Friday, February 18, 2011

'എനിക്കാ യുവാക്കളുടെ കൈകള്‍ മുത്തണം'

മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് ഖുതുബ നടത്തിയ സന്തോഷകരമായ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ പ്രസംഗം മുസ്‌ലിംലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ഇഖ്‌വാനികളുടെ നേരെയുള്ള അതിക്രമങ്ങളുടെ മൂര്‍ധന്യ സ്ഥിതിയില്‍ അന്നത്തെ ഖത്തര്‍ അമീര്‍ നേരിട്ടു പോയി ഖര്‍ദാവിയെയും അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറിനെയും മറ്റുചിലരെയും ഖത്തറിലേക്ക് കൊണ്ടുവന്നു. ഖര്‍ദാവി തന്റെ ധിഷണ ഉപയോഗിച്ച് ഇസ്‌ലാമികലോകത്തിന് വെളിച്ചം പകരുകയായിരുന്നു. നാഥാ! നീ അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ചൊരിയണമേ തമ്പുരാനേ... ഇസ്‌ലാമികലോകത്തിന് വഴികാട്ടാന്‍ ഇനിയും അദ്ദേഹത്തിന് നീ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണേ നാഥാ. (എന്റെ പ്രിയപ്പെട്ട ഉസ്താദ് ടി.പിയുടെ ആറുകൊല്ലത്തെ ഉസ്താദാണ് ഖര്‍ദാവി).

ആ മഹാനുഭാവന് വിപ്ലവം നയിച്ച ഈജിപ്ഷ്യന്‍ യുവാക്കളുടെ ഓരോരുത്തരുടെയും കൈകള്‍ ചുംബിക്കാന്‍ മോഹം. ഈ വിപ്ലവം വഴി, മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുംആ നമസ്‌കരിക്കാന്‍ മോഹം. അദ്ദേഹം ഈജിപ്തിലെ വിപ്ലവകാരികളോട് (ഇന്നലെ തഹ്‌രീര്‍ സ്‌ക്വയറിലായിരുന്നു ജുമുഅ) പറഞ്ഞു: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്.

അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല.
ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.


റഫഹ് അതിര്‍ത്തി തുറന്നുകൊടുക്കണം. ഗസ്സയുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുക. ഈജിപ്തായിരുന്നു എന്നും ഫലസ്തീന്‍ ജനതയ്ക്ക് അഭയം. ഇനിയും അതങ്ങനെതന്നെയാകേണ്ടതുണ്ട്. ഈ മൈതാനിയില്‍ നാം ഒരുമിച്ചുകൂടി ജുമുഅ നമസ്‌കരിച്ചപോലെ, മസ്ജിദുല്‍ അഖ്‌സയില്‍ ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.''

യുവാക്കളോടായി അദ്ദേഹം പ്രത്യേകം പറഞ്ഞു: മക്കളേ, എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും കൈകള്‍ പിടിച്ച് മുത്തം തരണമെന്നാണാഗ്രഹം... കാരണം, നിങ്ങളാണല്ലോ വിപ്ലവവീഥിയില്‍ ക്ഷമയോടെ ഉറച്ചുനിന്നത്. നിങ്ങളെ എനിക്ക് അന്‍സാറുകളോടാണ് ഉപമിക്കാന്‍ തോന്നുന്നത്; സ്വന്തത്തേക്കാള്‍ സഹോദരനെ പരിഗണിച്ച മദീനയിലെ അന്‍സാറുകളോട്.

ക്രിസ്ത്യന്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ലോകരക്ഷിതാവിനെ പ്രണമിക്കുക. നന്ദി രേഖപ്പെടുത്തുക. നിങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ നിങ്ങള്‍ ജുമുഅയ്ക്കുവേണ്ടി കാവല്‍ നിന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ഐക്യം തകരാതിരിക്കാന്‍ ഓരോ ഈജിപ്ഷ്യന്‍ പൗരനും ബാധ്യസ്ഥരാണ്.

സൈനികരോടായി അദ്ദേഹം പറഞ്ഞു: മുബാറക് ബാക്കിയാക്കിപ്പോയ ഗവണ്മെന്റില്‍നിന്ന് നിങ്ങള്‍ മോചിതരാകണം. കാരണം, ഈജിപ്ഷ്യന്‍ ജനത പഴയ മുഖങ്ങളെ ഇനി ഇഷ്ടപ്പെടില്ല. കാരണം, നിരപരാധികളായ യുവാക്കളെ കൊന്നൊടുക്കിയതിന്റെ അടിസ്ഥാന കാരണക്കാര്‍ അവരാണല്ലോ.

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

الشعب يريد تطهير البلاد 
ജനത നാടിനെ ശുദ്ധീകരിക്കാനാഗ്രഹിക്കുന്നു.

وحسني مبارك ساب القصر. واعوانه له بيحكمو مصرا
ഹുസ്‌നി മുബാറക് കൊട്ടാരം വിട്ടോടി. ഇനി അയാളുടെ കാര്യസ്ഥന്മാര്‍ മിസ്‌റ് ഭരിക്കേണ്ട.


ولا حسني ولا نظامه ولا حزبه ولا أعوانه

ഹുസ്‌നി വേണ്ട, അയാളുടെ ഭരണം വേണ്ട. അയാളുടെ കക്ഷി വേണ്ട. അയാളുടെ സഹായികളും വേണ്ട.

ജനനിബിഡമായ തഹ്‌രീര്‍ സ്‌ക്വയറിന്റെ മുക്കുമൂലകള്‍ ഈ മുദ്രാവാക്യം ഏറ്റുചൊല്ലി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നൊഴുകിയെത്തിയ 20 ലക്ഷം പേര്‍ അതേറ്റുചൊല്ലി. ولله الحمد

വസ്സലാം.

Thursday, February 17, 2011

യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തുക


ഈജിപ്തിലും മറ്റ് അറബിരാജ്യങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകളുമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്ന എതിര്‍പ്പുകള്‍ നമുക്ക് മനസ്സിലാക്കാം. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന ഒരു നിലപാടുണ്ടല്ലോ. ഇന്നല്ലെ ബേലക്‌സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില സുഹൃത്തുക്കള്‍ ആ നയമായിരുന്നു സ്വീകരിച്ചത്.


എന്നാല്‍, ഒരു മുജാഹിദ് സഹോദരന്‍ അയച്ച ഒരു മെയില്‍ ആണ് ഈ കുറിപ്പിനാധാരം. 'ഇഖ്‌വാനികളും മറ്റു ഇസ്‌ലാമിസ്റ്റുകളും പൊതുജനങ്ങളും നടത്തിയ പോരാട്ടം വിജയിക്കുകയോ പരാജയപ്പെടുകയോ എന്തുമാവട്ടെ, മനസ്സിലറിയാത്ത കാര്യങ്ങള്‍ അവരെപ്പറ്റി പറയരുത്. അവരെ, സയണിസ്റ്റ്-സാമ്രാജ്യത്വ ചാരന്മാരായി മുദ്രകുത്തുന്നു. ഹൃദയം തേങ്ങിപ്പോവുകയാണ്, ആ ആരോപണം വായിച്ച്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച, ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്മാരുടെ പിന്മാഗികളാണ് ഇഖ്‌വാനികള്‍.
من المؤمنين رجال صدقوا ما عاهد الله عليه فمنهم من قضى نحبه ومنهم من ينتطر وما بدلو تبديلا (വിശ്വാസികളില്‍ ഒരുകൂട്ടം ആള്‍ക്കാരുണ്ട്. അവര്‍ അല്ലാഹുവോട് ചെയ്ത കരാറുകള്‍ പാലിച്ചവരാണ്. അവരില്‍ ചിലര്‍ തങ്ങളുടെ ഊഴം പൂര്‍ത്തിയാക്കി. അവരില്‍ ചിലര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കയാണ്. അവരതില്‍ ഒരു മാറ്റവും വരുത്തീട്ടില്ല.)


കണ്ണുനീരൊഴുക്കാതെ, ഈ ഖുര്‍ആന്‍ സൂക്തം ഓതിവിടാന്‍ ഒരു വിശ്വാസിക്കും കഴിയില്ല. ശുഹദാക്കളുടെ പട്ടികയിലേക്ക് ചേരാനുള്ള ശക്തമായ ഉള്‍വിളി ഈ സൂക്തം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എന്നിട്ടാണവരെ അധികാരക്കൊതിയരും സയണിസ്റ്റ് പിണിയാളുകളുമായി ആരോപിക്കുന്നത്. ഞാന്‍ പരിചയപ്പെട്ട പല ഇഖ്‌വാനികളും ഉണ്ട്. അതില്‍ ഒരറബി സുഹൃത്ത് പറഞ്ഞത്:
ان شاء الله، نحن نروح إلى الأقصى، لتحريرها (അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങളും പോകും, മസ്ജിദുല്‍ അഖ്‌സയിലേക്ക്; അതിനെ മോചിപ്പിക്കാന്‍.) - 'ഞാന്‍ മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുമുഅയില്‍ പങ്കെടുത്തിട്ടുണ്ട്' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതാണ്.


ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ ധീരനായി പങ്കെടുത്തവരില്‍ പ്രമുഖ ലോകപണ്ഡിതനായ ഡോ. റാഗിബുസ്സര്‍ജാനിയും ഉണ്ട്. ഞാന്‍ കരുതുന്നത്, അദ്ദേഹം സലഫിസരണിയോടാണ് കൂടുതല്‍ അടുപ്പം എന്നാണ്. എനിക്കത് വ്യക്തമായത് അദ്ദേഹം ഉര്‍ദുഗാന് എഴുതിയ വസിയ്യത്തുകളില്‍ ഒരു വസിയ്യത്ത്, 'ശീഇകളുമായി യാതൊരു ബന്ധവും താങ്കള്‍ വെക്കരുത്' എന്നതായിരുന്നു. ആ വിഷയം ഞാന്‍ ചില ഇഖ്‌വാനികളോട് എഴുതി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്.


ഡോ. റാഗിബുസ്സര്‍ജാനി ശക്തനായി വിപ്ലവപാതയിലുണ്ട്. തഹ്‌രീര്‍ സ്‌ക്വയറില്‍ ചെന്ന് വിപ്ലവകാരികള്‍ക്ക് നല്ല ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ ഉണ്ട്. അതിശക്തമായ ഭാഷയില്‍ ഇന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അംറ്ഖാലിദ് സൈറ്റില്‍ മുബാറക്കിന്റെ ചിത്രങ്ങളൊന്നും കണ്ടില്ല. എന്നാല്‍, റാഗിബ് സര്‍ജാനിയുടെ സൈറ്റില്‍ മുബാറകിന്റെ വികൃതമാക്കപ്പെട്ട ചിത്രങ്ങളുണ്ട്.


ഞാന്‍ പറഞ്ഞുവരുന്നത്, ഇഖ്‌വാനികള്‍ മാത്രമല്ല വിപ്ലവപാതയിലുള്ളത്. കമ്യൂണിസ്റ്റുകാരും സ്വതന്ത്ര ഇസ്‌ലാമിസ്റ്റുകളും പൊതുജനങ്ങളും ഉണ്ട്. ഏതായാലും ഈജിപ്ഷ്യന്‍ വിപ്ലവം ഒരദ്ഭുതം പോലെയുണ്ട്. നമുക്ക് കുറഞ്ഞ സമയം ക്ഷീണം സഹിക്കാന്‍ കഴിയാറില്ല. എന്നാല്‍, ഈജിപ്തിലെ ആ സഹോദരങ്ങള്‍, രാപകലൊഴിയാതെ 18 ദിവസം അവിടെ കഴിച്ചുകൂട്ടി. എന്തായാലും മുബാറക്കിനെ താഴെയിറക്കാനായല്ലോ അവര്‍ക്ക്. അതുകൊണ്ടാണല്ലോ അവരില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമീപ രാജ്യങ്ങളും മാറ്റത്തിനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേല്‍-അമേരിക്ക എന്നീ കള്ളന്മാര്‍ ഇടയിലില്ലാതിരിക്കില്ല എന്നറിയാം. പക്ഷേ, അവരുടെയും മുകളില്‍, എല്ലാവരുടെയും മുകളില്‍, ലോകം കണ്ട ഏറ്റവും അക്രമിയായ ഫറോവയെ മുക്കിക്കൊന്ന് ഇസ്രായേല്‍ സന്തതികളെ രക്ഷിച്ച അല്ലാഹു ഉണ്ട്. ഏറ്റവും ശക്തമായ ആയുധമായി ഖുര്‍ആനുണ്ട്. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെ എന്തായാലും അല്ലാഹു പാഴാക്കുകയില്ല. ഇഹലോകത്തുനിന്ന് നഷ്ടപ്പെട്ാലും പരലോകം ഉണ്ട് സത്യവിശ്വാസിക്ക്. അല്ലാത്തവര്‍ക്കോ?


ഇന്നലത്തെ ചര്‍ച്ചയില്‍, നിങ്ങള്‍ക്ക് ആറ്റംബോംബില്ലല്ലോ എന്ന് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. പണ്ട് ഫറോവയ്ക്ക് എല്ലാവിധ സന്നാഹങ്ങളും ഉണ്ടായിരുന്നു. മൂസാനബിക്ക് ആകെ ഒരു വടിയും കൈയും. അതിനെ കൃത്യമായി ആയുധമാക്കിക്കൊടുത്ത പടച്ചതമ്പുരാന്‍ ഇന്നും ഉണ്ട്. തീര്‍ച്ചയായും വിശ്വാസിക്ക് കരുത്തായി മുകളില്‍ രക്ഷിതാവുണ്ട്. ഖുര്‍ആന്‍ ചോദിക്കുന്നു: أليس الله بكاف عبده അല്ലാഹു പോരേ തന്റെ അടിമയ്ക്ക്.


വസ്സലാം. സ്വന്തം ടീച്ചര്‍.

Friday, February 11, 2011

ഈജിപ്ത്: നിശ്ശബ്ദ വിപ്ലവത്തിന്റെ ശുഭാന്ത്യം

പിശാച് ഇറങ്ങിക്കളിക്കാന്‍ സാധ്യതയുള്ള രംഗത്താണ് ഇപ്പോള്‍ ഈജിപ്ഷ്യന്‍ ജനത. ഇന്റര്‍നെറ്റ് വിപ്ലവത്തിലൂടെ, രക്തരഹിതമായ വിപ്ലവത്തിലൂടെ, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തിലൂടെ കൂട്ടായ്മയിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തിരിക്കുന്നു! അല്‍ഹംദുലില്ലാഹ്... ജനുവരി 26 മുതല്‍ ഫെബ്രുവരി 11 വരെ നീണ്ട സത്യഗ്രഹ മുറയിലൂടെ... ലോകത്തെ ആദ്യത്തെ ടെക്‌നോളജി വിപ്ലവം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. 
വാര്‍ത്തയറിഞ്ഞയുടന്‍ അംറ്ഖാലിദിന്റെ സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ അല്‍അറബിയ്യയും ബിബിസിയും അംറ്ഖാലിദിനെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ഇത്രയും ജനസംഖ്യയുള്ള  ഒരു നാട്ടില്‍, ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറപ്പിച്ച നാട്ടില്‍, അംറ്ഖാലിദിന്റെ നിശ്ശബ്ദ വിപ്ലവത്തിനും തര്‍ബിയത്തിനും വലിയൊരു പങ്കുവഹിക്കാനുണ്ടായിരുന്നു എന്നിപ്പോള്‍ ബോധ്യംവരുന്നു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ സൈറ്റില്‍ വന്ന വാര്‍ത്തകള്‍ ഇസ്‌ലാമിക മനഃസാക്ഷിയെ ത്രസിപ്പിക്കുന്നതായിരുന്നു. അധികമായി ആംബുലന്‍സുകളെ മൈതാന്‍ തഹ്‌രീറിലേക്ക് കയറ്റിയില്ല. അവിടത്തെ യുവാക്കള്‍ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒക്കെ ആവുകയായിരുന്നു. ആംബുലന്‍സൊക്കെ കാണുമ്പോള്‍ ജനം കൂടുതല്‍ ഭയചകിതരാകാതിരിക്കാനായിരുന്നുവത്രെ! അതുപോലെ, ഭക്ഷ്യക്ഷാമം തോന്നിത്തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ ബ്രെഡും ബട്ടറും ജാമുമായി വന്ന്, ധീരരായ ആ യുവാക്കള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഉടനെ, ധാരാളം സ്ത്രീകള്‍ ഇതുപോലെ സേവനം ചെയ്യാന്‍ തുടങ്ങിയത്രെ! 

അംറ്ഖാലിദും കൂട്ടുകാരും വളര്‍ത്തിയെടുത്ത യുവസംഘത്തെ ലോകത്തിലെ നമ്പര്‍ വണ്‍ എന്ന് പറയാതെ നിവൃത്തിയില്ല. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന യുവസംഘമാണദ്ദേഹത്തോടൊപ്പമുള്ളത്. ഒരു അറഫാദിനത്തില്‍, പിതാവ് അറഫാസംഗമത്തിലായിരിക്കെയാണത്രെ അദ്ദേഹം ജനിച്ചത്. എന്തൊക്കെയോ സൗഭാഗ്യങ്ങള്‍ റബ്ബിങ്കല്‍നിന്ന് ലഭിച്ച ഒരു വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ബോധ്യം വരും.

ഇനിയുള്ള ദിനങ്ങള്‍ സുപ്രധാനമാണ്. അംറ്ഖാലിദ് മൈതാനിയില്‍നിന്ന് നേരിട്ട് വന്നാണ് ഇന്റര്‍വ്യൂവിന് പങ്കെടുത്തത്. അദ്ദേത്തിന്റെ വാചകങ്ങള്‍ ശ്രദ്ധേയമാണ്. 'മിസ്‌റിനെ തകര്‍ക്കാന്‍ ഒരൊറ്റ മിസ്‌രിയും സമ്മതിക്കുകയില്ല. അവിടെ ക്രിസ്ത്യാനികളും മുസ്‌ലിംകളും പരസ്പരം കെട്ടിപ്പിടിച്ച്, സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ടാണ് ആഹ്ലാദം പങ്കിടുന്നത്.' അത് പറയുമ്പോള്‍, ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തിന്റെ ശബ്ദമിടറിയപോലെ. ആഭ്യന്തരസംഘര്‍ഷം ഉണ്ടാകാതെ ഈജിപ്ഷ്യന്‍ ജനത കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അംറ്ഖാലിദ് എന്തേ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ചേരുന്നില്ല എന്നൊരു ചോദ്യം നമ്മുടെയുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിന് അദ്ദേഹത്തിന്റേതായ എന്തെങ്കിലും കാരണങ്ങള്‍ കാണുമായിരിക്കും. പത്രപ്രവര്‍ത്തകര്‍ ആ രീതിയിലൊക്കെ ചോദ്യങ്ങള്‍ തിരിച്ചുവിടുന്നുണ്ടെങ്കിലും അദ്ദേഹം ആരെയും കുറ്റം പറയാതെയാണ് ഉത്തരങ്ങള്‍ നല്‍കുന്നത്. ഏതായാലും വരുംദിനങ്ങള്‍ നമുക്ക് പ്രാര്‍ഥനയോടെ കാത്തിരിക്കാം. സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും എല്ലാ നാട്ടില്‍നിന്നും കെട്ടുകെട്ടട്ടെ എന്ന് പ്രാര്‍ഥിക്കാം. അംറ്ഖാലിദ് ഇതുവരെ ഇഖ്‌വാനെ വിമര്‍ശിച്ചതായി കണ്ടിട്ടില്ല. രാഷ്ട്രീയപ്രവേശത്തെ അദ്ദേഹം അത്യാവശ്യമായി കണ്ടിട്ടില്ലായിരിക്കാം. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം കൊടുത്ത തര്‍ബിയത്തായിരിക്കും കൂടുതല്‍ ഫലപ്രദം. സയ്യിദ് ഖുതുബിന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍'നെ അദ്ദേഹം പ്രശംസിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. എന്തായാലും, റബ്ബ് തുണച്ചാല്‍ അദ്ദേഹം ഒരു അക്രമിയോ വഴിമുടക്കിയോ ആവുകയില്ല. ഇസ്‌ലാമിനെ കൊതിക്കുന്ന നമ്മുടെയൊക്കെ പ്രാര്‍ഥന പടച്ചതമ്പുരാന്‍ സ്വീകരിക്കട്ടെ. ആമീന്‍. അദ്ദേഹം പറഞ്ഞപോലെ, എല്ലാ പഴയതും കഴിഞ്ഞു. പുതിയൊരു പ്രഭാതം മിസ്‌റില്‍ ഉദിച്ചിരിക്കുന്നു.

[നമ്മള്‍ മറ്റാരുടെയും സ്വാതന്ത്ര്യദിനം പുലരുന്നത് കണ്ടിട്ടില്ല. ആദ്യമായി ഈജിപ്തില്‍ അത് കാണുന്നു. ഇനിയും സ്വാതന്ത്ര്യം പുലരേണ്ട നാടുകളുണ്ട്. എത്രയും വേഗം അവയും രക്ഷപ്പെടട്ടെ. ആമീന്‍]

കുപ്രചാരണങ്ങളെ തിരിച്ചറിയുക

കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ രണ്ടുദിവസം മുമ്പ് ഒരു സമ്മേളനം നടക്കുകയുണ്ടായി. സ്വാമി വിശ്വഭദ്രാനന്ദ ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യപ്രഭാഷകന്‍ പ്രശസ്ത യുവ പത്രപ്രവര്‍ത്തകനായ എ.റശീദുദ്ദീന്‍ ആയിരുന്നു - പ്രബോധനത്തില്‍ ഇഹ്‌സാന്‍ എന്ന തൂലികാനാമത്തില്‍ 'മാറ്റൊലി' എന്ന കോളം കൈകാര്യം ചെയ്യുന്നയാള്‍.

ഒന്നര മണിക്കൂറോളം നീണ്ട ആ പ്രഭാഷണത്തെ എത്ര പുകഴ്ത്തിയാലും അധികമാകില്ല. ഡല്‍ഹിയിലെ, പ്രത്യേകിച്ച് പാര്‍ലമെന്റിലെ സ്ഥിരം മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഒരുപാട് കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'മുസ്‌ലിം' സമുദായത്തിന് ആത്മാഭിമാനവും സന്തോഷവും പകര്‍ന്നുകൊടുക്കാന്‍ ആ പ്രസംഗത്തിന് കഴിഞ്ഞു; ഒപ്പം ആത്മവിശ്വാസവും. പ്രൊഫ. ജോസഫിന്റെ കൈ വെട്ടപ്പെട്ട കാലത്ത് ഒരു നാണക്കേട് മുസ്‌ലിമായ എന്നില്‍ ഉണ്ടായിരുന്നു. അതിങ്ങനെയായിരുന്നു: ഇക്കൂട്ടരല്ലേ കൈ വെട്ടിയത് എന്ന് എല്ലാവരും നമ്മോട് മന്ത്രിക്കും പോലെ. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും കൈ വെട്ടിയ ആള്‍ക്കാരല്ലേ എന്ന് പലരും നമ്മോട് ചോദിക്കാതെ ചോദിച്ചപോലെ.

റശീദുദ്ദീന്റെ ഭാഷണം ആ നിലയ്ക്ക് നോക്കുമ്പോള്‍ മുസ്‌ലിം സഹോദരന്മാര്‍ക്ക് ആത്മധൈര്യം പകര്‍ന്നുകൊടുത്തിട്ടുണ്ടാകും. ഒപ്പം നിഷ്‌കളങ്കരായ ആര്‍.എസ്.എസ്. സുഹൃത്തുക്കള്‍ക്ക് പുനര്‍വിചിന്തനത്തിന് ശ്രദ്ധക്ഷണിക്കുന്നതുമായിട്ടുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ വായനക്കാരില്‍ ഹിന്ദുസഹോദരങ്ങള്‍ ഉണ്ട് എന്നെനിക്കറിയാം. റശീദുദ്ദീന്‍ എഴുതിയ ഒരു പുസ്തകമുണ്ട് - 'സ്‌ഫോടന പരമ്പരകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും' - കഴിയുമെങ്കില്‍ വാങ്ങി വായിക്കണം. ഐ.പി.എച്ചില്‍ ലഭിക്കും.

സാധുക്കളായ മനുഷ്യരെ തമ്മിലടിപ്പിച്ച് നാടിനെ കുട്ടിച്ചോറാക്കുന്നതിലൂടെ തങ്ങളുടെ ആയുധക്കച്ചവടത്തിന് പോഷണം ലഭിക്കാന്‍ കാത്തിരിക്കുന്ന - തക്കം പാര്‍ത്തിരിക്കുന്ന - സാമ്രാജ്യത്വക്കാര്‍ ഈ ലോകത്തുണ്ട്. കാലങ്ങളായി ഒരു സമുദായത്തിന്റെ മേല്‍ കെട്ടിവെക്കപ്പെട്ട ആരോപണങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. മക്കാമസ്ജിദ് സ്‌ഫോടനം, സംഝോധാ തീവണ്ടി സ്‌ഫോടനം, മാലേഗാവ്, അജ്മീര്‍ സ്‌ഫോടനം... തുടങ്ങി ധാരാളം അതിക്രമങ്ങളുടെ പിന്നില്‍ വി.എച്ച്.പി.യുടെ ആള്‍ക്കാരാണെന്ന് ഏറ്റുപറയലിലൂടെയും വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെയും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ആ സ്ഥിതിക്ക് ഈ നാട്ടിലെ നല്ലവരായ മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ആദര്‍ശാശയങ്ങള്‍ എത്ര തന്നെ വ്യത്യസ്തമായാലും, ഒരേ അമ്മയുടെ മക്കളെപ്പോലെ ജീവിക്കാന്‍ ശ്രമിക്കുക. സമൂഹത്തില്‍ അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുക. വൈകിയാണെങ്കിലും ഹേമന്ത് കാര്‍ക്കറെ എന്ന മഹാനായ പോലീസ് ഓഫീസറുടെ കുറഞ്ഞ കാലത്തെ പരിശ്രമത്തിലൂടെ ലോകത്തിനു മുമ്പില്‍ ആ സത്യം വെളിച്ചത്തേക്ക് വന്നു. ധാരാളം ദുരൂഹതകള്‍ ബാക്കിയാക്കിക്കൊണ്ട് മുംബൈ ആക്രമണത്തില്‍ അദ്ദേഹം വധിക്കപ്പെട്ടു.

സഹോദരന്മാരേ, ആ മിടുക്കനായ പോലീസ് ഓഫീസറോട് ഈ നാടും നാട്ടുകാരും എത്രമാത്രം കടപ്പെട്ടിരിക്കുന്നു! ഗാന്ധിഘാതകം ആസൂത്രണം ചെയ്ത സവര്‍ക്കറുടെ ഫോട്ടോയ്ക്ക് പകരം ഹേമന്ത് കാര്‍ക്കറെയുടെ ഫോട്ടോ പാര്‍ലമെന്റില്‍ എന്ന് വെക്കപ്പെടുമോ അന്ന് മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് മാന്യത കൈവരികയുള്ളൂ എന്ന റശീദുദ്ദീറെ വാചകങ്ങള്‍ നിറഞ്ഞ സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്.

സഹോദരന്മാരെ, നാം കുപ്രചാരണങ്ങളില്‍പ്പെട്ട് അന്യായമായി അകലരുത്. നാം നശിച്ചുപോകും. നമ്മുടെ മീഡിയകള്‍ നീതിയുടെയും യാഥാര്‍ഥ്യത്തിന്റെയും ഭാഗത്തുനിന്ന് കാര്യങ്ങള്‍ അവതരിപ്പിക്കണം. സര്‍ക്കുലേഷന്‍ മാത്രം ലാക്കാക്കിക്കൊണ്ട് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയോ സത്യത്തെ മറച്ചുവെക്കുകയോ അരുത്. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് നമ്മില്‍ ഈ വിഷം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഇവിടെ ചേരമാന്‍ പള്ളിയും ഓച്ചിറ പള്ളിയും ടിപ്പുവിന്റെ ശ്രീരംഗപട്ടണവും ഉണ്ടാവുമായിരുന്നില്ല.

നന്മ വറ്റിയിട്ടില്ലാത്ത എല്ലാവരുടെ മനസ്സിലും ഒരു സ്വപ്‌നമുണ്ട് - പരസ്പരം
ഉള്ളു തുറന്ന് സ്‌നേഹിക്കുന്ന ഒരു ജനത ഇവിടെ വരണമെന്ന്. ഇരുട്ടിന്റെ ശക്തികളുടെ കൈകള്‍ താനേ തളര്‍ന്നുപോകണം.


കൂടാതെ, ഏകദൈവത്വത്തിലടിസ്ഥാനപ്പെടുത്തിയ ഇസ്‌ലാമിനെ ശുദ്ധമായി പ്രബോധനം നടത്തുക. എല്ലാ മതഗ്രന്ഥങ്ങളിലെയും തത്ത്വങ്ങളെ പരസ്പരം പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുക. അങ്ങനെ നാമെല്ലാം ഇവിടെ നിന്നുതന്നെ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുക. തീര്‍ച്ചയായും സ്‌നേഹമുള്ളിടത്തേ ദൈവം ഉണ്ടാകൂ...

Monday, February 7, 2011

സൗമ്യമാര്‍ നമ്മോട് പറയുന്നത്...

ഹൃദയത്തിലെവിടെയൊക്കെയോ നുറുങ്ങുന്ന വേദന. ''(നിരപരാധിയായ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടും - എന്ത് കുറ്റത്തിനാണവള്‍ കൊല്ലപ്പെട്ടതെന്ന്'' (വിശുദ്ധ ഖുര്‍ആന്‍)
സൗമ്യ എന്ന അനാഥ പെണ്‍കുട്ടി. വിധവയായ മാതാവിനെയും ഇളയ സഹോദരനെയും പോറ്റാന്‍ ദൂരെയുള്ള ടൗണിലേക്ക് ജോലിക്ക് പോയവള്‍. എന്തെല്ലാം പ്രതീക്ഷകളായിരുന്നിരിക്കും ഉള്ളില്‍? അത്തരം ഒരു പെണ്‍കുട്ടിയുടെ കൊച്ചുസ്വപ്‌നങ്ങള്‍... പ്രതീക്ഷകള്‍... നമുക്ക് ഊഹിക്കാവുന്നതാണ്. കൊള്ളയടിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ ഉള്ളില്‍ വാസ്തവത്തില്‍ ഇപ്പോള്‍ തീയാണ്. ഏതു സമയവും തങ്ങളും ആക്രമിക്കപ്പെട്ടേക്കാം, കാണുന്നവരെയൊക്കെ ഭയത്തോടെ വീക്ഷിക്കുന്ന ഒരവസ്ഥയിലേക്ക് സ്ത്രീകളും മാറിപ്പോകും.


എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? എന്താണിതിന് പരിഹാരം? പരമാവധി എലല്ാവരും സൂക്ഷിക്കുക എന്നതാണ് നമുക്ക് കണ്ടെത്താവുന്ന പരിഹാരം. നമ്മുടെ സാമൂഹ്യസ്ഥിതി അതിശോചനീയമാണെന്നാണല്ലോ ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. സാമൂഹ്യദ്രോഹികളും കുറ്റവാളികളും പെരുകിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനുനേരെ നമുക്ക് കണ്ണടയ്ക്കാനാവില്ല.

പുറത്തു പോകുന്ന സ്ത്രീകളും കുറേയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് (അകത്തിരിക്കുന്നവര്‍ സൂക്ഷിക്കേണ്ട എന്നല്ല ഈ പറഞ്ഞതിനര്‍ഥം). ഒറ്റപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യാന്‍ സാഹചര്യമുള്ള സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കുക. നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും നമ്മുടെ സുരക്ഷിതത്വനിലവാരം 'സീറോ' ആണെന്ന് മനസ്സിലാക്കുക. കുത്തഴിഞ്ഞ സദാചാര വ്യവസ്ഥകളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട സാമൂഹ്യജീവിതവും കൂടി നമ്മുടെ നാട് വല്ലാത്തൊരു പരുവത്തിലാണുള്ളതെന്ന് മറക്കാതിരിക്കുക.

ഗവണ്മെന്റിന് വലിയൊരുത്തരവാദിത്വമുണ്ട്. എല്ലാ തിന്മകളുടെയും മാതാവായ മദ്യത്തെ നിര്‍മാര്‍ജനം ചെയ്യുക. നാട് നശിച്ച ലാഭമാണ് ആ വ്യവസായത്തില്‍നിന്ന് ലഭിക്കുന്നത് എന്ന് മറക്കാതിരിക്കുക. ഏത് ക്രൂരകൃത്യങ്ങള്‍ക്കു പിന്നിലും ഈ വില്ലന്റെ സാന്നിധ്യ കാണാം. എത്ര നിരപരാധികളായ സ്ത്രീകള്‍, ഭാര്യമാര്‍, അമ്മമാര്‍ ആണ് ഈ 'വില്ലന്റെ' വിനോദത്തിനിരയാകുന്നത്.

സ്ത്രീസമൂഹവും ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരതിരുണ്ട്. പോലീസും പട്ടാളവും എത്ര രൂപയാണ് രാഷ്ട്രത്തിന്റേതായി അകത്താക്കുന്നത്? എന്നിട്ട് ഒരനാഥപ്പെണ്‍കുട്ടി ആക്രമിക്കപ്പെട്ട്, ജീവന്‍ വെടിയേണ്ടിവരുന്ന ദയനീയ സംഭവം രാഷ്ട്രമനഃസാക്ഷിയെ പിടിച്ചുകുലുക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീക്ക് സുരക്ഷിതത്വം ലഭിച്ചേ മതിയാകൂ. ''സന്‍ആ മുതല്‍ ഹളര്‍മൗത്ത് വരെ ഒരു പെണ്‍കുട്ടിക്ക് തന്റെ ആടിനെ പിടിക്കുന്ന ചെന്നായയെ മാത്രം ഭയപ്പെട്ടുകൊണ്ട് നടക്കാവുന്ന സുരക്ഷിതമായ കാലം വരും'' എന്ന് പ്രവചിക്കുകയും ആ പ്രവചനം സത്യമായി പുലരുകയും ചെയ്ത, ഉന്നതനായ ഒരു പ്രവാചകന്റെ പിന്‍മുറക്കാര്‍ ഈ രാജ്യത്തുണ്ട്. അനീതി കണ്ടുനില്‍ക്കാന്‍ സാധിക്കാത്തത് മതപരമായ ബാധ്യതയായി കരുതുന്നവരും ഉണ്ട്.

ഭാരതത്തെ മാതാവായി കാണുന്നവരും ഉണ്ട്. മാതൃത്വത്തിന് പൂജനീയസ്ഥാനം നല്‍കുന്നവരാണവര്‍. മാതാവ് ഒരു സ്ത്രീ ആണല്ലോ. ആ സ്ത്രീത്വത്തെ അവമതിക്കാന്‍, ജനത്തെ കയറൂരി വിടുകയാണെങ്കില്‍ അതൊരു വല്ലാത്ത പരിതാവസ്ഥയായിരിക്കും.

സൗമ്യ ഒരു പ്രതീകം മാത്രമാണ്. ഒരുപാട് സൗമ്യമാര്‍ അറിയപ്പെട്ടും അറിയപ്പെടാതെയും ഇവിടെ നശിപ്പിക്കപ്പെടുന്നുണ്ട്. ഗവണ്മെന്റുകള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ശുഭകരമായ എന്ത് വാര്‍ത്തയാണ് നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിയുന്നത്? നീതിമനസ്സ് വറ്റിയിട്ടില്ലാത്തവരുടെ കൂട്ടായ്മ വളര്‍ന്നുവരട്ടെ എന്നത് ഇനിയും കാലത്തിന്റെ ആവശ്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ. നാം കണ്ടില്ലെന്ന് നടിച്ച് നീങ്ങാനാണ് ഭാവമെങ്കില്‍, നാം തുടച്ചുനീക്കപ്പെടും എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. നമ്മള്‍ പ്രതികരിക്കുകയെങ്കിലും ചെയ്യുക.

സ്വന്തം ടീച്ചര്‍

Sunday, February 6, 2011

അംറ്ഖാലിദ് - സാമൂഹ്യവിപ്ലവത്തിന്റെ നിശ്ശബ്ദനായ അമരക്കാരന്‍

ഈജിപ്ത് പുകയുകയാണ്. 28,000 വളണ്ടിയര്‍മാര്‍ - صنّاع الحياة - (ജീവിത നിര്‍മാതാക്കള്‍) - അംറ്ഖാലിദിന്റെ ഒരു കാമ്പയിന്‍ മുഖേന രൂപപ്പെടുത്തപ്പെട്ടവരാണവര്‍ - ഈജിപ്തിലെ പൈതൃകസ്വത്തുക്കളുടെ കാവലാളുകളായി മാറിയിരിക്കുന്നു. വാസ്തവത്തില്‍, ഒരു പ്രത്യേക പ്രസ്ഥാനവും രൂപീകരിക്കാതെ, മറ്റാരോടും ഒന്നും മറുത്തുപറയാതെ സ്വയം അനീതി ഏല്‍ക്കേണ്ടിവന്നിട്ടും അര്‍ഥഗര്‍ഭമായ മൗനം പാലിച്ച അംറ്ഖാലിദ് എന്ന കാലഘട്ടത്തിന്റെ മുജദ്ദിദ് - പരിഷ്‌കര്‍ത്താവ് - ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെട്ടേക്കാവുന്ന വിപ്ലവത്തിന് സമാനതയില്ലാത്ത പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ഈ യുവാക്കളെയും വെച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയുണ്ടായി. ലഹരിക്കെതിരെയുള്ള ശക്തമാവയ ബോധവത്കരണം - حملة حماية - എന്ന പേരില്‍ നടത്തുകയുണ്ടായി. പ്രസ്ഥാനത്തിന്റെ പേരും ലേബലും ഇല്ലാതെ അദ്ദേഹം റബ്ബ് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും എടുത്തുപയോഗിച്ച് നല്ലൊരു ജനകീയ തര്‍ബിയത്തീ പ്രസ്ഥാനത്തിന് രൂപം നല്‍കിയിരിക്കുന്നു.

നമുക്കതില്‍ നിന്നെന്തെങ്കിലും പാഠങ്ങള്‍ പഠിക്കാനുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അംറ്ഖാലിദ് ശൈലി എന്നെ രണ്ടു വിഷയങ്ങളിലാണ് അത്യന്തം ആകര്‍ഷിച്ചിട്ടുള്ളത്. ഒന്ന്, ലളിതമായ ശൈലി. ഖുര്‍ആനും സുന്നത്തും ചരിത്രങ്ങളും എടുത്തുദ്ധരിച്ചുകൊണ്ട്, പ്രത്യേകിച്ച് കഥകള്‍ എടുത്തുദ്ധരിച്ചുകൊണ്ട്, ആത്മാര്‍ഥമായ അവതരണത്തിലൂടെ, യാതൊരു ജാഡയുമില്ലാത്ത അവതരണശൈലി. യുവമനസ്സുകളെ അദ്ദേഹം ശരിക്കും കീഴ്‌പ്പെടുത്തുകയായിരുന്നു. ഹുസ്‌നി മുബാറിക്കിന്റെ സഹോദരഭാര്യ പോലും അദ്ദേഹത്തിന്റെ പ്രബോധനഫലമായി ഹിജാബ് ധരിച്ചവരാണ് എന്ന് ഒരു മിസ്‌രി സ്ത്രീ എന്നോട് പറയുകയുണ്ടായി.

രണ്ടാമത്തെ പ്രത്യേകത, ഒറ്റയാളെയും നാളിതുവരെ അദ്ദേഹം കുറ്റം പറഞ്ഞിട്ടില്ല - വ്യക്തികളെയോ സംഘടനകളെയോ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ല. എഴുത്തിലും പ്രസംഗത്തിലും മുഴുവന്‍ പോസിറ്റീവായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന ഉന്നതമായ ശൈലിയാണ് അദ്ദേഹത്തിന്റേത്.

അദ്ദേഹത്തെ ضال مضل (വഴിപിഴച്ചവനും പിഴപ്പിക്കുന്നവനും) എന്നുവരെ യൂട്യൂബില്‍ പ്രയോഗങ്ങളുണ്ട്. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. മറുപടിക്ക് ചിലവഴിക്കേണ്ട ഊര്‍ജം അദ്ദേഹം യുവാക്കളുടെയും യുവതികളുടെയും തര്‍ബിയത്തിനുവേണ്ടി ചിലവഴിച്ചു. കഷണ്ടിത്തലയന്‍ മുടിവെച്ചു എന്നുവരെ അദ്ദേഹത്തെ അധിക്ഷേപിച്ചവരുണ്ട്. ഒന്നിനും മറുപടി പറയാതെ, ഒരു കാലഘട്ടത്തിന് തന്നെക്കൊണ്ടാവുന്ന എല്ലാ മാര്‍ഗത്തിലൂടെയും സംഭാവന അര്‍പ്പിക്കുകയായിരുന്നു. തീര്‍ച്ചയായും യുവാക്കള്‍ക്ക് തര്‍ബിയത്ത് കൊടുക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇദ്ദേഹത്തിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഒരുപാട് ആനുകാലിക വിഷയങ്ങളില്‍ മാകൃതകള്‍ കണ്ടെത്താനാകും.
ഉമ്മത്തില്‍ വിടവുണ്ടാക്കുന്ന ഒന്നും അംറ്ഖാലിദിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. തീര്‍ച്ചയായും ഇസ്‌ലാമിനെ അല്‍പമെങ്കിലും സ്‌നേഹമുള്ളവര്‍ ഇസ്‌ലാമിക സാഹോദര്യത്തില്‍ വിള്ളലുണ്ടാക്കുന്ന ഒന്നും ഉരിയാടുകയില്ല. സാഹോദര്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാവുന്ന ഏത് വാക്കും ഉരിയാടുന്നതിനുമുമ്പ് ചിന്തിക്കുക. നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്യുന്ന നല്ലവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.