Monday, October 19, 2015

ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിയ കുട്ടിക്കാല സുഹൃത്തുക്കളും എന്റെ ഉത്തുത്തുവും

കാലത്തിന്റെ യാത്ര കണ്ടുനില്‍ക്കാന്‍ നല്ല രസമുണ്ട്. ഇലക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് എന്റെ വാര്‍ഡിന്റെ കിഴക്കുഭാഗത്തായിരുന്നു ഇന്നലത്തെ പര്യടനം. ഞാന്‍ പലപ്പോഴും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോയി. എന്റെ കുട്ടിക്കാല ഓര്‍മകള്‍ അവിടെ എത്തിയപ്പോള്‍ എന്നെ വരിഞ്ഞുമുറുക്കി. പലപ്പോഴും ഞാന്‍ ഇലക്ഷനും വോട്ടും ഒക്കെ മറന്നു. പൊട്ടിക്കരഞ്ഞുപോയി. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലം മാതാപിതാക്കളുള്ള കാലം. അവരുമായി ജീവിച്ച ഇടങ്ങളിലെ ഓര്‍മകള്‍ അവരില്ലാത്ത ഒരുകാലത്ത് മനുഷ്യനെ തകര്‍ത്തുതവിടുപൊടിയാക്കും. കണ്ണുനീര്‍ ധാരമുറിയാതെ ഒഴികിക്കൊണ്ടിരുന്നു.

ഞങ്ങള്‍ എട്ടുവയസ്സുവരെ ഈ നാട്ടിലല്ലായിരുന്നു. പിന്നീടാണ് എറിയാട് വന്നത്. ഈ നാട് ഞങ്ങള്‍ക്കൊരുപാട് നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്. എറിയാട് ബനാത്തിലെ വിദ്യാര്‍ഥിയായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ സമ്മാനം. ആ അറിവിനായി ഞാന്‍ സ്വയം തീരുമാനിച്ചുപോവുകയായിരുന്നു. എന്റെ സ്കൂള്‍സുഹൃത്തായിരുന്ന എഡ്‌വി (തങ്കമ്മടീട്ടറുടെ മകള്‍)യെ ഞാന്‍ കുറേ കാലത്തിനുശേഷമാണ് കാണുന്നത്. എന്നെ കണ്ടതും, "മോളേ, നീ വോട്ടിന് നില്‍ക്കുന്നെന്നറിഞ്ഞു. പിന്നെ, സ്നേഹത്തിന്റെ, സങ്കടത്തിന്റെ, മാതാപിതാക്കള്‍ടെ വേര്‍പാടിന്റെ വേദനയുടെ, ഏകാന്തതയുടെ സമ്മിശ്രഭാവങ്ങളോടെ എന്നെ കെട്ടിപ്പിടിച്ച്, ഞാനൊന്ന് പൊട്ടിക്കരയട്ടെ എന്നും പറഞ്ഞ് എന്റെ തോളില്‍ കിടന്ന് ഒറ്റക്കരച്ചിലായിരുന്നു. എനിക്കും കരച്ചിലടക്കാനായില്ല. പഴയ സ്നേഹത്തിന്റെ ആര്‍ദ്രത പുതിയ തലമുറയ്ക്ക് എനിക്ക് കഴിയുംവിധം ഇവിടെ പകര്‍ത്തുകയാണ്. 

പലപ്പോഴും ഞാനോര്‍ത്തു, ഞാനൊരു ചിത്രകാരരരിയായിരുന്നെങ്കില്‍, എന്റെ പഴയ ഗ്രാമത്തെ, എന്റെ നാട്ടുവഴികളെ, ഞങ്ങള്‍ ബനാത്തിലേക്ക് പോയിരുന്ന വഴിയിലെ സുന്ദരമായ നെല്‍പ്പാടത്തെ, വഴിയുടെ അതിരുകളിലുള്ള വലിയ അയ്‌നിമരങ്ങളെ, കൈതോലയില്‍ തൂങ്ങിനില്‍ക്കുന്ന കൈതപ്പൂവ്... ഒക്കെ വരച്ചേനെ. എനിക്ക് വയ്യ. എല്ലാ ഗ്രാമങ്ങളും നഗരമായി മാറിയിട്ടും ഗ്രാമീണസ്നേഹം ഇവിടെ ബാക്കിനില്‍ക്കുന്നു. ഞാന്‍ എട്ടുവയസ്സു മുതല്‍ 19 വയസ്സുവരെ ചിലവഴിച്ച എന്റെ വീടും പരിസരപ്രദേശങ്ങളും വീത്താത്താടെ വീട്ടില്‍ ചെന്നപ്പോള്‍ (റിയാദിലുള്ള കെ.കെ.ഹുസൈന്റെ ഉമ്മ) പണ്ട് പെരുന്നാളിന് പെണ്ണുങ്ങളെല്ലാം ഉച്ചകഴിഞ്ഞാല്‍ അവരുടെ വീട്ടില്‍ ഒരുമിച്ചുകൂടി, കൈകൊട്ടിപ്പാടുമായിരുന്നു. വലപ്പാടുനിന്ന് എറിയാടെത്തിയ ഞങ്ങള്‍ക്കത് പുതുമയായിരുന്നു. പുതുമയായിരുന്നു. മാരരന്നബി അയിശാ തോരിലായി എന്ന പാട്ട് എല്ലാവരും കൂടിയിരുന്ന് കൊട്ടിപ്പാടിയ ഓര്‍മകള്‍... അതിലെ പലരും ഇന്നില്ല. കളിയും കൊട്ടും മൂക്കുമ്പോള്‍ ഒരാള്‍ മണ്‍കുടം എടുത്ത് പ്രത്യേക താളത്തില്‍ ഊതും. പടച്ചവനേ, ഇനിയൊരിക്കലും ആ കാലം തിരിച്ചുവരില്ല. "താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ" എന്ന പാട്ടും അന്ന് പാടുമായിരുന്നു. അന്നത്തെ ഇശലുകള്‍ വേറെയായിരുന്നു. അതൊക്കെ എഴുതാനിരുന്നാല്‍ ഒരുപാടായിപ്പോകും. പണ്ട് തെങ്ങുകയറ്റം വരണത് വലിയ സന്തോഷമാണ്. എന്തിനായിരുന്നു സന്തോഷം എന്നറിയില്ല. തേങ്ങയില്‍നിന്ന് കിട്ടുന്ന കാക്കപ്പൊന്ന് എന്ന് ഞങ്ങള്‍ പറയുന്ന ഒരു കറ. അത് തിന്നും. ഇതൊക്കെ പങ്കുവെക്കാന്‍ ഉണ്ടായ എന്റെ പ്രിയപ്പെട്ട ഇത്താത്തയും കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടു. എന്റെ എഴുത്തുതന്നെ നിര്‍ത്തിക്കളഞ്ഞു ആ വേര്‍പാട്. ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ ആള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്നേഹത്തോടെ എന്നെ കളിയാക്കിക്കൊല്ലും. ഇത് വായിക്കുന്ന എന്റെ കുഞ്ഞിക്കാക്ക (അഹ്മദ് ബാവ) കരയും എന്നുറപ്പ്. കൂടെപ്പിറപ്പുകളുമായുള്ള ഓര്‍മകള്‍ക്ക് മധുരം കൂടുക പ്രായംചെല്ലുമ്പോഴാണ്. ഞാനിപ്പോള്‍ അനുഭവിക്കുന്ന ചങ്കുപൊട്ടുന്ന ഒരു വേദനയില്‍ ഓര്‍ക്കുന്നത് എനിക്കെഴുതാന്‍ പഠിക്കേണ്ടിയിരുന്നില്ലായിരുന്നു എന്നാണ്. അത്രയ്ക്ക് വേദനയാണ് എഴുത്തുകാരുടെ 'പ്രസവവേദന'.

നാടിന്റെ ഓര്‍മയില്‍ തങ്ക എന്ന സുഹൃത്ത് വരാതിരിക്കില്ല. അകാലത്തില്‍ അവളുടെ അമ്മ മരിച്ചു. അച്ഛന്‍ രോഗി. ഞങ്ങളുടെ തെക്കേഅയല്‍വാസികളായിരുന്നു. ചേട്ടനും -കണ്ണപ്പു- പലവിധ അസുഖങ്ങള്‍. അന്ന് അദ്ദേഹം അല്പസ്വല്പം എഴുതുമായിരുന്നു എന്ന് എന്റെ ചെറിയ ഓര്‍മയില്‍ ഉണ്ട്. വീണ്ടും, അച്ഛനും ഏകസഹോദരനും കൂടി നഷ്ടപ്പെട്ടപ്പോള്‍ എന്റെ തങ്ക തീര്‍ത്തും അനാഥയായി. താഴെ രണ്ട് പെണ്‍കുട്ടികള്‍. എങ്കിലും അവള്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിനേടി. ഞങ്ങളും അവരുമൊക്കെയായുള്ള ഒരു ബന്ധമുണ്ട്. അത് എഴുതാന്‍ എന്റെ പേന അശക്തം. ഇളയ അനിയത്തീടെ കല്യാണം, നമ്മുടെ ഒരനിയത്തിയുടെ കല്യാണം പൊലെയാണ് കണക്കാക്കിയത്. പ്രസവമൊക്കെ കഴിഞ്ഞപ്പോള്‍ തങ്ക എന്നെ വിളിച്ചുപറഞ്ഞു: "നിങ്ങള്‍ടെ മോള്‍ പ്രസവിച്ചു, ആണ്‍കുട്ടി" എന്ന്. സ്നേഹത്തിന് ജാതിയും മതവുമൊന്നും വിഷയമല്ല. എന്റെ ഉമ്മ, രോഗിയായ അവരുടെ അച്ഛന് എന്റെ കൈയില്‍ എന്തെങ്കിലുമൊക്കെ തന്നയക്കുമായിരുന്നു. ഞങ്ങളുടെയൊക്കെ കല്യാണം കഴിയാത്തതില്‍ ഉമ്മാക്ക് വേദനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ സഹായിക്കണം എന്നത് ഉമ്മാടെ ഒരു വസിയത്തുപോലെയായിരുന്നു. എന്റെ ഉമ്മാക്ക് അത്തരം കുറേ ആള്‍ക്കാരുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ ആര്‍ദ്രതയാണ് ഇലക്ഷന്‍വര്‍ക്കിനിടയില്‍ എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിക്കളഞ്ഞത്. മരിച്ചുപോയ കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ - അമ്മിണിച്ചേച്ചി, ഗോപാലേട്ടന്‍, ആണ്ടുച്ചോന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചീരപ്പറമ്പില്‍ ആണ്ടു - ഇവരുടെയൊക്കെ മക്കളെയും പേരക്കുട്ടികളെയും കണ്ടപ്പോള്‍... അവരുടെ ഓരോരുത്തരുടെയും വിശേഷങ്ങളും ഒക്കെ കേള്‍ക്കലില്‍ സ്നേഹപ്രകടനങ്ങളില്‍ ഇലക്ഷന്‍തന്നെ മറന്നുപോയി. ഞങ്ങളുടെ വിട്ടിലെ ഒരു ബന്ധവുമില്ലാതിരുന്ന, തീര്‍ത്തും അനാഥയായിരുന്ന ഉത്തുത്തു അക്കാലഘട്ടത്തിലെ പ്രധാന കഥാപാത്രമാണ്. ഒരു ചെറുകഥാമത്സരത്തിന് ഞാന്‍ ഉത്തുത്തുവിന്റെ കഥയെഴുതി രണ്ടാംസമ്മാനം നേടിയിരുന്നു. ഒരേദിവസം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉമ്പാത്തു - ബാലിക. അയല്‍വാസിയായിരുന്ന കൊച്ചലീമ എന്ന എന്റെ വല്യവല്യുമ്മാടെ (ഉമ്മാടെ വല്യുമ്മ) വീട്ടിലെത്തുന്നു. പിന്നീട് അവരുടെ മകളെപ്പോലെ വളര്‍ത്തി. അന്നൊക്കെ എത്ര മകളെപ്പോലെ എന്നു പറഞ്ഞാലും പണിക്കാരി എന്നേ പറയാനൊക്കൂ. പക്ഷേ, അനന്തരാവകാശംപോലെ എന്റെ ഉമ്മാടെ കൈയിലെത്തിയപ്പോള്‍ രാജാത്തിയെപ്പോലെ ഞങ്ങളുടെ സ്വന്തം വെല്ലിമ്മാനെക്കാള്‍ ഞങ്ങളെ സ്നേഹിച്ചും ഞങ്ങള്‍ സ്നേഹിച്ചും നീങ്ങി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടുപോയ എന്റെ ഇത്താത്താനെ ഞാന്‍ ഉത്തൂത്തൂന്റെ മോള്‍ എന്നയര്‍ഥത്തില്‍ 'ഉത്തൂന്റോള്‍' എന്ന് വിളിച്ചു. പിന്നീട് കുട്ടികളൊക്കെ ഇത്താത്താനെ ഉത്തുത്തു എന്നു വിളിച്ചു. ഇന്നും ഒരുപാടുപേര്‍ ഇത്താത്താനെ ഉത്തുത്തു എന്നാണ് പറയുന്നത്. ഞങ്ങളുടെ ആദ്യത്തെ ഉത്തുത്തു കോണിപ്പടിയില്‍നിന്ന് വീണ് അബോധാവസ്ഥയില്‍ 44 ദിവസം കിടന്ന് മരിച്ചു. ഇത്താത്താക്ക് സ്വന്തം ഉമ്മയാണ് ആ മരണത്തിലൂടെ നഷ്ടമായത്. അവരെ ശുശ്രൂഷിച്ചതൊക്കെ അന്നത്തെ തലമുറയ്ക്ക് ഒരല്‍ഭുതമായിരുന്നു. എന്റെ ഉമ്മാക്കും ഇത്താത്താക്കും ആ അനാഥയെ ശുശ്രൂഷിച്ചതിനുള്ള കൂലികൊണ്ട് സ്വര്‍ഗം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


എന്റെ ഓര്‍മകളുടെ ഭാണ്ഡങ്ങളില്‍ കണ്ണുനനയിക്കുന്നതും സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒക്കെയായി ഒരുപാടുണ്ട്. കുറുമ്പിയായിരുന്ന ഇത്താത്താടെ ഓര്‍മകളും ഒപ്പം വരും. ലോകം ഒരുപാട് വേദനകള്‍ നിറഞ്ഞതാണ്. ഇന്നലെ കണ്ട എഡ്‌വി ഒരു കൂടപ്പിറപ്പിനെത്തേടി എന്റെ ചുമലില്‍ തലചായ്ച്ചു കരഞ്ഞതാണ് എന്നെനിക്ക് തോന്നുന്നു. എഡ്‌വീ, ഞാന്‍ നിന്റെയടുത്ത് കുറച്ചുനേരം ചെലവഴിക്കാന്‍ വരാം മോളേ.

Monday, October 5, 2015

എന്ന് സ്വന്തം മൊയ്തീന്‍ - സംഭവബഹുലമായ ചരിത്രം

"ദെത്താ, ജി വാച്ചികെട്ടാണ്ടേ പോന്നത്?"
(മൊയ്തീന്‍-കാഞ്ചനമാല, ഒരപൂര്‍വ പ്രണയജീവിതം, p.118, പി.ടി.മുഹമ്മദ് സ്വാദിഖ്)

മലബാര്‍ ഭാഷ അറിയാത്തവര്‍ക്കായി അത് ഇങ്ങനെ പരിഭാഷപ്പെടുത്താം: "എന്താ മോനേ, നീ വാച്ച് കെട്ടാതെയാണോ പോന്നത്?" മൊയ്തീന്റെ വാപ്പ വാച്ചുമായി സ്കൂളില്‍ വന്ന് മൊയ്തീന് വാച്ച് കെയ്യിക്കൊടുക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ്. ഇതിവിടെ എടുത്തെഴുതിയത് ഈ പുസ്തകത്തിന്റെ ഒരാസ്വാദനക്കുറിപ്പ് എഴാതാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ വരികളായതിനാലാണ്. ഒരു പിതാവിന്റെ മകനോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അങ്ങേയറ്റത്തെ രൂപം. ഈ സ്നേഹനദിയില്‍ സഞ്ചരിക്കവെയാണ് മൊയ്തീന്‍ അന്യമതക്കാരിയായ കാഞ്ചനമാലയെ പ്രണയിക്കുന്നതും സംഭവബഹുലമായ ഒരു ചരിത്രത്തിലേക്ക് നടന്നുനീങ്ങിയതും. രണ്ടാഴ്ചയോളമായി കേരളം 'എന്ന് സ്വന്തം മൊയ്തീന്‍' എന്ന ചലച്ചിത്രം കാണാന്‍ ജാതി-മത-ലിംഗ-പ്രായവ്യത്യാസമില്ലാതെ ആര്‍ത്തിരമ്പി എത്തുകയാണ്. ചലച്ചിത്രത്തിന് മനുഷ്യമനസ്സുകളില്‍ ഒരിപാട് സ്വാധീനം ചെലുത്താനാകും. 'മെസ്സേജ്' എന്ന ഇംഗ്ലീഷ് സിനിമ പ്രവാചകന്റെ 23 കൊല്ലത്തെ പ്രബോധനജീവിതം എത്ര ഭംഗിയായാണ് അവതരിപ്പിക്കുന്നത്!

കാറ്റുവീശി വരുന്നത് കാണുമ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥനയുണ്: "അല്ലാഹുവേ, ഇതിന്റെ നന്മകള്‍ക്കായി ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഇതിന്റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോടഭയം തേടുന്നു." പ്രണയം കാണുമ്പോള്‍ ഞാനും ഇത് പ്രാര്‍ഥിക്കാറുണ്ട്. മൊയ്തീന്‍ യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന കോളിളക്കം ഓര്‍മിക്കുമ്പോള്‍ ഞാനും പ്രാര്‍ഥിക്കുന്നു. ഈ സിനിമയുടെ നന്മകള്‍ സമൂഹത്തിലുണ്ടാവട്ടെ. തിന്മകള്‍ ആരും മാതൃകയാക്കാതിരിക്കട്ടെ.

സ്നേഹനിധിയായ പിതാവിനെ ധിക്കരിക്കുന്ന വാക്കുകള്‍ ഉരുവിടുന്ന മൊയ്തീനെ ആരും മാതൃകയാക്കേണ്ട. മറിച്ച്, നിഷ്കളങ്കപ്രണയത്തെ സാക്ഷാല്‍ക്കരിക്കാനായി മൊയ്തീന്‍ ചെയ്ത നന്മകള്‍ സമൂഹം എടുത്തണിയട്ടെ. സിനിമ കണ്ടവര്‍ പി.ടി.സാദിഖിന്റെ ഈ പുസ്തകം കൂടി വായിക്കണം. എങ്കിലേ, ആ പ്രണയജീവിതത്തോടുള്ള നീതി നടപ്പാവുകയുള്ളൂ. നേതാജിയുടെ കുടുംബത്തോടാണ് ലോകത്തേറ്റവും ഇഷ്ടം എന്നു പറയുന്ന മൊയ്തീനെ പുസ്തകത്തില്‍ നമുക്ക് കാണാം. അദ്ദേഹത്തിന്റെ മകള്‍ അനിതയുടെ പേര് സാമൂഹ്യപ്രവര്‍ത്തനത്തിനിടയില്‍ കുട്ടികളുടെ ക്ലബ്ബിനായി മൊയ്തീന്‍ തിരഞ്ഞെടുക്കുമ്പോള്‍ കറകളഞ്ഞ ധീരനും രാജ്യസ്നേഹിയുമായ മൊയ്തീനെ നമുക്കവിടെ കാണാം. മനോരമ ചാനലിലെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു, സംവിധായകന്‍ വിമലും നടന്‍ പൃഥ്വിരാജും പറയുന്നുണ്ട്: മോയ്തീന്റെ ജീവിതംവെച്ച് ഇനിയും ഒരു 10 സിനിമയ്ക്കുള്ള സ്കോപ്പുണ്ടെന്ന്. അതെ, മൊയ്തീന്‍ വെള്ളത്തില്‍ പൊലിഞ്ഞുപോയതിനുശേഷമുള്ള ജീവിതം വലിയൊരു സാമൂഹ്യസേവനത്തിന്റെ തേജസ്സുള്ള വിളക്കുമായാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഉമ്മയും കന്യകയായ 'ഭാര്യ'യും സമൂഹത്തിലേക്കിറങ്ങുന്നത്. സമാനതകളില്ലാത്ത വേദനയാണ് രണ്ടുപേരും അനുഭവിക്കുന്നത്.

മകന്റെ പ്രണയംമൂലം പാത്തുമ്മയ്ക്ക് നഷ്ടപ്പെട്ടത് മുക്കം സുല്‍ത്താനായിരുന്ന തന്റെ ഭര്‍ത്താവിനെയാണ്. എനിക്ക് തോന്നുന്നത് ഈ സംഭവബഹുലമായ കഥയിലെ ഏറ്റവും വലിയ ഹീറോ മൊയ്തീന്റെ ഉമ്മയാണ്. കാഞ്ചനമാലയെ ജീവിതത്തിലേക്കും സേവനത്തിലേക്കും തിരിച്ചുകൊണ്ടുവരുന്നത് സ്നേഹവതിയും തന്റേടിയും ധീരയുമായ ഉമ്മയാണ്. അവരുടെ കൈത്താങ്ങിനെ കാഞ്ചനമാല നിരീക്ഷിക്കുന്നത് പുസ്തകത്തില്‍ വായിച്ചാല്‍ ഹൃദയത്തില്‍ സ്നേഹമുള്ള ആരുടെയും കണ്ണുകള്‍ കണ്ണുനീരിന്റെ സ്നേഹമഴ ചൊരിയാതിരിക്കില്ല. "എന്റെ മൊയ്തീനെ ചുമന്ന ഗര്‍ഭപാത്രത്തിനുടമയല്ലേ ഉമ്മ" എന്ന് കാഞ്ചനമാല തിരിച്ചറിഞ്ഞ്, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഉമ്മാ, ഞാനിനി മരിക്കൂല എന്ന് ഉമ്മാക്ക് വാക്കുകൊടുക്കുന്നു. പാവംസ്ത്രീ എന്ന് നമ്മള്‍ പറഞ്ഞുപോകുമെങ്കിലും വേശ്യക്കോളനിയില്‍ പോയി വേശ്യകളായ സ്ത്രീകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന, നീതിക്കുവേണ്ടി ഉരുക്കുശബ്ദം ഉതിര്‍ക്കുന്ന അബലയായ, അനാഥയായ മുത്തുലക്ഷ്മിക്ക് രാത്രിസമയത്ത് അഭയം കൊടുക്കുന്ന കാഞ്ചനമാല. ഒരു വിമോചനപ്രസ്ഥാനത്തിനും ചെയ്യാന്‍ പറ്റുന്നതിലുമുപരിയായി സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും അബലകള്‍ക്കും വേണ്ടി ദശകങ്ങളായി നിശ്ശബ്ദസേവനം ചെയ്യുന്ന മഹതിയാണവര്‍. ആത്മഹത്യയുടെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരാള്‍ക്ക് ഇത്രമാത്രം ചെയ്യാന്‍ കഴിയുമോ എന്ന് വായനക്കാരനെ അന്ധാളിപ്പിച്ചുകളയും ഈ പുസ്തകം. അതിന് കാഞ്ചനമാലയെന്ന ജീവിക്കുന്ന രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാന്‍ പാത്തുമ്മ എന്ന മൊയ്തീന്റെ ഉമ്മ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉമ്മ. മോനെ കൊലയ്ക്കുകൊടുത്തവള്‍, തന്റെ സുഖജീവിതം നശിപ്പിച്ചവള്‍ എന്നൊക്കെ പറഞ്ഞ് ആ ഉമ്മാക്ക് പകയും പേറി ജീവിക്കാമായിരുന്നു. നമസ്കരിക്കുന്ന മുസല്ല മാത്രം എടുത്തുകൊണ്ട്, ശൂരനായ ഭര്‍ത്താവിനോട് ധീരമായി യാത്രപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്ന പാത്തുമ്മയെ ലെന എന്ന അഭിനേത്രി അവതരിപ്പിക്കുന്ന രംഗം ആരുടെയും ഹൃദയത്തെ ഉദ്വേഗത്തിലും ദുഃഖത്തിലും തള്ളിവിടാന്‍ പോന്നതാണ്.

സിനിമയോ പുസ്തകമോ നല്ലത് എന്നു ചോദിച്ചാല്‍ ഒരുമാര്‍ക്ക് കൂടുതല്‍ പുസ്തകത്തിനാണ് എന്ന് ഞാന്‍ പറയും. എന്റെ വിദ്യാര്‍ഥിതുല്യനായ തിരുവനന്തപുരത്തുകാരന്‍ അഷ്കര്‍ കബീര്‍ പറഞ്ഞപ്പോള്‍ ഈ പുസ്തകം ഇത്ര ടച്ചിങ് ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. "ടീച്ചര്‍, പുസ്തകം വായിക്കണം. സിനിമയും കാണണം." രണ്ടും ഞാന്‍ ചെയ്തു. അപാരം എന്നു പറയാതെ നിവൃത്തിയില്ല. പുസ്തകം വെറും മഷിയും കടലാസും ആയിട്ടുപോലും ഒറ്റ ഇരുപ്പിന് 150 പേജുകള്‍ വായിച്ചുതീര്‍ത്തു. ലളിതമായ ശൈലിയും ആര്‍ദ്രമായ ഭാവങ്ങളും കൊണ്ട് നിബിഢമാണ് പുസ്തകം. മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ അടുത്ത സുഹൃത്തും കൊടിയത്തൂരിലെ സ്ഥിരം ആതിഥേയനുമായിരുന്നത്രെ മൊയ്തീന്റെ വാപ്പ. ഒരിക്കല്‍ തോണിയാത്രയില്‍ കുട്ടിയായ മൊയ്തീനെ വെള്ളത്തിലേക്കിടട്ടെ എന്ന് സാഹിബ് തമാശയ്ക്ക് ചോദിച്ചതും "ഇച്ച് നീന്താനറിയാം" എന്ന് മൊയ്തീന്‍ പറഞ്ഞതും ഒക്കെ പുസ്തകത്തില്‍നിന്ന് കിട്ടിയ കണ്ണുനനയിക്കുന്ന വിവരണങ്ങളാണ്. കാഞ്ചനയുടെ പിതാവ് ദേശസ്നേഹത്താല്‍ വീട്ടില്‍ ചര്‍ക്കതിരിച്ചുണ്ടാക്കുന്ന വസ്ത്രം ധരിച്ചാല്‍ മതി എന്ന് തീരുമാനിച്ച മഹാനായ വ്യക്തിയാണ്. അങ്ങനെ പല മഹത്തായ മൂല്യങ്ങളും പുസ്തകത്തിലൂടെ വെളിച്ചംകാണുന്നു. സിനിമയില്‍ ഏതോ ഒരിടത്ത് ചര്‍ക്ക തിരിക്കുന്ന ഒരു രംഗം കണ്ടതായോര്‍ക്കുന്നു.

ഈ പുസ്തകത്തെയും ഇവരുടെ ലോകോത്തര പ്രണയജീവിതത്തെയും ഇരുവരുടെയും സാമൂഹ്യസേവനങ്ങളുടെയും കഥകള്‍ ലോകം അറിയാന്‍ വൈകിപ്പോയോ? അറബിയിലേക്ക് മൊഴിമാറ്റം നടത്തണമെന്നാഗ്രഹമുണ്ട്. സിനിമ ഇറങ്ങിയപ്പോഴത്തെ ചര്‍ച്ചയില്‍ എന്റെ സുഹൃത്ത് റുഖിയ ടീച്ചര്‍ (എസ്.എസ്.എം.എച്ച്.എസ് അഴിക്കോട്) പറഞ്ഞു: ടീച്ചറേ, ഇത് ഞങ്ങള്‍ടെ നാട്ടിലുണ്ടായ കഥയാണ്. മുക്കത്തെ കോടീശ്വരന്മാര്‍ - രണ്ടു കുടുംബങ്ങളും അന്നത്തെ ഏറ്റവും ധനാഢ്യര്‍, തറവാട്ടുകാര്‍. മൊയ്തീന്റെ സൌന്ദര്യത്തെയും സ്വഭാവത്തെയും വര്‍ണിക്കാന്‍ റുഖിയക്ക് നൂറുനാവ്. കാറ് കണ്ടിട്ടില്ലാത്ത കാലത്ത്, ഭ്രാന്തന്മാരെയൊക്കെ പുഴയില്‍ കൊണ്ടുപോയി, നല്ല സോപ്പൊക്കെയിട്ട് കുളിപ്പിച്ചു വൃത്തിയാക്കി കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവരുന്ന മൊയ്തീനെ ടീച്ചര്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സില്‍ മൊയ്തീന്‍ കയറിക്കൂടി. നമ്മുടെയൊക്കെ പിതാവാകാനുള്ള പ്രായം അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നു. ഏതായാലും അന്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും മനുഷ്യത്വത്തിന്റെ ഉന്നതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, പ്രണയിച്ച സ്ത്രീയെയും സ്നേഹനിധിയായ ഉമ്മയെയും വിട്ട് മൊയ്തീന്‍ വിധിക്ക് കീഴടങ്ങി. ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവവിധിക്ക് കീഴടങ്ങാതെ നിവൃത്തിയില്ല എന്നേ പറയാനാകൂ. അന്ത്യസമയങ്ങളില്‍ അദ്ദേഹം വല്ലാതെ ദുഃഖത്തിനും നിരാശയ്ക്കും അടിപ്പെടാന്‍ തുടങ്ങിയിരുന്നു എന്ന് കാഞ്ചനമാല എവിടെയോ ഓര്‍മിച്ചെടുക്കുന്നുണ്ട്. പക്ഷേ, പിന്നീട് ഉടന്‍തന്നെ പ്രതീക്ഷയുള്ള കത്ത് വന്നതായും ഓര്‍മിക്കുന്നു. അറിയില്ല, വെള്ളത്തില്‍നിന്ന് ഇനി കയറേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുമോ എന്ന് സംശയിച്ചുപോകും, അദ്ദേഹം അനുഭവിച്ച വേദനകള്‍ ചേര്‍ത്തുവെക്കുമ്പോള്‍.

അവരുടെ വിശ്വാസത്തെ ഞാന്‍ ഇവിടെ ഇഴപിരിക്കാനാഗ്രഹിക്കുന്നില്ല. പക്ഷേ, നന്മകള്‍ ആരില്‍ കണ്ടാലും അത് നന്മയായി തിരിച്ചറിയാന്‍ കഴിയണം എന്ന ഒരു സത്യം ഉണ്ടല്ലോ. യുവാക്കള്‍ക്ക് അതിനുള്ള ദിശാബോധം ഈ സിനിമയും പുസ്തകവും നല്‍കിയാല്‍ ഈ ചരിത്രത്തിന് കൂടുതല്‍ മിഴിവുണ്ടാകും.


എന്ന്, നിങ്ങളുടെ സ്വന്തം ടീച്ചര്‍