നാം ഖുർആൻ വ്യാഖ്യാനിച്ച് വഴിതെറ്റിപ്പോകാതെ നോക്കേണ്ടതുണ്ട്. ഫാതിഹയിലെ അഭ്യർഥനകൾ -റബ്ബിനോടുള്ള- നമ്മെ ഖുർആനിൽ പിടിച്ചുനിർത്തേണ്ടതുണ്ട്.
നാഥാ! ഞങ്ങളെ നേർവഴിയിൽ നടത്തേണമേ. എന്താണ് مستقيم ആയ മാർഗം? ഖുർആൻ ഒരു സ്ഥലത്ത് പറയുന്നു:
ان الذين قالوا ربّنا الله ثم استقاموا تتنزل عليهم الملئكة ألاّ تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون.
തീർച്ചയായും അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് പറയുകയും പിന്നീടതിൽ ഉറച്ചുനിൽക്കുകയും ചെയ്തവരുടെ മേൽ മലക്കുകൾ ഇറങ്ങിക്കൊണ്ടിരിക്കും. നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങൾ ദുഃഖിക്കേണ്ട. നിങ്ങൾക്ക് വാക്ക് പറയപ്പെട്ടിട്ടുള്ള സ്വർഗം കൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുക (41:30)
അതിനാൽ, ഉറച്ചുനിൽക്കുന്ന, നേരെ നിൽക്കുന്ന വഴിയിലൂടെ ഞങ്ങളെ വഴിനടത്തേണമേ എന്ന് നാം എപ്പോഴും പ്രാർഥിക്കേണ്ടതുണ്ട്.
നാം, ഫാതിഹയിലൂടെ ഒരു പ്രഖ്യാപനവും നടത്തുന്നുണ്ട്. ഞങ്ങൾ നിനക്കു മാത്രം കീഴ്‌പ്പെടുന്നവരും നിന്നോടു മാത്രം സഹായം അഭ്യർഥിക്കുന്നവരുമാണ്. (അതിനാൽ, ഞങ്ങൾക്ക് നിന്നോട് അഭ്യർഥിക്കാനുള്ള സഹായം ഇതാണ്. ശരിയായ വഴിയിലൂടെ നടത്തുക എന്നത്) ഈ ഉറച്ച മാർഗം ഏതാണ്? നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. കോടിക്കണക്കിന് മനുഷ്യർ ജീവിച്ചുമരിച്ചുപോയ ഭൂമിയിൽ നാം ഇപ്പോൾ പ്രാർഥിക്കുകയാണ്. ''നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ'' - കഴിഞ്ഞകാലത്തും ഇക്കാലത്തും ഇനി വരാനുള്ള കാലത്തും റബ്ബ് അനുഗ്രഹിച്ച മനുഷ്യരുണ്ടാകും. അവരുടെ മാർഗത്തിൽ നാഥാ നീ ഞങ്ങളെയും പെടുത്തേണമേ.
എല്ലാ സ്തുതികളും എല്ലാ ലോകങ്ങളുടെയും ലോകരുടെയും അധിപനായ ഉടമസ്ഥനായ അല്ലാഹുവിനു മാത്രം. ഹംദിന് അഥവാ സ്തുതിക്ക് ഈ പ്രപഞ്ചത്തിൽ മറ്റൊരാളും അർഹനല്ല എന്നുകൂടി ഈ സൂക്തത്തിന്റെ മറുവശം. ഖുർആനിലെ ഓരോ സൂക്തങ്ങളെയും നമ്മുടെ ജീവിതത്തെയും മാറ്റുരച്ചുനോക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ ഖുർആനികാശയങ്ങളുടെ സ്വാധീനം എത്ര ശതമാനം എന്ന് നാം ഇടക്കിടയ്ക്ക് നോക്കിക്കൊണ്ടിരിക്കണം. സ്വാധീനവും ബന്ധവും കുറയുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം ചെയ്യണം. കൂടുതലായി ഖുർആനെ ചിന്തിക്കാൻ തുടങ്ങുക. പ്രാർഥനാനിർഭരമായ ഒരു മനസ്സ് നിലനിർത്തുക. വിനയം മനസ്സിന്റെ ഭാവങ്ങളാക്കി മാറ്റുക. തീർച്ചയായും ഖുർആൻ നമ്മെ കൂടുതൽ വിനയാന്വിതരാക്കും. സൃഷ്ടികളുടെ മൊത്തം നിസ്സാരത ബോധ്യപ്പെടും. അപ്പോൾ, 'സർവസ്തുതിയും സർവലോക രക്ഷിതാവായ അല്ലാഹുവിനു മാത്രം'' എന്ന് നാം നിർബന്ധിതമായി പറഞ്ഞുപോകും. ദൂരെ നിന്ന് ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന കിളിയുടെ ശബ്ദം. അതിന്റെ സൃഷ്ടിപ്പിൽ എനിക്കോ നിങ്ങൾക്കോ ഇനി ആ കിളിക്കുപോലുമോ പങ്കില്ല. ഞാനതിവിടെ ഇരുന്ന് കേൾക്കുന്നു. നിറമില്ലാത്ത, രൂപമില്ലാത്ത എന്നാൽ നാം അതിന്റെ സാന്നിധ്യമറിയുന്ന വായുവാണ് അതിന്റെ ചലനമാണ് കിളിയുടെ ശബ്ദത്തെ എന്റെ ചെവിയിലെത്തിച്ചത്. എന്റെ ശ്രവണപുടങ്ങൾ അത് സ്വീകരിച്ച് തലച്ചോറിന്റെ കോശങ്ങളിലേക്ക് കൈമാറി, തിരിച്ച് തലച്ചോർ എന്റെ ബോധമണ്ഡലത്തിലേക്ക് കൈമാറി വീണ്ടും കൈയ്‌ക്കോ കാലിനോ എന്താണ് ഞാനിപ്പോൾ ചെയ്യേണ്ടത് എന്ന് നിർദേശം നൽകുന്നു. കോളിംഗ് ബെൽ കേൾക്കുന്ന നാം ഉടനെ വാതിൽ തുറക്കാൻ എഴുന്നേൽക്കുന്നു. പച്ചക്കറിക്കാരന്റെയോ മീൻകാരന്റെയോ ബെല്ലുകളെയും വണ്ടിയുടെ ശബ്ദങ്ങളെയും നാം തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രതികരിക്കുന്നു. ഇങ്ങനെ നമ്മുടെ ചുറ്റുമുള്ള, നാം കൂടി ഉൾക്കൊണ്ടുനിൽക്കുന്ന ഈ പ്രപഞ്ചത്തിലെ ശബ്ദങ്ങളോടും ദൃശ്യങ്ങളോടും നാം പ്രതികരിക്കുന്നതെല്ലാം ഈ രൂപത്തിൽതന്നെ.
പറയൂ, നമുക്ക് റബ്ബുൽആലമീനെ എത്ര സ്തുതിച്ചാലാണ് മതിവരുക? അപ്പോൾ പറയണം: 'അൽഹംദുലില്ലാഹി റബ്ബിൽആലമീൻ'.
റബ്ബിനെ പ്രകീർത്തിക്കുന്ന ഒരു മനസ്സിന്റെ ഉടമയാകാൻ നമ്മെ അവൻ അനുഗ്രഹിക്കട്ടെ. ആമീൻ.