Tuesday, September 14, 2010

ഖുര്‍ആനിലെ അദ്ഭുതങ്ങള്‍

അല്ലാഹു പറയുന്നു: ''ഒരു കൊതുകിനെയോ അതിന്റെ മുകളിലുള്ളതിനെയോ ഉപമിക്കാന്‍ അല്ലാഹുവിന് ലജ്ജയില്ല. എന്നാല്‍, വിശ്വസിച്ചവര്‍ക്കറിയാം അത് തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാണെന്ന്. എന്നാല്‍ നിഷേധികള്‍ പറയും, ഈ ഉപമ മുഖേന അല്ലാഹു എന്താണ് ഉദ്ദേശിച്ചതെന്ന്. ഇതുമൂലം അല്ലാഹു പലരെയും ദുര്‍മാര്‍ഗത്തിലാക്കുന്നു. പലര്‍ക്കും നേര്‍മാര്‍ഗം നല്‍കുകയും ചെയ്യുന്നു. അധര്‍മകാരികളെയാണ് അല്ലാഠു വഴികേടിലാക്കുന്നത്.'' (അല്‍ബഖറ: 26)

പ്രാണിവര്‍ഗങ്ങളില്‍ എന്നല്ല, ജീവികളില്‍ മനുഷ്യന് ഏറ്റവും ഉപദ്രവകാരിയായ ഒന്നാണ് കൊതുക്. അതില്‍ത്തന്നെ രോഗം പരത്തുന്നത് പെണ്‍കൊതുകുകളാണ്. ഖുര്‍ആന്‍ 'ബഊളത്ത്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. പെണ്‍കൊതുകിനും കൊതുകുവര്‍ഗത്തിനും ഈ വാക്കുപയോഗിക്കുന്നു.

മഹത്തായ ആശയങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ വളരെ ചെറുതായ ഈ പ്രാണി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ സ്രഷ്ടാവ് എന്തെങ്കിലും രഹസ്യങ്ങള്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കും.

അതിന്റെ സൃഷ്ടിപ്പിന്റെ അതിസങ്കീര്‍ണതകള്‍ നമുക്കൊന്ന് പരിശോധിക്കാം. വളരെ തൂക്കം കുറഞ്ഞ ഒരു പ്രാണിയായ കൊതുകില്‍ ഒരുപാടാളുകളെ രോഗബാധിതരാക്കാനുള്ള രോഗാണുക്കള്‍ ഉണ്ടെന്നറിയുമ്പോള്‍ നാം അദ്ഭുതപ്പെട്ടുപോകും. കൊതുക് മനുഷ്യനെ കടിക്കുന്നതിനുമുമ്പ് അതിന്റെ ഉമിനീര്‍ മനുഷ്യശരീരത്തില്‍ ലേപനം ചെയ്യുന്നു. രക്തം വേഗം വലിച്ചെടുക്കാനും ഒരുപക്ഷേ, വിധേയന്‍ അറിയാതിരിക്കാനും വേണ്ടിയാകാം ഈ പരിപാടി. എന്നാല്‍ ഈ ലേപനത്തോടൊപ്പം മനുഷ്യശരീരത്തിലേക്ക് രോഗാണു പ്രവേശിക്കുന്നു. മലേറിയ പടര്‍ത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകള്‍ അതിമാരകമായ രോഗാണുക്കളെയാണ് കടത്തിവിടുന്നത്. വര്‍ഷംപ്രതി ഒരുലക്ഷം മനുഷ്യര്‍ മലേറിയ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും മരിച്ചുവീഴുന്നുണ്ട്. ഇതില്‍ത്തന്നെ ആഫ്രിക്കയിലെ ശിശുക്കളെയാണ് ഈ അസുഖം അധികവും ബാധിക്കുന്നത്. ലോകത്ത് രണ്ടായിരത്തിലധികം കൊതുകിന്റെ ഇനങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.

ഈ ജീവിക്ക് മനുഷ്യശരീരത്തില്‍നിന്ന് വളരെവേഗം രക്തം വലിച്ചെടുക്കാനുള്ള രണ്ട് കുഴലുകളുണ്ട്. മനുഷ്യശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിനിലുള്ള പ്രോട്ടീനുകളുപയോഗിച്ചാണ് പെണ്‍കൊതുകുകള്‍ അണ്ഡങ്ങളെ പോഷിപ്പിക്കുന്നത്. അതായത്, ഇവയുടെ പ്രത്യുല്‍പ്പാദനശേഷി മനുഷ്യരക്തത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നര്‍ഥം.

മനുഷ്യശരീരത്തിലെത്തിപ്പെടുന്ന മലേറിയയുടെ അണുക്കള്‍ നേരെ കരളിലേക്കാണെത്തിപ്പെടുന്നത്. മലേറിയാ അണുക്കളില്‍ ഒന്നിന് 4,000 പുതിയ അണുക്കളെ പടച്ചുവിടാന്‍ കഴിവുണ്ട് എന്നു കാണുമ്പോള്‍ അവയുടെ കഴിവ് നമുക്ക് ഊഹിക്കാവുന്നതാണ്. ഈവക എല്ലാത്തിനെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന സര്‍വശക്തനായ റബ്ബ് എത്ര ഉന്നതന്‍!

കരളിലെത്തുന്ന അണുക്കള്‍ രണ്ടാഴ്ച കൊണ്ട് പെരുകുന്നു. കരളിനോ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിനോ ഇവയെ നേരിടാനുള്ള ശക്തി ലഭിക്കുന്നില്ല. ആ അണുക്കള്‍ രക്തകോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുകയും ശ്വാസകോശം, പേശികള്‍ എന്നിവയിലെ കോശങ്ങളെ നശിപ്പിക്കുകയും അവസാനഘട്ടത്തില്‍ തലച്ചോറിലെത്തുകയും തലച്ചോറിന്റെ കോശങ്ങളെ തകര്‍ത്ത് രോഗിയെ 'കോമ'യിലാക്കുകയും ചെയ്യുന്നു. രോഗിക്ക് ക്രമേണ ജീവന്‍ നഷ്ടപ്പെടുന്നു.

കൊതുക് എങ്ങനെയാണ് ഇരുട്ടില്‍ മനുഷ്യശരീരം തേടി എത്തുകയും രക്തം വലിച്ചെടുക്കുകയും ചെയ്യുന്നതെന്നോര്‍ത്തുനോക്കിയിട്ടുണ്ടോ? അവയുടെ ഗന്ധമറിയാനുള്ള കഴിവ് അതിഭീമമാണ്. അപ്രകാരം തന്നെ ഗന്ധം മനസ്സിലാക്കിയ ദിശയിലേക്ക് വളരെ വേഗത്തില്‍ കുതിച്ചെത്തി കൃത്യം നിര്‍വഹിച്ച് മടങ്ങാനുള്ള കഴിവും അപാരമാണ്. മനുഷ്യശരീരത്തില്‍നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളില്‍ കൊതുകിന് കാഴ്ച സാധ്യമാകുന്നതായും ശാസ്ത്രം പറയുന്നു.

നോക്കൂ, ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഈ പ്രാണിക്ക് അതിന്റെ നാഥന്‍ കൊടുത്ത കഴിവുകള്‍. وما يعلم جنود ربك إلا هو (അവനല്ലാതെ അവന്റെ നാഥന്റെ സൈന്യത്തെ ആരും അറിയുന്നില്ല.)

ഇവയെല്ലാം റബ്ബിന്റെ സൈന്യങ്ങള്‍. ദൈവശിക്ഷയുമായി വരുന്ന അവന്റെ സൈന്യങ്ങളില്‍നിന്ന് നമുക്ക് അവനില്‍ മാത്രം രക്ഷനേടാം.

3 comments:

  1. ടീച്ചറിന്റെ ആദ്യത്തെ പോസ്റ്റ്‌ തന്നെ വളരെ നന്നായിട്ടുണ്ട്..

    ആദ്യ തേങ്ങ ഉടക്കല്‍ ഞാന്‍ തന്നെ..

    ഇനിയും നല്ല ലേഘനങ്ങള്‍ പ്രതീക്ഷിക്കുന്നു ..

    ReplyDelete
  2. its really nyc....

    i expect more lyk dis......:)

    ReplyDelete