Saturday, September 25, 2010

കടപ്പുറത്തിന്റെ ആവലാതികള്‍

മൂന്നാം പീരിയഡ് തീര്‍ന്നിട്ടില്ല. ഞാന്‍ എട്ട്‌-ഇയില്‍ നില്‍ക്കുകയാണ്. എന്നെ കാണാന്‍ ഒരു സ്ത്രീ വന്നിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒരു സ്റ്റുഡന്റിന്റെ ഉമ്മയാണ്. 'വാ മോളേ' എന്നു പറഞ്ഞ് തൊട്ടടുത്തുള്ള എന്റെ മുറിയിലേക്ക് കൊണ്ടിരുത്തി.

നാലഞ്ചു കൊല്ലമായി ഞാന്‍ പരിചയപ്പെട്ടിട്ട്; നിഷ്‌കളങ്ക. വാപ്പാക്ക് കടലീപ്പോക്കാണ് എന്നു പറഞ്ഞപ്പോള്‍, 'ഓ... നല്ല മീന്‍ കിട്ടുമല്ലോ' എന്ന് ഞാന്‍ പറഞ്ഞതിന് പിറ്റേ ദിവസം തന്നെ വലിയ മീനും കൊണ്ട് മക്കളെ വീട്ടിലേക്ക് വിട്ട നിഷ്‌കളങ്ക. വിശേഷങ്ങള്‍ ചോദിച്ചുതുടങ്ങിയപ്പോഴേക്കും നാലാം പീരിയഡ് അടിച്ചു. സമാധാനം, ഈ പീരിയഡ് ഒഴിവാ. 'പറയ് മോളേ, എന്താണ് മാപ്പളേടെ വിശേഷം?'

രണ്ടുദിവസം മുമ്പ് ചില ആവശ്യങ്ങള്‍ക്ക് അവളുടെ വീടിനടുത്ത് പോയതായിരുന്നു. അന്ന് എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച ആളാണ് മുന്നില്‍. അവളുടെ ദുഃഖങ്ങളുടെ മാറാപ്പഴിക്കാന്‍ തുടങ്ങി.

'എന്ത് പറയാന്‍ ടീച്ചറേ, അങ്ങോര് നന്നാകൂല. കള്ളും കഞ്ചാവും ചീട്ടുകളീം... എല്ലാവരും അങ്ങിനെത്തന്നെ. ആകെയുള്ള ഒരു ഗുണം, ഞങ്ങളെ പട്ടിണിക്കിടില്ല. തിന്നാനും ഉടുക്കാനും ഒക്കെ വാങ്ങിത്തരും. കുടിക്കാനും വലിക്കാനും ബാക്കി കാശുപയോഗിക്കും.' കടപ്പുറത്തിന്റെ വ്യക്തമായ ഒരു കുടുംബചിത്രം എന്റെ മുന്നില്‍ അവള്‍ അവതരിപ്പിക്കുകയാണ്.

അപ്പോള്‍ ഞാന്‍ ചോദിച്ചു: 'മോളേ, ഇതൊക്കെ പോലീസിലറിയിച്ചുകൂടേ?' 'ഉം...' അവള്‍ടെ മറുപടി: 'പോലീസ് വരുമെന്നറിയുമ്പോഴേക്ക് പുഴയിലേക്കോ കടലിലേക്കോ എറിയും. ഒന്നുരണ്ടുതവണ പിടിച്ചത്രെ. ടീച്ചറേ, പിടിച്ചിട്ടെന്താണ്? രാഷ്ട്രീയക്കാര്‍ പോയി എത്രയും വേഗം ഇറക്കിക്കൊണ്ടുവരും.'

ഞാന്‍ ചര്‍ച്ച മറ്റൊരു വഴിക്ക് വിട്ടു. മോളേ, ഈ കള്ളുകുടിയന്റെ കൂടെ എങ്ങനെയാണ് ഭാര്യയായി കഴിയുന്നത്? അവളുടെ മറുപടി. 'ഉം... പിന്നേ, ഞാനും എന്നെ മക്കളും കൂടിയേ കിടക്കുകയുള്ളൂ. ചൂരും വെച്ച് കൂടെക്കിടക്കാന്‍ എന്നെ കിട്ടില്ല'.

ഹോ... നിഷ്‌കളങ്കയായ ഒരു സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങള്‍ കാണാന്‍ ഇവിടെ ആരുമില്ല. ഞാനോര്‍ക്കുകയായിരുന്നു, രണ്ടു ദിവസം മുമ്പ് വായിച്ച ചില സ്ത്രീവിഷയ ലേഖനങ്ങളെപ്പറ്റി. മുസ്‌ലിംസ്ത്രീ പര്‍ദ്ദയിടുന്നതിലൂടെ 'അനുഭവിക്കുന്ന പ്രയാസങ്ങള്‍' കണ്ട് 'വിഷമിച്ച്' വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങളുണ്ടിവിടെ. കള്ളന്മാര്‍... ഈ സാധുക്കളുടെ കണ്ണീരൊപ്പാന്‍ ഇനി ഒരു പ്രവാചകന്‍ പിറക്കേണ്ടിയിരിക്കുന്നു!

എന്റെ പരാതിക്കാരിയുടെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. 'ടീച്ചറേ, ഈവക സാധനങ്ങള്‍ പോയിക്കിട്ടിയെങ്കില്‍ (മരിച്ചിരുന്നെങ്കില്‍ എന്നുദ്ദേശ്യം) ഞങ്ങളെ ആരുമില്ലാത്തവര്‍ എന്നു പറഞ്ഞിട്ടെങ്കിലും ആരെങ്കിലും വീടൊക്കെ പണിതുതരുമായിരുന്നു. മക്കളുടെ അച്ഛനായിപ്പോയില്ലേ? തല്ലി ഓടിക്കാന്‍ പറ്റില്ലല്ലോ.' അവസാനം, 'ടീച്ചറേ, ഇതൊക്കെ ഓരോ കഥയാണ്. ഞങ്ങളുടെ ജീവിതമൊക്കെ ഇതാണ്!'

ഞാനോര്‍ത്തു, മുന്നിലിരിക്കുന്ന കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ ഞങ്ങള്‍ ക്ഷോഭിക്കും. എന്തിനാണിത്തരം പാവങ്ങളോട് ക്ഷോഭിക്കുന്നത്? പഠിക്കുന്നവര്‍ പഠിക്കട്ടെ. ഈ കുട്ടികള്‍ പിതാക്കളുടെ വഴി പിന്‍പറ്റാതിരിക്കാനകട്ടെ ഞങ്ങളുടെ ശ്രമം എന്ന് തോന്നിപ്പോയി.

വീണ്ടും സംസാരം തുടര്‍ന്നു: 'ടീച്ചറേ, നന്നായി കാശുണ്ട്.' അപ്പോള്‍ ഞാനൊരു സൂത്രം പറഞ്ഞുകൊടുത്തു. പതുക്കെ കട്ടെടുക്കണം. നശിപ്പിക്കണ ഭര്‍ത്താവിന്റെ കാശ് കട്ടെടുക്കുന്നത് കളവല്ല. ഉടന്‍ അവളുടെ മറുപടി: 'ഉം... ഇല്ലട്ടാ, കഴിയില്ല. മൂപ്പര്‍ടെ മടിക്കുത്തിലും ചെറ്റക്കിടയിലും മണ്ണില്‍ കുഴിച്ചിട്ടും ഒക്കെയാണ് കാശ് സൂക്ഷിക്കുന്നത്.' ബോധം ശരിക്കില്ലെങ്കിലും കാശിന്റെ കാര്യത്തില്‍ നല്ല ഓര്‍മയാണ്. നടക്കൂലട്ടാ...'

ഹൗ! എല്ലാ അടവും ആ മനുഷ്യന്റെ മുമ്പില്‍ പതറുകയാണ്. അവരില്‍നിന്ന് കേട്ട വേദനകള്‍, കണ്ട മുഖഭാവങ്ങള്‍ മാത്രം ഞാനിവിടെ എന്റെ കഴിവനുസരിച്ച് പകര്‍ത്തിയതാണ്. അവസാനം, ഞാനെന്റെ നിഷ്‌കളങ്ക മനസ്സില്‍ നിന്നൊരു ചോദ്യം ചോദിച്ചു. അതവളെ പൊട്ടിച്ചിരിപ്പിച്ചു. 'മോളേ, മോള് മദ്യക്കുപ്പി കണ്ടിട്ടുണ്ടോ?' 'ഉം...'. 'പേടിയാകൂലേ?' അതിന് പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്ത് പേടി ടീച്ചറേ... തീരണവരെ കുടിക്കണ മനുഷ്യന്റെ ഭാര്യയായ തനിക്കെന്ത് പേടി? ആ മുസ്‌ലിംസ്ത്രീയുടെ കണ്‍കോണുകളില്‍ പടര്‍ന്ന നനവ്... എന്നില്‍ കണ്ണുനീര്‍ തുള്ളികളായ് പെയ്യുന്നു.

ഈ നാടിനെ എങ്ങനെ രക്ഷിക്കും? 45 മിനിറ്റ് ഒഴിവു പീരിയഡ് മുഴുവന്‍ ഇതു സംബന്ധിച്ച് കുറേ സംസാരിച്ചു. ഞങ്ങളുടെ വിദ്യാര്‍ഥികള്‍ സുഖമായി ജീവിക്കേണ്ട സംഖ്യ മുഴുവന്‍ കള്ളിനും കഞ്ചാവിനും ഹോമിച്ചുകൊണ്ടിരിക്കുന്ന ദുഃസ്ഥിതി. ജനത്തെ സേവിക്കേണ്ട സര്‍ക്കാര്‍സംവിധാനങ്ങള്‍ അതിന്റെ വിഹിതവും പറ്റി ഈ നീചകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു.

പടച്ചവനേ... എന്തിനാവും ഈ നാട്ടിലേക്കുതന്നെ എന്നെ ജോലിക്കയച്ചത് എന്ന ചോദ്യമാണ് മനസ്സില്‍...

6 comments:

  1. എന്തിനാവും ഈ നാട്ടിലേക്കുതന്നെ എന്നെ ജോലിക്കയച്ചത് എന്ന ചോദ്യമാണ് മനസ്സില്‍...


    എല്ലാം ഒരു നിയോഗമല്ലേ ടീച്ചറെ .

    ഗോവെര്‍ന്മെന്റിന്റെ പ്രോത്സാഹനം കൂടിയാവുമ്പോ വിഷക്കള്ള് ദുരിതങ്ങളും മദ്യപന്മാരുടെ അക്രമങ്ങളും കേരളത്തില്‍ അതിന്റെ ഗ്രാഫ് കൂടിക്കൂടി വരുകയെയുള്ളൂ ..

    ടീച്ചര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയാല്‍ ആ പഞ്ചായത്തിനെ മദ്യ മുക്ത പഞ്ചായത്താക്കാന്‍ ശ്രമിക്കണേ

    ReplyDelete
  2. കടാ പുറത്തു കാരെ ഇസ്ലാഹ് ചെയ്തെടുക്കാന്‍ ഒരു സംഘടനയും ശ്രമിക്കുന്നില്ല ..

    മുക്കുവന്മാരെ എന്തിനു സമൂഹത്തില്‍ നിന്നും അകറ്റി നിര്ത്തുന്നു ..

    ടീച്ചറെ പോലുള്ളവര്‍ക്ക് എന്നും നന്മകള്‍ ആശംസിക്കുന്നു

    ReplyDelete
  3. ellathilum oru preekshnam elle allaam...........
    namukku sathikunnath ellam nadathanulla padachonte anugraham eppolum undavette.....
    aameen..............
    teachare polulla manasukalude ennam kurayunna ee kalath namukku pattavunna janathaye uyarthuvan sramikkuka...
    avasanam bhakkiyakunnathil athoru nidhiyaayi eppozhum undakum....

    ReplyDelete
  4. Sunni 2, Mujahid 2, Jamaath, Thableeg ....Ithokke ivideyulla sanghadanakalaanu...But most of our resources, we spent on throwing mud at the other organisation...Kadappurthu vannu nokkaan samayam kittande??

    ReplyDelete
  5. നിയാസ്....നമ്മള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലാന്നും പറഞ്ഞു ജീവിക്കുന്നവര്‍......നാം നേരിട്ട്
    എത്ര കണ്ടിരിക്കുന്നു അല്ലെ?
    ജീവിതത്തിലെ ദുഃഖങ്ങള്‍ ....

    ReplyDelete
  6. salaammmmmmmmm
    nannayirikkunnu
    janakeeya munnaniyiloode namukku natile itharam aalukale mattan kazhiyanam

    ReplyDelete