Tuesday, October 26, 2010

സ്ഥാനാര്‍ഥിയുടെ ചിരിയറിയാതെ...

സ്ഥാനാര്‍ഥിയായി പോളിംഗ് ബൂത്തില്‍ നില്‍ക്കുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യംതന്നെ. ആള്‍ക്കാരെ കണ്ട് കൃത്രിമമായി ചിരിക്കേണ്ട സ്ഥലം. മനഃസാക്ഷിക്കെതിരെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ആളാണ് ഞാന്‍. അവിടെ അധികം സ്‌നേഹം കാട്ടാന്‍ പാടില്ല. എന്നാല്‍, എല്ലാവരോടും ചിരി ഫിറ്റ്‌ചെയ്ത് നില്‍ക്കണം. എന്റമ്മോ! എനിക്കൊട്ടും പറ്റാത്ത പണി. ഞാനാരും ഉപദേശിച്ചുതന്നത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ചിരി ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് ആവശ്യമില്ലാതെ ചിരിക്കാനും അറിയില്ല. എന്തൊരു കഷ്ടമാണ്! ഈ വക ജാഡകള്‍ കളഞ്ഞ് ഞാന്‍ മറ്റൊരു സന്തോഷപ്രദമായ ഇടം കണ്ടെത്തി. ജയിംസ് (സാങ്കല്പിക നാമം) എന്ന പോലീസുകാരനുമായി ഇലക്ഷനില്‍ ഞാന്‍ പങ്കെടുത്തതിനെപ്പറ്റിയും മറ്റും വിശദമായി സംസാരിച്ചു. അദ്ദേഹം വളരെ തുറന്ന മനസ്സോടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരുമണിക്കൂറോളം സംസാരിച്ചുകാണും. അദ്ദേഹം പറയുകയല്ലേ, ടീച്ചര്‍, ഇത് മനുഷ്യരില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അല്പമെങ്കിലും ചിന്താശേഷിയുള്ളവരൊക്കെ ചിന്തിക്കും. കാലം കുറച്ചു കഴിഞ്ഞാലും ഇതിനൊക്കെ വേരോട്ടം ലഭിക്കും. അവസാനം അഞ്ചുമണിക്ക് പോരാന്‍ നേരം അദ്ദേഹം പറഞ്ഞു: 'ടീച്ചര്‍, എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കണം കേട്ടോ'. എന്റെ ഇലക്ഷന്‍ ദിവസത്തെ ഏറ്റവും സന്തോഷപ്രദമായ പ്രവര്‍ത്തനം ഇതായിരുന്നു. സര്‍വശക്തന്‍ പ്രതിഫലം നല്‍കട്ടെ. ആമീന്‍.

എന്നോട് എതിര്‍പാര്‍ട്ടിയിലെ ഒരു പയ്യന്‍ ചോദിച്ചു: എന്താണിത്ര മുഖപ്രസന്നത എന്ന്. ടീച്ചര്‍ ജയിക്കുകയില്ലല്ലോ. ഞങ്ങളും ജയിക്കില്ല. ഞാന്‍ പറഞ്ഞു. പൊന്നുമോനേ, ടീച്ചര്‍ തോറ്റാലും ഇതേ പ്രസന്നത ഉണ്ടാകും. ടീച്ചര്‍ക്ക് മെമ്പര്‍സ്ഥാനം ഈ കല്ലിന്‍കഷണം പോലെയേയുള്ളൂ. സ്ഥാനാര്‍ഥികളുടെ മുഖത്ത് അമ്പരപ്പ് ഉണ്ടാകുമല്ലേ. മുഖം മനസ്സിന്റെ കണ്ണാടി അല്ലേ. ഇന്ന് വോട്ടെണ്ണലിനു പോകയാണ്. ഇനി ഒരിലക്ഷന്‍ വന്നിട്ടുവേണ്ടേ അതൊന്നു കാണാന്‍. ആ മാമാങ്കം കൂടി ഏതായാലും കാണാമെന്നുതന്നെ കരുതുന്നു. ഇന്‍ശാ അല്ലാഹ്.

ഇലക്ഷന്‍ വളരെ ആഴത്തില്‍ പഠിച്ചു എന്നതും വലിയൊരു നേട്ടം തന്നെ. വേണമെങ്കില്‍ ഇനി ഒരു നിയോജകമണ്ഡലം മൊത്തം ഇലക്ഷന്‍ നടത്താനുള്ള അറിവ് ഞാന്‍ നേിട്ടിയിട്ടുണ്ട്. ഉഷാറല്ലേ. എന്തായാലും നമ്മുടെ പ്രസ്ഥാനത്തിന് കിട്ടിയ അസുലഭമായ അറിവാണിത്. പണ്ട് അവിചാരിതമായി സബ്ജില്ലാ യുവജനോത്സവ കണ്‍വീനറാകേണ്ടിവന്ന ഓര്‍മയാണിപ്പോള്‍ - എല്ലാം വളരെ കൃത്യമായി ചെയ്യാനും ചെയ്യിക്കാനുമുള്ള പരിചയം കിട്ടി. അവസാനം, ടീമുമായി ജില്ലയിലെത്തി. എല്ലാവര്‍ക്കും ഭക്ഷണക്കൂപ്പണ്‍ കൃത്യമായി എത്തിച്ചുകൊടുത്തപ്പോള്‍, കോണ്‍വെന്റുകാര്‍ പറഞ്ഞു: ഇനി എല്ലാക്കൊല്ലവും ടീച്ചറായാല്‍ മതി കണ്‍വീനര്‍ എന്ന്. എടുക്കുന്ന പണികള്‍ ആത്മാര്‍ഥമായി എടുക്കുക; ചിരിക്കുന്നതുപോലും.

കഴിഞ്ഞ ദിവസം ഒരു മരണവീട്ടില്‍ ചെന്നു. പ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചര്‍ അവിടെ കുറച്ചുനേരം ചെലവഴിക്കണം.' പക്ഷേ, എനിക്കെന്റെ സ്വഭാവം മാറ്റാനാവില്ല. പ്രത്യേകിച്ച്, നമ്മുടെ എന്തെങ്കിലും കാര്യലാഭത്തിന് - ഒരു സമയം കഴിഞ്ഞപ്പോള്‍ എന്റെ ഉള്ള് പിടയാന്‍ തുടങ്ങി. ഇനി അവിടെ ഇരിക്കുന്നത് വോട്ടിനുവേണ്ടിയാണ് എന്ന് തോന്നിയ നിമിഷം അവിടെ നിന്നിറങ്ങി. എനിക്കതിനേ കഴിയൂ. പടച്ചവനേ, നിഫാഖില്‍നിന്ന് ഞങ്ങളെയെല്ലാം കാക്കണേ. എന്റെ കൂടെയുള്ള ഇലക്ഷന്‍ പ്രവര്‍ത്തകരില്‍ ചിലരെ 'ശരി'യാക്കണം എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് എനിക്ക്. ഒരാളുടെ മോളോട് ഞാന്‍ ചോദിച്ചു: വാപ്പ ഇപ്പോള്‍ എങ്ങനെ? ഇല്ല ടീച്ചറേ, വാപ്പാടെ സ്വഭാവം ഒരുപാട് മാറീട്ടുണ്ട്. ആദ്യമായാണ് ഏതെങ്കിലും ഒരു കാര്യത്തിന് വാപ്പ ഇത്രയ്ക്ക് താല്പര്യമെടുത്തുകാണുന്നത്. (ജമാഅത്ത് പ്രവര്‍ത്തകരല്ലാത്തവരും ഉണ്ട് നമ്മോടൊപ്പം) അല്‍ഹംദുലില്ലാഹ്. മനുഷ്യമനസ്സുകളെ തേച്ചുവെളുപ്പിക്കലാണല്ലോ നമ്മുടെ പണി; അതോടൊപ്പം നമ്മുടെ മനസ്സുകളും.

ഒരുഗ്രന്‍ തമാശകൂടി എഴുതി ഇതവസാനിപ്പിക്കാം - ഒരു ബന്ധു ഇന്നലെ പറയുകയാണ്: ഞാനെന്റെ പഴയവീട്ടില്‍ (26 കിലോമീറ്റര്‍ അകലെയുള്ള) പോയപ്പോള്‍, ഒരുസംഘം ആള്‍ക്കാര്‍ വന്നിരിക്കുന്നു. വോട്ടിനു ചെല്ലാന്‍ ഒരുപാട് പറഞ്ഞപ്പോള്‍ സമ്മതിച്ച്, പോയി. എന്നിട്ട് എന്നോട് പറയുകയാണ്, 'അവിടെ 'കണ്ണട' കണ്ടില്ല. രണ്ടെണ്ണം കൈപ്പത്തിക്ക് കുത്തി. പിന്നെ നോക്കുമ്പോള്‍ ഒരെണ്ണത്തില്‍ ആന, മരം ഒക്കെ ഉണ്ട്. ഞാന്‍ ഒരു മിണ്ടാപ്രാണിയല്ലേ ആന എന്നുകരുതി അതില്‍ കുത്തി! പൊതുവേ, തമാശക്കാരിയായ ആളുടെ ചെയ്തിയിലെ തമാശ ഉഗ്രന്‍ അല്ലേ? ഇതിലും വലിയൊരു തമാശയുണ്ട് - വണ്ടിക്ക് കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത് അരിവാളിന് കുത്താനാണ്. പാവം 'ആന'ക്കാരന്‍. അദ്ദേഹമറിയുന്നുണ്ടോ, താനറിയാതെ തനിക്കൊരു വോട്ട് വീണത്! ജനാധിപത്യത്തിന്റെ അബദ്ധങ്ങള്‍ എന്നല്ലാതെന്നു പറയാന്‍.

എത്ര ആള്‍ക്കാര്‍ 'കണ്ണട' കരുതി കൈപ്പത്തിക്കും അരിവാളിനും അറിയാതെ ചെയ്തുപോയിരിക്കും എന്നാണിപ്പോള്‍ ഞാനോര്‍ത്ത് ചിരിക്കുന്നത്. നിങ്ങളും ചിരിക്കുകയാവും അല്ലേ.

3 comments:

  1. ടീച്ചര്‍ എഴുതിയത് വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം മറ്റൊരു ആത്മീയ പ്രവര്‍ത്തനം ആയി തോന്നുന്നു. ടീച്ചറുടെ വാക്കുകള്‍, അനുഭവങ്ങള്‍‍ നല്‍കുന്ന സന്ദേശം മതിയാവും ഈ തിരഞ്ഞെടുപ്പില്‍ നാം വിജയിച്ചു എന്ന് പറയാന്‍. യഥാര്‍ഥത്തില്‍ ഇത് തന്നെയല്ലേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്നത്? ചുറ്റുപാടുകളെ തിരിച്ചറിയുക, നമ്മെ തന്നെ അറിയുക, സഹജീവികളുടെ വേദനകളും ആവലാതികളും മനസ്സിലാക്കി അവര്‍ക്കായി പ്രവര്‍ത്തിക്കുക. നമുക്ക്‌ തോറ്റാല്‍ എന്താ? സഹജീവികളുടെ സങ്കടങ്ങളും ആവശ്യങ്ങളും നമ്മുടേത് പോലെ കരുതി പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവുമ്പോള്‍ തോറ്റാലും നാം ജയിക്കുകയല്ലേ.

    സാദാ രാഷ്ട്രീയക്കാരന് മനസ്സിലാവാത്ത ഹൃദയത്തിന്‍റെ ഭാഷ നമുക്ക്‌ കൈമോശം വരാത്തിടത്തോളം കാലം നാം തോല്‍ക്കുന്നില്ലല്ലോ. ഇനി തിരഞ്ഞെടുപ്പില്‍ തോറ്റാലും, നാം തോല്‍ക്കാന്‍ വേണ്ടി എന്തേ ഇത്രയും താമസിച്ചത് എന്ന് ഇപ്പോള്‍ തോന്നുന്നല്ലോ.......

    ReplyDelete
  2. sudheer khan, kulathupuzha

    ടീച്ചര്‍.. താങ്കളുടെ വിജയം ഈ നാടിനാവശ്യമാണ്. താങ്കളില്‍ നല്ല ഒരു എഴുത്തുകാരി ഉണ്ട്. എത്ര വേഗമാണ് ടീച്ചറിന്റെ വാക്കുകള്‍ മനസ്സിനെ സ്പര്‍ശിക്കുന്നത്? ഈ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ ടീച്ചറിനു കഴിയും. നോക്കൂ, വെളിച്ചം പരത്തുന്ന ഈ പ്രസ്ഥാനം വിജയിക്കേണ്ടത് ഈ നാടിനാവശ്യമാണ്.

    ReplyDelete