Thursday, February 17, 2011

യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തുക


ഈജിപ്തിലും മറ്റ് അറബിരാജ്യങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകളുമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്ന എതിര്‍പ്പുകള്‍ നമുക്ക് മനസ്സിലാക്കാം. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന ഒരു നിലപാടുണ്ടല്ലോ. ഇന്നല്ലെ ബേലക്‌സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില സുഹൃത്തുക്കള്‍ ആ നയമായിരുന്നു സ്വീകരിച്ചത്.


എന്നാല്‍, ഒരു മുജാഹിദ് സഹോദരന്‍ അയച്ച ഒരു മെയില്‍ ആണ് ഈ കുറിപ്പിനാധാരം. 'ഇഖ്‌വാനികളും മറ്റു ഇസ്‌ലാമിസ്റ്റുകളും പൊതുജനങ്ങളും നടത്തിയ പോരാട്ടം വിജയിക്കുകയോ പരാജയപ്പെടുകയോ എന്തുമാവട്ടെ, മനസ്സിലറിയാത്ത കാര്യങ്ങള്‍ അവരെപ്പറ്റി പറയരുത്. അവരെ, സയണിസ്റ്റ്-സാമ്രാജ്യത്വ ചാരന്മാരായി മുദ്രകുത്തുന്നു. ഹൃദയം തേങ്ങിപ്പോവുകയാണ്, ആ ആരോപണം വായിച്ച്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച, ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്മാരുടെ പിന്മാഗികളാണ് ഇഖ്‌വാനികള്‍.
من المؤمنين رجال صدقوا ما عاهد الله عليه فمنهم من قضى نحبه ومنهم من ينتطر وما بدلو تبديلا (വിശ്വാസികളില്‍ ഒരുകൂട്ടം ആള്‍ക്കാരുണ്ട്. അവര്‍ അല്ലാഹുവോട് ചെയ്ത കരാറുകള്‍ പാലിച്ചവരാണ്. അവരില്‍ ചിലര്‍ തങ്ങളുടെ ഊഴം പൂര്‍ത്തിയാക്കി. അവരില്‍ ചിലര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കയാണ്. അവരതില്‍ ഒരു മാറ്റവും വരുത്തീട്ടില്ല.)


കണ്ണുനീരൊഴുക്കാതെ, ഈ ഖുര്‍ആന്‍ സൂക്തം ഓതിവിടാന്‍ ഒരു വിശ്വാസിക്കും കഴിയില്ല. ശുഹദാക്കളുടെ പട്ടികയിലേക്ക് ചേരാനുള്ള ശക്തമായ ഉള്‍വിളി ഈ സൂക്തം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എന്നിട്ടാണവരെ അധികാരക്കൊതിയരും സയണിസ്റ്റ് പിണിയാളുകളുമായി ആരോപിക്കുന്നത്. ഞാന്‍ പരിചയപ്പെട്ട പല ഇഖ്‌വാനികളും ഉണ്ട്. അതില്‍ ഒരറബി സുഹൃത്ത് പറഞ്ഞത്:
ان شاء الله، نحن نروح إلى الأقصى، لتحريرها (അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങളും പോകും, മസ്ജിദുല്‍ അഖ്‌സയിലേക്ക്; അതിനെ മോചിപ്പിക്കാന്‍.) - 'ഞാന്‍ മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുമുഅയില്‍ പങ്കെടുത്തിട്ടുണ്ട്' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതാണ്.


ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ ധീരനായി പങ്കെടുത്തവരില്‍ പ്രമുഖ ലോകപണ്ഡിതനായ ഡോ. റാഗിബുസ്സര്‍ജാനിയും ഉണ്ട്. ഞാന്‍ കരുതുന്നത്, അദ്ദേഹം സലഫിസരണിയോടാണ് കൂടുതല്‍ അടുപ്പം എന്നാണ്. എനിക്കത് വ്യക്തമായത് അദ്ദേഹം ഉര്‍ദുഗാന് എഴുതിയ വസിയ്യത്തുകളില്‍ ഒരു വസിയ്യത്ത്, 'ശീഇകളുമായി യാതൊരു ബന്ധവും താങ്കള്‍ വെക്കരുത്' എന്നതായിരുന്നു. ആ വിഷയം ഞാന്‍ ചില ഇഖ്‌വാനികളോട് എഴുതി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്.


ഡോ. റാഗിബുസ്സര്‍ജാനി ശക്തനായി വിപ്ലവപാതയിലുണ്ട്. തഹ്‌രീര്‍ സ്‌ക്വയറില്‍ ചെന്ന് വിപ്ലവകാരികള്‍ക്ക് നല്ല ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ ഉണ്ട്. അതിശക്തമായ ഭാഷയില്‍ ഇന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അംറ്ഖാലിദ് സൈറ്റില്‍ മുബാറക്കിന്റെ ചിത്രങ്ങളൊന്നും കണ്ടില്ല. എന്നാല്‍, റാഗിബ് സര്‍ജാനിയുടെ സൈറ്റില്‍ മുബാറകിന്റെ വികൃതമാക്കപ്പെട്ട ചിത്രങ്ങളുണ്ട്.


ഞാന്‍ പറഞ്ഞുവരുന്നത്, ഇഖ്‌വാനികള്‍ മാത്രമല്ല വിപ്ലവപാതയിലുള്ളത്. കമ്യൂണിസ്റ്റുകാരും സ്വതന്ത്ര ഇസ്‌ലാമിസ്റ്റുകളും പൊതുജനങ്ങളും ഉണ്ട്. ഏതായാലും ഈജിപ്ഷ്യന്‍ വിപ്ലവം ഒരദ്ഭുതം പോലെയുണ്ട്. നമുക്ക് കുറഞ്ഞ സമയം ക്ഷീണം സഹിക്കാന്‍ കഴിയാറില്ല. എന്നാല്‍, ഈജിപ്തിലെ ആ സഹോദരങ്ങള്‍, രാപകലൊഴിയാതെ 18 ദിവസം അവിടെ കഴിച്ചുകൂട്ടി. എന്തായാലും മുബാറക്കിനെ താഴെയിറക്കാനായല്ലോ അവര്‍ക്ക്. അതുകൊണ്ടാണല്ലോ അവരില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമീപ രാജ്യങ്ങളും മാറ്റത്തിനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേല്‍-അമേരിക്ക എന്നീ കള്ളന്മാര്‍ ഇടയിലില്ലാതിരിക്കില്ല എന്നറിയാം. പക്ഷേ, അവരുടെയും മുകളില്‍, എല്ലാവരുടെയും മുകളില്‍, ലോകം കണ്ട ഏറ്റവും അക്രമിയായ ഫറോവയെ മുക്കിക്കൊന്ന് ഇസ്രായേല്‍ സന്തതികളെ രക്ഷിച്ച അല്ലാഹു ഉണ്ട്. ഏറ്റവും ശക്തമായ ആയുധമായി ഖുര്‍ആനുണ്ട്. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെ എന്തായാലും അല്ലാഹു പാഴാക്കുകയില്ല. ഇഹലോകത്തുനിന്ന് നഷ്ടപ്പെട്ാലും പരലോകം ഉണ്ട് സത്യവിശ്വാസിക്ക്. അല്ലാത്തവര്‍ക്കോ?


ഇന്നലത്തെ ചര്‍ച്ചയില്‍, നിങ്ങള്‍ക്ക് ആറ്റംബോംബില്ലല്ലോ എന്ന് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. പണ്ട് ഫറോവയ്ക്ക് എല്ലാവിധ സന്നാഹങ്ങളും ഉണ്ടായിരുന്നു. മൂസാനബിക്ക് ആകെ ഒരു വടിയും കൈയും. അതിനെ കൃത്യമായി ആയുധമാക്കിക്കൊടുത്ത പടച്ചതമ്പുരാന്‍ ഇന്നും ഉണ്ട്. തീര്‍ച്ചയായും വിശ്വാസിക്ക് കരുത്തായി മുകളില്‍ രക്ഷിതാവുണ്ട്. ഖുര്‍ആന്‍ ചോദിക്കുന്നു: أليس الله بكاف عبده അല്ലാഹു പോരേ തന്റെ അടിമയ്ക്ക്.


വസ്സലാം. സ്വന്തം ടീച്ചര്‍.

No comments:

Post a Comment