്‍ പറയുന്നു: സുലേഖയ്ക്ക് യൂസുഫില്‍ അനുരാഗം തോന്നാനുണ്ടായ പ്രധാന കാരണം, തന്റെ ഭൃത്യനുമായി കൂടുതല്‍ ഇടപഴകാനും ഒറ്റപ്പെടാനും അവസരം ലഭിച്ചു എന്നതാണ്. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ യുവതീ യുവാക്കള്‍ ഒഴിവാക്കേണ്ടതത്യാവശ്യമാണ്. നബി (സ) പറഞ്ഞു: ഒരു പുരുഷനും സ്ത്രീയുമായി ഒറ്റക്കാകരുത്; അവിടെ വിവാഹബന്ധം നിഷിദ്ധമായ ഒരാള്‍ കൂടെ ഇല്ലാതെ.
പുരാതനകാലം മുതല്‍തന്നെ കൂടിക്കലരലും ഒറ്റപ്പെടലും നാശഹേതുവായിരുന്നെങ്കില്‍ ഈ തിന്മ നിറഞ്ഞ കാലത്തും ഇക്കാരണങ്ങള്‍ നാശഹേതു തന്നെ.
യൂറോപ്യന്‍ എഴുത്തുകാര്‍ പറയുന്നു: അധിക സ്ത്രീകളും തിന്മയില്‍ പതിക്കുന്നതിന്റെ കാരണം, വീടുകള്‍, തൊഴില്‍ശാലകള്‍, സ്റ്റോറുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ഒറ്റയ്ക്കാകുന്നതിനാലാണ്. പ്രവാചകന്‍ പഠിപ്പിച്ചില്ലേ, മൂന്നാമന്‍ പിശാചായിരിക്കുമെന്ന്.
സ്ത്രീയാണ് പലപ്പോഴും ഫിത്‌നയ്ക്ക് മുന്‍കൈ എടുക്കുന്നത്. മന്ത്രിപത്‌നിയാണ് യൂസുഫിന്റെ സംഭവത്തില്‍ കഠിനമായി ആവശ്യം ഉന്നയിക്കുന്നത്. അതുകൊണ്ടാകാം ഖുര്‍ആന്‍ ''വ്യഭിചാരിണിയെയും വ്യഭിചാരകനെയും 100 അടി അടിക്കണം'' എന്ന് സ്ഥലത്ത് സ്ത്രീലിംഗ പദം ആദ്യം ഉപയോഗിച്ചത്. (പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണ വരുന്നത് സ്ത്രീയില്‍ നിന്നാണത്രെ!). മാന്യമായി വസ്ത്രം ധരിച്ച്, അടക്കൊതുക്കത്തില്‍ നടക്കുന്ന സ്ത്രീകളുടെ നേരെ ഒരു ശതമാനം പോലും കൈയേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലും നഗ്നപരസ്യങ്ങളും പ്രദര്‍ശനാത്മകതയും പുരുഷന്മാരെ നാശത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍, സ്ത്രീകള്‍ തിന്മയിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭങ്ങളില്‍ യുവാക്കള്‍ യൂസുഫിന്റെ ക്ഷമ കൈക്കൊള്ളുക. ലോകത്തെ അദ്ഭുതകരമായ ക്ഷമയായിരുന്നു മഹാനായ ആ പ്രവാചകന്‍ കാഴ്ചവച്ചത്. അദ്ദേഹം രണ്ടുതരം ക്ഷമയാണ് അവലംബിച്ചിട്ടുള്ളത്. ഒന്ന്, നിര്‍ബന്ധിതമായി ക്ഷമിക്കേണ്ടിവന്നത്. സഹോദരന്മാര്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അതിനുശേഷം പിതാവിനെ കാണാന്‍ പറ്റാത്തതും. കുറേ കൊല്ലം ജയില്‍വാസമനുഭവിക്കേണ്ടിവന്നതും നിര്‍ബന്ധിതമായി ക്ഷമിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍, സുലേഖയുടെ വിഷയത്തിലെ ക്ഷമ അദ്ദേഹം സ്വമേധയാ തിരഞ്ഞെടുത്തതായിരുന്നു. എത്ര പ്രേരണകളെയായിരുന്നു അദ്ദേഹം തഖ്‌വ കൊണ്ടും ക്ഷമ കൊണ്ടും മറികടന്നത്! ക്ഷണിക്കുന്ന കക്ഷി ഉന്നതകുലജാത, പദവിയുള്ളവള്‍, സൗന്ദര്യമുള്ളവള്‍, പ്രേരിപ്പിക്കുന്നവള്‍, വാതിലുകളൊക്കെ ഭദ്രമായി അടച്ചുകഴിഞ്ഞു! യൂസുഫാണെങ്കില്‍ തുളുമ്പുന്ന യൗവനം, കുടുംബം എവിടെയാണെന്നുപോലും അറിയാത്തത്ര അപരിചിതന്‍. ഇവിടെ നിന്ന് തെറ്റുചെയ്ത് രക്ഷപ്പെട്ടാല്‍ ആരും അന്വേഷിച്ചാല്‍ പോലും കണ്ടെത്താനാവില്ല. സാഹചര്യങ്ങളെല്ലാം യൂസുഫിനനുകൂലം. അദ്ദേഹം അവിടെയാണ് ഇസ്‌ലാമിക യുവത്വത്തിന്റെ ശോഭയാര്‍ന്ന മാതൃക സൃഷ്ടിച്ചത്. അല്ലാഹുവിന് മാത്രം സ്തുതി. അന്ത്യദിനം വരെ വായിക്കപ്പെടുന്ന ഖുര്‍ആനില്‍ ഒരധ്യായം മുഴുവന്‍ അദ്ദേഹത്തിന്റെ നാമത്തില്‍, യുവാക്കള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. ജാഹിലിയ്യത്ത് പിച്ചിച്ചീന്താന്‍ ഇടയുള്ള യുവാക്കളേ, യുവതികളേ നിങ്ങളിവിടേക്ക് വന്ന് ഈ ശുദ്ധജലം ആവോളം കോരിക്കുടിക്കൂ എന്ന ആഹ്വാനവുമായി - അദ്ദേഹം സാഹചര്യങ്ങളെ മറികടന്നെങ്കിലും മനസ്സ് കലുഷവും പ്രക്ഷുബ്ധവുമാണ്. സാധാരണ യുവത്വത്തിനുണ്ടാകാവുന്ന മനുഷ്യമനസ്സുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന് യൂസുഫും അടിപ്പെടുന്നു. പക്ഷേ, ഈ സ്ഥൈര്യത്തിന് സമ്മാനമായി അല്ലാഹു തന്റെ ഒരു ദൃഷ്ടാന്തം യൂസുഫിന് കാട്ടിക്കൊടുക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹം തന്റെ രക്ഷിതാവിന്റെ ഒരു ദൃഷ്ടാന്തം കണ്ടിരുന്നെങ്കില്‍ അവളെക്കുറിച്ച് ടെന്‍ഷനിലാകുമായിരുന്നു!
യുവാക്കളേ, നിങ്ങളില്‍ 99 ശതമാനം പേരും ഇത്തരം നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകില്ലേ? റബ്ബിനെ ഭയപ്പെട്ടുകൊണ്ട് പിന്‍വാങ്ങിയവര്‍ക്ക് പിന്നീട് അവന്‍ സമാധാനം പ്രദാനം ചെയ്തില്ലേ? ഉറപ്പാണ്. ആ ത്‌നിമയില്‍നിന്ന് രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നില്ലേ? വീണ്ടും കുറേ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് യൂസുഫിനെ ആ സ്ത്രീ ബുദ്ധിമുട്ടിച്ചു. പാവം യൂസുഫ്. ഭക്തനായ യൂസുഫ് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് തികട്ടിവരുന്ന ഒരു പ്രാര്‍ഥന ഉരുവിടുകയാണ് - ''പടച്ചവനേ, ഈ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്നതിനേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അതിലെ ബന്ധനമാണ്. അതിലെ അസ്വാതന്ത്ര്യമാണ്. നോക്കൂ, എല്ലാ സുഖങ്ങളും അല്ലാഹുവിനുവേണ്ടി, സദാചാര സംരക്ഷണത്തിനുവേണ്ടി യൂസുഫ് ത്യജിക്കുകയാണ്. തന്നെ നശിപ്പിക്കാന്‍ വന്ന സ്ത്രീകളുടെ ഒരു ബന്ധവും തനിക്ക് വേണ്ട എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. നമ്മില്‍ എത്രപേര്‍ക്കിതിന് കഴിയും എന്നിടത്താണ് നമ്മുടെ സ്വര്‍ഗം നിലകൊള്ളുന്നത്.
വസ്സലാം,
സ്വന്തം ടീച്ചര്‍
ടീച്ചറെ ശരിക്കും നമ്മെ ചിന്തിപ്പിക്കുന്നു ..!!
ReplyDeleteനല്ലൊരു ഉപദേശം
സ്നേഹത്തോടെ റാക്ക് -പൊന്നൂസ്
salam...rak sugamalle?
Deleteതെറ്റുകളിലേക്കുള്ള ചിന്തകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി നന്നായി ടീച്ചറെ ഈ ഉണര്‍ത്തല്‍ നല്ല കാര്യങ്ങള്‍ ഒരുപാട് പേരില്‍ എത്തിക്കാന്‍ അല്ലാഹു തൌഫീക്ക് നല്‍കട്ടെ.....
ReplyDeleteഇങ്ങിനെയുള്ള അവസരങ്ങള്‍ സാധാരണയായി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സ്ഥിരമായി കാണാന്‍ കഴിയും. ക്ഷമ കൈകൊള്ളാന്‍ എല്ലാ യുവാക്കന്മാരും ദൈര്യം സംബരിക്കണം ഉടനെ ദൈവത്തിനെ ഓര്‍ക്കുക, അങ്ങിനെയുള്ള സന്നര്‍ബങ്ങളില്‍ നിന്നും ഉടനെ രക്ഷ നല്‍കേണമേ എന്ന് ദൈവത്തിനോട് പ്രാര്തിക്കണം. അവസരങ്ങള്‍ നഷ്ട്ടപ്പെടുതാതെ മുതലെകുക്കുന്ന ദ്രോഹികള്‍ക്ക് നിങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ പരലോക വിചാരണക്ക് ശേഷം നരക സിക്ഷയുടെന്നു നിങ്ങള്‍ ഓര്‍ത്താല്‍ നിങ്ങള്ക്ക് നല്ലത്. ദൈവം എല്ലാ ചെറുപ്പക്കാര്‍ക്കും ചെരുപ്പക്കാരികള്‍ക്കും നന്മയുണ്ടാകുന്നതിലേക്ക് മനസ് കൊണ്ടുപോകാന്‍ കഴിയട്ടെ.
ReplyDeletegopal...mone teacher adhyam kanukayan...vann vayichathil santhosham
ReplyDeleteabdula jalainu nandhi
ReplyDeleteവളരെ നല്ല ചിന്തകൾ എന്റെ ടീച്ചർ ...ഈ ലോകമെന്നതു വഞ്ചനയുടെ വിഭവം ആണെന്ന് തിരിച്ചറിയപ്പെടുന്നതാണ് ഒരു മനുഷന്റെ ഏറ്റവും വലിയ വിജയം,,അതിനു ടീച്ചറുടെ ഇത്തരത്തിലുള്ള എഴുത്തുകൾ വല്ലാതെ സ്വാധീനം ചെലുത്തുന്നുണ്ട്,,,അള്ളാഹു ഇരു ലോകത്തും നമ്മെ വിജയിച്ചവരുടെ കൂടെ ഉൾപ്പെടുത്തട്ടെ ...ആമീൻ ..
ReplyDelete