Friday, June 29, 2012

ശിഥിലമാകുന്ന വിവാഹബന്ധങ്ങള്‍

ഒരു കൊല്ലം മുമ്പ് വിവാഹിതരായ ദമ്പതികളില്‍ ഭാര്യയുടെ ഒരു കത്ത് എനിക്ക് വന്നു. 'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും തനിസ്വഭാവം മനസ്സിലായത്. ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെടാറില്ല. അതിനാല്‍ത്തന്നെ കുട്ടികളും ഉണ്ടാകുന്നില്ല. ഭര്‍ത്താവ് പലപ്പോഴും പെരുമാറുന്നത് വളരെ മോശമായാണ്. എനിക്കിനി അവനെ വേണ്ട.' - കത്തിന്റെ ചുരുക്കം ഇതായിരുന്നു. അന്വേഷിച്ചപ്പോള്‍, അപക്വമായ തീരുമാനമായിരുന്നു അവരെ വിവാഹത്തിലെത്തിച്ചത് എന്ന് മനസ്സിലായി. ഇത്തരം ധാരാളം കേസുകള്‍ എന്റെയടുത്ത് വരാറുണ്ട്. നമുക്ക് കുറച്ച് ഉപദേശിച്ചുകൊടുക്കാനും ആശ്വസിപ്പിക്കാനും മാത്രമേ കഴിയൂ. അവര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. പലപ്പോഴും വിവാഹമോചനത്തിന്റെ വക്കത്തെത്തിയ കേസുകള്‍ കുടുംബത്തിന്റെ മാനഹാനി ഓര്‍ത്ത് ഒരുമിച്ചു ചേരാറുണ്ട്. ദമ്പതികളില്‍ ഒരാളെ മാത്രം നമുക്ക് കുറ്റപ്പെടുത്താനാവില്ല. അപവാദങ്ങള്‍ ഉണ്ടാകാം. ചില കേസുകളില്‍ മാതാപിതാക്കളാണ് വില്ലന്മാര്‍. 'എന്റെ മോളെ ഇനി അവന് തല്ലാന്‍ വിട്ടുകൊടുക്കില്ല, ഇനി അവളങ്ങോട്ടു പോയാല്‍ അവന്‍ തല്ലിക്കൊല്ലുകയേയുള്ളൂ' ഇങ്ങനെയൊക്കെ പറഞ്ഞവര്‍ വീണ്ടും ഒന്നിച്ചു ജീവിക്കുന്ന അദ്ഭുതകരമായ കാഴ്ചയും നാം കാണാറുണ്ട്!

വിവാഹമോചനം അധികരിക്കുന്നു എന്നത് ഒരു സത്യമാണെങ്കിലും ജനസംഖ്യയുടെ വര്‍ധനവിന്റെ ശതമാനമനുസരിച്ചുള്ള അനുപാതമായിരിക്കില്ലേ?
മുമ്പത്തേതിലും വര്‍ധിച്ച ജീവിതസൗകര്യങ്ങളും ഓരോരുത്തരും സ്വന്തം വ്യക്തികളാണെന്നും തങ്ങള്‍ക്കാരോടും കടപ്പാടുകളില്ല എന്നുള്ള ഒരു ചിന്തയും, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.


പെണ്‍കുട്ടികള്‍ക്ക് പഴയപോലെ സഹിക്കാനുള്ള കഴിവ് ഇല്ല എന്ന് പറയപ്പെടുന്നു. ഇവിടെ ഞാനീ വിഷയത്തെ ഇസ്‌ലാമികമായി സമീപിക്കാനാഗ്രഹിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീസമൂഹം ഇന്നും സ്വതന്ത്രരാണെന്നു പറയാനാവില്ല. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ അവര്‍ ആ അസ്വാതന്ത്ര്യത്തെ അനുവദിച്ചുകൊടുക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ഭര്‍ത്താവിനുവേണ്ടി പലിശയ്ക്ക് ലോണെടുത്ത്, സ്വന്തം ശമ്പളത്തില്‍നിന്ന് നിര്‍ബന്ധപൂര്‍വം അടച്ചുകൊണ്ടിരിക്കുന്ന 'മുസ്‌ലിം'സ്ത്രീയെ കേരളത്തിലേ കാണാനാവൂ. ഒരുപക്ഷേ, ഈ ലോണെടുക്കുന്നത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് ധൂര്‍ത്തടിക്കാനായേക്കാം.

കുടുംബങ്ങളില്‍ മതം ഉണ്ടാക്കിയിട്ട് കാര്യമില്ല. ധാര്‍മികമൂല്യങ്ങള്‍ ആണ് ഉണ്ടാക്കേണ്ടത്. നമ്മള്‍ പലപ്പോഴും ഉപരിപ്ലവമായ പര്‍ദ്ദ, വസ്ത്രധാരണം തുടങ്ങിയവയിലാണ് മതത്തെ കാണുന്നത്. മറിച്ച്, കുടുംബം ധാര്‍മികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാകണം. സൂറത്തുല്‍ ഹുജുറാത്ത് എല്ലാ മനുഷ്യരും പഠിച്ചാല്‍, സമൂഹത്തിലെ കെടുതികള്‍ക്ക് പരിഹാരമായി. അപരന്റെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും അനുവാദം കൊടുക്കുക, പരിഹസിക്കാതിരിക്കുക, ദുഷിച്ചു പറയാതിരിക്കുക, ഊഹം വച്ചുപുലര്‍ത്താതിരിക്കുക, കുത്തുവാക്ക് പറയാതിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആ അധ്യായത്തില്‍ പരസ്പരബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നവയായി നമുക്ക് കാണാം. ആ കാര്യങ്ങള്‍ ചെറുപ്പത്തിലേ കുടുംബത്തില്‍നിന്നും ശീലിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു കുടുംബത്തെ ആരോഗ്യകരമായി കൊണ്ടുപോകാനാകും. എന്റെ മനസ്സില്‍ ഈ അപകടങ്ങള്‍ക്കൊക്കെ തെളിഞ്ഞുവരുന്ന പോംവഴിയാണിത്. പ്രണയത്തിലേക്കെടുത്തുചാടി, അപകടത്തില്‍പ്പെടുന്ന പെണ്‍കുട്ടിയും തന്റെ മാനദണ്ഡം ധാര്‍മികതയായി സ്വീകരിക്കാത്തതാണ് എന്ന് നിസ്സംശയം പറയാം. കാരണം, പ്രണയച്ചൂടില്‍ പുരുഷന്റെ ദുഃസ്വഭാവങ്ങളെ കാണാന്‍ അവളുടെ കണ്ണുകള്‍ക്ക് ശക്തിയില്ല. അതിനെ മറികടക്കാനുള്ള ധാര്‍മിക-ദൈവബോധം അവള്‍ നേടിയെടുക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അതിന് സംവിധാനിക്കപ്പെട്ട രീതിയിലല്ല നമ്മുടെ അധിക കുടുംബങ്ങളും. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമായും ഗൃഹയോഗം കൂടേണ്ടതുണ്ട്. പ്രധാന ലക്ഷ്യം കുടുംബ ഭദ്രതയാണ്. കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൃഹസദസ്സില്‍ തുറന്ന് ചര്‍ച്ചചെയ്യുന്ന ഒരു പരിപാടിയാണത്. നേരത്തെ പറഞ്ഞ ഹുജുറാത്ത് സൂറത്തിലെ സൂക്തങ്ങളുടെ പ്രയോഗവത്കരണം കൂടിയാണത്.
ഈ പ്രശ്‌നത്തിന് മറ്റൊരു കാരണം കൂടി ഉണ്ട് എന്ന് ഞാന്‍ ശക്തമായി അവതരിപ്പിക്കുകയാണ്.


നീണ്ടകാലത്തെ ഹൈസ്‌കൂള്‍ അധ്യാപന പരിചയത്തില്‍നിന്നും ഒരു കാര്യം പറയാനാവും. ഏതോ കുത്സിതബുദ്ധികള്‍ ഇറക്കുമതി ചെയ്ത മിങ്കിളിങ് സംസ്‌കാരം നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലേക്കെത്തിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. 15 കൊല്ലം മുമ്പ് ക്ലാസ്സുകള്‍ പ്രത്യേകിച്ചായിരുന്നു. അന്ന് ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അവരുടെ നാണം നഷ്ടപ്പെടുന്നുണ്ട്. 'നിര്‍ലജ്ജത ഒരു സമൂഹത്തില്‍ വന്നാല്‍ ആ സമൂഹം നശിക്കും' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഇനി ഒരു തിരിച്ചുപോക്കിന് സാധാമാകാത്തവിധം ഇടകലരല്‍ അതിന്റെ എല്ലാ അതിര്‍വരമ്പുകളും വിട്ടുകടന്നിരിക്കുന്നു. ആ സ്വഭാവം അവരുടെ ഭാവിജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആണിന്റെയും പെണ്ണിന്റെയും ഉള്ളില്‍നിന്ന് നാണം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ശരീരത്തെ പര്‍ദ്ദ ഇടീച്ചെങ്കിലും മനസ്സില്‍ പര്‍ദ്ദ ഇല്ലാതായി. അതിന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഒന്നുകൂടി ആക്കം കൂട്ടി.

ഇതിനിടയിലും വഴുതിവീഴാതെ ജീവിക്കുന്ന മാന്യരായ ദമ്പതികളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. മറിച്ച്, നിര്‍ബന്ധിക്കപ്പെടുന്ന മതബോധത്തിനു പകരം സ്വയമെടുത്തണിയുന്ന ധാര്‍മികതയിലേക്ക് നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വഴിനടത്താന്‍ കഴിയണം. അതിന് മാതാപിതാക്കളുടെ ധാര്‍മിക നിലവാരം ശക്തവും സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമാകണം.

വാല്‍ക്കഷണം: ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവരെ നിര്‍ബന്ധിക്കരുത്. ആകെയുള്ള ജീവിതത്തെ നരകതുല്യമാക്കരുത്.

എപ്പോഴും നമ്മുടെ മനസ്സിന്റെ ചുമരുകളില്‍ ഈ വാചകം തൂങ്ങിക്കിടക്കട്ടെ - എന്റെ കുടുംബം ഈ ഭൂമിയിലെ സ്വര്‍ഗമാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.

10 comments:

  1. ഇത് സൌഹൃദം [OFWA] മാസികയിലെക്ക് എഴുതിയ ഒരു ലേഖനമാണ്.

    ReplyDelete
  2. നല്ല നിരീക്ഷണം...ഒന്നും കൂടി ഗവേഷണത്തിന് സാധ്യതയുണ്ട്...

    ReplyDelete
  3. കാലോചിതമായ പോസ്റ്റ്‌ ... താങ്ക്സ് ഇത്ത..

    ReplyDelete
  4. "ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവരെ നിര്‍ബന്ധിക്കരുത്.
    ആകെയുള്ള ജീവിതത്തെ നരകതുല്യമാക്കരുത്."വളരെ ശരിയാണ്..
    ...അതെ സമയം ആണ്‍ പെണ്‍കുട്ടികള്‍ ഒരുമിച്ചു പടികുന്നതിനെ
    ഭയപെടുന്ന നിങ്ങള്‍ ..നിങ്ങളുടെ മത വിശ്വസത്തിന്റെ ചീത്ത വശവും കാണിച്ചു തരുന്നു...

    ReplyDelete
  5. അയ്യട...
    ഏത് മതവിശ്വാസികളും ആണിന്റെം പെണ്ണിന്റെം കൂടിക്കുഴയലിനെ വല്യതായി ഇഷ്ടപ്പെടുകയില്ല...ദേവാ... ,,,,സ്വന്തം മക്കള്‍ ചീത്തയായി പ്പോകുംപോള്‍ അറിയാം ഈ വല്യ വര്‍ത്താനം ഒക്കെ പോകും...നിങ്ങളാണ് ഇരട്ട മുഖം കാട്ടുന്നത്!!!ഞാന്‍ എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നു എഴുതുന്നതാണ്....ഇസ്ലാം എന്ത് പറഞ്ഞാലും അതിലൊക്കെ സത്യങ്ങള്‍ ഉണ്ട്‌...ഹിന്ദു മതത്തിലും കാണും ഇത്തരം സത്യങ്ങള്‍...പക്ഷെ ഹിന്ദുക്കള്‍ അത്‌ ശ്രധിക്കുന്നുണ്ടാകില്ല...

    ReplyDelete
  6. Dear Devan,

    Prophet Muhammad (Peace and Prayers be upon Him (PBUH) said, “None of you should be secluded with a strange female unless she is accompanied by a Mehrem*” [Sahih Bukhari and Muslim].

    Those who advocate intermingling of the two sexes are not guided by reason but by their corporal and lustful desires. It is evident that they have not learned from the terrible consequences of the immoral degeneration which occurred in nations legalizing or allowing religiously sanctioned male-female intermingling as well as excessively free man-woman relationship. In a report drafted by the USA Congress’ Committee concerned with Juvenile Crimes, it was stated that the most important reason of such crimes is the too much and unbridled intermingling of male and female youngsters. All of these daily criminal incidents are living evidence to the scientific and social wisdom and advantage of man’s adherence to the Hadeeth. From a human prospective, the Hadeeth definitely constitutes the sole principle and basis which define the scope of social relations in general and in particular man-woman relationship.

    More over, one of the most awful symptoms of this intermingling is a female’s losing her modesty, a virtue which is socially considered the female’s most significant and strongest shield and safeguard. The loss of bashfulness particularly in females leads to abnormal and immoral behavior which results, under the context of women liberalism and civilization, in blindfolded imitation and abuse of females. In other words, a number of immoral crimes were investigated; such investigations came out with that intermingling is the main driving force behind such criminal deeds.

    ReplyDelete
  7. The term “Mehrem” means a male relative who is religiously banned from marrying that subject woman under any circumstances. In Islam, a Mehrem is a female’s father, brother, son, maternal or paternal uncle, grandfather or nephew. A blood relation or a suckling relation makes the subject man a “Mehrem” i.e. a son( brother, father, uncle) by birth or a suckling son(brother, father, uncle).

    ReplyDelete
  8. ഇതാ മനോഹരമായി പറഞ്ഞിരിക്കുന്നു കാര്യങ്ങള്‍.. നല്ല വീഷണം.വിവാഹമോചനം അനുവദിച്ചു തന്നെങ്കിലും പടച്ചവന്‍ ഏറ്റവും വെറുക്ക പെട്ട ഒരു കാര്യം കൂടി ആണ്. ഏറ്റവും ശക്തവും തീഷ്ണവും ഉദ്ദീപ്തവുമായ ബന്ധമാണ് ദാമ്പത്യം.പരസ്പരഅംഗീകാരവും വിശ്വസ്തതയുമാണ് ദാമ്പത്യബന്ധത്തിന്റെ കാതൽ. വീട് തന്നെ ആദ്യ വിദ്യാലയം. മാതപിതാകള്‍ തന്നെ ആദ്യ അദ്യാപകര്‍.
    Hshim.A
    Dubai

    ReplyDelete
  9. അന്യായമായി വിവാഹ ബന്ധം മുറിക്കുന്നവന്‍ ദൈവ നിഷേധമാണ് ചെയ്യുന്നത്.........

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട്...കാലിക പ്രസക്തമായ ലേഖനം.....
    കുറച്ചു കൂടി കാര്യങ്ങള്‍ ടീച്ചര്‍ക്ക്‌ ഉള്‍പ്പെടുത്താന്‍ കഴിയും എന്ന് തോന്നുന്നു...
    ഈ സാമൂഹിക വിപത്തിന്റെ കാരണങ്ങള്‍,പരിഹാരങ്ങള്‍...
    വിവാഹ ബന്ധം ധ്രിടമാക്കാനുള്ള വഴികള്‍...എന്നിവ അല്‍പ്പം കൂടി ടീച്ചര്‍ക്ക്‌
    ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നു.....
    Nihas.......

    ReplyDelete