Wednesday, January 26, 2011

മാതാക്കളെ നഷ്ടപ്പെടല്‍

ഉമ്മയുടെ തുടര്‍ച്ചയാണിത്.

സ്‌നേഹത്തിന്റെ കുളിര്‍മഴയാണ് ഉമ്മ. പണ്ടത്തെ മക്കള്‍ക്ക് ഓര്‍മയുള്ള ഒരു കാര്യമുണ്ട്. മഗ്‌രിബ് നമസ്‌കരിച്ച പായയില്‍ ഉമ്മാടെ മടിയില്‍ കിടക്കുക. പറയാന്‍ പറ്റാത്ത നിര്‍വൃതിയാണ് അത്. അതോര്‍ക്കുമ്പോഴുള്ള നഷ്ടബോധം! എന്ന് ഇനി അങ്ങനെ കിടക്കും? സ്വര്‍ഗത്തില്‍ വെച്ച് ആ സന്തോഷം അനുഭവിക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

സ്‌കൂളില്‍ ഞാന്‍ വിഷമിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. കുട്ടീടെ ഉമ്മ വരുമ്പോള്‍ അവരുടെ കുറുമ്പുകള്‍ ഉമ്മയുടെ മുമ്പിലേക്ക് എല്ലാ അധ്യാപികമാരും കൂടി വലിച്ചിടുന്ന സമയം. എന്റെ മനസ്സ് പിടച്ചില്‍ മാറാന്‍ പലപ്പോഴും ക്രൂശിക്കപ്പെടുന്ന ആ ഉമ്മയെ പതുക്കെ ഒന്ന് പുറത്ത് തട്ടി സമാധാനിപ്പിക്കും.

ഈയിടെ സ്‌പെഷ്യല്‍ ക്ലാസ് (ശനിയാഴ്ച ക്ലാസ്സിന്) വരാത്ത കുട്ടിയുടെ ഉമ്മാനെ വിളിച്ച് ജാസ്മി ഇട്ട് പൊരിക്കുകയാണ്. അതുവഴി വന്ന ഞാന്‍ ഇടയില്‍ കയറി. മോളേ, അവന്റെ മാമാക്ക് വയ്യാഞ്ഞിട്ടല്ലേ വരാഞ്ഞത്? ജാസ്മി എന്നോട് പറയുകയല്ലേ - 'ഈ അമ്മായിയാണ് (അവള്‍ എന്നെ അങ്ങനെയാണ് വിളിക്കുക) ഈ കുട്ടികളേം ഉമ്മമാരേം ചീത്തയാക്കുന്നത്.' ഞാനവളോട് സ്വകാര്യമായി പറഞ്ഞു: 'മോളേ, ആ പാവം ഉമ്മ എത്ര വിഷമിക്കുന്നുണ്ടാകും?'

എനിക്കൊരു മോനുണ്ടായിരുന്നു, പാലക്കാട്ടുകാരന്‍. പത്തുകൊല്ലം ഒക്കെ ആയിക്കാണും അവന്‍ എട്ടാം ക്ലാസ്സില്‍ എത്തിയിട്ട്. അവന്റെ ക്ലാസ്ടീച്ചര്‍ സബീനയാണ്. സബീന ഒരു ദിവസം എന്നോട് പറഞ്ഞു: 'ടീച്ചറേ, എന്റെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട്'. അവന്‍ ഒട്ടും മിണ്ടില്ല. ചിരിക്കുക പോലുമില്ല.' ഞാനവനെ ഒറ്റയ്ക്ക് വിളിച്ച് സംസാരിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് കിട്ടിയത്. അവനെ യത്തീംഖാനയില്‍ 5-ാം ക്ലാസ് പ്രായത്തില്‍ കൊണ്ടാക്കി. രണ്ടാമത് തിരിച്ചു ചെന്നപ്പോള്‍ ഉമ്മ ഇല്ല. ഉമ്മ മറ്റൊരാളുടെ കൂടെ പോയി. എന്നോട് ആ മോന്‍ എല്ലാം പറഞ്ഞു. അവസാനം, അവന്റെ തല തടവിക്കൊണ്ട് ഞാന്‍ പറഞ്ഞു: 'ടീച്ചറെ മോന്‍ മോന്റെ ഉമ്മയാണെന്ന് കരുതിക്കോട്ടാ.' അവന് നല്ല സന്തോഷമായി. അവന്‍ അല്‍പാല്‍പം മാറിത്തുടങ്ങി. എന്നെ നോക്കി അവന്‍ എപ്പോള്‍ കണ്ടാലും സലാം പറഞ്ഞ് ചിരിക്കുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അവന്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു. ദുഃഖം നെരിപ്പോട് കണക്കെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. പോയതിനുശേഷവും ഫോണ്‍ വിളിക്കാറും വരാറും ഉണ്ട്. അല്‍ഹംദുലില്ലാഹ്, അവന് ഇപ്പോള്‍ നല്ലൊരു ജോലി ഉണ്ട്. അവന്‍ അവന്റെ ഉമ്മാനെ തിരിച്ചു കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്നുണ്ട്. പിതാവിന്റെ ദ്രോഹവും ആ സ്ത്രീ പോകാന്‍ ഒരു കാരണമായിരുന്നു. നഷ്ടപ്പെടുന്ന ഉമ്മമാരെപ്പറ്റി ഓര്‍ത്തപ്പോള്‍ ഈ ഉമ്മാടേം മോന്റേം കാര്യമാണ് പെട്ടെന്നോര്‍മ വന്നത്. 'ഓടിപ്പോകുന്ന ഉമ്മമാര്‍/അമ്മമാര്‍ ചെയ്യുന്ന അക്രമം അതിഭീകരമാണ്. നിഷ്‌കളങ്കരായ പിഞ്ചുമക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്നവര്‍, എനിക്ക് തോന്നുന്നത് സ്വയബുദ്ധിയോടെ പോകുന്നവരായിരിക്കില്ല അവര്‍ എന്നാണ്.

ഇതുപോലെ വേദനാജനകമാണ് മാതാവിന്റെ നഷ്ടം - മരണം - മുത്തുനബി (സ) ആമിനാബീവീടെ കൂടെ പിതാവിന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ പോയി. അബവാഇല്‍ വെച്ച് ഉമ്മ നഷ്ടപ്പെട്ട്, ജോലിക്കാരിയുമായി തിരിച്ചുപോരുന്ന ആ കാഴ്ച. നാമത് ഭാവനയില്‍ കാണുമ്പോള്‍ത്തന്നെ, മുത്തുനബിയുടെ ആ അനാഥാവസ്ഥ നമ്മെ തളര്‍ത്തിക്കളയുന്നു. ഓടിച്ചെന്ന്, ആശ്വസിപ്പിച്ച് ഒരു മുത്തം നല്‍കാനാണ് തോന്നുന്നത്. ബിന്‍തു ശാത്വിഅ് എന്ന അറബിസാഹിത്യകാരി ആ രംഗം വിവരിക്കുന്നത് വായിച്ചാല്‍ നാം പൊട്ടിക്കരഞ്ഞുപോകും. അപ്രകാരം തന്നെ അബ്‌സീനിയയില്‍നിന്ന് ഹിജ്‌റ പോയി തിരിച്ചുവന്ന നി (സ)യുടെ പുത്രി ഉമ്മാനെ തിരഞ്ഞ് മുറികളിലേക്ക് ഓടുന്ന ഒരു ചിത്രവും അവര്‍ വരച്ചിട്ടുണ്ട്. അന്ന് ഫോണും കമ്പിയും ഒന്നുമില്ലല്ലോ. തിരിച്ചുവന്നപ്പോഴാണ് ഖദീജത്തുല്‍ കുബ്‌റാ (റ), അവരുടെ പ്രിയമാതാവ് നഷ്ടമായ വിവരം അറിയുന്നത്! പൊട്ടിക്കരയുന്ന ആ മകളുടെ ചിത്രം! നമ്മുടെ മനസ്സുകളിലും വേദനയുടെ സ്ഫുലിംഗങ്ങളാണുതിരുന്നത്.

ഇതാണ് ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ മഹത്വം. എന്നെ തകര്‍ത്തുകളഞ്ഞ ഒരനുഭവം കൂടി എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം. മൂന്ന് വയസ്സുള്ള ഇളയ കുട്ടി - നാലാമത്തേത്. പെട്ടെന്നാണ് അവരുടെ ഉമ്മ കാന്‍സര്‍ ബാധിതയാണെന്നറിയുന്നത്. ഉമ്മയെ പിരിയാത്ത കുട്ടി. അവസാനം, ഒരു ദിവസം ആ കുഞ്ഞ് ആശുപത്രിയില്‍ ഉമ്മാനെ സന്ദര്‍ശിച്ച സമയം ആ ഉമ്മയും കുഞ്ഞും പൊട്ടിക്കരഞ്ഞത്, എല്ലാവരെയും കരയിപ്പിച്ചു. ഒരു മെയ് 6-നായിരുന്നു അത്. ആ മാസം 22ന് ആ ഉമ്മ ആ കുഞ്ഞുങ്ങളെയും വിട്ട് റബ്ബിങ്കലേക്ക് യാത്രയായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. ഞാനിപ്പോഴും ആ മക്കളെ കാണുമ്പോള്‍ അറിയാതെ, വല്ലാതെ കരഞ്ഞുപോകും. എന്റെ ഗള്‍ഫിലെ ഉറ്റസുഹൃത്തായിരുന്നു ആ ഉമ്മ. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. രക്തബന്ധമൊന്നുമില്ലെങ്കിലും എങ്ങനെയോ വല്ലാത്ത ആത്മബന്ധമാണ് ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്.

ഞാന്‍ ദുആ ചെയ്യുകയാണ്, മാതാപിതാക്കളെ മതിവരുവോളം കണ്ട് ജീവിക്കാന്‍ എല്ലാ മക്കള്‍ക്കും ഭാഗ്യം ലഭിക്കട്ടെ എന്ന്.

വാല്‍ക്കഷണം: സ്‌നേഹത്തിന്റെ നിറകുടമായ ഉമ്മമാരെ വെറുക്കുന്ന നിമിഷം മുതല്‍ ഒരു മനുഷ്യന്‍ നശിക്കാന്‍ തുടങ്ങും. അതിനാല്‍ 'ഗുരുത്വം' മൂന്നക്ഷരം മാതാപിതാക്കളുടെ വായയില്‍നിന്ന് നേരിട്ട് വാങ്ങാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം ജീവിതത്തില്‍ എന്തെല്ലാമുണ്ടായാലും ഒരു നിറമില്ലായ്മ തീര്‍ച്ചയായും അനുഭവപ്പെടും. തീര്‍ച്ച.

സ്വന്തം ടീച്ചറുമ്മ.

11 comments:

  1. Teacherummaaaaa,
    You hurt me a lot...............

    ReplyDelete
  2. " Who ran to help me when I fell,
    And would some pretty story tell,
    Or kiss the place to make it well?
    My Mother"

    ReplyDelete
  3. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം വാക്കുകള്‍ മാത്രമായിത്തീര്‍ന്നിരിക്കയാണ്.എന്റെ അമ്മ മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു. കയ്യും കാലും തളര്‍ന്ന്,മുന്നോട്ടു നീങ്ങാന്‍ വയ്യാത്തവിധം മനസ്സും തളര്‍ന്നു.എന്റെ സ്വന്തം കുഞ്ഞുങ്ങള്‍ എന്റെ കണ്ണുനീരുകണ്ട് മടുത്തു. ആവശ്യക്കാരന് ദൈവം അമ്മയെ കൊടുക്കില്ല. എന്നാല്‍ വൃദ്ധമന്തിരത്തില്‍ നോക്കു, ലക്ഷം ഉണ്ടവിടെ! ഗുരുത്വം, സ്നേഹം എല്ലാം ഉണ്ടായിരുന്നിട്ടും എനിക്കെന്തേ എന്റെ അമ്മയെ തന്നില്ല?? എന്റെ സമ്മതമില്ലാതെ എന്തിനവരെ തിരികെ വിളിച്ചു?? സമാധാനിക്കു, ഇതിക്കെ ജീവിതത്തിന്റെ ഭാഗം അല്ലെ, കുഞ്ഞുങ്ങളെ നോക്കണ്ടേ? ഇങ്ങനെ തളരാമൊ??...... ഈ സ്വാന്തനവാക്കുകള്‍ ഒന്നും വിലപ്പോകുന്നില്ല?വീണ്ടും ഓര്‍മ്മദിവസം വരുന്നു. ഈ ബ്ലോഗിലൂടെ വീണ്ടും ഞാനെന്റെ നഷ്ടങ്ങളെ വീണ്ടും ഓര്‍ത്തു.നന്ദി, ഇത്ര നല്ല വാക്കുകള്‍ക്കും ഓര്‍മ്മകള്‍ക്കും

    ReplyDelete
  4. മോളെ....ലോകത്ത് ഒന്നും നമ്മുടെ ഇഷ്ടത്തിനു അല്ലല്ലോ നടക്കനത്?
    എന്‍റെ ഉമ്മ നഷ്ടപ്പെട്ട അന്ന ഞാന്‍ കരുതി ഇനി എങ്ങിനെ ജീവിക്കും എന്ന്
    കൊല്ലങ്ങളോളം ഒരു ഉറക്കം കഴിഞ്ഞ എഴുന്നീട്ടിരുന്നു ചോദിക്കും
    "എനിക്ക് ഉമ്മ ഇല്ല അല്ലെ?
    എന്‍റെ ഉമ്മ പോയി അല്ലെ?"
    എന്ന് ...
    അങ്ങിനെ..... എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായപ്പോള്‍ എന്‍റെ ഉമ്മാടെ പേര്‍ ഇട്ടു
    പക്ഷെ അല്ലാഹു വീണ്ടും എന്നെ പരീക്ഷിച്ചു..
    ആ മോള്‍ക്ക് അസുഖം ...കരഞ്ഞു കരഞ്ഞു തളര്‍ന്ന രാവുകള്‍.......
    അവള്‍ ഞങ്ങളെ ഒരു ഡിസംബര്‍ 25 ന്നു വിട്ടു പിരിഞ്ഞു പോയി....
    ഞാന്‍ പാവപ്പെട്ടവരെ സ്നേഹിച്ചു കൊണ്ട് ജീവിതം സന്തോഷിക്കുന്നു....
    അതിനാല്‍ ദുഖം വരുമ്പോള്‍ ദൈവത്തില്‍ അത്താണി കണ്ടെത്തുക
    സ്വന്തം ടീച്ചര്‍




    --

    ReplyDelete
  5. ഉമ്മമാര്‍ക്ക് ആഫിയ്യതുള്ള ധീര്‍ഗായുസ്സു നല്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കാം

    ReplyDelete
  6. ella ummamaarkkum makkalude snehavum shraddayum aavolam nukaran rabbu anugrahimaarakatte..athu pole thanne ella makkalkkum ummamaarude snehavum laalanayum.duaayum aavolam anubhavikkunnathnu sarvashakthan thunaykkumaarakatte..(aameen)

    ReplyDelete
  7. teacherummaku,angane yalla, orayiram sneham kulirmayapeyyikkunna ente teacherummak,

    nashtabodamundu palarkkum, njangalepolulla pravasikalkk,theerchayayum ummathan madiyil kidakkan kothiyanengilum kalavum kolavum namme akattunnu odikkunnu ummatahn madiyil innu, sathyam

    ReplyDelete
  8. ടീച്ചരുമ്മാക്ക് ,അങ്ങനെ യല്ല , ഒരായിരം സ്നേഹം കുളിര്‍മഴപെയ്യിക്കുന്ന എന്‍റെ ടീച്ചരുമ്മാക്ക്

    നഷ്ടബോധമുണ്ട് പലര്‍ക്കും , ഞങ്ങളെപോലുള്ള പ്രവാസികള്‍ക്ക് ,തീര്‍ച്ചയായും ഉമ്മതന്‍ മടിയില്‍ കിടക്കാന്‍ കൊതിയാനെങ്ങിലും കാലവും കോലവും നമ്മെ അകറ്റുന്നു ഓടിക്കുന്നു ഉമ്മതന്‍ മടിയില്‍ നിന്നു , സത്യം

    ReplyDelete
  9. Priyapetta teecharumma.................nan ningalude blog vayichathinnu shesham oru padu manasil karachu .Udena thanne nan entte ummaye phonil vilichu samsarichu athinusheshamanu enikku samadanam kittiyathu..............

    ReplyDelete
  10. അല്‍ഹംദ് ലില്ല .....എന്‍റെ ഈ എഴുത്ത് കൊണ്ട് ഒരു ഉമ്മാക്കെങ്കിലും സന്തോഷം കിട്ടിയാല്‍ ഞാന്‍ കൃതാര്തയായ് i .....

    ReplyDelete