Sunday, September 26, 2010

ഒരു സ്ഥാനാര്‍ഥിയുടെ തിരിച്ചറിവ്‌

സ്‌നേഹത്തിന് അതികഠിനമായ ഒരു ചൂടും ഉണ്ട്; ഹൃദയം വെന്തുരുകുന്ന അവസ്ഥ. സ്രഷ്ടാവിനെ നാം കാണുന്നില്ല. നാം കാണുന്നത് സൃഷ്ടികളെ മാത്രം. ആ ശക്തിയെ അളവറ്റ് സ്‌നേഹിക്കുകയും കാണാതിരിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലെ നുരഞ്ഞുപൊന്തുന്ന സ്‌നേഹത്തിന് ചെന്നിരിക്കാന്‍, പരന്നൊഴുകാന്‍ ഒരിടം വേണ്ടേ? തീര്‍ച്ചയായും. അതാണ് സല്‍കര്‍മങ്ങളായി, ജനസേവനങ്ങളായി, കണ്ണീരൊപ്പലുകളായി, സാന്ത്വനങ്ങളായി പുറത്തുവരുന്നത്. താന്‍ കണ്ടിട്ടില്ലാത്തവരെപ്പോലും വിശ്വമാനവികതയുടെ നൂലില്‍ കോര്‍ത്തിണക്കി, സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ ഒരു ദൈവവിശ്വാസിക്കാവുന്നു. അതിനാലാണ് ഖലീഫ ഉമര്‍ (റ) പറഞ്ഞത്: 'നവാഹന്തിലെ കുതിര (വിദൂരമായ ഒരു ചതുപ്പുഭൂമിയായിരുന്നു ഇസ്‌ലാമിക രാഷ്ട്രത്തിലെ നവാഹന്ത്) കാലിടറി വീണാല്‍ ഈ ഉമര്‍ നാളെ പരലോകത്ത് ഉത്തരം പറയേണ്ടിവരും, യൂഫ്രട്ടീസ് നദിക്കരയില്‍ ഒരു ആടിന്‍കുഞ്ഞ് അന്യായമായി കൊല്ലപ്പെട്ടാല്‍ ഉമര്‍ കുറ്റക്കാരനാകും എന്ന് പറഞ്ഞത്. രാത്രിനമസ്‌കാരത്തിലെ കണ്ണുനീര്‍ത്തുള്ളികളായിരുന്നു ഉമറിനെക്കൊണ്ട് ഇത് പറയിച്ചത്.

സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് വാര്‍ഡിലെ മുഴുവന്‍ വീടുകളും അവരുടെ കുടിവെള്ള, ഭവന, സാമൂഹ്യപ്രശ്‌നങ്ങളെ നേരില്‍ കണ്ട തനിക്ക് ഈ ഭാരം കടുത്തതായിരിക്കുമെന്ന് മനസ്സ് പറയുന്നു. ജയിച്ചാലും തോറ്റാലും ഒരുപാട് ഭാരങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു - റഷീദ് ഓര്‍ത്തു. ഇനി ഇതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നുമില്ല. സൂറത്ത് അഹ്‌സാബിലെ 72-ാമത്തെ വാചകം റഷീദിനെ കൂടുതല്‍ ധര്‍മ്മസങ്കടത്തിലാക്കുന്നു, 'ഈ ഭാരം നാം ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും കാട്ടി. പക്ഷേ, അവയൊക്കെ ഈ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിച്ചു. അവ ഭയപ്പെട്ടു (ആ ഉത്തരവാദിത്വത്തെ ഓര്‍ത്ത്). എന്നാല്‍, ആ ബാധ്യത മനുഷ്യന്‍ ഏറ്റു. എന്നിട്ടവന്‍, കടുത്ത അക്രമിയും പമ്പരവിഡ്ഢിയുമായിത്തീര്‍ന്നു'.


പ്രവാചകന്മാരില്‍ ചിലര്‍ വിഡ്ഢിത്തത്തില്‍നിന്ന് രക്ഷിതാവിനോട് അഭയം ചോദിച്ചതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ടല്ലോ. അക്രമി പരലോകത്ത് വിരല്‍ കടിച്ചുകുടയും എന്നും താന്‍ വായിച്ചിട്ടുണ്ടല്ലോ - റഷീദ് ആശ്വാസം പൂണ്ടു. താന്‍ വിഡ്ഢിയും അക്രമിയും ആകാതിരിക്കണം. വിഡ്ഢിത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ തനിക്ക് ഒരു കഴിവുമില്ല. രക്ഷിതാവില്‍ പൂര്‍ണമായി ഭരമേല്‍പ്പിക്കാം. പക്ഷേ, അനീതി, അക്രമം... ഒരിക്കലും രക്ഷിതാവ് പൊറുക്കില്ല.


റഷീദിന്റെ ചിന്ത വീണ്ടും തന്റെ വാര്‍ഡിലെ നിഷ്‌കളങ്കരായ വോട്ടര്‍മാരുടെ വീടുകളിലേക്കും ജീവിതങ്ങളിലേക്കും പറന്നു. താന്‍ സുഖാഢംബരങ്ങളോടെ ജീവിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു. ഓരോ വ്യക്തിക്കും തന്റെ വീട്ടില്‍, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സുഖകരമായ ടോയ്‌ലറ്റുകള്‍, ശീതീകരിച്ച മുറികള്‍... താനെങ്ങനെ മുസ്‌ലിമാകും? പെണ്‍കുട്ടികളുള്ള തന്റെ വോട്ടര്‍മാരുടെ വീടുകളിലെ ടോയ്‌ലറ്റ് 'സൗകര്യം' താന്‍ നേരില്‍ കണ്ടതാണ്. ശ്രീബുദ്ധനെയാണിപ്പോള്‍ റഷീദിന് ഓര്‍മവരുന്നത്. വെറുതെയല്ല മുപ്പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ കൊട്ടാരം വിട്ടോടിപ്പോയത്. പ്രവാചക തിരുമേനി (സ) 'രാജാവായ നബി' എന്നതിനു പകരം 'അടിമയായ പ്രവാചകന്‍' എന്ന സ്ഥാനം സ്വയം തിരഞ്ഞെടുത്തതും വെറുതെയല്ല. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) താന്‍ തെറ്റിലേക്ക് നീങ്ങുന്നതുവരെ അനുസരിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍, 'താങ്കള്‍ തെറ്റിയാല്‍ ഞങ്ങള്‍ വാള്‍മുന കൊണ്ടാണ് തിരുത്തുക' എന്ന് പറഞ്ഞ ഉമറിനെ ശ്ലാഘിച്ച സംഭവം റഷീദ് ഓര്‍ത്തു - എന്നിട്ടും മനസ്സിനാശ്വാസം കണ്ടെത്താനായില്ല.


സ്ഥാനാര്‍ഥിക്ക് തോറ്റാലും ജയിച്ചാലും ഉത്തരവാദിത്വങ്ങളുണ്ട് എന്ന ഒരു തിരിച്ചറിവായിരുന്നു റഷീദിന് കണ്ടെത്താനായ ഒരു പച്ചത്തുരുത്ത്.

7 comments:

  1. യൂഫ്രട്ടീസ് നദിക്കരയില്‍ ഒരു ആടിന്‍കുഞ്ഞ് അന്യായമായി കൊല്ലപ്പെട്ടാല്‍ ഉമര്‍ കുറ്റക്കാരനാകും എന്ന് പറഞ്ഞത്. രാത്രിനമസ്‌കാരത്തിലെ കണ്ണുനീര്‍ത്തുള്ളികളായിരുന്നു ഉമറിനെക്കൊണ്ട് ഇത് പറയിച്ചത്.


    very nice

    ReplyDelete
  2. Subhanallah...Snehathinte chood anayaatha sthaanarthi, sthaanaarthi (sthaanam arthikkunnavan/l ) alla sthaanathiruthappedunnavan/l aanu....

    ReplyDelete
  3. good posting. i have spread to my mail group for all to read.

    www.viwekam.blogspot.com

    remove word verification.

    ReplyDelete
  4. naj inte i d ayachal nannayirunnu

    ReplyDelete
  5. ബ്ലോഗ് നന്നായിരിക്കുന്നു...

    ReplyDelete
  6. സന്തോഷം.....
    ലത്തീഫിന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യം കണ്ടിരുന്നു.....
    നമ്മുടെ നല്ല ലകഷ്യങ്ങളെ അള്ളാഹു പൂര്ത്തീകരിക്കട്ടെ
    ആമീന്‍

    ReplyDelete
  7. സ്ഥാനാര്‍ഥിക്ക് തോറ്റാലും ജയിച്ചാലും ഉത്തരവാദിത്വങ്ങളുണ്ട് എന്ന ഒരു തിരിച്ചറിവായിരുന്നു റഷീദിന് കണ്ടെത്താനായ ഒരു പച്ചത്തുരുത്ത്

    അധികാരമല്ല തന്‍റെ കര്‍ത്തവ്യത്തിനു മാനദന്ധം എന്ന തിരിച്ചറിവു തന്നെയാണ് ഓരോ മനുഷ്യലും വേണ്ടത്.

    ReplyDelete