Tuesday, May 20, 2014

പവിഴപ്പുറ്റുകളുടെ നാട്ടില്‍

ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനുശേഷം ഇക്കൊല്ലമാണ് ലക്ഷദ്വീപിലേക്ക് ഒരു യാത്ര നടത്തുക എന്ന മോഹം യാഥാര്‍ഥ്യമായത്. അല്‍ഹംദുലില്ലാഹ്.

എവിടെ നിന്ന് തുടങ്ങണം എന്നറിയുന്നില്ല. അഞ്ച് ദിവസം മാത്രം നീണ്ടുനിന്ന യാത്ര ഒരുപാട് അറിവുകളും അനുഭവങ്ങളും സന്തോഷങ്ങളും പ്രദാനം ചെയ്തു എന്ന് ആദ്യമായി പറയട്ടെ.

കടല്‍തന്നെ ഒരത്ഭുതം! അപ്പോള്‍ അതിലൂടെയുള്ള യാത്രയുടെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകളില്ല. എത്ര ആഴമാണ് കടലിന്! നാം അത് ചിന്തിക്കാറുണ്ടോ? ഓരോ കടലിലും ഉള്ള വെള്ളത്തിന്റെ അളവെത്രയായിരിക്കും! വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ അറ്റ്‌ലസ് നോക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് വായിക്കാനായപ്പോള്‍ അറ്റ്‌ലസ് വായിക്കാന്‍ തുടങ്ങി. 10 വയസ്സിലൊക്കെ ഓരോ സ്ഥലങ്ങള്‍ അറ്റ്‌ലസ് നോക്കി കണ്ടുപിടിക്കാന്‍ ഒരു ഹോബിയായിരുന്നു. സത്യത്തില്‍ ആ വായനയാണ് എന്നെ ഒരു സഞ്ചാരപ്രിയയാക്കിയത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരുപാട് പരിമിതികളുണ്ടെങ്കിലും പറ്റുംവിധം യാത്രചെയ്ത് നാടുകള്‍ കാണാന്‍ പടച്ചതമ്പുരാന്‍ അനുഗ്രഹിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്.

പണ്ട് എന്റെ ഒരു സുഹൃത്തിന്റെ വാപ്പാക്ക് ലക്ഷദ്വീപില്‍ (നേവി) ജോലി ഉണ്ടായപ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കണ്ട് ഞാന്‍ ഒരു വല്ലാത്ത അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. പവിഴപ്പുറ്റും മദര്‍പേളും ഒക്കെ അവരുടെ ഷോകേസില്‍ ഇരിക്കുന്നത് കണ്ട് ഞാന്‍ ആഹ്ലാദത്തോടെ നോക്കിനിന്നിട്ടുണ്ട്.

ALI MANIKFAN  and  his  daughter  AMINA MANIKKA

അലിമണിക്ഫാനെ പരിചയപ്പെട്ടതു മുതല്‍ എന്നെങ്കിലും ഒന്ന് ലക്ഷദ്വീപില്‍ പോകണം എന്ന് മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ദ്വീപില്‍ പോകണ്ടേ എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും: ടീച്ചര്‍, ആദ്യം പെര്‍മിറ്റ് ശരിയാക്ക്. അങ്ങനെ, എന്തായാലും ഈ വെക്കേഷന് ലക്ഷദ്വീപില്‍ പോയിട്ടുതന്നെ കാര്യം എന്നുറപ്പിച്ച് പ്ലാന്‍ ചെയ്തു. ഞാന്‍ കരുതിയത്, എറണാകുളം ഐലന്റിലെ ലക്ഷദ്വീപ് ഓഫീസില്‍ പോയാല്‍ ഉടനെ പെര്‍മിറ്റ് കിട്ടുമെന്നായിരുന്നു. കിട്ടിയാല്‍ രണ്ടു ദിവസം കൊണ്ട് പോകണമെന്നും. ചെന്നപ്പോഴാണ് ഓരോരോ കടമ്പകള്‍ അറിയുന്നത്. കൊണ്ടുപോകുന്ന ആളുടെ ഡിക്ലറേഷന്‍, അത് അഡ്മിനിസ്‌ട്രേറ്ററുടെ മുമ്പാകെ ഒപ്പിടണം... തുടങ്ങി നൂലാമാലകള്‍. ആദ്യ ദിവസം ഫോം ഒക്കെ വാങ്ങി പോന്നു. ഇനി രണ്ടാഴ്ചയ്ക്ക് (ഇലക്ഷന്‍, ഈസ്റ്റര്‍, വിഷു) ഒന്നും ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്ന് ഓഫീസില്‍നിന്നറിഞ്ഞു. എല്ലാ അവധി ദിവസങ്ങളും കഴിഞ്ഞ് ഏപ്രില്‍ 27ന് വീണ്ടും ഐലന്റില്‍ പോയി, മൂന്നു മണിവരെ അഡ്മിനിസ്‌ട്രേറ്ററെ കാത്തിരുന്നു. ഒരു രക്ഷയുമില്ല. അവസാനം, അവിടെ വെച്ച് പരിചയപ്പെട്ട സൂപ്രണ്ട് ഗഫൂര്‍സാഹിബ് എന്റെ സങ്കടം കണ്ട് അദ്ദേഹം തന്നെ ഡിക്ലറന്റ് ആയിക്കൊള്ളാം എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. ദ്വീപുകാരുടെ സ്‌നേഹവും ആത്മാര്‍ഥതയും തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു അദ്ദേഹത്തിലൂടെ. അദ്ദേഹം ഏപ്രില്‍ 30ന് കവരത്തിയിലേക്ക് ലീവിന് പോകുംമുമ്പ് എല്ലാം ശരിയാക്കണം. ഒരു പ്രതീക്ഷയും ഇല്ല. 

ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഫോണ്‍. ഇന്നുതന്നെ എസ്.ഐയുടെ കൈയില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മെയില്‍ ചെയ്യുക. കേട്ട ഉടന്‍ അതിന് പുറപ്പെട്ടു. അന്നുതന്നെ അയച്ചുകൊടുത്തു. വീണ്ടും പ്രശ്‌നം. 10-ാം തീയതി വരെ കപ്പലില്‍ ടിക്കറ്റില്ല. അതിനിടെ മണിക്ഫാനും മകളും വന്നു. ഒരു ദിവസം വൈകുന്നേരം വരെ അവര്‍ ക്യൂ നിന്നു കൊച്ചിയില്‍. അവസാനം ടിക്കറ്റില്ല എന്ന ദുഃഖവുമായി അവര്‍ തിരിച്ചുപോന്നു. യാത്രാരേഖകള്‍ ശരിയായി. ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്ത് മാര്‍ഗം? ഫ്‌ളൈറ്റില്‍ പോകാന്‍ ഇഷ്ടമില്ല. കടല്‍യാത്ര എന്ന ഹരം കൂടി ലക്ഷദ്വീപ് യാത്രയിലുള്ളതിനാല്‍ എയര്‍ടിക്കറ്റ് വേണ്ടെന്നുവെച്ചു. ബേപ്പൂര്‍നിന്ന് സ്പീഡ്‌ബോട്ട് ഉണ്ടാകും എന്നറിഞ്ഞ് മണിക്ഫാന്‍ അവിടേക്ക് പോയി. യാത്ര തിരിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ശരിയായി എന്നും പറഞ്ഞ് അവര്‍ വിളിച്ചു. അല്‍ഹംദുലില്ലാഹ്. നാളെ കാലത്ത് ആറുമണിക്ക് ബേപ്പൂര്‍ എത്തണം. എല്ലാം ശരിയാക്കി 6 മണിക്കുതന്നെ ബേപ്പൂരെത്തി. ബോട്ട് പോകാനുള്ള ഒരുക്കമൊന്നുമില്ല. അപ്പോള്‍ കേള്‍ക്കുന്നു, weather warn (കാലാവസ്ഥാ മുന്നറിയിപ്പ്) ഉണ്ട്. പോകുമോ എന്നറിയില്ല. കടല്‍ ഇളകിയാല്‍ സ്പീഡ്‌ബോട്ടിന് യാത്ര ചെയ്യാനാകില്ലത്രെ! ആകെ മനസ്സ് ചത്തു. അവിടെ നിന്നും നടന്നും ഇരുന്നും 10 മണിവരെ കഴിച്ചുകൂട്ടി. കടല്‍യാത്രയില്‍ ഛര്‍ദ്ദി ഉണ്ടാകും എന്നതിനാല്‍ ഒരു ചായ മാത്രമേ ഉള്ളൂ വയറ്റില്‍. കാലാവസ്ഥ ശരിയായി 10 മണിയോടെ ബോട്ടിലേക്ക് ആളെ വിളിക്കാന്‍ തുടങ്ങി. 
Speed boat 
ഇതിന്റെ മുഖവുര അല്പം നീണ്ടുപോയെന്നറിയാം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ എഴുതേണ്ടിവന്നു. ഒന്നുകൂടി ചുരുക്കിപ്പറയാം. ആദ്യംതന്നെ നമ്മളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരാളെ കിട്ടണം. 50 രൂപയ്ക്ക് ചലാന്‍ അടച്ചിട്ടുവേണം ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍. അതൊക്കെ പൂരിപ്പിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ ഒക്കെ ആയിട്ടു വേണം ഓഫീസില്‍ പോകാന്‍. അല്ലെങ്കില്‍ ഞാന്‍ എടങ്ങേറായ പോലെ എടങ്ങേറാകും. (സ്‌പോര്‍ടിന്റെ വക ടൂര്‍ പാക്കേജുണ്ട്. അതിന് ദ്വീപിലേക്കുള്ള യാത്രയ്ക്ക് 6,000/- ആകും. മാത്രമല്ല, സ്വാതന്ത്ര്യം കുറവായിരിക്കും). ഞങ്ങളുടെ യാത്രയില്‍ ആകെ 4,000/- ആയുള്ളൂ. മാത്രമല്ല, ദ്വീപിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോയി ആളുകളുമായി സംവദിക്കാന്‍ സാധിച്ചു. പാക്കേജില്‍ അതിനൊന്നും സ്വാതന്ത്ര്യമോ സൗകര്യമോ ലഭിക്കില്ല. വെറും മൂന്നു രാത്രിയും രണ്ട് പകലും മാത്രമേ രണ്ട് ദ്വീപുകളിലുമായി ചെലവഴിച്ചുള്ളൂ എങ്കിലും ഒരുപാട് enjoy ചെയ്തു. അത് മുഴുവന്‍ ഈ യാത്രാവിവരണത്തില്‍ നമുക്കൊന്നിച്ചാസ്വദിക്കാം. അല്ലാഹു തുണയ്ക്കട്ടെ. ആമീന്‍.
anthroth kadappuram
speed boat  ninn   nokkumpolathe  kadal
സുഹൃത്തുക്കളേ, നമ്മള്‍ ആവുംവിധം ഈ ഭൂമിയിലൂടെ സഞ്ചരിക്കണം. അല്ലാഹു അവന്റെ ഈ ഭൂമിയില്‍ ഒരുക്കിവെച്ച അദ്ഭുതങ്ങള്‍ കാണണം. അതിലൂടെ അവനെ, അവന്റെ മഹത്വത്തെ തിരിച്ചറിയുകയും അവന്‍ ഒരു പങ്കുകാരനുമില്ലാത്ത ഏകനാണെന്ന് തിരിച്ചറിയുകയും വേണം. കപ്പലിലെ കോലായിലെ മരബെഞ്ചിലിരുന്ന് കണ്ട സൂര്യാസ്തമയം! ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണക്കൂട്ടുകളുടെ സുന്ദരദൃശ്യങ്ങള്‍! അഭൗമമായ ആ സൗന്ദര്യത്തിന്റെ ആസ്വാദനത്തിനിടയില്‍ കരഞ്ഞുകൊണ്ട് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: 'നിനക്കൊന്ന് എന്നോട് മിണ്ടിക്കൂടേ' എന്ന്. അതാ വരുന്നു ഒരു ഖുര്‍ആന്‍ സൂക്തം: 'തീര്‍ച്ചയായും, ദിഗന്തങ്ങളിലും അവരുടെ ശരീരങ്ങളിലും നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ കാട്ടുന്നുണ്ട്. അങ്ങനെ, അവന്‍ സത്യമാണെന്ന് അവര്‍ക്ക് (മനുഷ്യര്‍ക്ക്) ബോധ്യമാകും'.

സമാധാനമായി. എന്റെ രക്ഷിതാവ് എന്നോട് സംസാരിച്ചു, ഖുര്‍ആനിലൂടെ. അല്‍ഹംദുലില്ലാഹ്. നാഥാ, ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നീ എന്ന ശക്തി സത്യമാണെന്ന്.

No comments:

Post a Comment