Thursday, October 10, 2013

മൗനത്തിന്റെ ഗുണങ്ങള്‍

ആരാമം ഒക്‌ടോബര്‍ലക്കത്തിലെ ഹാഫിസ് മുഹമ്മദിന്റെ മൗനത്തെപ്പറ്റിയുള്ള ലേഖനം ആണ് ഈ കുറിപ്പിനാധാരം. വളരെ നന്നായിട്ടുണ്ട്. മനഃക്ഷോഭങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ശരിയായ ദിശയില്‍ നാമെത്തുന്നത് മൗനത്തിലൂടെയാണ്. മൗനം വാസ്തവത്തില്‍ ഒരു നിര്‍ഗമന മാര്‍ഗമാണ്. കെട്ടിനില്‍ക്കുന്ന നല്ലതും ചീത്തയുമായ ഓര്‍മകളില്‍നിന്ന് മനസ്സിന് സന്തോഷം ലഭിക്കുന്ന സദ്ചിന്തകളെ, തൈരുകടഞ്ഞ് വെണ്ണയെടുക്കും പോലെ - മൗനത്തിലൂടെ കടഞ്ഞെടുത്ത് മറ്റുള്ളവര്‍ക്കും നമുക്കും ഉപകാരപ്രദമാക്കാന്‍ കഴിയും. ഒരു പണ്ഡിതന്‍ പണ്ട് പറഞ്ഞിട്ടുണ്ട്: ചില സമയങ്ങളിലെ മൗനം ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന്. നാം പല കാര്യങ്ങള്‍ക്കും മൗനം പാലിക്കാറുണ്ട്. അപരന്‍ കരുതും ഇതിന് അവന് മറുപടിയില്ലാതായി, ഉത്തരം മുട്ടി എന്ന്. പക്ഷേ, നമ്മുടെ മുന്നറിവുകള്‍വച്ച് നാം മൗനം ദീക്ഷിക്കുകയാണ്. അപ്രകാരം സംസാരത്തിന് പല തട്ടുകളുമുള്ളപോലെ മൗനത്തിനും ഉണ്ട് തട്ടുകള്‍. അര്‍ഥഗര്‍ഭമായ മൗനം, ഉത്തരം കിട്ടാതാകുമ്പോഴത്തെ മൗനം, വിഷയത്തോട് വിരക്തി ഉള്ളതിനാലുള്ള മൗനം... അങ്ങനെ മൗനം പല രൂപത്തിലുണ്ട്. ചിലരുടെ തെറ്റുകള്‍ കണ്ടാല്‍ നാം മൗനം പാലിക്കും. തെറ്റുചെയ്തവനോടുള്ള ആ മൗനം അവനെ ശരിക്ക് കശക്കിക്കളയും. എന്തുകൊണ്ടാണ് തന്റെ ഗുരുനാഥന്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ മൗനം ദീക്ഷിച്ചത് എന്ന് കുട്ടി ചിന്തിക്കാന്‍ തുടങ്ങുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്യും. അങ്ങനെ മൗനത്തിന്റെ പല രൂപങ്ങളും മനുഷ്യമനസ്സുകള്‍ക്ക് പലതരം മേന്മകള്‍ പ്രദാനം ചെയ്യുന്നു.

ഇക്കാലത്ത് മൗനം പാലിച്ചിരിക്കാന്‍ ഇടങ്ങള്‍ കുറവാണ്. മൗനം പരിശീലിക്കുക വലിയൊരു മാനസിക വ്യായാമമാണ്. നമ്മുടെ ഉള്ളിലേക്കുതന്നെ നാം ശ്രദ്ധതിരിക്കുകയാണ്. താനനുഭവിക്കുന്ന പ്രയാസത്തിന്റെ കാരണം കണ്ടെത്താനും സ്വയം പരിഹാരം കണ്ടെത്താനും മൗനത്തിലൂടെ കഴിയുന്നു. ചിലപ്പോള്‍ നാം ദീര്‍ഘമായ മൗനത്തിനുശേഷം സുന്ദരമായ എഴുത്തിലേക്കും അതിനുശേഷം അത്യന്തം സുഖകരമായ മയക്കത്തിലേക്കും വഴുതിവീഴുന്നു. ജീവിതത്തിലെ ഏറ്റവും സുഖകരമായ ഉറക്കാമാണാ മയക്കം. അഞ്ചു മിനിറ്റുകൊണ്ട് രണ്ടു മണിക്കൂര്‍ വിശ്രമിച്ച പ്രതീതിയുമായി മനസ്സ് പൂര്‍വാധികം ഉണര്‍വോടെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു.

സക്കരിയാനബി(അ)യോടും മര്‍യംബീവിയോടുമൊക്കെ സുപ്രധാന സന്ദര്‍ഭങ്ങളിലൊക്കെ മൂന്നു ദിവസമൊക്കെ മൗനം പാലിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചതായി നമുക്ക് കാണാം. വളരെ ഗുണകരമായ എന്തെങ്കിലും കാര്യം അതിനും പിന്നിലുണ്ടാകും. റമദാനിലെ ഇഅ്തികാഫിലും മൗനം തന്നെയാണുദ്ദേശിക്കുന്നത്. എല്ലാ ഐഹികവ്യാപാരങ്ങളില്‍നിന്നും 10 ദിവസം മനസ്സിനെ അടര്‍ത്തിയെടുത്ത്, വ്രതാനുഷ്ഠാനവും രാത്രിനമസ്‌കാരവും കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച്, പുത്തനുണര്‍വോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് വിശ്വാസി. മറ്റൊരാള്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും പറയുന്ന ആളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഏറ്റവും നല്ല മാര്‍മഗമാണ്. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നാം കേള്‍ക്കുമ്പോള്‍ത്തന്നെ പറയുന്ന ആളുടെ മനസ്സിന്റെ ഭാരം ഒഴിയുകയും എല്ലാം ഒഴിഞ്ഞുതീരുമ്പോള്‍ നാം പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ശ്രവിക്കുകയും സ്വാംശീകരിക്കുകയും ചെയ്യും. അത് ഒരു മനുഷ്യന്റെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു.

അതെ! മൗനത്തിന്റെ രസം ആസ്വദിച്ചനുഭവിക്കുകതന്നെ വേണം. എന്നും പാതിരാവില്‍, ശാന്തമായ സമയത്ത്, ഇരുട്ടില്‍ കണ്ണടച്ച് മൗനം ശീലിക്കുക. അത് തരുന്ന ശക്തി ഓരോരുത്തര്‍ക്കും പലതായിരിക്കും. കാശ് കൊടുത്ത് വാങ്ങേണ്ടാത്ത ഏറ്റവും നല്ല മരുന്നാണ് മൗനം.


والسلام

2 comments: